Thursday 22 December 2022 04:35 PM IST : By സ്വന്തം ലേഖകൻ

‘എന്റെ നീളൻ മുടി പിന്നിക്കെട്ടി ഹെയർപിൻ കുത്തിവയ്ക്കും അതിനു മുകളിലാണു വിഗ് വയ്ക്കുക’: ‘സത്യയെന്ന’ മെർഷീന

mersheena

കരഞ്ഞു പിഴിഞ്ഞ്, കണ്ണീരും കയ്യുമായിരിക്കുന്ന നായികമാരുടെ ഇടയിലേക്ക് ‘ആൺകുട്ടിയുടെ തന്റേടമുള്ള ഒരു പെൺകുട്ടി’ കടന്നുവരുമെന്ന് ആരെങ്കിലും ചിന്തിച്ചോ. മലയാളം മെഗാഹിറ്റ് പരമ്പരകളിൽ അതുവരെ കേട്ടിട്ടില്ലാത്ത ഈ കഥാപാത്രമായി വന്ന് നമ്മുടെ അ മ്മമാരെ ഞെട്ടിച്ചത്, ദേ ഈ മെർഷീന നീനുവാണ്.

ബോയ്കട്ട് ചെയ്ത മുടിയും ബട്ടൻ തുറന്നിട്ട ഷ ർട്ടുമായി ബൈക്കിൽ കയറി വന്ന ‘സത്യ’യെ കണ്ട് അന്തംവിട്ട ആൺമക്കളോട് അമ്മമാർ പറഞ്ഞു, ‘ഇ വളാണ് ചുണക്കുട്ടി.’

തമിഴിലും മലയാളത്തിലും പറന്നുനടന്ന് അഭിനയിക്കുന്ന തിരക്കിലാണ് ഇപ്പോൾ മെർഷീന നീനു. ‘കുടുംബശ്രീ ശാരദ’യിലെ ശാലിനിയായി തകർത്തഭിനയിച്ച ശേഷമുള്ള ഷെഡ്യൂൾ ബ്രേക്കിലാണു നീനുവിനെ കണ്ടത്. കണ്ണുകളിൽ നിറയെ സ്വപ്നങ്ങളും ചുണ്ടിൽ കുസൃതിച്ചിരിയുമായി നീനു സംസാരിച്ചു.

പതിവ് സീരിയൽ നായികമാരിൽ നിന്നു വ്യത്യസ്തമായ കഥാപാത്രം എങ്ങനെ കിട്ടി ?

തനി കരച്ചിൽ നായികയാകാൻ അത്ര ഇഷ്ടമില്ലായിരുന്നു. ചുണയുള്ള റോളുകൾ തേടിവരുന്നതും ഭാഗ്യമാകാം. ‘സത്യ’യുടെ തമിഴിൽ നായികയാകാനാണ് ആദ്യം വിളി വന്നത്. അപ്പോൾ പക്ഷേ, മറ്റൊരു സീരിയലിന്റെ തിരക്കിലായതിനാൽ ചെയ്യാൻ പറ്റിയില്ല. ടോംബോയ് ടൈപ് നായികാവേഷത്തെ കുറിച്ച് അന്നേ അറിയാമായിരുന്നു.

കുറച്ചു മാസങ്ങൾ കഴിഞ്ഞാണ് ആ സീരിയൽ മ ലയാളത്തിൽ വരുന്നുണ്ട് എന്നു കേട്ടത്. ആരാകും നായികയാകുന്നത് എന്ന് ആലോചിച്ചിരിക്കുമ്പോഴാണു സംവിധായകൻ ഫൈസൽ അടിമാലി വിളിച്ചത്, ‘നീ വരുമോ സത്യയാകാൻ...’

ഒരുപാടു പെർഫോം ചെയ്യാനുണ്ടാകും ആ വേഷ ത്തിലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടു രണ്ടാമതൊന്നും ചിന്തിക്കാതെ ഓക്കെ പറഞ്ഞു. പക്ഷേ, ചെന്നപ്പോഴാണു മനസ്സിലായതു കഠിനാധ്വാനം വേണമെന്ന്. എന്റെ നീളൻ മുടി പിന്നിക്കെട്ടി ഹെയർപിൻ കുത്തി വയ്ക്കും. അതിനു മുകളിലാണു വിഗ് വയ്ക്കുക. മിക്കവാറും ഷൂട്ടിങ് ഔട്ട്ഡോറാണ്. ചൂടും വിയർപ്പും കൊണ്ടു തല പുകയുമ്പോൾ ‘പാക്ക് അപ്’ എന്നു കേൾക്കാൻ കൊതിയാകും.

ആദ്യ ഷെഡ്യൂളിൽ തന്നെ അപകടം പറ്റി. കെട്ടിടത്തിനു മുകളില്‍ നിന്നു ചാടുന്ന ഷോട്ടില്‍ സ്ലിപ് ആയി വീണു ബോധം പോയി. എല്ലാരും കൂടി താങ്ങിയെടുത്ത് ആശുപത്രിയിലേക്ക് ഓടി. വലിയ കുഴപ്പമില്ലാതെ രക്ഷപ്പെട്ടു. ആ കഷ്ടപ്പാടിനു ഫലം കിട്ടി. ഇപ്പോഴും അമ്മമാരൊക്കെ ‘സത്യമോളേ’ എന്നാണ് വിളിക്കുന്നത്. മറ്റൊരു തമാശ എന്താണെന്നോ. ആ സമയത്ത് തമിഴിൽ ‘അഗ്നിനക്ഷത്രം’ എന്ന സീരിയലിലും അഭിനയിക്കുന്നുണ്ട്. അവിടെ ചുരിദാറിട്ട, നീളൻ മുടിക്കാരിയുമാകണം.

‘സത്യ എന്ന പെൺകുട്ടി’ക്കു ശേഷമാണു ‘ശാരദ’യിലെ ശാലിനിയാകുന്നത്. ടോംബോയ് വേഷത്തിനു ശേഷം ചുരിദാറും സാരിയും മാത്രം ധരിക്കുന്ന ശാലിനിയാകുമ്പോൾ ആളുകൾ സ്വീകരിക്കുമോ എന്ന സംശയം എല്ലാവർക്കും ഉണ്ടായിരുന്നു. എനിക്കും ക്യാമറയ്ക്കു മുന്നിൽ നിൽക്കുമ്പോൾ ബോഡി ലാംഗ്വേജിൽ ആണത്തം കയറിവരും. ശരിക്കും ആ വീട്ടിലെ ‘ആൺകുട്ടി’യാണു ശാലിനി. അതുകൊണ്ടു കാര്യങ്ങൾ ഈസിയായി. ഇപ്പോൾ ‘ശാരദ’ വിജയകരമായി 150 എപ്പിസോഡ് പിന്നിട്ടു.

സത്യ ബൈക്ക് ഓടിക്കുന്നതും വലിയ ധൈര്യത്തിലായിരുന്നല്ലോ ?

അതൊക്കെ അഭിനയമല്ലേ. ടൂവീലർ ലൈസൻസ് എ ടുത്ത കാലത്തു ഗിയറുള്ള വണ്ടിയുടെ ലൈസൻസാണ് എടുത്തതെങ്കിലും പിന്നീടൊരിക്കലും ബൈക്ക് ഓടിച്ചിട്ടേയില്ല. ‘സത്യ’യുടെ ലൊക്കേഷനിൽ വച്ചാണു ബൈക്ക് ഓടിച്ചു പഠിച്ചത്, അതത്ര എളുപ്പമായിരുന്നില്ല.

അത്യാവശ്യം ഓടിക്കാനൊക്കെ പഠിച്ചെങ്കിലും ‘ആക്‌ഷൻ’ കേട്ടിട്ടു വണ്ടിയെടുക്കുമ്പോൾ ‘ക്ലച് ഏതാ... ബ്രേക് ഏതാ...’ എന്നു കൺഫ്യൂഷനാണ്. പ്രമോ ഷൂട്ടിങ്ങിനായി ബൈക്ക് ഓടിച്ചുവന്നു നിറുത്തിയപ്പോൾ അതാ ബാലൻസ് തെറ്റി ഞാനും ബൈക്കും താഴെ. പിന്നീടൊരിക്കൽ ചേച്ചിയായി അഭിനയിക്കുന്ന ആ ർദ്രയെ പിന്നിലിരുത്തി ബൈക്ക് ഓടിക്കുന്നതിനിടെ മെറ്റ ൽ റോഡിൽ ഒറ്റവീഴ്ച. അന്നു രണ്ടുപേർക്കും കയ്യിലും കാലിലുമൊക്കെ മുറിവു പറ്റി.

ഈയിടെ ‘ശാരദ’യിലെ ഒരു സീനിൽ ബുള്ളറ്റ് ഓടിക്കണം. ‘വെയ്റ്റുള്ള വണ്ടിയാണ്, പെൺകുട്ടികൾക്കു പറ്റില്ല’ എന്നൊക്കെ പലരും പേടിപ്പിച്ചെങ്കിലും ഞാൻ തളർന്നില്ല. അമ്മയായി അഭിനയിക്കുന്ന ശ്രീലക്ഷ്മി ചേച്ചിയെ പിന്നിലിരുത്തി സ്റ്റൈലായി ബുള്ളറ്റ് ഓടിച്ചു.

mersheena-1

അഭിനയം ആയിരുന്നോ ചെറുപ്പം മുതലേ മോഹം ?

‘സിന്ദൂരച്ചെപ്പ്’ സീരിയലിൽ നായികയുടെ ചെറുപ്പകാലം അഭിനയിച്ചതു ഞാനാണ്. കുറച്ചു സീരിയലുകളിൽ ബാലതാരമായ പിന്നാലെ ഷോർട് ഫിലിമുകളിൽ ചാൻസ് കിട്ടി. അതിനു ശേഷമാണു ‘മനസ്സറിയാതെ’യിലെ വേഷം വ ന്നത്. അന്നു തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ പത്താംക്ലാസിൽ പഠിക്കുകയാണ്.

മോഡലിങ്ങിനായി എടുത്ത ഫോട്ടോ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതു കണ്ടിട്ടാണ് ‘അയലത്തെ സുന്ദരി’യിലേക്കു വിളിച്ചത്. അതിലെ കേൾവിയും സംസാരശേഷിയുമില്ലാത്ത കഥാപാത്രം നന്നായി പെർഫോം ചെയ്യാൻ സാധ്യതയുള്ളതായിരുന്നു. അതു ക്ലിക് ആയതോടെ സീരിയലിൽ ഭാഗ്യം തെളിഞ്ഞു. ‘ഗൗരി’യും തമിഴിലെ ‘അഗ്നിനക്ഷത്ര’വും ‘തോന്ന്യാക്ഷരങ്ങളും’ കഴിഞ്ഞാണ് സത്യ. ഇപ്പോൾ തമിഴിൽ കളേഴ്സ് ചാനലിൽ മ ന്ദിര പുന്നഗൈ എന്ന സീരിയലിലും നായികയാണ്.

ഹൽദി, മെഹന്ദി ചിത്രങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ പലരും നീനുവിന്റെ വരനെയാണല്ലോ തേടിയത് ?

സത്യ സീരിയൽ അവസാനിച്ച സമയത്താണ് ആ വെഡ്ഡിങ് ഫോട്ടോഷൂട്ട് ചെയ്തത്. അതു കണ്ടിട്ട് എല്ലാവരും കരുതിയത് റിയൽ കല്യാണമാണെന്നാണ്. പൊട്ടുതൊട്ടു നിൽക്കുന്നതു കണ്ടിട്ട് ഹിന്ദുവായി മതം മാറി എന്നൊക്കെ ചിലരെഴുതി. ചില ഓൺലൈൻ പത്രങ്ങൾ എന്റെ വരനെ കുറിച്ചു വരെ വാർത്ത നൽകി. പലരും പറഞ്ഞു, സൈബർ സെല്ലിൽ പരാതി നൽകൂ എന്ന്.

പലരും മനഃപൂർവം എഴുതിവിടുന്ന ഇത്തരം വാർത്തകൾ കണ്ട് ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീടു മ നസ്സിലായി ആളുകളുടെ വായടപ്പിക്കാൻ നമുക്കു പറ്റില്ല എന്ന്. അതിനു വേണ്ടി ഒരിക്കൽ ശ്രമിച്ചാൽ പിന്നെ, എന്നും ശ്രമിച്ചുകൊണ്ടേ ഇരിക്കണം. അതൊന്നും നമ്മളെ ബാധിക്കില്ല എന്നു തീരുമാനിച്ചാൽ പിന്നെ, പ്രശ്നമില്ല.