Monday 12 September 2022 03:39 PM IST

‘കുടുംബം കൂടെയുള്ള സമയത്തു പോലും അവർ മോശമായി പെരുമാറുന്നതു കണ്ട് അതിശയം തോന്നിയിട്ടുണ്ട്’

Rakhy Raz

Sub Editor

Neeta-Pillai-Vanitha നീത പിള്ള, അച്ഛൻ വിജയൻ, അമ്മ മഞ്ജുള, അനുജത്തി മനീഷ

പാപ്പന്റെ സക്സസ് ടീസർ ഹൈലൈറ്റ് ചെയ്തത് ഒരു കിടിലൻ അടിയാണ്. ഇരുട്ടൻ ചാക്കോ എന്ന ക്രിമിനലിന്റെ കരണക്കുറ്റിക്ക് അടി പൊട്ടിക്കുന്നത് നായകൻ സുരേഷ് ഗോപിയല്ല, നീത പിള്ളയാണ്. നീത ചിത്രത്തിലെ ‘ലേഡി സുരേഷ് ഗോപി’ ആണ് എന്ന സുരേഷ് ഗോപിയുടെ വാക്കുകളെ ഉറപ്പിക്കുന്നതാണ് ആ അടി.

‘‘സ്ക്രിപ്റ്റ് വായിക്കുമ്പോൾ, ഷൂട്ട് നടക്കുമ്പോൾ പോലും ഞാനും കരുതിയിരുന്നില്ല ഇത്ര പ്രാധാന്യം വിൻസി എബ്രഹാം ഐപിഎസ് എ ന്ന എന്റെ കഥാപാത്രത്തിന് ഉണ്ടെന്ന്. സിനിമയുടെ പ്രിവ്യൂ കണ്ടപ്പോഴാണ് അത് മനസിലായത്.

‘പാപ്പന്റെ’ സെറ്റിൽ ഏറ്റവും കുറവ് അഭിനയപരിചയം ഉള്ള ആളായിരുന്നു ഞാൻ. ജോഷി സാറിനെപ്പോലൊരു സംവിധായകൻ, സുരേഷ് ഗോപി, വിജയരാഘവൻ, ഷമ്മി തിലകൻ, ആശ ശരത് പോലുള്ള സീനിയർ കോ ആക്റ്റേഴ്സ് ഇവരോടൊപ്പം ഉള്ള ചിത്രം ഞാനായിട്ടു മോശമാക്കരുത് എന്ന് മാത്രം ചിന്തിച്ചു.’’

2018 ൽ ‘പൂമരം’, 2020 ൽ ‘കുങ്ഫു മാസ്റ്റർ’ എവിടെയായിരുന്നു ഇത്രനാൾ ?

‘പൂമര’ത്തിന്റെ റിലീസിന് തൊട്ടു മുൻപ് തന്നെ സംവിധായകൻ എബ്രിഡ് ഷൈൻ സർ കുങ്ഫു മാസ്റ്ററെക്കുറിച്ച് പറഞ്ഞിരുന്നു. ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. സ്പോർട്സ്, മാർഷൽ ആർട്സ്’, ആക്‌ഷൻ സിനിമകൾ എന്നിവയോടൊക്കെ ഇഷ്ടമായതിനാ ൽ ഞാൻ കേട്ടയുടൻ ചെയ്യാമെന്നു സമ്മതിച്ചു. കൂടെ അഭിനയിക്കുന്നത് മാർഷൽ ആർട്സിലെ മാസ്റ്റേഴ്സ് ആണ്. നന്നായി പരിശീലിച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ പറ്റൂ എന്ന് പറഞ്ഞിരുന്നു. ‘പൂമരം’ കഴിഞ്ഞയുടൻ കുങ്ഫു ട്രെയിനിങ് തുടങ്ങി. ഏകദേശം ഒന്നര വർഷത്തെ പരിശീലനം. ദിവസവും അഞ്ചു മണിക്കൂർ. പരിശീലനത്തെ ബാധിക്കും എന്നതിനാൽ അതിനിടെ വന്ന ഓഫറുകളൊന്നും സ്വീകരിച്ചില്ല. കുങ്ഫു കഴിഞ്ഞയുടൻ ലോക്ഡൗൺ വന്നു.

ഒന്നൊന്നര മാസം കടുത്ത മഞ്ഞും കടുത്ത വെയിലും ഒന്നിച്ചുള്ള കാലാവസ്ഥയിൽ ആയിരുന്നു ഷൂട്ട്. ഉത്തരാഖണ്ഡിലെ ഓലി, ജോഷിമഠ് എന്നീ സ്ഥലങ്ങളിൽ. അത് ആരോഗ്യത്തെ വല്ലാതെ ബാധിച്ചു. തോളുകൾക്കും കാൽ പാദത്തിലും പൊട്ടൽ, ലിഗ്‍മന്റ് ടെയർ, ഉളുക്ക് ഇങ്ങ നെ പരുക്കുകളുണ്ടായി. വർക്ക് ചെയ്യുമ്പോൾ ആരോഗ്യത്തെക്കുറിച്ച് ആലോചിക്കാത്ത സ്വഭാവം കൊണ്ട് സംഭവിച്ചതാണ്.

പരുക്കുകൾ മാറ്റിയെടുത്ത ശേഷമേ വീണ്ടും ഷൂട്ട് ചെയ്യാൻ സാധിക്കുമായിരുന്നുള്ളു. ലോക്ഡൗൺ സമയമായതു കൊണ്ട് ഷൂട്ട് തടസപ്പെടാതെ തന്നെ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞു. ലോക് ഡൗൺ കഴിഞ്ഞയുടൻ ജോഷി സാറിന്റെ വിളി വന്നു.

‘കുങ്ഫു മാസ്റ്റർ’ പോലെ ഒരു കഥാപാത്രം ഇനി കിട്ടുകയാണെങ്കിലും ചെയ്യും. നൂറു ശതമാ നം ആത്മാർഥതയോടെ. എന്നാൽ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ ശ്രദ്ധ നൽകും.

നേതൃസ്വഭാവമുള്ള കഥാപാത്രമാണല്ലോ എല്ലാം ?

അങ്ങനെ തോന്നുമെങ്കിലും സത്യത്തിൽ അവയെല്ലാം തികച്ചും വ്യത്യസ്തമാണ്. ‘പാപ്പനി’ൽ ഗൗരവമുള്ള കഥാപാത്രമാണെങ്കിലും മകളായും ഐപിഎസ് ഓഫിസറായും വേറിട്ട നിറമുള്ള കഥാപാത്രമായിരുന്നു. ഐപിഎസ് ഓഫിസറാകാൻ ശരീര ഘടനയും, ആറ്റിറ്റ്യൂഡും സദാ നിലനിർത്തണമായിരുന്നു. ‘പൂമര’ത്തിലെ കോളജ് ലീഡർക്കും പാപ്പനിലെ ത ന്നെ മകൾക്കും ആ രീതിയിലുള്ള ശരീര ഭാഷ ആയിരുന്നില്ല വേണ്ടത്.

‘പൂമരം’ ഒരു ആഗ്രഹത്തിന്റെ പുറത്ത് ശ്രമിച്ചു കിട്ടിയ കഥാപാത്രമാണ്. അന്ന് സിനിമ എന്താണ്, മികച്ച അഭിനേതാക്കൾ എങ്ങനെയാണ് അനായാസം അഭിനയിക്കുന്നത് എന്നൊക്കെ കണ്ടറിയുകയായിരുന്നു ലക്ഷ്യം. ഇപ്പോൾ മികച്ച വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിക്കണം അത് ഏറ്റവും ഭംഗിയായി അവതരിപ്പിക്കണം എന്നതാണ് ആഗ്രഹം. ചെയ്ത കഥാപാത്രങ്ങൾ മൂന്നും ഗൗരവ സ്വഭാവമുള്ളതിനാൽ ഇനിയൊരു കൂൾ റൊമാന്റിക് കഥാപാത്രമാകണമെന്നുണ്ട്. ഏതുതരം കഥാപാത്രമായാലും ഇഷ്ടപ്പെട്ടാൽ എത്ര ബുദ്ധിമുട്ടി ആയാലും ഞാനത് ചെയ്യും.

ഐപിഎസ് ഓഫിസറുടെ ശരീരഭാഷയും മനോഭാവവും കൃത്യമായി അവതരിപ്പിക്കാനായി ?

തിരക്കഥ കേട്ട ശേഷം ചെയ്യാൻ പറ്റും എന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ മാത്രം എടുത്താൽ മതി എന്ന് ജോഷി സാർ പറഞ്ഞിരുന്നു.

ഈ കഥാപാത്രത്തെ നന്നാക്കാനായി ഹൈദരാബാദിലെ അജിത ബീഗം – സതീഷ് ഐപിഎസ് ദമ്പതികളെ പരിചയപ്പെട്ടു. അവരോടൊപ്പം മൂന്നു നാലു ദിവസം ചെലവഴിച്ചത് അവരുടെ ഔദ്യോഗിക ജീവിതവും ഗാർഹിക ജീവിതവും കണ്ടു മനസിലാക്കാൻ അവസരം തന്നു. അത് ഏറെക്കുറേ സഹായകമായി. ഏതു കഥാപാത്രമായാലും എന്റേതായ രീതിയിൽ ഹോം വർക്ക് ചെയ്തിട്ടേ ചെയ്യാറുള്ളു.

ഇതൊക്കെ ചെയ്തെങ്കിൽ പോലും ക്യാമറയുടെ മുന്നിൽ ഐപിഎസ് ഓഫിസറായി മാറുക ശരിക്കും പ്രയാസമായിരുന്നു. അഭിനയിക്കുമ്പോൾ അറിയാതെ ശരീരഘടനയും നിൽപ്പും നടത്തവും ‘ലൂസ്’ ആയി പോകുമായിരുന്നു. ഈ അവസരങ്ങളിൽ ജോഷി സർ, സാറിന്റെ മകൻ അഭിലാഷ് ജോഷി, തിരക്കഥാകൃത്ത് ഷാൻ എന്നിവർ പറഞ്ഞു തിരുത്തുമായിരുന്നു.

neeta-pillai-47

പാപ്പനിൽ ഏറ്റവും ഗംഭീരമായി എന്നു തോന്നിയ സീൻ ?

ഒരു സീനും ഗംഭീരമായി എന്നു തോന്നിയില്ല. ഓരോന്ന് കാണുമ്പോഴും അൽപം കൂടി നന്നാക്കാമായിരുന്നു എന്നാണ് ഇപ്പോഴും തോന്നുന്നത്.

പാപ്പനോട് വഴക്കുണ്ടാക്കി മകൾ ഇറങ്ങിപ്പോകുന്നൊരു ഇമോഷനൽ സീനുണ്ട്. ‘ഈ സീൻ ഇതുവരെ ചെയ്തതിൽ നിന്നു വ്യത്യസ്തമാണ്, പൊലീസ് ട്രെയിനിങ് കിട്ടുന്നതിന് മുൻപുള്ള വിൻസിയാണ്. അതോർത്ത് ശ്രദ്ധയോടെ ചെയ്യൂ’ എന്നു ജോഷി സർ പറഞ്ഞു. ചെയ്തു കഴിഞ്ഞപ്പോൾ ഗംഭീരമായി എന്ന് സാർ പറഞ്ഞതുകൊണ്ട് ആ സീൻ എനിക്ക് പ്രിയപ്പെട്ടതാണ്. വളരെ നീളമുള്ള ഡയലോഗ് കാണാതെ പഠിച്ച് തുടർച്ചയായി പറയണമായിരുന്നു ആ സീനിൽ.

‘പാപ്പനി’ൽ എന്റെ പ്രധാന സീനുകളിൽ മൂന്നു നാലെണ്ണം നീളമുള്ള ഡയലോഗുകൾ ഉള്ളതായിരുന്നു. അവയെല്ലാം കാണാതെ പഠിച്ച് തെറ്റാതെ പറയുക എന്നതായിരുന്നു ഈ സിനിമയിലെ ഏറ്റവും ത്രില്ലിങ് അനുഭവം. അതു ഞാൻ നന്നായി ആസ്വദിച്ചു ചെയ്തു.

ജീവിതത്തിലും ശക്തമായി പ്രതികരിക്കുന്നയാളാണ് ?

അതേ.. മോശം പെരുമാറ്റം എന്നോടുണ്ടായ ഒന്നു രണ്ട് അവസരത്തിൽ ശക്തമായി പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. കുടുംബം കൂടെ ഉള്ള സമയത്തു പോലും മോശമായി പെരുമാറാൻ അവർക്കു തോന്നുന്ന ധൈര്യം കണ്ട് അതിശയം തോന്നിയിട്ടുണ്ട്.

ഇത്തരം അവസരത്തിൽ പലപ്പോഴും പെൺകുട്ടികളും അവരുടെ വീട്ടുകാരും ചിന്തിക്കുന്നത് നമ്മൾ പ്രതികരിച്ചാൽ മറ്റുള്ളവർ എന്തു വിചാരിക്കും എന്നാണ്. അതുതന്നെയാണ് ഇത്തരക്കാർക്ക് ധൈര്യം നൽകുന്നത്. സീൻ ഉണ്ടാക്കേണ്ടി വരുന്നു എന്നതാണ് മറ്റൊരു വിഷമം. സീനുണ്ടാക്കുന്നത് നമ്മളല്ല, നമ്മളോട് മോശമായി പെരുമാറിയവരുടെ പ്രവൃത്തിയാണ്. അത് കണ്ടില്ലെന്ന് നടിച്ചാൽ അവരത് ഇനിയും ആവർത്തിക്കും.

ഇതൊന്നും സഹിക്കേണ്ട ആവശ്യം നമുക്കില്ല. ആളുകൾ എന്തുവിചാരിക്കും എന്നത് ഒരു വിഷയവുമല്ല. അതുകൊണ്ട് ഉറപ്പായും പ്രതികരിക്കണം. ഇപ്പോഴൊന്നും എനിക്ക് അത്തരം ദുരനുഭവങ്ങൾ ഉണ്ടാകാറില്ല.

പ്രതികൂലമായ സാഹചര്യങ്ങൾ ബോൾഡ് ആയി നേരിട്ടു വന്നയാൾ കൂടിയാണ് ?

വ്യക്തിപരമായ കാര്യങ്ങൾ ഒരിടത്തും വെളിപ്പെടുത്താത്തയാളാണ് ഞാൻ. വികാരങ്ങൾ പ്രകടിപ്പിക്കുന്ന കാര്യത്തിലും വളരെ ‘ന്യൂട്രൽ’ ആയ രീതിയാണ് എനിക്ക്.

ഒരുപാട് സന്തോഷവും കൗതുകവും തോന്നുമ്പോൾ പോലും എനിക്കത് പുറത്തേക്ക് കാണിക്കാൻ അറിയില്ല. എന്റെ അച്ഛന്റെ സ്വഭാവം അങ്ങനെയാണ്. അമ്മയും അനിയത്തിയും വളരെ എക്സ്പ്രസീവ് ആണ്. പല നല്ല കാര്യങ്ങളും നടക്കുന്ന അവസരത്തിലെ എന്റെ പ്രതികരണം കണ്ട് ആളുകൾക്ക് തോന്നും എനിക്കൊരു സന്തോഷവും ഇല്ലേ എന്ന്. സത്യത്തിൽ മനസിൽ ഒരുപാട് സന്തോഷം നിറയുന്നുണ്ടാകും, പക്ഷേ പ്രകടിപ്പിക്കാറില്ല.

എല്ലാവരുടെയും ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങളുണ്ടാകാം. എന്റെ ജീവിത യാത്രയിലെ ഉയർച്ചതാഴ്ചകളിൽ നിന്ന് ഞാൻ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആ പഠനം എന്നെ കൂടുതൽ കരുത്തുള്ള വ്യക്തിയാക്കിയിട്ടുണ്ട്.

നമുക്ക് ഒരു ജീവിതമേയുള്ളു. അതിൽ ഉയർച്ച താഴ്ചകളുണ്ടായാലും കിട്ടിയ ജീവിതത്തെ ബഹുമാനിക്കണം. മറ്റാരെയും വിഷമിപ്പിക്കാതെയും കഴിയുന്നത്ര മറ്റുള്ളവരെ സഹായിച്ചു സന്തോഷമായി സമാധാനമായി ജീവിക്കണം.

പെട്രോളിയം എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് ഡിഗ്രി ഉള്ളയാൾ ആ വഴി മറന്നോ ?

ഡിഫൻസ് ആയിരുന്നു സത്യത്തിൽ എന്റെയിഷ്ടം. ഡിഫ ൻസിൽ കരിയർ തുടങ്ങാനുള്ള പ്ലാനിങ്, വേണ്ട സമയത്ത് ചെയ്യാത്തതിനാൽ സാധിച്ചില്ല. അടുത്ത ചോയ്സ് ആയിരുന്നു എൻജിനീയറിങ്. പെട്രോളിയം എൻജിനീയറിങ്ങിൽ യുകെയിൽ മാസ്റ്റേഴ്സ് ചെയ്തത് ശരിക്കും ഇഷ്ടപ്പെട്ടു തന്നെയായിരുന്നു.

സിനിമയും അതുപോലെ താൽപര്യമായിരുന്നു. ജീവി തം വലിയ പ്ലാനിങ്ങോടെ കൊണ്ടു പോകുന്നയാളല്ല ഞാ ൻ. എന്നാൽ സിനിമ ഇല്ലെങ്കിൽ എന്തു ചെയ്യും എന്ന ഭയവുമില്ല. സിനിമയില്ലെങ്കിൽ അപ്പോഴത്തെ സാഹചര്യമനുസരിച്ച് ഞാൻ തീരുമാനമെടുക്കും.

സ്വന്തമായി കാര്യങ്ങൾ ചെയ്യാനാണ് എന്നെയും അനുജത്തി മനീഷയെയും അച്ഛനും അമ്മയും പഠിപ്പിച്ചത്. ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തി ഞങ്ങൾക്കുണ്ട്. അച്ഛൻ വിജയൻ റിട്ടയേർഡ് എൻജിനീയറാണ്. അമ്മ മഞ്ജുള ഫെഡറൽ ബാങ്കിൽ മാനേജർ. മനീഷ ഇപ്പോൾ എൻവയൺമെന്റൽ എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് ക ഴിഞ്ഞ് മെൽബണിൽ ജോലി ചെയ്യുന്നു.

ജീവിതത്തിൽ സ്വാതന്ത്ര്യവും സാമ്പത്തിക ഭദ്രതയും എനിക്ക് പ്രധാനമാണ്. എന്തു ചെയ്താലും അതിൽ നൂറു ശതമാനം പ്രയത്നം നൽകുകയാണ് എന്റെ രീതി.

മകളോടുള്ള സ്നേഹം കണ്ണുനനയിക്കുന്ന വ്യക്തിയാണ് സു രേഷ് ഗോപി, അദ്ദേഹത്തിന്റെ മകളാകുമ്പോൾ?

വർക്ക് ഇല്ലാത്ത സമയത്ത് സുരേഷ് ഗോപി സാറിനോട് അധികം ഇടപഴകാൻ പറ്റിയിരുന്നില്ല. എന്നാൽ ഷൂട്ടിന്റെ സമയത്ത് ധാരാളം സമയം കിട്ടിയിരുന്നു.

ഷൂട്ടിന്റെ സമയത്തും ഇടവേളകളിലും സാർ മകളോ ടെന്ന പോലെയാണ് പെരുമാറിയത്. അതെനിക്ക് നന്നായി ഫീൽ ചെയ്യുമായിരുന്നു. അറിയാതെ നമ്മൾ മകളുടെ ഭാവത്തിലേക്ക് ആയിപ്പോകും. സെറ്റിൽ എന്റെ പാപ്പനായിരുന്നത് ജോഷി സാറായിരുന്നു. അതെനിക്ക് മറക്കാൻ കഴിയാത്ത അനുഭവമാണ്.

അച്ഛന്റെയും മകളുടെയും കഥ പറയുന്ന സിനിമയുടെ പിന്നണിയിൽ മൂന്നു അച്ഛൻ മക്കൾ കോംബിനേഷൻ ഉണ്ടായിരുന്നു എന്നത് കൗതുകമായിരുന്നു.

ജോഷി സാറിന്റെ മകൻ അഭിലാഷ് ജോഷി ആയിരുന്നു ക്രിയേറ്റീവ് ഡയറക്ടർ, ക്യാമറ പ്രൊഡ്യൂസർ ഡേവിഡ് കാച്ചപ്പിള്ളി സാറിന്റെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളി, കൂടാതെ ഗോകുൽ സുരേഷ് ഗോപിയും. ആ വൈബ് ഒരു പ്രത്യേകതയായിരുന്നു.

വീട്ടിലെ ഓണം ?

എന്റെ വീട്ടിൽ ഓണാഘോഷം പ്രധാനമാണ്. പാരമ്പര്യമൂല്യങ്ങളെ നഷ്ടപ്പെടുത്തരുത് എന്ന് നിർബന്ധമുള്ളയാളാണ് അമ്മ. പത്തു ദിവസം പൂവിടണം എന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ല. ഓണത്തിന്റെയന്ന് സദ്യയുണ്ടാക്കി എല്ലാവരും ഇലയിട്ട് നിലത്തിരുന്ന് ഊണ് കഴിക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയും വീട്ടിലേക്ക് ക്ഷണിക്കും. ഉറിയടിയും ഊഞ്ഞാലാട്ടവുമുണ്ടാകും. എത്ര തിരക്കാണെങ്കിലും ഓണനാളിൽ കഴിവതും വീട്ടിലുണ്ടാകും.

മലയാള സിനിമയിൽ പക്ഷങ്ങളും നിലപാടുകളും ശക്തമാണ്. പുതുമുഖമായ നീത ഏതു പക്ഷത്തോടൊപ്പമാണ് ?

നീതി എവിടെയോ അതാണെന്റെ പക്ഷം. ജീവിതത്തിലും കരിയറിലും.

രാഖി റാസ്

ഫോട്ടോ: ബേസിൽ പൗലോ