ഇഷ്ടങ്ങളെല്ലാം മാറ്റിവച്ച് സദാ ജാഗ്രതയോടെ ഇരിക്കേണ്ട കാലഘട്ടമാണ് ഗർഭകാലം എന്ന ധാരണയെ തിരുത്തിയെഴുതുകയാണ് പുതിയ ചില അമ്മമാർ. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ അനുഗ്രഹമാണ് ഗർഭകാലം എന്ന് ചിന്തിക്കുന്നവർ.
ഭർത്താവിനോടും ഉള്ളിൽ വളരുന്ന കുഞ്ഞിനോടുമൊത്ത് ഗർഭകാലം ആഘോഷമാക്കി മാറ്റുകയാണ് ഇവർ. ഇളം കാറ്റുപോലെ നൃത്തം ചെയ്യുന്നവർ, ചി ത്രശലഭത്തെ പോലെ യാത്രകൾ നടത്തി പറന്നു നടക്കുന്നവർ... ഉള്ളിലെ പൊന്നോമന ഇതൊക്കെ തൊട്ടറിഞ്ഞ് കൈകാലുകളിളക്കി സന്തോഷിക്കുമ്പോൾ പിന്നെന്തിന് ഇഷ്ടങ്ങളോട് ‘റെഡ് സൈൻ’ കാണിക്കണം എന്നാണ് ഇവർ ചോദിക്കുന്നത്. ഒൻപത് മാസക്കാലം ഭംഗിയായി പ്ലാൻചെയ്ത് ആഘോഷമാക്കി മാറ്റിയ അമ്മയെ പരിചയപ്പെടാം...
ഫാഷൻ ഷൂട്ടുകളുടെ ഗർഭകാലം-നിമ്മി അരുൺ ഗോപൻ
ഗർഭകാലത്തെ എന്റെ ജീവിത്തിലെ ഏറ്റവും നല്ല കാലമെന്ന് വിളിക്കാനാണ് ഇഷ്ടം. ഭർത്താവ് അരുൺ ഗോപനുമൊന്നിച്ച് എറണാകുളത്തെ ഫ്ലാറ്റിലായിരുന്നു. നാട്ടിൽ പോയാലും എല്ലാവരും വീട്ടിൽ തന്നെയുള്ള സമയം. മനസ്സ് എപ്പോഴും സന്തോഷമായിരുന്നു.
ഞാനൊരു കണ്ടന്റ് ക്രിയേറ്ററാണ്. അതുകൊണ്ടു തന്നെ കോവിഡ് കാലവും ഗർഭകാലവും ഒന്നിച്ചു വന്നപ്പോൾ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് യൂട്യൂബ് ചാനലിലേക്ക് കണ്ടന്റ് ഉണ്ടാക്കാനായിരുന്നു. എപ്പോഴും അടുത്ത ദിവസ ത്തേക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്നുള്ള ചിന്തയായിരിക്കും മനസ്സിൽ.
ഗർഭകാലം ഭക്ഷണം, ഡേ ഇൻ മൈ ലൈഫ്, വ്യായാമം, മേക്കപ് തുടങ്ങി വീടിന്റെ മുക്കും മൂലയും വരെ എന്റെ ചാനലിൽ പരിപാടികളായി വന്നു. ഗർഭിണി ആയിരുന്നപ്പോൾ നൽകിയ വിഡിയോകൾക്കാണ് ഏറ്റവും റീച് കിട്ടിയിരുന്നത്. ചാനലിന് ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് ആയതും ഈ ലോക്ഡൗൺ കാലത്താണ്.

കൺമണിക്കൊരു പാട്ട്
എന്റെയും അരുണിന്റെയും വലിയൊരു ആഗ്രഹമായിരുന്നു കുഞ്ഞിന് വേണ്ടി സ്പെഷലായി എന്തെങ്കിലും ഒന്ന് ചെയ്യണമെന്ന്. അരുണ്‍ സംഗീത രംഗത്തായതുകൊണ്ട് പാട്ട് തന്നെയായിരുന്നു ഞങ്ങൾ രണ്ടു പേരും കണ്ട ആദ്യത്തെ ഓപ്ഷൻ. ആടിയും പാടിയും സന്തോഷകരമായ കുറച്ച് നിമിഷങ്ങൾ. അ രുണും ഞാനും കൂടിയാണ് വരികൾ എഴുതിയത്. കംപോസ് ചെയ്തതും പാടിയതും അരുൺ തന്നെ. എന്റെ വളകാപ്പ് ദിവസം ഷൂട്ട് ചെയ്തു. വീണ്ടും വിവാഹ വേദിയിൽ എത്തിയപോലെ സന്തോഷമായിരുന്നു.
പാട്ടിനൊപ്പം ചെറിയ നൃത്തച്ചുവടുകൾ വയ്ക്കുന്നുണ്ട്. ഒരുപാട് നേരം ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. പക്ഷേ, അതൊന്നും എന്നെ തളർത്തുന്നേയുണ്ടായിരുന്നില്ല. കൃത്യസമയത്ത് വെള്ളവും ഭക്ഷണവും കഴിക്കണം. അത്രമാത്രം. നമ്മൾ എത്രത്തോളം ആക്ടീവായിരിക്കുമോ അത്രതന്നെ വാവയും ആക്ടീവായിരിക്കും.
നമ്മുടെ നാട്ടിൽ ഒരുപാട് വിലക്കുകളാണ് പലതിനും. ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് പോലും തടയുന്നവരുണ്ട്. അങ്ങനെ ഭയന്നു പോകേണ്ട ഒരു കാലമല്ല ഗർഭകാലം. ഗർഭിണിയാണെന്ന് അറിഞ്ഞ സമയം മുതൽ ത ന്നെ ഞാനും അരുണും അതു തീരുമാനിച്ചിരുന്നു.
യാത്രകൾ മാത്രമേ കാര്യമായിട്ട് മിസ് ചെയ്തുള്ളൂ. എന്നിട്ടും ലോക്‌ഡൗണിന്റെ കടുപ്പം കുറഞ്ഞപ്പോൾ ഞങ്ങൾ ചില കൊളാബ് ഷൂട്ടുകൾക്കായി യാത്ര പോയി.

എന്നെ തന്നെ സന്തോഷിപ്പിക്കാൻ എന്തൊക്കെയാണ് വ ഴികളെന്ന് ദിവസവും തിരഞ്ഞു കൊണ്ടിരുന്നു. അങ്ങനെയിരിക്കെ എനിക്ക് തോന്നി ഫ്ലാറ്റിൽ ആകെയൊരു മാറ്റം വരുത്തിയാലോ എന്ന്. അങ്ങനെ കുഞ്ഞാവ വരുന്നതിന്റെ മുന്നോടിയായി ഞങ്ങളുടെ ഫ്ലാറ്റ് മേക്കോവർ നടത്തി. ചുരുങ്ങിയ ചെലവിൽ. പക്ഷേ, അതു തന്ന ഉന്മേഷം വളരെ വലുതായിരുന്നു.
ജനുവരി 13 ന് പ്രസവം നടന്നു. ആൺകുഞ്ഞാണ്. പ്രസവ വേദനയോ അനുബന്ധ വിഷമങ്ങളോ ഒന്നുമല്ല, കുഞ്ഞിനെ കാത്തിരുന്ന ഒൻപത് മാസങ്ങളുടെ എക്സൈറ്റ്മെന്റ് മാത്രമേ ഇപ്പോൾ മനസ്സിൽ ഉള്ളൂ.