Thursday 22 September 2022 12:13 PM IST

‘മകൾ എന്നെക്കുറിച്ച് പറഞ്ഞ നെഗറ്റീവ് എന്റെ സ്വഭാവം തന്നെ മാറ്റി’: അവളെ വേദനിപ്പിച്ച കാര്യം: ജയസൂര്യ പറയുന്നു

Vijeesh Gopinath

Senior Sub Editor

jayasurya-vanitha

ആ സീനിൽ നിന്നു തന്നെയാണ് തുടങ്ങേണ്ടത്. പൂജ്യത്തിന്റെ. വട്ടത്തിൽ നിന്ന് ഒരു ചെറുപ്പക്കാരൻ പുറത്തു വന്ന് നിവർന്നു നിൽക്കാൻ തുടങ്ങിയ ദിവസം. ഈ രംഗം ഒരുപാടു തവണ കണ്ടിട്ടും കേട്ടിട്ടും ഉണ്ടാകും. പക്ഷേ, ജയസൂര്യ എന്ന നടന്റെ യാത്രയെക്കുറിച്ച് പറയുമ്പോൾ, കരകാണാത്ത കടലിലൂടെ കപ്പലോടിച്ചു നടന്ന കാലത്തേക്കുറിച്ചു പറയുമ്പോൾ ഉറപ്പായും അ വിടെ നിന്നു തന്നെയാണ് തുടങ്ങേണ്ടത്.

20 വർഷം മുൻപ് ‘ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ’ എന്ന സിനിമയിൽ നായകനാകാൻ പോയ ദിവസം. തൃപ്പൂണിത്തുറയിൽ നിന്ന് വെളുപ്പിനെയുള്ള തൃശൂർ ഫാസ്റ്റ് പാസഞ്ചർ ബസില്‍ കയറിയത്. സിനിമയുടെ പൂജ നടക്കുന്ന ചേതന സ്റ്റുഡിയോയിലേക്ക് ഒാടിയും ന ടന്നും എത്തിയതും അകത്തേക്ക് കയറും മുന്നേ എതിർവശത്തുള്ള കുഞ്ഞു ഹോട്ടലിൽ നിന്ന് ഒരു ചായ കുടിച്ചതും...

‘‘ അവിടെ വാഷ്ബേസിനടുത്ത് ആളെ വ്യക്തമായി കാണാത്ത ഒരു കണ്ണാടിയുണ്ടായിരുന്നു. വിയർത്തു കുളിച്ചാണ് വന്നത്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കാനുള്ളതല്ലേ? മുഖം കഴുകി. പിന്നെ, ആരും കാണാതെ പോക്കറ്റിൽ നിന്ന് പേപ്പറിൽ പൊതിഞ്ഞു വച്ച പൗഡർ എടുത്ത് മുഖത്തിട്ടു. മങ്ങിത്തുടങ്ങിയ കണ്ണാടിയില്‍ എന്റെ മുഖം പോലും വ്യക്തമായിരുന്നില്ല.

പൂജ കഴിഞ്ഞപ്പോൾ നിർമാതാവ് പി.കെ.ആർ പിള്ള സർ ചോദിച്ചു, ‘‘ജയന്‍ എങ്ങനെയാണ് വന്നത്.’’ ബസിലാണെന്നു കേട്ടപ്പോൾ‌ അദ്ദേഹം ഒന്നു ‍ഞെട്ടി. ‘എടോ, താൻ ഈ സിനിമയിലെ നായകനാണ്. ഇനി ടാക്സിയിൽ പോയാൽ മതി...’ ദൈവാനുഗ്രഹമാകാം, പിന്നെ ലൊക്കേഷനിലേക്ക് പോയതെല്ലാം കാറുകളിലാണ്.’’ വിജയത്തിലേക്കുള്ള കപ്പലോട്ടങ്ങളെ കുറിച്ചോർക്കുമ്പോൾ ആരുടെ ക ണ്ണുകളാണ് തിളങ്ങാത്തത്.

vanitha-onam-cover

20 വർഷത്തെ യാത്ര ഒറ്റ വാക്യത്തിൽ ഒതുക്കാമോ ?

ദൈവാധീനം, ഗുരുത്വം, ഭാഗ്യം. ആ യാത്രയെ ഇങ്ങനെ പറയാം. ഇത് മൂന്നും കൊണ്ടാണ് ഞാന്‍ നിലനിൽക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ഏതെങ്കിലും ഒന്നു കുറഞ്ഞു പോയിരുന്നെങ്കിൽ ഒരുപക്ഷേ, ഇവിടം വരെ എത്തില്ല.

ഏതൊക്കെയോ ശക്തികളുടെ അനുഗ്രഹം കൊണ്ടാണ് ജീവിതം ഇങ്ങനെയൊക്കെ ആയതെന്നാണ് വിശ്വാസം. ഇതൊന്നും ഞാൻ തിരഞ്ഞെടുത്തതല്ല. അച്ഛനെയും അമ്മയെയും നമുക്ക് തിരഞ്ഞെടുക്കാൻ പറ്റില്ലല്ലോ. അവരുടെ തണലിലേക്ക് എത്തിപ്പെടുകയല്ലേ... അതുപോലെ ഈ കഥാപാത്രങ്ങളിലേക്കൊക്കെ ഞാൻ എത്തിപ്പെടുകയായിരുന്നു.

എന്റെ കഴിവു കൊണ്ടു മാത്രം എത്തിയെന്നും പറയാനാകില്ല. എനിക്ക് അഭിനയിക്കുക എന്ന ഒറ്റ കഴിവേയുള്ളൂ. ബാക്കി 99 ശതമാനവും അറിയാത്ത ജോലിയാണ്. സംവിധാനം, ക്യാമറ, എഡിറ്റിങ്.... എല്ലാം കൂടി ചേരുമ്പോഴാണല്ലോ സിനിമയുണ്ടാകുന്നത്. അത് വിജയിക്കുന്നത്.

ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്താണ്?

ഒരു സംശയവുമില്ല, കുടുംബമാണ് ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്. നമ്മൾ ഏറ്റവും കൂടുതൽ ഇൻവെസ്റ്റ് ചെയ്യേണ്ടതും അവിടെയല്ലേ...

11 വർഷം മുൻപ് വനിതയുടെ കവർ പേജിൽ മുൻനിരയിലെ പല്ലില്ലാതെ ചിരിച്ചു കൊണ്ടിരുന്ന ആദി പ്ലസ് ടു കാരനായി‍. വേദ അഞ്ചാം ക്ലാസിലും.

വീട്ടില്‍ ആരാണ് വില്ലത്തരം കാണിക്കുന്നതെന്ന് ചോദിച്ചപ്പോൾ വേദ സത്യസന്ധമായി ഉത്തരം പറഞ്ഞു, ‘‘ഞാന്‍ തന്നെ... ചേട്ടൻ വെറുതെ ഇരിക്കുമ്പോള്‍ ഞാനാണ് ചെന്ന് തോണ്ടാറുള്ളത്. ചേട്ടനെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് ചോദിച്ചോണ്ടിരിക്കും.

ആദിക്ക് പൊടിമീശയൊക്കെ വന്നല്ലോ..

ജയസൂര്യ: കൗമാരത്തിലേക്ക് എത്തുമ്പോൾ മക്കൾക്ക് പ ലതരം പ്രശ്നങ്ങളുണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ, ആ ദിക്ക് അങ്ങനെയൊന്നുമില്ല. നമ്മൾ അവരെ കേൾക്കാൻ ഇരുന്നു കൊടുത്താൽ മതി. എന്തു കാര്യവും നമ്മളോടു പറയാനുള്ള ഇടം ഉണ്ടാക്കിക്കൊടുത്താൽ മതി.

സരിത: പണ്ടു മുതൽക്കേ അവരെ കൊണ്ട് ചെയ്യിക്കുന്നൊരു ഗെയിമുണ്ട്. നാലു പേരുടെയും പ്ലസും മൈനസും ഒാരോരുത്തരും പറയണം. പറയുന്നത് സത്യസന്ധമാകണം.

ജയസൂര്യ: ഒരിക്കൽ എന്നെക്കുറിച്ച് വേദ പറഞ്ഞ നെഗറ്റീവ് എന്റെ സ്വഭാവം തന്നെ മാറ്റി. ‘അച്ഛന്റെ കൂടെ കളിക്കാൻ വരുമ്പോൾ ഇടയ്ക്ക് ഫോൺ വരും. അച്ഛൻ പിന്നെ, കുറേനേരം കഴിഞ്ഞേ വരൂ. പിന്നെ, കളിക്കാനും സമയം കിട്ടൂല്ല.’ അവളെ അത് വേദനിപ്പിക്കുന്നുണ്ടെന്ന് മനസ്സിലായി. അതോടെ അവർക്കൊപ്പം ഇരിക്കുമ്പോൾ ഞാൻ ഫോൺ മാറ്റി വയ്ക്കുകയാണ് പതിവ്.

വിജീഷ് ഗോപിനാഥ്

ഫോട്ടോ : ബേസിൽ പൗലോ