Friday 24 June 2022 02:51 PM IST : By സ്വന്തം ലേഖകൻ

‘അവന് എന്നേയും എനിക്ക് അവനേയും മിസ് ചെയ്യാൻ കഴിയില്ല’: എവിടെയായിരുന്നു ഇത്രയും നാൾ? മിത്ര പറയുന്നു

mithra-kurian-story

അഭിമുഖത്തിനായിരിക്കുമ്പോൾ മിത്ര ‘ഗർഭിണി’യാണ്. നിറവയറിൽ തലോടിയും കുലുങ്ങിച്ചിരിച്ചും മിത്ര പറഞ്ഞു, ‘ഈ ഷെഡ്യൂളിൽ പ്രസവമുണ്ടാകും.’ സൂപ്പർഹിറ്റായ ‘അമ്മ മകൾ’ സീരിയലിലെ മിത്രയുടെ അമ്മ കഥാപാത്രം കുഞ്ഞുവാവയെ കാത്തിരിക്കുന്ന ത്രില്ലിലാണ്.

അഭിനയത്തിൽ നിന്ന് ചെറിയ ബ്രേക് എടുത്ത ശേഷം സീരിയലിലേക്കുള്ള തിരിച്ചുവരവിലും പ്രസരിപ്പും കുസൃതിയും കുറയാതെ കൂടെയുണ്ട് മിത്രയ്ക്ക്. സ്ക്രീനിൽ മാത്രമല്ല റിയൽ ലൈഫിലും മിത്ര അമ്മയാണ്, കുറുമ്പ് കാണിക്കുന്ന അമ്മ.

എവിടെയായിരുന്നു ഇത്രയും നാൾ ?

സിനിമയിൽ നിന്ന് ഇടവേളയെടുത്ത് പോയത് വിവാഹ ജീവിതത്തിലേക്കാണ്. 2015 ലായിരുന്നു വിവാഹം. ‘ലേഡീസ് ആൻഡ് ജെന്റിൽമാൻ’ ആണ് അവസാനം അഭിനയിച്ച സിനിമ. എനിക്ക് കരിയർ പോലെ തന്നെ പ്രധാനമാണ് കുടുബവും. അതുകൊണ്ടാണ് ബ്രേക് എടുത്തത്.

തിരിച്ചുവരവ് സീരിയലിലേക്ക് മതിയെന്ന് ഉറപ്പിച്ചിരുന്നു. സീരിയലാകുമ്പോൾ കൃത്യമായ ഇടവേളകൾ ലഭിക്കും. ഒരു ജോലി പ്ലാൻ ചെയ്യുന്നത് പോലെ തന്നെ ദിവസങ്ങൾ കൃത്യമായി പ്ലാൻ ചെയ്ത് മുന്നോട്ടു പോകാം. മാസത്തിൽ പത്ത് ദിവസമേ ഷൂട്ടിങ് ഉണ്ടാകൂ. രാവിലെ തുടങ്ങിയാൽ രാത്രി ഒൻപതരയോടെ കഴിയും. ബാക്കി സമയം കുടുംബത്തോടൊപ്പം ചെലവിടാം. മാത്രമല്ല, നല്ലൊരു ഇടവേളയ്ക്ക് ശേഷമല്ലേ വരുന്നത്. ആളുകളുടെ സ്വീകരണ മുറിയിലേക്ക് എന്നുമെത്തുമ്പോള്‍ കുറച്ചു കൂടി സ്നേഹം പെട്ടെന്നു കിട്ടുമല്ലോ. തൊട്ടരികത്ത് കാണുന്നൊരു അടുപ്പം പ്രേക്ഷകർക്ക് സീരിയൽ താരങ്ങളോടുണ്ട്.

തിരിച്ചുവരവ് വിചാരിച്ചതു പോലെ എളുപ്പമായിരുന്നോ ?

ആറു വർഷത്തിന് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോള്‍ ആകെ പരിഭ്രമമായിരുന്നു. ഒന്നും പ്രതീക്ഷിച്ചതുപോലെ സ്മൂത് ആയി പോകുന്നില്ല. ആ ടെൻഷനിൽ നിന്ന് എന്നെ കരകയറ്റിയത് സീരിയലിന്റെ സംവിധായകൻ ഫൈസൽ അടിമാലിയാണ്. ബോഡി ലാംഗ്വേജ്, എക്സപ്രഷൻസ് എല്ലാം കൃത്യമായി പറഞ്ഞു തന്ന് ചെയ്യിപ്പിക്കാൻ ആളുണ്ടായത് ഭാഗ്യം.

‘ബോഡി ഗാർഡി’ലെ സേതുലക്ഷ്മ‌ി ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. നയൻതാരയോട് സൗഹൃദം ഉണ്ടോ ?

വർഷമെത്ര കഴിഞ്ഞിട്ടും സേതുലക്ഷ്മിയെ ജനങ്ങൾ ഓർക്കണമെങ്കിൽ എത്രത്തോളം സ്നേഹം ആ കഥാപാത്രത്തോട് ഉണ്ടാകുമെന്ന് ഓർത്തുനോക്കൂ. ‘ബോഡിഗാർഡ്’ നൽകിയതാണ് ഇന്ന് കാണുന്ന ഈ ജീവിതം. സിദ്ദിഖ് സാറിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.

നയൻതാരയുമായി ഷൂട്ടിങ് സമയത്ത് നല്ല സൗഹൃദമുണ്ടായിരുന്നു. എനിക്കു വേണ്ടി തിരഞ്ഞെടുത്ത വസ്ത്രങ്ങളിൽ ചിലതു കാണുമ്പോൾ, ‘ഇതെന്താ ഇങ്ങനെ, കുറച്ചുകൂടി നല്ല വസ്ത്രം കൊടുത്തുകൂടെ’ എന്നൊക്കെ ചോദിക്കുമായിരുന്നു. പുതുമുഖമായ എന്നെ അത്രയേറെ ചേർത്തുപിടിച്ചിട്ടുണ്ട്. പിന്നീട് നയൻതാരയെ കാണുന്നത് ‘ഭാസ്കർ ദി റാസ്ക്കലി’ന്റെ സെറ്റിൽ വച്ചാണ്. എന്റെ കല്യാണം തീരുമാനിച്ച സമയമായിരുന്നു. ആ വിശേഷങ്ങളൊക്കെ സംസാരിച്ചു.

‘ബോഡി ഗാർഡി’ന്റെ തമിഴ് പതിപ്പ് ‘കാവലനി’ൽ അ സിനും വിജയ്ക്കുമൊപ്പം അഭിനയിക്കാൻ അവസരവും കിട്ടി. കാരവാനിൽ അവർക്കൊപ്പമിരുന്നു വർത്തമാനം പറഞ്ഞും ഭക്ഷണം കഴിച്ചും കോളജ് ലൈഫ് പോലെ ആസ്വദിച്ചു ആ ലൊക്കേഷൻ.

ഇങ്ങനെയൊക്കെ ആണെങ്കിലും സൗഹൃദം സൂക്ഷിക്കുന്നതിൽ വളരെ പിറകിലാണ് ഞാൻ. സിനിമയിൽ പോ ലും എനിക്ക് സൗഹൃദങ്ങൾ കുറവാണ്. അഭിനയിച്ച ചിത്രങ്ങളിലെ താരങ്ങളോട് ഇന്നും കാണുമ്പോൾ നല്ല പോലെ, പഴയ അതേ വൈബിൽ സംസാരിക്കും. അതല്ലാതെ ആരുമായും എപ്പോഴും വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്ന രീതിയില്ല. കുറച്ച് ‘ഇൻട്രോവേർട്ടാ’ണ് ആ കാര്യത്തിൽ. വലിയ സുഹൃദ് വലയം ഇല്ലെങ്കിലും വർക് ചെയ്ത സമയത്തെ കുറച്ചു പേരുമായി നല്ല അടുപ്പമുണ്ട്.

സിനിമ മിസ് ചെയ്തിട്ടുണ്ടോ ?

ഇടവേള എടുത്ത സമയത്ത് തീർച്ചയായും മിസ് ചെയ്തു. പക്ഷേ, ലൈംലൈറ്റും ബഹളങ്ങളും മിസ് ചെയ്യും എന്ന് ഞാൻ എന്നെതന്നെ ബോധ്യപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചു നാൾ മാറി നിൽക്കാം എന്നത് എന്റെ മാത്രം തീരുമാനമായിരുന്നു. അതുകൊണ്ട് തന്നെ ‘ഈ ഇടവേള അനിവാര്യമാണ്, സിനിമ മിസ് ചെയ്യുന്നതിൽ വിഷമം തോന്നരുത്’ എന്നെല്ലാം മനസ്സിനെ നൂറുവട്ടം പറഞ്ഞു പഠിപ്പിച്ചു.

ആ തീരുമാനം ശരിയായിരുന്നു. അഭിനയം എന്റെ ജോ ലി മാത്രമാണ്. കുടുംബത്തിനാണ് അന്നുമിന്നുമെന്നും മു ൻഗണന. വിവാഹശേഷം വില്യമിനൊപ്പം തൃശൂരിലെ വീട്ടിലായിരുന്നു. നാലു വർഷമേ ആയുള്ളൂ കൊച്ചിയിലേക്ക് താമസം മാറിയിട്ട്. സിനിമാതിരക്കുകളില്‍ വിട്ടുപോയ കുറേ കാര്യങ്ങൾ ഇക്കാലയളവിൽ പഠിച്ചു. കുക്കിങ്, നീന്തൽ, ‍ഡ്രൈവിങ്... കു‍‍ഞ്ഞിനു മൂന്നു വയസ്സാകുമ്പോഴേക്ക് അഭിനയത്തിൽ വീണ്ടും സജീവമാകാമെന്ന് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് സീരിയലിലേക്ക് എത്തുന്നത്.

സിനിമയിലേക്കും ഉടൻ പ്രതീക്ഷിക്കാമോ ?

പണ്ടൊക്കെ സിനിമാ ഷൂട്ട് എന്ന് പറഞ്ഞാൽ പാറി പറന്ന് നടക്കാമായിരുന്നു. എവിടേക്ക് വേണമെങ്കിലും ഷൂട്ടിന് പോകാം. ഇപ്പോൾ അതല്ലല്ലോ അവസ്ഥ. കുറച്ച് കൂടി ഉത്തരവാദിത്തമുണ്ട്. മോന്റെ കാര്യങ്ങൾ നോക്കണം. അവന് എന്നേയും എനിക്ക് അവനേയും മിസ് ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ അവനെ വിട്ട് ഒരുപാട് ദിവസം മാ റി നിൽക്കാനും കഴിയില്ല. ഇതിൽ ചുരുങ്ങി നിന്നുകൊണ്ട് എന്തൊക്കെ ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യാനാണ് പ്ലാൻ. നല്ല അവസരം വന്നാൽ നോക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയിട്ടുണ്ട്.

അഭിനയത്തിലേക്ക് എത്തുന്നതെങ്ങനെയാണ് ?

സ്കൂളിലെ ഡ്രാമാ ടീമിൽ സജീവമായിരുന്നു എന്നതൊഴിച്ചാൽ അഭിനയവുമായി യാതൊരുവിധ ബന്ധവും ഉണ്ടായിരുന്നില്ല. പെരുമ്പാവൂരാണ് എന്റെ സ്ഥലം. ഒരു ഗ്രാമം. അവിടെ നിന്ന് എങ്ങനെയാണ് സിനിമയിലേക്ക് ചുവട് വയ്ക്കേണ്ടത് എന്ന് പോലും അറിയില്ല. പഠിച്ച സ്കൂളിലെ അധ്യാപകരൊക്കെ പറയുമായിരുന്നു സിനിമയിലേക്ക് നോക്കിക്കൂടെ എന്ന്. സിനിമ എന്റെ വിദൂര സ്വപ്നത്തിൽ പോലും ആ സമയത്ത് ഉണ്ടായിരുന്നില്ല.

അവിചാരിതമായിട്ടാണ് ‘മയൂഖ’ത്തിൽ അവസരം ലഭിച്ചത്. ഹരിഹരൻ സാർ നായികയ്ക്കായുള്ള കാസ്റ്റിങ് നടത്തുമ്പോൾ സ്കൂളിൽ നിന്നാണ് ചിത്രങ്ങൾ അയച്ചു കൊടുത്തത്. അതുകണ്ട് ഇഷ്ടപ്പെട്ട് നേരിട്ട് കാണാൻ വിളിപ്പിച്ചു. സത്യത്തിൽ‌ അയച്ചുകൊടുത്ത ചിത്രത്തിൽ ഞാൻ സാരിയൊക്കെ ഉടുത്തായിരുന്നു.

എന്നെ നേരിട്ട് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു, ‘അയ്യോ, ഇത് ചെറിയ കുട്ടിയാണല്ലോ’ എന്ന്. എനിക്കാകെ വിഷമമായിപ്പോയി. കാരണം വീട്ടിലും നാട്ടിലും സിനിമയിൽ അഭിനയിക്കാൻ പോകുകയാണെന്ന് പറഞ്ഞാണ് ഞാൻ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്.

എന്റെ വിഷമം കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു, വേറൊ രു ചെറിയ കാരക്ടർ വേഷമുണ്ട് ചെയ്യുന്നോ എന്ന്. എനിക്ക് ഏതു വേഷമായാലും അഭിനയിച്ചാൽ മതിയാരുന്നു.അങ്ങനെയാണ് സൈജു ചേട്ടന്റെ അനിയത്തിയായത്. അതാണ് തുടക്കം.

കുടുംബത്തെ കുറിച്ച് ?

ജീവിതപങ്കാളി വില്യം ഫ്രാൻസിസ് പിയാനിസ്റ്റും മ്യൂസിക് ഡയറക്ടറുമാണ്. അമേരിക്കയിൽ സ്റ്റേജ് പ്രോഗ്രാമിലാണ് ഞ‍ങ്ങൾ പരിചയപ്പെട്ടത്. നാലു വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന്റെയും ‘ഉടൽ’ സിനിമയുടെയും സംഗീത സംവിധായകൻ വില്യമായിരുന്നു.

മോൻ യോഹാൻ വില്യമിന് മൂന്ന് വയസ്സായി. സുടു എന്നാണ് ഞങ്ങളവനെ വിളിക്കുന്നത്. യാത്രകളും സിനിമകളുമാണ് ജീവിതത്തിന്റെ രസങ്ങൾ. വിവാഹശേഷം ധാരാളം യാത്രകൾ പോകുമായിരുന്നു. എന്റെ സ്വപ്നനഗരമായ പാരിസിലേക്കും യാത്ര പോയിരുന്നു. മോനുണ്ടായ ശേഷം വിദേശ യാത്രകളൊന്നും പോകാൻ കഴി‌‍ഞ്ഞില്ലെങ്കിലും കിട്ടുന്ന ഗ്യാപിലെല്ലാം കൊച്ചു കൊച്ചു യാത്രകൾ പോകും. അധികമാരും അറിയാത്ത ഉൾനാടുകളിലേക്ക് ഒരു ബാക്പാക് ട്രിപ് മോഹം മനസ്സിൽ സൂക്ഷിക്കുന്നുണ്ട്.

സ്റ്റാഫ് പ്രതിനിധി

ഫോട്ടോ: അനീഷ്, മോട്ടീവ് പിക്സ്