Friday 19 May 2023 12:56 PM IST

‘അവൻ പ്രീമച്വർ ബേബിയായിരുന്നു, കൈയിൽ എടുക്കാൻ പോലും പേടി തോന്നുന്നത്ര ചെറിയ കുഞ്ഞ്’: അമ്മുടെ റോളിൽ മിയ

Roopa Thayabji

Sub Editor

Miya-new-interview

എപ്പോഴും സന്തോഷത്തോടെയും പോസിറ്റീവായും ഇരിക്കുന്നതിന്റെ രഹസ്യം എന്താണ് ?

ദീപ എസ്, അസോഷ്യേറ്റ് പ്രഫസർ,

ഗവ. കോളജ് ഓഫ് ആർക്കിടെക്ചർ,

തിരുവനന്തപുരം

ചെറുപ്പം മുതൽ തന്നെ എപ്പോഴും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ആളാണു ഞാൻ, ചിരിയാണ് എന്റെ ജീവൻ. വെറുതെ ഇരുന്നാലും മുഖത്തു ചിരി കാണും. എന്റെയീ ചിരി കണ്ടിട്ട് ഒരു ബന്ധു വിളിച്ചിരുന്നതു ‘പുഞ്ചിരിക്കൊച്ച്’ എന്നാണ്.

എപ്പോഴും സന്തോഷമായി ഇരിക്കാനാണ് ഇഷ്ടം. ചിരിച്ച മുഖത്തോടെ നമ്മൾ സംസാരിക്കുമ്പോൾ എതിർഭാഗത്തുള്ള ആൾക്കു സംസാരം തുടരാൻ കുറച്ചുകൂടി താത്പര്യം തോന്നും. എന്നോടു സംസാരിക്കുമ്പോൾ നല്ല അടുപ്പം ഫീൽ ചെയ്യുമെന്നും, പറയുന്നത് ആസ്വദിച്ചു കേൾക്കുന്നു എന്നും ചിരിയിലൂടെ പ്രകടിപ്പിക്കുന്നതു തന്നെ വലിയ പ്ലസ് ആണെന്നുമൊക്കെ പലരും പറഞ്ഞിട്ടുണ്ട്. ചിരിക്ക് ഇത്രയൊക്കെ ഗുണമുള്ളപ്പോൾ പിന്നെന്തിനാ ചിരിക്കാതിരിക്കുന്നത്.

നടി, നർത്തകി, അവതാരക, ഗായിക... ഏതു റോളാണു കൂടുതലിഷ്ടം ? എന്തുകൊണ്ട് ?

അമീന എസ്, വിദ്യാർഥി, ചവറ, കൊല്ലം

ഇതെല്ലാം ഒരുപോലെ മുന്നിലുണ്ടെങ്കിലും ഏറ്റവും ഇഷ്ടമുള്ളതു നടി എന്ന ലേബലിനോടു തന്നെയാണ്. ഒരു സിനിമ ചെയ്യുമ്പോഴോ ഒരു കഥാപാത്രമായി മാറുമ്പോഴോ ഒക്കെയാണു മനസിന് ഏറ്റവും കൂടുതൽ സന്തോഷം കിട്ടുന്നത്. ഫങ്ഷനുകളോ ഷോകളോ പരസ്യങ്ങളോ ഒക്കെ ചെയ്യാറുണ്ടെങ്കിലും ആ സന്തോഷം ഇവയ്ക്കൊന്നിനും തരാനാകില്ല. അതാണു സിനിമയുടെ മാജിക്.

ലൂക്കയുടെ അമ്മ എന്ന റോളിലെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു ‌?

അഡ്വ. ജോഷി ജോസ്, കട്ടപ്പന, ഇടുക്കി

ലൂക്കയുടെ അമ്മയുടെ റോൾ വലിയ കൺഫ്യൂഷൻ ഒന്നുമില്ലാതെ കൊണ്ടു പോകാനാകുമെന്ന് ഉറപ്പായിരുന്നു. കാരണം എന്റെ ചേച്ചിക്കു മൂന്നു മക്കളാണ്. അവരെ വളർത്തിയും അവർ വളരുന്നതു കണ്ടും കുറേ കാര്യങ്ങൾ നേരത്തേ തന്നെ അറിയാം. അതായിരുന്നു ആ കോൺഫിഡൻസിന്റെ രഹസ്യം.

ലൂക്ക വന്ന സമയത്തു ചെറിയ ടെൻഷനൊക്കെ ഉണ്ടായിരുന്നു. അവൻ പ്രീമച്വർ ബേബിയായിരുന്നു, ഏഴാം മാസത്തിലാണു ജനിച്ചത്. കൈയിൽ എടുക്കാൻ പോലും പേടി തോന്നുന്നത്ര ചെറിയ കുഞ്ഞ്. പക്ഷേ, ഞാൻ തന്നെയാണ് അവന്റെ എല്ലാ കാര്യവും നോക്കിയത്. ‘അമ്മ റോ ൾ’ കുഴപ്പമില്ലാതെ പോകുന്നു എന്നാണു വിശ്വാസം. പിന്നെ എന്റെ അമ്മ റോളിലെ പ്രകടനം എക്സലന്റ് ആണോ എന്നു ലൂക്ക വളരുമ്പോൾ പറയട്ടെ.

miya-interview-1

വിവാഹം, കുഞ്ഞിന്റെ ജനനം... എന്നിട്ടും കരിയർ ബ്രേക് ഇല്ലാതെ മുന്നോട്ടു പോകുന്നു. ഇതിന്റെ രഹസ്യം എന്താണ് ?

മേഘ മരിയ. കെ ഷാജി, സൈബർ ഫോറൻസിക് വിദ്യാർഥി, ഏറ്റുമാനൂർ, കോട്ടയം

ജീവിതത്തിൽ വലിയ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടും വലിയൊരു ബ്രേക് എടുക്കാതിരുന്നതു മനപൂർവമാണ്. അങ്ങനെ ബ്രേക് എടുക്കാൻ പോയാൽ എനിക്കു തന്നെ മാനസികമായി ബുദ്ധിമുട്ടാകും. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തൊട്ടു അഭിനയരംഗത്താണ്. എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണു ഷൂട്ടിങ്ങും അഭിനയവും. ഒരു പരിധിയിൽ കൂടുതൽ ബ്രേക് എടുക്കാൻ എനിക്കും താൽപര്യം ഉണ്ടായിരുന്നില്ല.

miya-george-vanitha

മോൻ ഉണ്ടായപ്പോഴും ആവശ്യമുള്ള ബ്രേക് എടുത്തിട്ട് കരിയറിലേക്കു തിരികെ വരികയായിരുന്നു. വീട്ടിൽ നിന്നു പോയി പെട്ടെന്നു തിരിച്ചുവരാവുന്ന വർക്കുകൾ ആദ്യം എടുത്തു. പിന്നെ ഒരു ദിവസം മാറിനിന്നു. അങ്ങനെ, അങ്ങനെ... അതിനു പിന്നിൽ ലൂക്കയുടെയും എന്റെയും ഭർത്താവിന്റെയും വീട്ടുകാരുടെയും സഹകരണവും സപ്പോർട്ടും ഉണ്ട്. അവസരങ്ങൾ കിട്ടിയതും ദൈവാനുഗ്രഹം. എല്ലാം കൂടി ഒത്തു വന്നു എന്നു പറയുന്നതാകും കൂടുതൽ ശരി.

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ