Friday 26 August 2022 02:28 PM IST

‘മലയാളത്തിലെ ഒരു യുവനടനുമായി വിവാഹം’: വിവാഹ വാർത്തകൾക്കു പിന്നിൽ?: നിത്യ മേനോൻ മറുപടി പറയുന്നു

Roopa Thayabji

Sub Editor

Nithya-menon

ബംഗളൂരുവിലെ വീടിന്റെ സ്വീകരണമുറിയിൽ സോഫയിൽ അലസമായി കിടന്ന് റിമോട്ടിലെ ബട്ടനുകൾ മാറിമാറി അമർത്തി കളിക്കുകയാണ് നിത്യ മേനോൻ. ന്യൂസ് ചാനലും മ്യൂസിക് ചാനലും മാറിമാറി അമർത്തി ആ ‘മൊണ്ടാഷ്’ കണ്ട് കൃസൃതിച്ചിരി ചിരിക്കുന്ന കുട്ടിയായി നിത്യ.

‘‘15 വർഷമാകുന്നു സിനിമയിൽ വന്നിട്ട്. ആദ്യ സിനിമയിൽ എന്റെ പ്രിയനടനായ മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ പോലും അഭിനയം സ്വപ്നമേ അല്ലായിരുന്നു. പക്ഷേ, ഇപ്പോൾ മനസ്സിൽ സിനിമ മാത്രമേയുള്ളൂ.’’

വിവാദങ്ങളെ കുറിച്ചും വിവാഹത്തെ കുറിച്ചും നിത്യ മേനോൻ ‘വനിത’യ്ക്കു നൽകിയ എക്സ്ക്ലൂസിവ് അഭിമുഖം.

മലയാളത്തിൽ 19(1)എ ആണല്ലോ വാർത്തകളിൽ നിറയുന്നത് ?

സിനിമ ചെയ്യുമ്പോൾ ‘ഇതു വളരെ സ്പെഷലാണ്’ എന്ന തോന്നൽ അപൂർവമായേ ഉ ണ്ടാകാറുള്ളൂ. 19(1)എ അതുപോലൊരു സിനിമയാണ്. ആ സന്തോഷം ഈ സിനിമ റിലീസാകുമ്പോൾ ഇരട്ടിയാകുന്നു.

ലോക്ഡൗൺ ഇളവു കിട്ടിയ സമയത്തായിരുന്നു ഷൂട്ടിങ്. അതുകൊണ്ടുതന്നെ ക്രൂവിൽ വളരെ കുറച്ചുപേരേ ഉള്ളൂ. തൊടുപുഴയിലായിരുന്നു ലൊക്കേഷൻ, 30 ദിവസത്തെ ഷെഡ്യൂൾ. ടൗണിലെ കൊച്ചു ജംക്‌ഷനിലാണ് എന്റെ കഥാപാത്രം ജോലി ചെയ്യുന്ന ഫോട്ടോസ്റ്റാറ്റ് കടയുള്ളത്.

അവിടെ വലിയൊരു മരമുണ്ട്. ഷോട്ടിനിടയിൽ അതിനു ചുവട്ടിലിരുന്ന് സംസാരിക്കും. അവിടെ ലോട്ടറി വിൽക്കുന്ന ചേട്ടനും മീൻ വിൽക്കുന്ന ചേട്ടനുമൊക്കെ പല തവണ കണ്ടുകണ്ട് ഞങ്ങളുമായി കമ്പനിയായി. രാവിലെ അവരുടെ ചിരിയും ഗുഡ്മോണിങ്ങും കിട്ടിയില്ലെങ്കിൽ ഒരു രസവുമില്ല. ക്യാമറയ്ക്കു മുന്നിലും പിന്നിലുമുള്ളവരെല്ലാം ചേർന്നൊരു സൗഹൃദ വലയമുണ്ടാക്കി, അ താണ് സിനിമയെ സ്പെഷലാക്കിയത്.

കുറച്ചുനാൾ മുൻപേ ഇന്ദു നമ്പൂതിരി ഈ സിനിമയുടെ കഥ പറഞ്ഞിരുന്നു. ഇന്ദുവിനെ എന്നെപ്പോലെയാണ് പലപ്പോഴും തോന്നിയത്, വലിയ എനർജി. അങ്ങനെ സിങ്ക് ഉള്ളവരെ കാണുന്നതും അപൂർവമാണ്.

മറ്റൊരു സന്തോഷം കൂടി ഈ സിനിമയ്ക്കുണ്ട്, വിജയ് സേതുപതി. സിനിമയ്ക്കു വേണ്ടി എങ്ങനെ മാറാനും കഴിവുള്ള വണ്ടർഫുൾ പേഴ്സൺ. ഒന്നോ രണ്ടോ ദിവസമേ ഞങ്ങൾക്ക് ഒന്നിച്ച് സീനുകളുള്ളൂ. അവസാനത്തെ കോംബിനേഷൻ സീനിന് ഇന്ദു ‘കട്ട്’ പറഞ്ഞപ്പോൾ കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നിപ്പോയി.

നിത്യ പാടിയ ‘തനിയെ’ എന്ന ആൽബം ട്രെൻഡിങ്ങാണല്ലോ ?

‘കോളാമ്പി’യിൽ ഒന്നിച്ച് അഭിനയിച്ചതു മുതലാണ് എന്റെയും സിദ്ധാർഥ് മേനോന്റെയും സൗഹൃദം തുടങ്ങിയത്. ‍അങ്ങനെയിരിക്കെ ഒരു ദിവസം സിദ്ധാർഥ് വിളിച്ചു, ‘ഒരു ഡ്യൂയറ്റ് പാടാമോ’ എന്നാണു ചോദ്യം. കേട്ടപാടേ ഓടിവന്നു പാടി, അതിന്റെ രംഗങ്ങൾ കടൽത്തീരത്തു വച്ചു ഷൂട്ട് ചെയ്തതും രസമായിരുന്നു.

‘തനിയെ’ എന്നിലേക്കെത്തിയ പാട്ടാണ്. പക്ഷേ, ഞാനേറെ കാത്തിരിക്കുന്ന റിലീസ് ആ പാട്ടല്ല. ഞാൻ തന്നെ വരികളെഴുതി, സംഗീതം ചെയ്ത്, പാടുന്ന പാട്ട് ഡിസംബറിൽ റിലീസ് ചെയ്യും. എന്റെ സോളോ. ഇംഗ്ലിഷിൽ വരികളുള്ള ആ പാട്ടിനു രസമുള്ള തീമാണ്. ഇ‌പ്പോൾ അത്രയേ പറയുന്നുള്ളൂ.

അഭിനയവും പാട്ടും മാത്രമല്ല, സിനിമാനിർമാണത്തിലും കൈവച്ചല്ലോ. സംവിധാനമോഹമില്ലേ ?

‘സ്കൈലാബ്’ എന്ന തെലുങ്ക് സിനിമയാണ് നിർമിച്ചത്. സത്യത്തിൽ അതൊരു ‘പ്ലാൻഡ് പരിപാടി’ ആയിരുന്നില്ല. ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ആകാശനിരീക്ഷണ സംവിധാനത്തിന്റെ കഥ പറയുന്ന ആ ചിത്രത്തിൽ അഭിനയിക്കാനാണ് ചെന്നത്.

സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് സിനിമ നടക്കില്ല എന്നായി. അത്രയും നല്ലൊരു സിനിമ മുടങ്ങിപ്പോകരുത് എന്നോർത്ത് നിർമാണം ഏറ്റെടുത്തു.

പഠിക്കുന്ന കാലത്താണ് ആദ്യ സിനിമാ അവസരം തേടിവന്നത്. അന്നെനിക്ക് സിനിമയിലോ അഭിനയത്തിലോ താൽപര്യമേ ഉണ്ടായിരുന്നില്ല. പക്ഷേ, നല്ല സിനിമകളുടെ ഭാഗമായി ഏതെങ്കിലുമൊക്കെ റോളിൽ ഇവിടെയുണ്ടാകണം എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്. പാട്ടും നിർമാണവുമൊക്കെ അതിന്റെ ഭാഗമാണ്. സിനിമയുടെ മറ്റു മേഖലകളോടുള്ള ഈ താൽപര്യം സംവിധാനത്തോടും ഉണ്ട്.

ഈയിടെ വിവാഹവാർത്തയാണ് കേട്ടത്, അതും മലയാളത്തിലെ യുവനടനുമായി. ഇതിൽ സത്യമുണ്ടോ?

സത്യം പറഞ്ഞാൽ എവിടെ നിന്നാണ് ഈ വാർത്ത വന്നത് എന്ന് അറിയില്ല. നേരത്തേ പറഞ്ഞതുപോലെ എന്നെ കുറിച്ചുള്ള പല ഗോസിപ്പുകളും ഞാൻ അറിയാറു പോലുമില്ല. വൈകി അറിയുമ്പോഴേക്കും മറുപടി പറയേണ്ട സമയം കഴിഞ്ഞിരിക്കും. ഈ വാർത്തയുടെയും സത്യാവസ്ഥ തേടി ഒന്നോ രണ്ടോ പേരേ വിളിച്ചുള്ളൂ. അവരോടൊക്കെ മറുപടി പറയുകയും ചെയ്തു. പക്ഷേ, സംഭവിച്ചതു നേരേ തിരിച്ചാണ്. എല്ലാവരും കേട്ട ഗോസിപ്പിനെ കുറിച്ച് അന്വേഷിക്കാതെ അതേപടി വാർത്തയാക്കി.

ഇതാ, ഈ നിമിഷം ഞാൻ ആ ഗോസിപ്പുകൾക്കു മറുപടി പറയുകയാണ്. ഇപ്പോഴൊന്നും ഞാൻ കല്യാണം കഴിക്കാൻ പോകുന്നില്ല. നിങ്ങൾ കേട്ട വിവാഹവാർത്തയിൽ ഒരു കണിക പോലും സത്യമില്ല. അങ്ങനെയൊരു ആലോചന പോലും മനസ്സിലില്ല.

മുൻപൊക്കെ ചിന്തിച്ചിട്ടുണ്ട്, ഇത്തരം വാർത്തകൾ എ ങ്ങനെയാണ് വരുന്നതെന്ന്. ചിന്തിച്ചുചിന്തിച്ച് എനിക്കു തന്നെ ഉത്തരം പിടികിട്ടി. പുറത്തുവരുന്ന ഗോസിപ്പുകൾക്ക് പിന്നിലൊരു രഹസ്യമുണ്ട്. സിനിമയിൽ നിന്നു ബ്രേക് എടുക്കുന്ന കാലത്താണ് പല കഥകളും വരുന്നത്. എന്തിനാണ് ബ്രേക്ക് എന്നു ചിന്തിച്ച് ആരോ ഉണ്ടാക്കുന്നതാകും ഈ വാർത്തകൾ. മുൻപൊരിക്കൽ ഒരു വർഷത്തോളം ഞാൻ സിനിമയിൽ നിന്നു വിട്ടുനിന്നു. ആ ബ്രേക്കിൽ കേട്ടത് ഗർഭിണിയായതു കൊണ്ട് സിനിമയിൽ നിന്നു മാറി നിൽക്കുന്നു എന്നാണ്.

മെഷീനോ റോബട്ടോ പോലെ ജോലി ചെയ്യുന്ന ശീലം എനിക്കില്ല. കുറച്ചു നല്ല സിനിമകൾ ചെയ്യും. ചില കഥാപാത്രങ്ങളും കഥയും ആവർത്തിക്കുന്നു എന്നു തോന്നുമ്പോൾ ബ്രേക്കെടുക്കും. മനസ്സ് നന്നായി റീചാർജ് ചെയ്തു തിരിച്ചുവരും. ഇപ്പോൾ പരുക്ക് പറ്റി ബ്രേക്ക് എടുത്തതാ ണ് വിവാഹഗോസിപ്പിനു പിന്നിലെ രഹസ്യം.

പരുക്കോ ?

അതെ, വീട്ടിലെ പടിക്കെട്ടിൽ തെന്നിവീണതാണ്. കാൽവണ്ണയിലെ ലിഗ്‌മെന്റിനാണ് പരുക്ക്. ഭേദമാകാൻ ആഴ്ചകളെടുക്കും. ലോക്ഡൗൺ കഴിഞ്ഞ് കരാറായ സിനിമകളെല്ലാം ട്രാക്കിലായതോടെ കഴി‍ഞ്ഞ വർഷം പതിവിലുമേറെ ജോലി ചെയ്തു. മിക്കവാറും ദിവസവും ഷൂട്ടിങ്ങും ഡബ്ബിങ്ങും ഉണ്ടായിരുന്നു.

തിരക്കിൽ നിന്ന് ബ്രേക്കെടുക്കാമെന്നു കരുതി ഇരിക്കുമ്പോഴാണ് അപകടം. ബെഡ്റെസ്റ്റാണ് ഡോക്ടർ പറഞ്ഞത്. രണ്ടുമൂന്ന് ആഴ്ച കഴിഞ്ഞപ്പോഴേക്കും ദാ, പതിയെ നടക്കാമെന്നായി. പക്ഷേ, ഈ ഫ്രീ ടൈം ഞാൻ എൻജോയ് ചെയ്യുകയാണ്. എന്റെ വെക്കേഷൻ തുടങ്ങി കഴിഞ്ഞു.

മലയാളത്തിൽ തുടങ്ങിയെങ്കിലും ഇപ്പോൾ നിത്യ മലയാളത്തിലേക്ക് വല്ലപ്പോഴുമേ വരാറുള്ളൂ ?

താമസം ബെംഗളൂരുവിൽ ആയതുകൊണ്ടാകും മലയാളത്തിൽ നിന്നു ദൂരെയെന്നു തോന്നുന്നത്. തെലുങ്കിലും ഹിന്ദിയിലും തിരക്കിട്ടു സിനിമ ചെയ്യുന്നതിനിടെ മലയാളത്തിലെ പല ഓഫറുകളും ചെയ്യാനാകാതെ വന്നിട്ടുണ്ട്.

‘കോളാമ്പി’യാണ് അവസാനം ചെയ്ത സിനിമ. ടി.കെ. രാജീവ് സാർ വിളിച്ചപ്പോൾ ‘കോളാമ്പി’ എന്നു ഗൂഗിൾ ചെയ്തു നോക്കിയിട്ടാണ് വന്നത്. ചെറിയൊരു അഗ്രഹാരത്തിലായിരുന്നു ഷൂട്ടിങ്. വഴിയിൽ തന്നെ രണ്ട് അമ്പലങ്ങളുണ്ട്. എല്ലാ ദിവസവും പ്രാർഥിച്ചിട്ടാണ് സെറ്റിലെത്തുക.

അവിടെയുള്ളവർക്ക് സിനിമയെ കുറിച്ച് ഒന്നുമറിയില്ല. ഒരു ദിവസം ഞങ്ങൾ ചെല്ലുമ്പോൾ ഷൂട്ടിങ് ടീമിനു വേണ്ടിബ്രേക്ഫാസ്റ്റ് ഒരുക്കിവച്ചിരിക്കുന്നു.

പുറമേ കാണുന്നതല്ല യഥാർഥ സ്നേഹമെന്ന് തിരിച്ചറിഞ്ഞ നിമിഷമാണത്. കോവിഡും അങ്ങനെയൊരു കാലമായിരുന്നു. അത്ര ഭീരുവല്ല എന്നും ഒന്നിനെയും ഞാനങ്ങനെ പേടിക്കില്ലെന്നും അന്നാണ് മനസ്സിലായത്.

‘ആറാം തിരുകൽപന’ എന്ന സിനിമയും മലയാളത്തിൽ റിലീസാകാനുണ്ട്. അജയ് ദേവലോക സംവിധാനം ചെയ്യുന്ന രസമുള്ള ത്രില്ലറാണത്. തമിഴിൽ ധനുഷിനൊപ്പമുള്ള ‘തിരുചിത്രമ്പഴ’വും ഈ മാസം റിലീസാകും.

രൂപാ ദയാബ്ജി

ഫോട്ടോ : Eshaan Girri