Thursday 02 February 2023 04:11 PM IST

‘മക്കളെന്നാല്‍ ജീവനായിരുന്നു, എല്ലാവരോടും സ്നേഹമുള്ളൊരു പാവം മനുഷ്യൻ’: ഹനീഫിക്ക... ഹൃദയം നുറുങ്ങുന്ന ഓർമ: ബാദുഷ

V.G. Nakul

Sub- Editor

kochin-haneefa-new-1

മലയാളി ഒരിക്കലും കൊച്ചിൻ ഹനീഫയെ മറക്കില്ല. നടൻ, സംവിധായകൻ എന്നീ നിലകളിൽ മലയാള സിനിമയുടെ ചരിത്രത്തിൽ ആ ബഹുമുഖ പ്രതിഭ നേടിയെടുത്ത ഇടം വളരെ വലുതാണ്. ജീവിതത്തിന്റെ തിരശീലയിൽ നിന്നു മാഞ്ഞു പോയി 13 വർഷം കഴിഞ്ഞിട്ടും താൻ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെയും ഒരുക്കിയ സിനിമകളിലൂടെയും അദ്ദേഹം പ്രേക്ഷകരുടെ മനസ്സില്‍ ജീവിക്കുന്നു.

സൗഹൃദങ്ങളായിരുന്നു കൊച്ചിൻ ഹനീഫയുടെ ലോകം. കുടുംബവും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ ദൗർബല്യമായിരുന്നു. ജീവിതത്തെ ആഘോഷമാക്കിയ, മാനുഷിക മൂല്യങ്ങൾ മുറുകെപ്പിടിച്ച മനുഷ്യൻ. അതുകൊണ്ടാണ് ഹനീഫിക്കയുടെ മരണ ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് സുഹൃത്തുക്കൾ തണലായി നിന്നതും.

ഫാസിലയാണ് കോച്ചിൻ ഹനീഫയുടെ ഭാര്യ. ഇരട്ടക്കുട്ടികളായ സഫയും, മർവയുമാണ് മക്കള്‍. അദ്ദേഹം മരിക്കുമ്പോൾ ഇരുവരും ചെറിയ കുട്ടികളായിരുന്നു. ഇപ്പോൾ എറണാകുളം ഗിരിനഗറിലെ ഭവൻസിൽ ഒൻപതാം ക്ലാസിലാണ് രണ്ടാളും പഠിക്കുന്നത്.

‘‘അടുത്ത കാലത്ത് ഹനീഫിക്കയുടെ കുടുംബത്തെ കണ്ടിരുന്നു. രണ്ടാളും വലിയ കുട്ടികളായി. രണ്ടു പേരും പഠിക്കുകയാണ്. ഹനീഫിക്കയുമായി ബന്ധപ്പെട്ട് ഒരുപാട് നല്ല ഓർമകളുണ്ട്. സ്നേഹത്തിന്റെ പര്യായമായിരുന്നു ഹനീഫിക്ക. അതുകൊണ്ടാണല്ലോ ദിലീപേട്ടനുൾപ്പടയുള്ള കൂട്ടുകാര്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് പിന്തുണയുമായി നിൽക്കുന്നത്. ദിലീപേട്ടൻ ഇപ്പോഴും ആ വീടിനു വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്’’.– കോച്ചിൻ ഹനീഫയുമായി ഏറെ അടുപ്പമുണ്ടായിരുന്ന പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

kochin-haneefa-new-2

‘‘ഞാൻ ആദ്യം അഭിനയിക്കാൻ ചാൻസ് ചേദിച്ചത് ഹനീഫിക്കയോടാണ്. വാൽസല്യം കഴിഞ്ഞ സമയത്താണ്. ഒരു ചടങ്ങിൽ വച്ച് കണ്ടപ്പോൾ ഞാൻ അദ്ദേഹത്തോട് അഭിനയ മോഹം പറഞ്ഞു. ലോഹിതദാസുമായി ചേർന്ന് ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട്, നിന്നെ അറിയിക്കാം എന്നായിരുന്നു മറുപടി. പക്ഷേ, ആ സിനിമ നടന്നില്ല. ഞാൻ പിന്നീട് അഭിനയ മോഹം ഉപേക്ഷിച്ച് സിനിമയുടെ പിന്നണിയിൽ സജീവമായി. ധാരാളം സിനിമകളിൽ ഞാൻ ഹനീഫിക്കയോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പൂർണമായും ദുബായിൽ ചിത്രീകരിച്ച ‘മുസാഫിർ’ എന്ന ചിത്രത്തിന്റെ ലോക്കേഷനില്‍ വച്ചാണ് ഞങ്ങൾ കൂടുതൽ അടുത്തത്. 40 ദിവസം ഒന്നിച്ചുണ്ടായിരുന്നു. അദ്ദേഹം താമസിച്ചിരുന്നിടത്തു നിന്ന് ലൊക്കേഷനിലേക്ക് എത്താൻ 4 മണിക്കൂർ വേണം. ഞാനും അദ്ദേഹവും ഒരുമിച്ചായിരുന്നു യാത്ര. ആ ദിനങ്ങൾ വലിയ അനുഭവമായിരുന്നു. തിരിച്ച് നാട്ടിൽ വന്ന ശേഷവും ബന്ധം സജീവമായി തുടർന്നു. എന്താവശ്യമുണ്ടെങ്കിലും വിളിക്കും.

ഒത്തിരി നൻമയുള്ള ഒരു മനുഷ്യനായിരുന്നു. എല്ലാവരോടും സ്നേഹമായിരുന്നു. ആരെയും സഹായിക്കാനുള്ള മനസ്സുണ്ടായിരുന്നു. കുടുംബാംഗങ്ങൾ എപ്പോഴും തന്റെ കൂടെത്തന്നെ വേണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അദ്ദേഹം വിട്ടു പോയി എന്നറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. ഇപ്പോഴും ആ നഷ്ടം നികത്താനായിട്ടില്ല’’. – ബാദുഷ പറയുന്നു.

പഞ്ചാബി ഹൗസിലെ ഗംഗാധരൻ മുതലാളിയേയും മന്നാർ മത്തായിയിലെ എൽദോയേയും കിരീടത്തിലെ ഹൈദ്രോസിനെയും പുലിവാൽ കല്യാണത്തിലെ ധർമ്മേന്ദ്രയേയും സ്വപ്നക്കൂടിലെ ഫിലിപ്പോസിനെയും സിഐഡി മൂസയിലെ വിക്രമനെയും തിളക്കത്തിലെ ഭാസ്കരനെയുമൊക്കെ മലയാളി ഇപ്പോഴും ഓർമയിൽ സൂക്ഷിക്കുന്നത് കൊച്ചിൻ ഹനീഫ എന്ന അതുല്യപ്രതിഭയുടെ അഭിനയ മികവിലൂടെയാണ്.

kochin-haneefa-new-3

കോച്ചിൻ ഹനീഫ സംവിധാനം ചെയ്ത ഏഴു ചിത്രങ്ങളിൽ അഞ്ചിലും മമ്മൂട്ടിയായിരുന്നു നായകൻ. അതിൽ വാത്സല്യം ഏറെ ജനപ്രീതി നേടി. ആൺകിളിയുടെ താരാട്ട്, ഒരു സിന്ദൂര പൊട്ടിന്റെ ഓർമയ്ക്ക്, മൂന്നുമാസങ്ങൾക്ക് മുൻപ്, ഒരു സന്ദേശം കൂടി എന്നിവയാണ് മമ്മൂട്ടിയെ നായകനാക്കി കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ. മലയാളത്തിനു പുറമെ, ആറോളം ചിത്രങ്ങൾ തമിഴിലും ഹനീഫ സംവിധാനം ചെയ്തിരുന്നു.

വനിത ഓൺലൈൻ 2021ൽ പ്രസിദ്ധീകരിച്ച അഭിമുഖം