Friday 26 August 2022 03:00 PM IST

‘വിവാഹ തലേന്നുള്ള ആ സർപ്രൈസ് വർഷങ്ങൾക്കു മുൻപ് ആദി പ്ലാൻ ചെയ്തിരുന്നതാണത്രേ’: നിക്കി–ആദി കല്യാണമേളം

Roopa Thayabji

Sub Editor

Nikki-Galrani-wed

വെള്ളിമൂങ്ങ’ സിനിമയിൽ പള്ളിമേടയിൽ വച്ചു കാണുന്ന സുന്ദരിപെണ്ണിനെ നോക്കി ബിജു മേനോന്റെ ഒരു ഡയലോഗുണ്ട്, ‘ഇത്രയൊക്കെ സൗന്ദര്യമേ ഞാനും ആഗ്രഹിക്കുന്നുള്ളൂ.’ ആരും മോഹിക്കുന്ന അഴകോടെ മലയാള സിനിമയുടെ പ്രിയനായികയായ നിക്കി ഗൽറാണി ഇക്കഴിഞ്ഞ മേയ് 18നാണ് ജീവിതനായകന്റെ കൈപിടിച്ചത്. തെലുങ്കിലെ യുവതാരം ആദി പിനിസെട്ടിയാണ് നിക്കിയുടെ വരൻ.

വിവാഹസ്വപ്നം കണ്ടുതുടങ്ങിയ നാൾ മുതൽ ഏറ്റവും പ്രിയപ്പെട്ടവർ മാത്രം ചേരുന്ന ഇന്റിമേറ്റ് വിവാഹമായിരുന്നു മനസ്സിലെന്ന് നിക്കി പറയുന്നു.

‘‘ട്രഡീഷനൽ ചടങ്ങുകളെല്ലാം വിവാഹത്തിനു വേണമെന്ന് ആദ്യം മുതലേ മോഹമുണ്ടായിരുന്നു. അതുപോലെ തന്നെ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നമാണ് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമുള്ള തീർത്തും സ്വകാര്യമായ ചടങ്ങ്. ഏറ്റവും പ്രിയപ്പെട്ട, നമുക്കുവേണ്ടി പ്രാർഥിക്കുന്ന കുറച്ചുപേരുടെ അനുഗ്രഹാശിസ്സുകളോടെ ആദിയുടെ വധുവായ നിമിഷമാണ് ഏറ്റവും അനുഗ്രഹീതം.’’ മാർച്ച് 26നായിരുന്നു നിക്കിയുടെയും ആദിയുടെയും വിവാഹനിശ്ചയം.

പെല്ലികൊടുക്കു... പെല്ലികുതുരു...

ഉത്തരേന്ത്യൻ ആചാരപ്രകാരമാണ് നിക്കിയുടെ വീട്ടിൽ വിവാഹത്തലേന്നു ചടങ്ങുകൾ നടന്നതെങ്കിൽ തനി തെലുങ്ക് രീതിയിലായിരുന്നു ആദിയുടെ വീട്ടിലെ ആഘോഷങ്ങൾ. തെലുങ്ക് ആചാരപ്രകാരമുള്ള ഹൽദി ചടങ്ങുകളെയാണ് ‘പെല്ലികൊടുക്കു, പെല്ലികുതുരു’ എന്നൊക്കെ വിളിക്കുന്നത്.

‘‘വിവാഹത്തലേന്ന് ഹൽദി ചടങ്ങുകൾക്കു പുറമേ സുഹൃത്തുക്കളെല്ലാം ഒത്തുകൂടിയുള്ള മെഹന്ദി ആഘോഷവും ഉണ്ടായിരുന്നു. പാട്ടും ഡാൻസുമായി എല്ലാവരും ചിരിച്ചുല്ലസിക്കുന്നതിനിടെ ഒരു നിമിഷം വേദി നിശബ്ദമായി. നോക്കുമ്പോൾ അതാ സ്റ്റേജിനു നടുവിൽ ആദി. എന്നെ അരികിലേക്ക് വിളിച്ച് കൈപിടിച്ച് ചേർത്തുനിർത്തി. പിന്നെ, മുന്നിൽ മുട്ടുകുത്തിയിരുന്ന് ഒരു ചോദ്യം, ‘വിൽ യൂ മാരി മീ...’ ഏഴുവർഷം മുൻപ് ‘യെസ്’ എന്നു പറഞ്ഞ അ തേ സന്തോഷത്തോടെ ഞാൻ മറുപടി നൽകി. വിവാഹ തലേന്നുള്ള ആ സർപ്രൈസ് പ്രപ്പോസൽ വർഷങ്ങൾക്കു മുൻപ് ആദി പ്ലാൻ ചെയ്തിരുന്നതാണത്രേ.

വിവാഹചടങ്ങുകൾ തെലുങ്ക് ആചാരപ്രകാരമാണ് നടത്തിയത്. അതായിരുന്നു ആദിക്കുള്ള എന്റെ ഗിഫ്റ്റ്. ഡിസൈനർ സുഹൃത്തുക്കളായ പാർവതി ദാസ്രി, അബിനവ് മിശ്ര, വരുൺ ചക്കിലാം, ക്രഷ ബജാജ് എന്നിവരുടെ നിർദേശപ്രകാരം പഴ്സനൽ സ്റ്റൈലിസ്റ്റായ നീര ഖോനയാണ് വിവാഹചടങ്ങുകൾക്കായി കോസ്റ്റ്യൂം ചെയ്തത്.’’ ഏഴുവർഷത്തെ പ്രണയവും അതിനിടയിൽ രണ്ടുവർഷത്തെ ലോക്ഡൗണുമൊക്കെയായി ഏറെ കാത്തിരുന്ന ശേഷമാ‌ണ് വിവാഹദിവസം എത്തിയതെന്ന് നിക്കി പറയുന്നു.

പ്രണയം പറഞ്ഞ നാൾ മുതൽ

വർഷങ്ങളായി സുഹൃത്തുക്കളാണ് നിക്കിയും ആദിയും. സൗഹൃദത്തിനിടയിലെ ആ ‘സ്പെഷൽ വൈബ്’ തിരിച്ചറിഞ്ഞതോടെ ഗോസിപ്പുകളിൽ നിന്നകന്നു നിൽക്കാൻ ശ്രദ്ധിച്ചിരുന്നു എന്ന് നിക്കി പറയുന്നു. ‘‘ സിനിമകളുടെ തിരക്കിനിടയിലാണ് ഞങ്ങളുടെ പ്രണയം വളർന്നത്. ചില സിനിമകളിൽ ഞങ്ങൾ തന്നെയാകും നായികാനായകന്മാർ.

അങ്ങനെയല്ലെങ്കിലും പരസ്പരം കാണാൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. കാരണം ഞങ്ങൾ താമസിക്കുന്നത് ഒരേ അപാർട്മെന്റിലാണ്, ഞാൻ എട്ടാം നിലയിലും ആദി പതിനാറാം നിലയിലും. രണ്ടുപേരുടെയും കുടുംബവും കൂടെയുണ്ട്. സത്യം പറഞ്ഞാൽ ലോക്ഡൗൺ കാലത്തു പോലും പരസ്പരം കാണാതിരുന്നുള്ള വിരഹം ഉണ്ടായില്ല.

വിവാഹത്തിനു ശേഷം താമസിക്കാനായി ഞാനും ആദിയും നേരത്തേ തന്നെ പുതിയ ഫ്‌ളാറ്റ് എടുത്തു. ഇപ്പോഴിവിടെ കൂട്ടിനു മൂന്നു പട്ടിക്കുട്ടികളുമുണ്ട്. ഷൂട്ടിങ്ങിന്റെ തിരക്കുള്ളതുകൊണ്ട് ലൊക്കേഷനിലേക്കു പോകാനായി ചെന്നൈയിൽ നിന്ന് ഹൈദരാബാദിലേക്കായിരുന്നു ഒന്നിച്ചുള്ള ആദ്യ യാത്രയെന്നു പറഞ്ഞ് നിക്കി ചിരിക്കുന്നു.

തെലുങ്കിൽ ആദിയും നിക്കിയും നായികാനായകന്മാരാകുന്ന ‘ശിവുഡു’ ഉടൻ റിലീസാകും. ‘വിരുന്ന്’ ആണ് നിക്കിയുടെ മലയാളത്തിലെ പുതിയ ചിത്രം.

രൂപ ദയാബ്‌ജി
ഫോട്ടോ: theweddingstory_official.
         ജിക്സൺ ഫ്രാൻസിസ്, Lights On Creations