Monday 11 July 2022 12:07 PM IST

‘പാർവതി മതം മാറണം, അതു നിർബന്ധമായി ചെയ്യണം’: അന്നു പി.സി ജോർജ് സാറിനെ വിളിച്ചു പപ്പ: മകൻ പറയുന്നു

Roopa Thayabji

Sub Editor

jagathy-family-144

ജഗതി ശ്രീകുമാറിന്റെ വീട് മുഖം മിനുക്കുകയാണ്. കാർമേഘം മാറി മാനം തെളിയും പോലെ വീട്ടുകാരുടെ സ്വപ്നങ്ങളിലും പുതിയ തെളിച്ചമുണ്ട്. മലയാളിക്ക് ചിരിയുടെ പ്രതീകമായ ജഗതി സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുന്നു. മമ്മൂട്ടി ചിത്രം സിബിഐ 5ലെ നിർണായക രംഗത്തിൽ വിക്രമായി ജഗതിയെത്തുമ്പോൾ തിയറ്ററിൽ നിറഞ്ഞ കയ്യടിയാണ്. വീൽചെയറിലാണ് അഭിനയമെങ്കിലും കഥാസന്ദർഭത്തിന്റെ പ്രാധാന്യം ഒ ട്ടും ചോരാത്ത കയ്യടക്കമുണ്ട് ആ മുഖത്തെ ഭാവങ്ങൾക്ക്.

2012 മാർച്ച് പത്തിനാണ് ജഗതിയുടെ പ്രാണൻ മാത്രം ബാക്കി വച്ച ആ അപകടമുണ്ടായത്. പത്തു വർഷം കൊണ്ട് സിനിമ ഏറെ മാറിയെങ്കിലും ജഗതിക്കു പകരം വയ്ക്കാൻ മറ്റാരുമില്ല എന്ന തിരിച്ചറിവാണ് പുതിയ സിബിഐ ചിത്രത്തിലേക്കും അദ്ദേഹത്തെ എത്തിച്ചത്. ആ സന്തോഷത്തിന് ഇരട്ടിമധുരമായി മകൻ രാജ്കുമാറും ഒപ്പം അഭിനയിച്ചു.

തിരുവനന്തപുരത്തെ വീട്ടിൽ ഭാര്യ ശോഭയ്ക്കും കൊച്ചുമക്കൾക്കുമൊപ്പം സിനിമാ ട്രെയ്‌ലർ വീണ്ടും വീണ്ടും കാണുകയാണ് ജഗതി. ഇടയ്ക്ക് ഞങ്ങളെ നോക്കി ഇടംകൈ ഉയർത്തി വിഷ് ചെയ്തു, ചുണ്ടുകളിലും കൺകോണിലും അമ്പിളിത്തിളക്കമുള്ള ചിരി വിരിഞ്ഞു. ആ സന്തോഷത്തിൽ നിന്നാണ് രാജ്കുമാർ സംസാരിച്ചത്. ‘‘എന്റെ പരസ്യകമ്പനിക്കു വേണ്ടിയാണ് അപകടശേഷം പപ്പ അഭിനയിച്ചത്. ആ സെറ്റിൽ വച്ച് പപ്പയിൽ പുതിയൊരു ഊർജം കണ്ടു. ഡോക്ടറോടു സംസാരിച്ചപ്പോൾ ഇത്തരം തിരക്കുകളിൽ മുഴുകുന്നത് മടങ്ങിവരവിനെ കൂടുതൽ സഹായിക്കുമെന്നായിരുന്നു മറുപടി. അങ്ങനെ ലാലേട്ടന്റെയും മമ്മൂക്കയുടെയും ലൊക്കേഷനിൽ കൊണ്ടുപോയി.

ഇക്കൊല്ലം ഒരു മുഴുനീള കഥാപാത്രമടക്കം മൂന്നു സിനിമകളിൽ അഭിനയിച്ചു. തിരക്കുകൾ കൂടുമ്പോഴും ഞങ്ങൾക്കു പേടിയാണ്. പണത്തിനു വേണ്ടി വയ്യാത്ത പപ്പയെ അ ഭിനയിപ്പിക്കാൻ കൊണ്ടുനടക്കുന്നു എന്നാണ് ചിലരുടെ മുറുമുറുപ്പ്. പക്ഷേ, അദ്ദേഹത്തെ തിരിച്ചു പിടിക്കാനുള്ള ഞങ്ങളുടെ അവസാന ശ്രമമാണിത്.’’

സിബിഐയിലെ വിക്രമായി മറ്റാരെയും ചിന്തിക്കാൻ പറ്റില്ല ?

എറണാകുളത്തായിരുന്നു സിബിഐയുടെ ലൊക്കേഷൻ. യാത്ര തിരിക്കുമ്പോൾ തന്നെ പപ്പ ഉത്സാഹത്തിലായി. മമ്മൂക്കയും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും അടക്കമുള്ള പഴയ സഹപ്രവർത്തകരെയൊക്കെ കണ്ടപ്പോൾ വലിയ സന്തോഷമായി. അമ്മ പറയും, ലൊക്കേഷനില്‍ എത്തുമ്പോള്‍ സ്വന്തം ലോകത്ത് എത്തിയ പോലെയാണ് പപ്പയെന്ന്. അതു ശരിയാണെന്ന് എനിക്കും തോന്നി.

അമ്മയോടാണ് സീനുകളെ കുറിച്ചൊക്കെ സംവിധായകൻ കെ. മധു സാർ വിശദീകരിച്ചത്. കേട്ടിരുന്ന പപ്പ, ആക്‌ഷൻ കേട്ടപ്പോൾ ഒട്ടും തെറ്റാതെ അഭിനയിച്ചു. കൂടെയുള്ളവർ അഭിനയിക്കുമ്പോൾ നൽകേണ്ട റിയാക്‌ഷനുകൾ പോലും അണുവിട മാറിയില്ല. മാലയിലെ കുരിശിൽ പിടിക്കുന്ന സീനൊക്കെ കൃത്യം ടൈമിങ്ങിലാണ് അഭിനയിച്ചത്. രണ്ടു ദിവസത്തെ ഡേറ്റാണ് കൊടുത്തിരുന്നതെങ്കിലും ഒരു ദിവസം കൊണ്ട് എല്ലാം ഭംഗിയാക്കി.

എന്തൊക്കെയാണ് ഇപ്പോൾ ചെയ്യുന്ന ചികിത്സകൾ ?

അപകടത്തിനു ശേഷം രണ്ടു വർഷത്തോളം വെല്ലൂരിൽ ത ന്നെയായിരുന്നു പപ്പയുടെ ചികിത്സ. നാട്ടിൽ വന്ന ശേഷവും മരുന്നും ഫിസിയോതെറപ്പിയും മുടക്കമില്ലാതെ തുട രുന്നു. സഹായികളാണ് പ്രാഥമിക ആവശ്യങ്ങൾ അടക്കമുള്ളവ ചെയ്യിക്കുന്നത്. എല്ലാ ദിവസവും പത്രം വായിക്കും. ബെൽറ്റൊക്കെയിട്ട് അൽപസമയം പിടിച്ചു നടത്തും. കമ്പിയിട്ടിരിക്കുന്ന വലതു ൈകക്ക് പൂർണമായി സ്വാധീനം തി രിച്ചു കിട്ടിയിട്ടില്ല. കോവിഡ് ബാധിച്ചെങ്കിലും കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടായില്ല.

ഇടതുകൈ ചൂണ്ടി ഫാനും ലൈറ്റുമൊക്കെ ഓഫ് ചെയ്യാൻ പറയും. നമ്മള്‍ പറയുന്നതൊക്കെ തിരിച്ചറിഞ്ഞ് പ്രതികരിക്കും. വരുന്നവര്‍ക്ക് ഷേക്ക്‌ഹാന്‍ഡും പുഞ്ചിരിയും സമ്മാനിക്കും. അവര്‍ പറയുന്നതൊക്കെ കേട്ടു തലയാട്ടി പ്രതികരിക്കും, ബോറടിച്ചാൽ ഇരുന്നുറങ്ങും.

ഇക്കഴിഞ്ഞ വർഷം പപ്പയുടെ സപ്തതിയായിരുന്നു. നെടുമുടി വേണു അങ്കിളും കെപിഎസി ലളിതാന്റിയും അടക്കം ഒപ്പമുണ്ടായിരുന്ന പലരും വിട്ടു പിരിഞ്ഞത് പപ്പയോടു പറഞ്ഞിരുന്നു. മുഖത്തു സങ്കടം നിറഞ്ഞ് കുറച്ചുനേരം ഇരുന്നു, പിന്നെ ഉറങ്ങി. ഉണർന്നപ്പോൾ അതു മറന്നതു പോലെയാണ് പെരുമാറിയത്, സങ്കടമുള്ള കാര്യങ്ങളൊന്നും ഓർമയിൽ തങ്ങിനിൽക്കുന്നില്ല എന്നു തോന്നുന്നു.

jagathy-sreekumar-raj-ivw

സംസാരിക്കാനും പ്രയാസമുണ്ട് ?

വാക്കുകൾ ഓർത്തുപറയാനാകുന്നില്ല. അമ്മു, അമ്മ, ഗുഡ് മോർണിങ് ഒക്കെ പറയും. ‘ശോഭച്ചീ’ എന്നു വിളിക്കാമോ എന്ന് അമ്മ ഇടയ്ക്കു ചോദിക്കും, പക്ഷേ, പപ്പ വിളിക്കുന്നത് ‘അമ്പിളീ’ എന്നാണ്. അമ്മയുടെ ലോകം പപ്പയ്ക്ക് ചുറ്റുമാണ് കറങ്ങിയിരുന്നത്. പപ്പയുടെ നിഴലായി നിന്ന അമ്മ ഇപ്പോൾ കൊച്ചുകുട്ടിയെ നോക്കും പോലെ പരിചരിക്കുന്നു. ദിവസവും നെറ്റിയിൽ മൂകാംബികയിലെ സിന്ദൂരം തൊട്ടുകൊടുക്കുന്നതു മുതൽ പപ്പയുടെ ഒരു ചിട്ടയുംഅമ്മ മുടക്കില്ല.

പാടുന്നത് സംസാരം തിരികെ കിട്ടാൻ നല്ലതാണെന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്. പാട്ടിന്റെ വരികളൊക്കെ പ പ്പയ്ക്കു നല്ല ഓർമയാണ്, പാടി കൊടുത്താൽ കൂടെ മൂളും. മൂളിപ്പാട്ട് പോലും പാടാത്ത അമ്മ ഇപ്പോള്‍ പാടി പാടി വലിയ ഗായിക ആയ മട്ടാണ്. ഇടയ്ക്ക് മുറിയില്‍ നിന്ന് അമ്മയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാം, ‘പപ്പാ, ശബ്ദം പുറത്തു വന്നില്ലല്ലോ. ഉറക്കെ പാട്...’ കൊച്ചുമക്കളും അപ്പൂപ്പനെ പാടിക്കാന്‍ ഒപ്പം കൂടും. എന്റെ മക്കളായ ജഗനും അനുഗ്രഹയും പാർവതിയുടെ മക്കളായ പി.സി. ജോർജും (ജൂനിയർ) ആരാധനയുമൊക്കെ അക്കാര്യത്തിൽ മത്സരമാണ്.

രാജ് മുൻപ് സിനിമയിൽ അഭിനയിച്ചില്ലേ ?

‘മൂന്നാം പക്കം’ സിനിമയിൽ ജയറാമിന്റെ കുട്ടിക്കാലം അവതരിപ്പിക്കുമ്പോൾ എനിക്ക് അഞ്ചു വയസ്സേ ഉള്ളൂ. സംവിധായകൻ പത്മരാജൻ അങ്കിൾ ആദ്യം പറഞ്ഞത് കടൽത്തീരത്തു കൂടി ഓടാനാണ്. പിന്നെ, തിലകൻ അങ്കിൾ ചീട്ടു കളിക്കുന്ന സീനിൽ അദ്ദേഹത്തിന്റെ മടിയിൽ. ആ രംഗത്തിനു മറ്റൊരു പ്രത്യേകതയുണ്ട് കേട്ടോ. തിലകൻ അങ്കിളിന്റെ സൗഹൃദക്കൂട്ടത്തിൽ ഒരാളായി അപ്പൂപ്പനും (ജഗതി എൻ.കെ. ആചാരി) ആശ്രിതൻ കവലയായി പപ്പയും, മൂന്നു തലമുറകളുടെ സംഗമം. പിന്നീട് ബാലചന്ദ്രമേനോൻ അങ്കിളിന്റെ ‘ഏപ്രിൽ 19’ലും അഭിനയിച്ചു. അന്നു ഞാൻ ഒന്‍പതാം ക്ലാസിലാണ്. അതിനുശേഷം കുറേ സിനിമകളിലേക്ക് ഓഫർ വന്നെങ്കിലും പഠനം കഴിഞ്ഞു മതി സിനിമ എന്നാണ് പപ്പ പറഞ്ഞത്.

ക്രിസ്മസ് നാടകത്തിലും ബ്യൂട്ടി കോണ്ടസ്റ്റിൽ സ്ത്രീവേഷത്തിലുമൊക്കെ സ്റ്റേജിൽ കയറിയിട്ടുണ്ട്. ഒരിക്കൽ പപ്പയ്ക്കൊപ്പമുള്ള അമേരിക്കൻ ട്രിപ്പിനിടെ ഞാനും പാർവതിയും കൂടി ‘മുതൽവനി’ലെ ‘ഉപ്പുകരുവാട്...’ എന്ന പാട്ടിന് ഡാൻസ് ചെയ്തു. അന്നൊന്നും അഭിനയമോഹം ഉണ്ടായിരുന്നില്ല എന്നതാണു സത്യം. ഇപ്പോൾ ജഗതി ശ്രീകുമാ ർ പ്രൊഡക്‌ഷൻസിനു വേണ്ടി മൂന്നു പരസ്യങ്ങളിലും സിബിഐ 5 ലും പപ്പയ്ക്കൊപ്പം അഭിനയിച്ചതിനു ശേഷം കുറച്ച് അവസരങ്ങള്‍ വന്നിട്ടുണ്ട്.

മക്കളുടെ കാര്യത്തിൽ പപ്പ സ്ട്രിക്ടായിരുന്നോ ?

ഞങ്ങളുടെ കാര്യത്തിൽ പപ്പയെക്കാൾ മേൽനോട്ടം അപ്പൂപ്പനായിരുന്നു. ഷൂട്ടിങ് തിരക്കിനിടെ വല്ലപ്പോഴുമേ പപ്പ വീട്ടിൽ വരൂ. ചിട്ടകൾ തെറ്റിക്കുന്നത് ഇഷ്ടമല്ല. ടെലഫോണിന്റെ അടുക്കലുള്ള ഡയറിയിലെ പേന എടുത്തിട്ട് തിരികെ വയ്ക്കാത്തതിനാണ് ഞാൻ വഴക്കു കേട്ടിരുന്നത്. ഇടയ്ക്കു ലൊക്കേഷനിലേക്ക് ഞങ്ങളെ കൊണ്ടു പോകും. ‘കിലുക്ക’ത്തിന്റെ ഊട്ടിയിലെ ലൊക്കേഷനിലൊക്കെ ഞ ങ്ങൾ തിമിർത്തിട്ടുണ്ട്. ഒരിക്കൽ തിരുവനന്തപുരത്തെ പങ്കജ് ഹോട്ടലിലേക്ക് കൊണ്ടുപോയി. മമ്മൂക്ക കുടുംബസമേതം അവിടെയുണ്ട്. ദുൽഖർ ചെറിയ കുട്ടിയാണന്ന്.

പപ്പയെ ഐഎഎസുകാരൻ ആക്കണമെന്നായിരുന്നു അപ്പൂപ്പന്റെ മോഹം. കോളജ് കാലത്ത് സഹപാഠിയായിരുന്ന കെ. ജയകുമാർ സാറിനൊപ്പം പപ്പയും സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുത്തതാണ്. പക്ഷേ, സിനിമ മതിയെന്നു തീരുമാനിച്ച് നാടുവിട്ടു. അതുകൊണ്ടാകും ഞങ്ങളുടെ പഠനകാര്യത്തിൽ പപ്പ നിർബന്ധം വച്ചിട്ടില്ല. ആരെയും ആശ്രയിക്കാതെ ധൈര്യശാലികളായി മക്കൾ വളരണമെന്നു മോഹിച്ചിരുന്നു.

പപ്പയുടെ പഴയ കാലത്തെ കുറിച്ചൊക്കെ പറഞ്ഞിട്ടുണ്ടോ ?

സിനിമാക്കാരനാകാൻ നാടുവിട്ട പപ്പ മെഡിക്കൽ റെപ്പായി ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് മദ്രാസിൽ ജീവിച്ചത്. ഒടുവിൽ എല്ലാം നഷ്ടപ്പെട്ടു തിരികെ വന്ന ശേഷമാണ് അമ്മയുമായുള്ള വിവാഹം. ഈ കഥകളൊക്കെ അപ്പൂപ്പൻ പറഞ്ഞാണ് കേട്ടിട്ടുള്ളത്.

22ാം വയസില്‍ മൊബൈൽ കണക്‌ഷൻ വിൽക്കുന്ന െസയിൽസ് എക്സിക്യുട്ടീവ് ആയാണ് ഞാൻ ജോലി തുടങ്ങിയത്. ആദ്യ കണക്‌ഷൻ വിറ്റത് അമ്മയ്ക്കാണ്. 3500 രൂപയായിരുന്നു ശമ്പളം. അതു ഞാന്‍ പപ്പയുടെ കയ്യില്‍ കൊണ്ടു കൊടുത്തു, ആ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു. സിനിമയില്‍ ദിവസം ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന ആളാണെങ്കിലും ‘ഇതിൽ നിന്ന് 500 രൂപ എനിക്കു വേണം’ എന്നു പറഞ്ഞ് എടുത്തു സൂക്ഷിച്ചു വച്ചു.

jagathy-sreekumar-story

എന്നിട്ടും പപ്പ മൊബൈൽ കണക്‌ഷനെടുത്തില്ല ?

ജോലിക്കിടെ ഫോൺ ബെല്ലടിച്ചാൽ ശ്രദ്ധ മാറുമെന്നാണ് പപ്പ പറയുക. ലൊക്കേഷനിൽ നിന്ന് എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിലും ലാൻഡ് ഫോണിലേ വിളിക്കൂ. അമ്മയോട് എന്നെ തിരക്കും, വിവരം കൈമാറാൻ അറിയിക്കും. ഇതു പതിവായപ്പോൾ ഞാൻ ചോദിച്ചു, എന്റെ മൊബൈലിലേക്ക് വിളിച്ചു കൂടേ. അദ്ദേഹത്തിന്റെ മറുപടി കേട്ട് സങ്കടം വന്നു, ‘വിളിക്കുമ്പോൾ നീ വണ്ടിയോടിക്കുകയോ മറ്റോ ആണെങ്കിലോ. അതിനിടയിൽ ഫോൺ അറ്റൻഡ് ചെയ്ത് അപകടം വന്നാൽ സഹിക്കില്ല.’

വിവാഹത്തിന് പാര്‍വതി മതം മാറിയത് ഇടയ്ക്കു ചർച്ചയാകുന്നത് പപ്പ അറിയുന്നുണ്ടോ ?

പാർവതിയുടെ ഷോണ്‍ ജോർജുമായുള്ള പ്രണയം വീട്ടിലറിഞ്ഞപ്പോൾ പപ്പ ഒന്നേ പറഞ്ഞുള്ളൂ, ‘മറ്റൊരു മതത്തിലേക്ക് വിവാഹം ചെയ്തു പോയാൽ പിന്നീടുള്ള കാര്യങ്ങളൊക്കെ നിന്റെ ഉത്തരവാദിത്തമാണ്.’

‘പാർവതി മതം മാറണം, അതു നിർബന്ധമായി ചെയ്യണം’ എന്നു പി.സി. ജോർജ് സാറിനെ വിളിച്ചു പറഞ്ഞതും പപ്പയാണ്. ‘എന്റെ മകളെ തെമ്മാടിക്കുഴിയില്‍ അടക്കാനൊന്നും ഞാന്‍ സമ്മതിക്കില്ല’ എന്നായിരുന്നു നിലപാട്. പി.സി. ജോര്‍ജ് സാറിനെ വലിയ ഇഷ്ടമാണ് പപ്പയ്ക്ക്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി അറസ്റ്റിലായി മടങ്ങും വഴി അദ്ദേഹം ഇവിടെ കയറിയിരുന്നു.

എല്ലാ ദൈവങ്ങളെയും ഒരുപോലെ വിശ്വാസമായിരുന്നു പപ്പയ്ക്ക്. അമ്മയ്ക്കു ജാതകത്തിൽ വലിയ വിശ്വാസം വന്നത് അപകട ശേഷമാണ്. പപ്പയ്ക്ക് വലിയൊരു അപകടം പറ്റുമെന്നു ജാതകത്തിൽ എഴുതിയിട്ടുണ്ടായിരുന്നത്രേ.

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ