Saturday 26 June 2021 02:42 PM IST

‘എന്റെ നിറത്തിലും ചർമത്തിലും ഞാൻ ‘കംഫർട്ടബിളാണ്’ ആരെന്തു പറഞ്ഞാലും എന്നെ ബാധിക്കില്ല’

Rakhy Raz

Sub Editor

nimisha-vanitha ഫോട്ടോ: ബേസിൽ പൗലോ

‘എന്റെ നിറത്തിലും ചർമത്തിലും ഞാൻ ‘കംഫർട്ടബിളാണ്’ ആരെന്തു പറഞ്ഞാലും എന്നെ ബാധിക്കില്ല’



ഗൗരവമുള്ള കഥാപാത്രങ്ങളെ അഴിച്ചു വച്ചാൽ നിമിഷ ഒരു പൊട്ടിച്ചിരിയായി മാറും. ഈ ചിരിക്കുട്ടിയാണോ ഇത്രയും കനമുള്ള കഥാപാത്രങ്ങളെ വാരിയണിയുന്നത് എന്ന് തോന്നും. പക്ഷേ, നിമിഷയുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ തൊട്ടുകളിച്ചാൽ ഈ കളിചിരി ഒക്കെ അങ്ങു മാറും. പിന്നെ, ചുട്ടമറുപടിയുടെ രുചിയറിയും. അവതരിപ്പിച്ച ബോൾഡ് കഥാപാത്രങ്ങളെക്കാൾ രൂക്ഷമായിരിക്കും ചിലപ്പോൾ പ്രതികരണം.

‘‘ബോൾഡ്നെസ് ഞാൻ ശീലിച്ചതോ ആരെങ്കിലും എന്നെ ശീലിപ്പിച്ചതോ അല്ല. എന്റെ അമ്മ വേണ്ട സമയത്ത് വേണ്ട അഭിപ്രായം ശ ക്തമായി പറയുന്ന ആളാണ്. ആ സ്വഭാവം എനിക്കും കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു.

എന്റെ പപ്പ സജയൻ എൻജിനീയറും മമ്മി മെഡിക്കൽ പ്രഫഷനലും ആണ്. എങ്കിലും എന്റെ അച്ഛനോ അമ്മയോ നീ ഇന്ന പ്രഫഷൻ തിരഞ്ഞെടുക്കണം എന്നു പറഞ്ഞിട്ടില്ല. തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം അവരെനിക്ക് തന്നു. ചേച്ചി നീതുവും അഭിപ്രായം ശക്തമായി പറയുന്ന കൂട്ടത്തിലാണ്.’’

ബോൾഡ് കഥാപാത്രങ്ങൾ ആണല്ലോ നിമിഷ യെ തേടിയെത്തുന്നതെല്ലാം ?

എനിക്ക് മാത്രമാണ് ബോൾഡ് കഥാപാത്രങ്ങൾ കിട്ടുന്നതെന്ന് തോന്നുന്നില്ല. മലയാള സിനിമയിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങൾക്ക് ഇപ്പോൾ കൂടുതൽ ഇടം കിട്ടുന്നുണ്ട്. കാമ്പുള്ള കഥാപാത്രമാണെങ്കിൽ അഞ്ചോ പത്തോ മിനിറ്റ് മാത്രമേ ഉള്ളെങ്കിലും ഞാനത് സ്വീകരിക്കും. നായിക തന്നെ ആയിരിക്കണം എന്ന നിർബന്ധമില്ല. പ്രേക്ഷകരും നായകൻ, നായിക എന്ന ചതുരങ്ങൾ വിട്ട് നല്ല കഥാപാത്രങ്ങളെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ടല്ലോ. ‘തൊണ്ടിമുതലി’ലൂടെ ആദ്യ ക ഥാപാത്രം തന്നെ മികച്ചത് ലഭിച്ചു എന്നത് ഭാഗ്യമാണ്. അതിനു ശേഷം വന്ന കഥാപാത്രങ്ങളെല്ലാം അതിന്റെ സാധ്യത നോക്കി ഞാൻ തിരഞ്ഞെടുത്തതാണ്.

ഒഴുക്കുള്ള മലയാളമല്ല എന്ന പേരിൽ ആദ്യ സിനിമയിൽ തന്നെ ചാൻസ് സംശയിക്കപ്പെട്ടു. ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചനി’ലെത്തിയപ്പോൾ സ്ക്രിപ്റ്റ് പോലും ഇല്ലാതെ സംഭാഷണങ്ങൾ പറയുന്നു ?

സംവിധായകൻ ജിയോ ബേബി ചേട്ടന് സിനിമയെക്കുറിച്ച് ന ല്ല വ്യക്തത ഉണ്ടായിരുന്നു. അതുകൊണ്ട് സെറ്റിൽ വച്ചു ത ന്നെ അവസരത്തിനൊത്ത് സംഭാഷണങ്ങൾ നൽകുകയായിരുന്നു. ലോക്‌ഡൗൺ സമയത്താണ് ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ ചെയ്യുന്നത്.

രണ്ടാമത്തെ സിനിമയായ ‘ഈട’യിൽ കണ്ണൂർ മലയാളം വേണ്ടിയിരുന്നു. ആ രീതി എനിക്ക് ഒട്ടും പരിചിതമായിരുന്നില്ല. ആദ്യത്തെ രണ്ട് സിനിമയൊഴിച്ച് ബാക്കിയുള്ളതിലെല്ലാം ഞാൻ തന്നെയാണ് ശബ്ദം നൽകിയത്.

കഥാപാത്രത്തിനു വേണ്ടി പറഞ്ഞു പറഞ്ഞാണ് എന്റെ മലയാളം നന്നായത്. അച്ഛൻ സജയനും അമ്മ ബിന്ദുവും കൊല്ലംകാരാണെങ്കിലും ഞങ്ങൾ മുംബൈയിലായിരുന്നതു കൊണ്ട് കൊല്ലത്തിന്റെ ശൈലിയൊന്നും ഉണ്ടായിരുന്നില്ല. ആദ്യ സിനിമകളിലെല്ലാം വടക്കൻ ശൈലിയിലുള്ള മലയാളം ഉപയോഗിച്ചതു കൊണ്ട് എന്റെ മലയാളം ആ രീതിയിലുള്ളതായി മാറി. ‘മാലിക്കി’ൽ ഞാൻ തിരുവനന്തപുരം ഈണമുള്ള മലയാളമാണ് ഉപയോഗിക്കുന്നത്. ‘തുറമുഖവും’ ‘നായാട്ടും’ ഒക്കെ ചിത്രീകരണത്തിനൊപ്പം തന്നെ ശബ്ദവും ചിത്രീകരിക്കുന്ന സിങ്ക് സൗണ്ട് ചിത്രങ്ങളായിരുന്നു. അതിലും സ്വന്തം ശബ്ദം കൊടുത്തു.

തായ്ക്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ്, സ്കൂൾ വോളി ബോൾ ടീമിന്റെ ക്യാപ്റ്റൻ... കലാതാൽപര്യവും അതിനൊപ്പമുണ്ടായിരുന്നോ ?

സ്കൂളിൽ പഠിക്കുന്ന സമയത്ത് സ്വാഭാവികമായി വന്നതാണ് എല്ലാം. തായ്ക്കൊണ്ടോ സ്കൂളിൽ പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. സ്വയരക്ഷയ്ക്കായുള്ള മാർഷൽ ആർട്ടാണ്. പ്ലസ് ടുവിന് ശേഷം ഞാൻ തായ്ക്കൊണ്ടോ ചെയ്തിട്ടില്ല. സിനിമ ആയിരുന്നു എക്കാലത്തും എന്റെ പാഷൻ.

മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ടിൽ’ നിമിഷ എത്തുന്നത് പൊലീസുകാരി ആയിട്ടാണല്ലോ?

മാർട്ടിൻ ചേട്ടൻ ഈ സിനിമ ചെയ്യാമോ എന്നു ചോദിച്ചപ്പോൾ ഒരു ‘കളർഫുൾ, ഫീൽ ഗുഡ് മൂവി’ എന്ന ധാരണയായിരുന്നു എനിക്ക്. പക്ഷേ, കഥ കേട്ടപ്പോൾ മനസ്സിലായി അദ്ദേഹം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമയാണ്, ശക്തമായ കഥാപാത്രമാണ്. അധികം സംസാരിക്കാത്ത എന്നാൽ ആവശ്യമുള്ളപ്പോൾ ശക്തമായി ഇടപെടുന്ന കഥാപാത്രമാണ് നായാട്ടിലെ സുനിത. ഞാൻ ഇതുവരെ ചെയ്തതിൽ നിന്നു തികച്ചും വ്യത്യസ്തം.

കൂടെ ജോജു ചേട്ടനും ചാക്കോച്ചനും (ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ) ആണ് എന്നതും സന്തോഷം. ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിരിക്കുന്നത് ജോജു ചേട്ടനൊപ്പമാണ്. ‘ചോല’, ‘വൺ’, ‘തുറമുഖം’, ‘മാലിക്’ ‘നായാട്ട്’... നായാട്ടിന്റെ സെറ്റിൽ ഞാനല്ലാതെ മറ്റു സ്ത്രീകളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, എനിക്ക് ഒറ്റപ്പെട്ടതായി തോന്നിയതേയില്ല. കാരണം ജോജു ചേട്ടനും ചാക്കോച്ചനും എന്തു കാര്യത്തിനും എന്നെക്കൂടി കൂട്ടിയിരുന്നു.

‘പോത്തേട്ടൻസ് ബ്രില്യൻസ് ’ എന്നത് തന്നെ നിമിഷ സജ യൻ ആണെന്ന അഭിപ്രായം സ്റ്റേറ്റ് അവാർഡ് കൊണ്ട് ഉറപ്പായി ?

സ്റ്റേറ്റ് അവാർഡ് കിട്ടിയപ്പോൾ വീട്ടുകാർ പറഞ്ഞത് ‘ഇന്ന് ആഘോഷിച്ചോളൂ, നാളെ അതു മറന്നേക്കൂ’ എന്നാണ്. ഒന്നിനും അമിത പ്രാധാന്യം കൊടുക്കാറില്ല അച്ഛനും അമ്മയും. നിമിഷയെന്ന വ്യക്തിയെ അവാർഡ് ഒരു വിധത്തിലും മാറ്റിയിട്ടും ഇല്ല.

പോത്തേട്ടൻസ് ബ്രില്യൻസ് യഥാർഥത്തിൽ അദ്ദേഹത്തിന്റെ സിനിമയുടെ മേക്കിങ്ങിലെ പ്രത്യേകതയാണ്. തുടക്കം അദ്ദേഹത്തിന്റെ സിനിമയിലായി എന്നത് പോത്തേട്ടൻസ് ബ്രില്യൻസിൽ നിമിഷ സജയനെയും ചേർത്തു. അതു കേൾക്കാൻ സന്തോഷമാണ്

മുംബൈയിൽ ആയിരുന്നതു കൊണ്ട് മലയാള സിനിമയിലെ ഒഡീഷൻസിൽ വേണ്ടത്ര പങ്കെടുക്കാൻ പറ്റിയിരുന്നില്ല. മൂന്നു മാസത്തെ ഗ്യാപ് എടുത്തു നാട്ടിൽ വന്നു നിന്നാണ് ‘തൊണ്ടി മുതലും ദൃക്സാക്ഷി’യും അടക്കമുള്ള ഒഡീഷൻസിൽ പങ്കെടുത്തത്. ആ സമയത്ത് കൊച്ചിയിൽ സിബി മലയിലിന്റെ ആക്ടിങ് സ്കൂളിൽ കോഴ്സും ചെയ്തു.

ഇപ്പോഴും ഒഡീഷനുകളിൽ എനിക്ക് പേടി തോന്നും. എ ന്നാലും ഒഡീഷൻ ഇഷ്ടമാണ്. കാരണം നമ്മൾ കഥാപാത്രത്തിന് ചേരുമോ എന്ന് നേരത്തേ അറിയാനാകും. എത്ര പരിചയം ഉള്ളവർക്കും ഒഡീഷൻ ലഭിക്കുന്നത് നന്നായിരിക്കും എ ന്നാണ് തോന്നുന്നത്.

സംസ്ഥാന അവാർഡിന് പരിഗണിക്കപ്പെട്ട കഥാപാത്രങ്ങൾ ‘ചോല’യിലെ ജാനുവും ‘കുപ്രസിദ്ധ പയ്യനി’ലെ ഹന്ന എലിസബത്തും ആയിരുന്നു. രണ്ടു തലത്തിലുള്ള ഈ കഥാപാത്രങ്ങൾക്കായുള്ള ഒരുക്കങ്ങൾ ?

‘കുപ്രസിദ്ധ പയ്യന്റെ’ സമയത്ത് സംവിധായകൻ മധുപാൽ ചേട്ടൻ കോടതിയിൽ കൊണ്ടുപോയി. അഭിഭാഷകരുടെ മാനറിസങ്ങളും മറ്റും കാണിച്ച് മനസ്സിലാക്കിത്തന്നു. ‘ചോല’യ്ക്കു മുൻപ് തയാറെടുപ്പിനൊന്നും അവസരം ലഭിച്ചിരുന്നില്ല. മറ്റൊരു സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് നേരെ വന്ന് ജോയിൻ ചെയ്യുകയായിരുന്നു. ആദ്യ പകുതിയിൽ നിന്നും വ്യത്യസ്തമാണ് രണ്ടാം പകുതിയിലെ ജാനുവിന്റെ ശരീരഭാഷ. അതിക്രമ സംഭവങ്ങൾക്ക് ശേഷം ജാനുവിന്റെ വൈകാരിക ആഘാതം നടത്തത്തിലും ശരീരഭാഷയിലും കൊണ്ടുവരാൻ ശ്രദ്ധിച്ചിരുന്നു. സംവിധായകൻ സനൽ ചേട്ടനും (സനൽ കുമാർ ശശിധരൻ) ഒപ്പം അഭിനയിച്ച ജോജു ചേട്ടനും തന്ന നിർദേശങ്ങൾ സ്വീകരിച്ച് എന്റേതായി അവതരിപ്പിക്കുകയായിരുന്നു.

നല്ല സംവിധായകരോടൊപ്പം പ്രവർത്തിക്കാൻ കഴിയുമ്പോൾ, മികച്ച അഭിനേതാക്കൾ ഒപ്പമുള്ളപ്പോൾ നമ്മുടെ അഭിനയം കൂടുതൽ നന്നാക്കിയെടുക്കാൻ പറ്റും. ഇവരുടെ യൊക്കെ ഒപ്പം വീണ്ടും പ്രവർത്തിക്കാൻ അവസരം കിട്ടിയാൽ അതിനെക്കാൾ സന്തോഷം വേറെയില്ല.

ഇംഗ്ലിഷ് സിനിമയിലും അഭിനയിച്ചു?

നതാലിയ ഷാ എന്ന മലയാളി ബ്രിട്ടിഷ് സംവിധായികയുടെ ‘ഫുട് പ്രിന്റ്സ് ഓൺ വാട്ടർ’ സിനിമയിലാണ് അഭിനയിച്ചത്. അവിടെ ‘സിനിസ്ത’ എന്ന സ്ക്രിപ്റ്റ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടി, നതാലിയ.

എന്റെ സിനിമകൾ കണ്ടിട്ടാണ് അഭിനയിക്കാൻ ക്ഷണിക്കുന്നത്. നായകൻ ബ്രിട്ടിഷ് നടൻ അന്റോണിയോ അക്കീൽ. അനധികൃത കുടിയേറ്റക്കാരെക്കുറിച്ചുള്ള സിനിമ ആയതിനാൽ ഇന്ത്യൻ ഇംഗ്ലിഷേ ഉപയോഗിക്കേണ്ടി വന്നുള്ളൂ. ലോക്ഡൗണിന്റെ സമയത്താണ് അത് പൂർത്തിയാക്കിയത്. റിലീസ് ബ്രിട്ടനിൽ ഉടനുണ്ടാകും.

അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ആർക്കാണ് നിമിഷയോട് ഏറ്റവും സാമ്യം?

എന്റെ സ്വഭാവം ഞാൻ ഒരിക്കലും സ്ക്രീനിൽ കാണിക്കാറില്ല. ചെയ്ത ഒരു കഥാപാത്രവും നിമിഷയാണ് എന്ന് എനിക്ക് തോ ന്നിയിട്ടില്ല. ഞാനവതരിപ്പിച്ച കഥാപാത്രങ്ങൾ കടന്നുപോയ സാഹചര്യങ്ങളൊന്നും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുമില്ല. ഞാനാണ് അതിലൂടെ കടന്നു പോകുന്നതെങ്കിൽ ആ ക ഥാപാത്രങ്ങൾ പ്രതികരിച്ചതിലും ശക്തമായി പ്രതികരിച്ചേനെ. ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചനി’ലെ പോലുള്ള അവസ്ഥയൊന്നും എനിക്ക് വീട്ടിൽ പരിചയമേയില്ല. പക്ഷേ, ചുറ്റുവട്ടത്ത് ഒരുപാടു പേരുടെ ജീവിതം കാണുന്നുണ്ട്.

nimisha-1

ഇരുണ്ട നിറക്കാരെ വേർതിരിവോടെ കാണുന്ന അനുഭവം സിനിമയിലോ ജീവിതത്തിലോ ഉണ്ടായിട്ടുണ്ടോ ?

നിറത്തെക്കുറിച്ചുള്ള കമന്റുകൾ മനസ്സിനെ ബാധിക്കുന്നവരുണ്ടാകാം. ഞാൻ അതൊന്നും മൈൻഡ് ചെയ്യാറില്ല. അതുകൊണ്ട് എനിക്ക് വേർതിരിവ് തോന്നിയിട്ടുമില്ല. എന്റെ നിറത്തിലും ചർമത്തിലും ഞാൻ വളരെ ‘കംഫർട്ടബിൾ’ ആണ്. ആരെന്തു പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല.

നിമിഷ പ്രണയിച്ചാൽ ‘ഈട’യിലേതു പോലെ തീവ്ര പ്രണയമായിരിക്കുമോ?

ഏയ്... പ്രണയിക്കാനൊന്നുമില്ല. പ്രണയ സങ്കൽപങ്ങളും ത ൽക്കാലം ഇല്ല. വേറെ ഒരുപാട് പരിപാടികൾ ചെയ്യാനുണ്ട്.

ഷോർട്സ് ഇട്ടാൽ വിമർശിക്കുന്നവരെക്കുറിച്ച് ?

അനാവശ്യ വിമർശനങ്ങൾ ഞാൻ മൈൻഡ് ചെയ്യാറില്ല. അവർ അവരുടെ തോന്നൽ പറയുന്നു. അത് കാര്യമായിട്ടെടുക്കണോ വേണ്ടയോ എന്നത് എന്റെ തീരുമാനമല്ലേ. നേരിട്ട് ആരും ഒന്നും പറയില്ല. പറഞ്ഞാൽ ‘നൈസ്’ ആയിട്ട് മറുപടി കൊടുക്കാൻ എനിക്കറിയാം.

‘കൊക്കോട്ടി’ക്ക് സുഖമാണോ ?

ചേച്ചി നീതു എന്റെ പിറന്നാളിന് സമ്മാനം തന്ന നായ്ക്കുട്ടിയാണ് കൊക്കോ. അവനിപ്പോൾ ഒരു വയസ്സായി. ഒരുപാട് സ്നേഹം വരുമ്പോഴാണ് കൊക്കോട്ടി എന്നു ഞാൻ വിളിക്കുന്നത്.

ലൊക്കേഷൻ കടപ്പാട്: അൽഫോൺസ് ബംഗ്ല,

ഫോർട് കൊച്ചി