Friday 06 January 2023 04:51 PM IST

‘ജോജി’യിലെ പള്ളീലച്ചനായി ഇവനെ കണ്ടപ്പോഴും അറിയാതെ കണ്ണുനിറഞ്ഞു: ബേസിലിന്റെ ചിരിക്കുടുംബം

Roopa Thayabji

Sub Editor

basil-vanitha-cover-5

ചിരി ആയുസ്സു കൂട്ടുമെന്നു പറഞ്ഞതു ശരിയാണെന്നു തെളിയിച്ചു രണ്ടുപേർ ബേസിലിന്റെ തറവാട്ടു വീട്ടിലുണ്ട്. 99 വയസ്സുള്ള വല്ല്യപ്പച്ചൻ പൗലോസും 97 വയസ്സുള്ള വല്യമ്മച്ചി അന്നാമ്മയും. പതിറ്റാണ്ടുകൾക്കു മുൻപ് ഇങ്ങു മുവാറ്റുപുഴയിൽ നിന്ന് അങ്ങു നീലഗിരിക്കുന്നിൻ മുകളിലേക്കു കുടിയേറിയ ഈ കുടുംബത്തിന്റെ പിന്മുറക്കാരൻ ചിരിച്ചും ചിരിപ്പിച്ചും സിനിമയിൽ ഇടം പിടിച്ചു.

കോളിങ്ബെൽ പോലെ ചിരിക്കുന്ന രണ്ടുപേരാണു ക്യാമറയ്ക്കു മുന്നിലുള്ളത്. നായകനായും സൂപ്പർഹീറോ ചിത്രത്തിന്റെ സംവിധായകനായും ഇന്ത്യൻ സിനിമയിൽ സ്ഥാനമുറപ്പിച്ച ബേസിൽ ജോസഫും അച്ഛൻ ഫാദർ ജോസഫ് പള്ളിപ്പാട്ടും. അവരെ മുന്നിൽ കണ്ടപ്പോൾ ആദ്യത്തെ ചോദ്യവും ചിരിയെ കുറിച്ചായി.

ഈ ചിരി കുടുംബത്തിന്റെ ട്രേഡ് മാർക്കാണോ ?

ബേസിൽ: പിന്നല്ലാതെ. പപ്പയെ പരിചയമുള്ളവരെല്ലാം പ റയാറുണ്ട്, ആ ചിരിയാണ് എനിക്കു കിട്ടിയതെന്ന്. പപ്പ പള്ളിയിൽ നിന്നു ട്രാൻസഫറായി പോകുമ്പോൾ ഇടവകക്കാരെല്ലാം നിന്നു കരച്ചിലാണ്, ‘പള്ളിപ്പാട്ടച്ചൻ പോണേ...’ അത്ര ഫാൻസാണ് ആ ചിരിക്ക്.

ഈ തമാശയുടെ പാരമ്പര്യം കിട്ടിയത് അമ്മ തങ്കമ്മയുടെ കുടുംബത്തിൽ നിന്നാണ്. മമ്മിയുടെ അപ്പച്ചൻ തോമസ് എന്ന കുഞ്ഞിത്തൊമ്മൻ രസികനായിരുന്നു. പാരഡി പാട്ടുകളും കഥകളുമായി മൈസൂരിൽ വരെ അപ്പച്ചൻ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. വീട്ടിലെ വലിയ തമാശക്കാരൻ മമ്മിയുടെ സഹോദരൻ സണ്ണിയാണ്. പയ്യംപള്ളിയിലെ അവരുടെ വീടിനടുത്താണു കുറുക്കൻമൂല.

മകനെ ദൈവവഴിയിലേക്ക് വിടാൻ മോഹിച്ചിരുന്നോ ?

ഫാ. ജോസഫ്: ഞാൻ ജനിച്ചതു മുവാറ്റുപുഴയിലാണ്, കാരിമറ്റത്ത്. എനിക്കു മൂന്നു വയസ്സുള്ളപ്പോഴാണു നീലഗിരിക്കടുത്ത് എരുമാടേക്കു കുടിയേറിയത്. തങ്കമ്മയും മുവാറ്റുപുഴക്കാരിയാണ്. പ്രൈമറി സ്കൂൾ അധ്യാപകനായി ജോലി കിട്ടിയതോടെ സുൽത്താൻ ബത്തേരിയിലെത്തി.

അപ്പൻ മദ്ബഹാ ശുശ്രൂഷകനായിരുന്നു. എന്നെ വൈദികനാക്കണമെന്ന് അപ്പൻ മോഹിച്ചു. അങ്ങനെ 24ാം വയസ്സിൽ പട്ടം കിട്ടി. ആ കൊല്ലം തന്നെയായിരുന്നു വിവാഹം. ബേസിലിനു കുട്ടിക്കാലത്തേ ഹാർമോണിയവും പാട്ടുമൊക്കെയായിരുന്നു താൽപര്യം. അതുകൊണ്ട് അവരുടെ ഇഷ്ടത്തിനു പഠിപ്പിക്കാനാണു മോഹിച്ചത്. പ്ലസ്ടുവിനു നല്ല മാർക്കു വാങ്ങി അവൻ പാസായി. വയനാട് ജില്ലയിൽ തന്നെ എൻട്രൻസിൽ മികച്ച റാങ്ക് വാങ്ങിയാണു തിരുവനന്തപുരം സിഇടിയിൽ അഡ്മിഷൻ വാങ്ങിയത്.

അവിടെ പഠിക്കുന്ന കാലത്താണു ഷോർട്ട് ഫിലിമിൽ അഭിനയിച്ചതും സംവിധാനം ചെയ്തതുമൊക്കെ. മുഴുവൻ സമയവും സിനിമയിൽ പോകില്ല എന്നായിരുന്നു വിശ്വാസം. പിന്നീട് ഇൻഫോസിസിലെ ജോലി രാജി വച്ചു സിനിമയിലേക്കു പോകുന്നു എന്നു കേട്ടപ്പോൾ വിഷമം തോന്നി. ‘സിനിമയിൽ ക്ലിക്കായില്ലെങ്കിൽ ജോലിയിൽ തിരിച്ചുകയറാ’മെന്ന് പറഞ്ഞെങ്കിലും ‘അച്ചന്റെ മോൻ സിനിമയിൽ പോയല്ലേ’ എന്നൊക്കെ പലരും ചോദിക്കുമ്പോൾ സങ്കടം പിന്നെയും വരും.

ബത്തേരിയിലെ ഐശ്വര്യ–അതുല്യ തിയറ്ററിൽ നിന്നു ‘കുഞ്ഞിരാമായണം’ കണ്ട ദിവസം മറക്കാനാകില്ല. ഓരോരോ സിനിമകളായി ഹിറ്റായപ്പോൾ വലിയ സന്തോഷം തോന്നി. മറ്റൊരു രസമെന്തെന്നോ, പണ്ടു കുറ്റം പറഞ്ഞ ഒരു ബന്ധു ഈയിടെ വിളിച്ചു, ‘മോനെക്കൊണ്ടൊരു സിനിമ ചെയ്യിക്കണം. ഒന്നു റെക്കമൻഡ് ചെയ്യാമോ...’ ‘ജോജി’യിലെ പള്ളീലച്ചനായി ഇവനെ കണ്ടപ്പോഴും അറിയാതെ കണ്ണുനിറഞ്ഞു.

‘ജയഹേ’യിലെ പോലെ കടുംപിടുത്തക്കാരനാണോ വീട്ടിൽ ?

എലിസബത്ത്: അല്ലേയല്ല, ആളു ഭയങ്കര ചിൽ ആണ്. കുറച്ചു സീരിയസ് സ്വഭാവക്കാരി ആയ എന്നെ ബേസിലാണു ബാലൻസ് ചെയ്യുന്നത്. വിശക്കുമ്പോഴും ഉറക്കം നഷ്ടപ്പെടുമ്പോഴും മാത്രമാണു ബേസിലിനു ദേഷ്യം വരുന്നത്

നായകനിലേക്കുള്ള മാറ്റം ആസ്വദിക്കുന്നുണ്ടോ ?

ബേസിൽ: പണ്ട് കഥ കേൾക്കുമ്പോൾ ഒറ്റ വരിയിലാണു റോൾ വിശദീകരിക്കുക, ‘നായകന്റെ കൂട്ടുകാരൻ.’ അതിൽ നിന്നു മാറി എന്നെ വച്ചു കഥ ആലോചിക്കുകയും സീൻ എഴുതുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ത്രിൽ ചെറുതല്ല.

ഇപ്പോൾ അഭിനയിക്കുന്ന ‘ഫാലിമി’ ഒരു തലതിരിഞ്ഞ കുടുംബ കഥയാണ്. അച്ഛനായി വരുന്നതു ജഗദീഷേട്ടനാണ്, അമ്മ മഞ്ജു പിള്ളയും. എന്റെ കരിയർ ഗ്രാഫിനോട് എനിക്കു തന്നെ സാമ്യം തോന്നിയിട്ടുള്ളതു ജഗദീഷേട്ടനോടാണ്. അത്ര ബുദ്ധിയില്ലാത്ത, തമാശയുള്ള സൈഡ് റോളായിരുന്നു ആദ്യം. പിന്നെ നായകനായി.

‘ജയഹേ’ക്കു ശേഷം നായകനായ ‘കഠിനകഠോരമീ അണ്ഡകടാഹം’ അടുത്ത മാസം റിലീസാകും. പൂക്കാലം, എങ്കിലും ചന്ദ്രികേ ഒക്കെ റിലീസാകാനുണ്ട്.

ജീവിതം കഠിനകഠോരമല്ലാതാക്കിയത് എലിസബത്താണോ ?

ബേസിൽ: ടീച്ച് ഫോർ ഇന്ത്യ എന്ന എൻജിഓയിലാണ് എലി ജോലി ചെയ്യുന്നത്. കോളജ് കാലത്തെ പ്രണയമാണു വിവാഹത്തിലും ഇപ്പോൾ ആറു വർഷത്തെ ഹിറ്റു കൂട്ടുകെട്ടിലും എത്തി നിൽക്കുന്നത്. ‘ജയഹേ’യുടെ ഷൂട്ടിനിടെ ‘ഇടി’ വാങ്ങി വരുമ്പോൾ തിരുമ്മി തന്നത് എലിയാണ്.

അതിനിടയിൽ ഒരു സംഭവമുണ്ടായി. സ്റ്റണ്ട് സീൻ ഷൂട്ട് ചെയ്യുമ്പോൾ, ‘ശരിക്കും’ നാലു വർഷം കരാട്ടെ പഠിച്ചിട്ടുണ്ടെങ്കിലും ടൈമിങ് തെറ്റി എനിക്കു ദർശനയുടെ ചവിട്ടു കിട്ടി. ചുണ്ടുമുറിഞ്ഞു രക്തമൊഴുകുന്നു. ആശുപത്രിയിൽ ചെന്നപാടേ തുന്നലിട്ടു. നീരു പോകാനാകും ഐസ്ക്രീം കഴിക്കാൻ ഡോക്ടർ പറഞ്ഞു.

ഇഷ്ടപ്പെട്ട ഐസ്ക്രീം ഫ്ലേവർ ചോദിക്കുന്നതിനിടെ ആശുപത്രിയിലായെന്നും സ്റ്റിച്ചിട്ടെന്നുമൊക്കെ പറയാമെന്നു പ്ലാൻ ചെയ്ത് പ്രൊഡ്യൂസർ ലക്ഷ്മി എലിയെ കാണാൻ പോയി. സ്ക്രിപ്റ്റനുസരിച്ചു സീൻ മുന്നേറുന്നതിനിടെ എലിയുടെ ചോദ്യം, ‘ഇപ്പോഴെന്തിനാ ബേസിലിന് ഐസ്ക്രീം?’ പൊട്ടിക്കരച്ചിൽ പ്രതീക്ഷിച്ചാണു ലക്ഷ്മി കാര്യം പറഞ്ഞത്, ‘ബേസിലിനു ചവിട്ടു കിട്ടി, ആശുപത്രിയിൽ സ്റ്റിച്ചിട്ടു കിടക്കുകയാണ്.’ കേട്ടപാടേ എലി ചോദിച്ചതിങ്ങനെ, ‘അയ്യോ, അപ്പോ കണ്ടിന്യുറ്റി? നാളെ ഷൂട്ടിങ് മുടങ്ങുമോ...’

വയനാട്ടിലെ ക്രിസ്മസ് അടിപൊളിയാകുമല്ലോ ?

ബേസിൽ: കുട്ടിക്കാലത്തെ ക്രിസ്മസാണ് അടിപൊളിയാക്കിയിരുന്നത്. ബത്തേരി പള്ളിയാണു ഞങ്ങളുടെ ഇടവക. വാർഡ് തിരിച്ചാണു കാരൾ. സമ്മാനമുള്ളതു കൊണ്ടു വാശിയോടെയാണു പങ്കെടുക്കുക. ഞാൻ െമയിൻ ഡ്രമ്മറാണ്. ട്രീ മേക്കിങ്ങും പുൽക്കൂട് മത്സരവുമൊക്കെയുണ്ട്. മിക്കവാറും ഞങ്ങൾക്കാകും ഓവറോൾ ചാംപ്യൻഷിപ്. ‘മിന്നൽ മുരളി’യിലെ കാരൾ സീൻ ആ ഓർമകളിൽ നിന്നു റീക്രിയേറ്റ് ചെയ്തതാണ്. പിന്നെയൊരു രസമുണ്ട്, വയനാട്ടിൽ തിരുപ്പിറവി രാത്രി ഒൻപതിനാണ്. അതുകഴിഞ്ഞു വീട്ടിൽ വന്നു നോമ്പു മുറിക്കാം, അപ്പവും ബീഫും വയറു നിറയെ കഴിച്ചു പുതച്ചുമൂടി കിടക്കാം.

ഫാ.ജോസഫ്: കാട്ടുമൃഗങ്ങളുടെ ശല്യമുള്ളതുകൊണ്ട് 24 നു വൈകിട്ടു പ്രാർഥന തുടങ്ങി ഒൻപതോടെ തിരുപ്പിറവി ആഘോഷിച്ച് ആളുകൾ വീട്ടിലേക്കു മടങ്ങും.

ബേസിൽ: ഓരോ ക്രിസ്മസിനും ഞാനും എലിയും വലിയ ആലോചനയാണ്, ഇത്തവണ കോട്ടയത്തു പോണോ വയനാട്ടിലേക്കു പോണോ എന്ന്. മഞ്ഞുപെയ്യുന്ന ഏതെങ്കിലും നാട്ടിൽ ക്രിസ്മസ് ആഘോഷിക്കണമെന്നൊരു മോഹവും എലിക്കുണ്ട്. പക്ഷേ, മഞ്ഞു കാണാൻ പോയ ഭീകര ഓർമ ഉള്ളതുകൊണ്ട് ഇത്തവണ കോട്ടയത്ത് എലിസബത്തിന്റെ വീട്ടിലാണ് ആഘോഷം.

രണ്ടുവർഷം മുൻപാണ്, സിക്കിമിലെ ഗുരുതോമർ ലേക്കിലേക്കു ഞാനും എലിയും കൂട്ടുകാരായ ദീപക്കും നവ്യയും ടൂർ പോയി. ഓക്സിജൻ സിലിണ്ടർ വാങ്ങിയെങ്കിലും കൃത്യമായി എടുക്കാൻ മറന്നു.

യാത്ര തുടങ്ങി കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഡ്രൈവർ കർപ്പൂരം കയ്യിൽ വച്ചുതന്നു, ശ്വസിക്കാൻ ബുദ്ധിമുട്ടുമ്പോൾ അതു മണത്താൽ മതിയത്രേ. ഒരു കിലോമീറ്റർ നടന്നു മല കയറണം. ഓരോ ചുവടു വയ്ക്കുമ്പോഴും ഞങ്ങൾ കർപ്പൂരം ആഞ്ഞുവലിക്കുന്നുണ്ട്. മുകളിലെത്തിയപ്പോൾ സെക്യൂരിറ്റി അലർട് വന്നു, ‘രണ്ടു മണിക്ക് ഇരുട്ടു വീഴും, വേഗം താഴേക്ക് ഇറങ്ങണം.’ തടാകത്തിനരികെ നിന്നു കുറച്ചു ഫോട്ടോസ് എടുത്തു തിരിച്ചിറങ്ങി. വണ്ടിയിൽ കയറിയപ്പോൾ മുതൽ പിൻഭാഗത്തു നിന്ന് എന്തോ ശബ്ദം. ഉലഞ്ഞുലഞ്ഞാണു വണ്ടി ഓടുന്നത്. പെട്ടെന്നു വലിയ ശബ്ദത്തോടെ വണ്ടി നിന്നു. പിൻഭാഗത്തെ ടയർ ഊരി നിലത്തു കിടക്കുന്നു. നട്ടും ബോൾട്ടുമൊന്നും കാണാനില്ല.

ഓക്സിജനില്ലാത്ത ആ മലമുകളിൽ കുറച്ചകലെ പട്ടാളക്കാരുടെ ബാരക്ക് ഉണ്ട്. അവരോടു സഹായം അഭ്യർഥിച്ചെങ്കിലും സിവിലിയൻ വാഹനം നന്നാക്കാനുള്ള വകുപ്പില്ല എന്നു പറഞ്ഞു കൈ മലർത്തി. ഞങ്ങൾ കാലുപിടിക്കുന്നതു കണ്ടു ദൂരെ നിന്ന മൂന്നു പട്ടാളക്കാർ നടന്നുവരുന്നു. അവരുടെ കൂടി കാലുപിടിക്കാനായി ഞങ്ങൾ ഓടിച്ചെന്നു. കണ്ടപാടേ കൂട്ടത്തിലൊരാൾ ചോദിച്ചു, ‘ബേസിൽ സാറല്ലേ...’ കണ്ണൂരുകാരനായ പ്രമോദ് ആയിരുന്നു അത്.

പിന്നത്തെ കാര്യം പറഞ്ഞാൽ വിശ്വസിക്കില്ല. ടെന്റിൽ കൊണ്ടിരുത്തി, ചോക്‌ലെറ്റും കരിക്കുമൊക്കെ തന്നു. മിലിട്ടറി വാഹനത്തിന്റെ അകമ്പടിയോടെ ഞങ്ങൾ മലയിറങ്ങി. സിക്കിമിൽ നിൽക്കുമ്പോഴാണു ഭാവന സ്റ്റുഡിയോയിൽ നിന്ന് വിളി വന്നത്, ‘പാൽതൂ ജാൻവറി’ൽ നായകനാകാൻ.

basil-vanitha-ivw ഷിൻസി, മക്കൾ ജോസഫ്, ബേസിൽ (ജൂനിയർ), ബേസിൽ, അമ്മ തങ്കമ്മ, ഫാ. ജോസഫ്

പണ്ടേ കുറുമ്പൻ ആയിരുന്നോ?

ഫാ. ജോസഫ്: അടുത്ത വീട്ടിലെ നീരജയും ബേസിലും ഒരു ക്ലാസ്സിലാണ്. അവളെ ‘കുഞ്ഞി’ എന്നാണു വീട്ടിൽ വിളിക്കുന്നത്. ക്ലാസ്സിൽ ചെന്നിട്ടും ഇവനവളെ ‘കുഞ്ഞീ’ എന്നു വിളിക്കും. ആ പരാതിയുമായി വൈകിട്ട് അവൾ വീട്ടിൽ ഹാജരുണ്ടാകും. ഇതു പതിവായതോടെ രണ്ടാളെയും രണ്ടു ഡിവിഷനിലാക്കി. ബേസിലിന്റെ വിളിപ്പേര് ‘ബീബി’ എന്നാണ്. ഇത്ര പ്രകോപിപ്പിച്ചിട്ടും നീരജ ആ പേരു വിളിച്ചിട്ടില്ല.

ബേസിൽ: എന്നെ പേടിച്ചിട്ടാകും, അവളിപ്പോൾ രാജ്യം തന്നെ വിട്ടു, ഓസ്ട്രേലിയയിലാണ്. ചേച്ചി ഷിൻസിയും ഞാനും തമ്മിൽ ആറു വയസ്സിന്റെ വ്യത്യാസമുണ്ട്. ആയിടയ്ക്കു ‍ഞാൻ കരാട്ടെ ക്ലാസ്സിനു ചേർന്നു. ചേച്ചിയോടായിരുന്നു പരീക്ഷണങ്ങൾ. എത്രവട്ടം തല കല്ലെറിഞ്ഞു പൊട്ടിച്ചിട്ടുണ്ടെന്നോ. പിന്നെയൊരു നമ്പരുണ്ട്. തറയിൽ പൗഡർ വിതറിയിടും. അറിയാതെ നടന്നു വരുന്നയാൾ അതാ സ്ലിപ് ആയി താഴെ. ഷിൻസി ഇപ്പോൾ ബെംഗളൂരുവിൽ ഐബിഎമ്മിലാണ്.

എലിസബത്ത്: ഇപ്പോഴും കുരുത്തക്കേടിനു കുറവൊന്നുമില്ല. ഷൂ ഇടാനായി കുനിയുമ്പോൾ പിന്നിലൂടെ വന്ന് ഉന്തിയിടും, മൂക്കുംകുത്തി വീഴുമ്പോൾ കൈകൊട്ടി ചിരിക്കും.

പൂച്ചയെ പേടിച്ചു ഞെട്ടുന്ന വിഡിയോ വൈറലായല്ലോ ?

ബേസിൽ: എലിയുടെ ആന്റിയുടെ വീട്ടിലെ പൂച്ചയാണത്, പാച്ചു. പണ്ടുമുതലേ മൃഗങ്ങളെ പേടിയാണ്. റോഡിലൂടെ പോകുമ്പോൾ പട്ടിയെ കണ്ടാൽ മുട്ടിടിക്കും. ആദ്യം സംവിധാനം ചെയ്ത ‘പ്രിയംവദ കാതരയാണോ’ എന്ന ഷോർട്ട് ഫിലിമിലെ പ്രധാന കഥാപാത്രം പട്ടിയാണ്. ഷോട്ട് എടുത്തു കഴിഞ്ഞപ്പോൾ പട്ടി അതാ നിലത്തു തനിച്ച്. പിന്നെ നോക്കുമ്പോൾ ഞാൻ ഡൈനിങ് ടോബിളിന്റെ മുകളിലാ.

കരാട്ടെയും കീബോർഡും മാത്രമല്ല ക്രിക്കറ്റും ഹരമാണല്ലോ ?

എലിസബത്ത്: ഔട്ട് ആയാൽ പോലും ക്രീസിൽ നിന്നു മാറാത്ത വഴക്കാളി പ്ലെയറാണു ബേസിൽ. യൂനോയിൽ പോലും കളിച്ചു തോറ്റാൽ സമ്മതിക്കില്ല.

ബേസിൽ: തോൽക്കാൻ എനിക്ക് ഇഷ്ടമില്ല എലിസബത്ത്... റൺ ഔട്ട് എന്റെ കാഴ്ചപ്പാടിൽ ഔട്ടേയല്ല. ക്രീസിന്റെ പത്തടി അപ്പുറത്തുണ്ടെങ്കിൽ പോലും ഞാൻ അലമ്പും. പിന്നെയുള്ള നമ്പരുകൾ ഫുൾടോസും നോബോളുമാണ്. ക്രിക്കറ്റ് അന്നും ഇന്നും വലിയ താൽപര്യമാണ്, പക്ഷേ, അങ്ങോട്ടു ശോഭിച്ചില്ല. ങ്ഹാ, ഇനി സഞ്ജു സാംസൺ വഴി രാജസ്ഥാൻ റോയൽസിൽ കയറണം.

basil-2

‘മിന്നൽ മുരളി’ക്കു ശേഷം പുതിയ സിനിമ ഇല്ലേ ?

ബേസിൽ: കമ്മിറ്റ് ചെയ്ത സിനിമകൾ തീർക്കണം. 2023ൽ അടുത്ത സിനിമയുടെ സംവിധാന ജോലികൾ തുടങ്ങും. ‘മിന്നൽ മുരളി’യുടെ രണ്ടാം ഭാഗവും ആലോചനയിലുണ്ട്.

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ