Wednesday 28 December 2022 06:00 PM IST

‘അഭിനയിക്കാൻ ഗ്ലാമറുള്ളവരെ വേണം എന്നു പറഞ്ഞു, ആ സീരിയലില്‍ എനിക്കും ഒരവസരം തരാമായിരുന്നു’: പദ്മകുമാർ

Rakhy Raz

Sub Editor

padma-kumar

കടപ്പുറത്ത് പട്ടം പോലെ പറന്നു നടക്കാനാണ് പദ്മകുമാറിന് ഇഷ്ടം. തിരക്കുള്ള ലോകത്തിൽ ഒട്ടും തിരക്കില്ലാതെ കാറ്റും വെയിലും മഴയും കടലും ആസ്വദിച്ചു ജീവിക്കുന്ന ഈ മനുഷ്യ ൻ ഇപ്പോൾ മലയാള സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ്. ‘കുടുംബവിളക്ക്’ സീരിയലിൽ പദ്മകുമാർ അവതരിപ്പിക്കുന്ന പൊലീസ് ഓഫീസറുടെ പേര് നാരായൺ കുട്ടി എന്നാണെങ്കിലും പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്നത് മൊട്ട പൊലീസ് എന്നാണ്.

‘‘രണ്ടു–മൂന്നു ദിവസത്തെ റോൾ എന്നുപറഞ്ഞാണ് അഭിനയിക്കാൻ വിളിക്കുന്നത്. ഷൂട്ട് തീർന്നപ്പോൾ ‘ഒന്നും തോന്നല്ലേ, വീണ്ടും വിളിക്കാനാകില്ല’ എന്നു പറഞ്ഞിരുന്നു. നൂറ്റി പന്ത്രണ്ടാം എപ്പിസോഡിലാണ് എന്റെ പ്രവേശനം. ഇപ്പോൾ 800ാം എപ്പിസോഡിലേക്ക് അടുക്കുന്നു. അത് ഇത്രയും നീളുമെന്നും ഇത്രമേൽ ശ്രദ്ധിക്കപ്പെടുമെന്നും വിചാരിച്ചില്ല. സന്തോഷമുണ്ട്.’’ സീരിയലിൽ നല്ലവളായ വീട്ടമ്മയെ ഭർത്താവും കാമുകിയും ചേർന്ന് ചതിക്കുമ്പോഴെല്ലാം രക്ഷകനായി നീതിയുടെ യൂണിഫോമിട്ടു മൊട്ട പോലീസെത്തും.

കേരള പൊലീസിനെക്കാൾ അമേരിക്കൻ പൊലീസ് ലുക്ക് ആണ് പദ്മകുമാറിനുള്ളത് എന്നു തോന്നുന്നു ?

തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ പഠിക്കുമ്പോൾ വെസ്റ്റേൺ അനുകരണ ഭ്രമം എന്റെ തലയിൽ കയറിപ്പറ്റി. ആ ലുക്ക്സ് നിലനിർത്തുന്നതു കൊണ്ടാകാം അങ്ങനെ തോന്നുന്നത്.

ഡിഗ്രി കഴിഞ്ഞ ശേഷം ബെംഗളൂരുവിൽ എംബിഎ ചെയ്തു. ആ കാലത്തു യൂണിവേഴ്സിറ്റി കോളജിൽ ധാരാളം കൂട്ടുകാരുണ്ടായിരുന്നു. കോളജിനടുത്ത് അരുണാ റസ്റ്ററന്റിൽ ഞങ്ങൾ ഒത്തുകൂടും. സുഹൃത്തായ എഴുത്തുകാരൻ ജി.എ. ലാലാണ് എന്റെ അഭിനയമോഹം അ റിഞ്ഞ് വിജി തമ്പിയെ പരിചയപ്പെടുത്തുന്നത്. ലാൽ പിന്നീട് ട്രെയിനിൽ നിന്നു വീണ് മരണപ്പെട്ടു.

വിജി തമ്പിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന പരമ്പരയിലാണ് ആദ്യം അവസരം കിട്ടുന്നത്. സൈലൻസ് എന്ന സീരിയൽ കൂടാതെ സത്യമേവ ജയതേ, കൃത്യം, ബഡാ ദോസ്ത്, നമ്മൾ തമ്മിൽ എന്നീ സിനിമകളും ചെയ്തു.

അവസരങ്ങൾക്കു കാത്തു നിൽക്കാതെ അമേരിക്കയിലേക്കു പറന്നത് എന്തുകൊണ്ടാണ് ?

അമേരിക്കയിൽ പോകുക എന്ന ആഗ്രഹം പണ്ടേ ഉണ്ടായിരുന്നു. സാധ്യമാകാൻ പ്രയാസമുള്ള കാര്യമാണെങ്കിലും ശ്രമിച്ചു നോക്കി. അവിടെ നാട്ടിലേതുപോലെ ശുപാർശയും രാഷ്ട്രീയ സ്വാധീനവും വേണ്ടല്ലോ ജോലി കിട്ടാൻ. ബാങ്ക് ഓഫ് അമേരിക്കയിൽ ജോലി ലഭിച്ച് 2010 ലാണ് അമേരിക്കയിലേക്ക് പോകുന്നത്. ഒൻപതു വർഷം അവിടെയായിരുന്നു.

അഭിനയ രംഗത്തേക്കു വരണം എന്നു തീരുമാനിച്ചായിരുന്നോ തിരികെപോന്നത് ?

ജോലി ചെയ്യുക, പണം ഉണ്ടാക്കുക എന്നതിനപ്പുറം ഈ ചെറിയ ജീവിതം നമുക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ കൂ ടി പ്രയോജനപ്പെടുത്തണം എന്നു തോന്നിയപ്പോഴാണു തിരികെ വന്നത്. അഭിനയം എന്നും ആഗ്രഹമായിരുന്നു. തിരി കെ വന്ന ശേഷം ആദ്യം ചെയ്തത് എ.കെ. വിനോദിന്റെ മൂ ൺവാക്ക് എന്ന സിനിമയാണ്. ‌

വ്യത്യസ്തമായ കഥാപാത്രങ്ങൾ സിനിമയിലും ചെ യ്യാനായി. നിഷാന്ത് സാട്ടുവിന്റെ എ രഞ്ജിത്ത് സിനിമ എന്ന ചിത്രത്തിൽ സൈജു കുറുപ്പിനും ആസിഫ് അലിക്കുമൊപ്പമുള്ള പൊലീസ് വേഷം, കാപ്പ എന്ന ഷാജി കൈലാസ് – പൃഥ്വിരാജ് ചിത്രത്തിൽ ഗാങ് ലീഡർ, ശങ്കർ രാമകൃഷ്ണന്റെ ചിത്രത്തിൽ ക്വാറി കോൺട്രാക്ടർ.

ഗ്ലാമറിന്റെ പേരിൽ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടിട്ടുണ്ടോ?

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ നാടകത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. മിമിക്രിയും ചെയ്യുമായിരുന്നു. 23ാം വയസ്സിലാണ് എന്റെ സുഹൃത്തു കൂടിയായ സംവിധായകൻ സീരിയലിൽ അഭിനയിക്കാൻ കുറച്ചു പയ്യന്മാരെ വേണം എന്നു പറയുന്നത്. ‘ഗ്ലാമറുള്ളവരെയാണ് വേണ്ടത്’ എന്നു കൂടി തമാശയായി പറഞ്ഞു. തമാശയായാണ് പറഞ്ഞതെങ്കിലും അതു തമാശ അല്ലായിരുന്നു. ആ സീരിയലിൽ ഒരവസരം എനിക്കും തരാമായിരുന്നു.

അതിന് ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഓരോ കാലത്തുമുള്ള വിശ്വാസങ്ങളാണവ. മലയാള സിനിമയി ലും സീരിയലിലും പ്രധാന കഥാപാത്രമായി അഭിനയിക്കാനുള്ള യോഗ്യതകളിലൊന്ന് ചുവന്നു തുടുത്ത, പാടുകളൊന്നുമില്ലാത്ത മുഖം തന്നെയായിരുന്നു. ഇപ്പോൾ ആ മനോഭാവം മാറി. മുൻപ് നടന്മാരെയായിരുന്നു സിനിമയ്ക്ക് ആ വശ്യമെങ്കിൽ ഇന്നു കഥാപാത്രങ്ങളെയാണു വേണ്ടത്.

വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ലേ ?

സ്നേഹിക്കാൻ ഭാര്യയും കുഞ്ഞുങ്ങളും സ്വന്തക്കാരും ഉ ണ്ടാകുന്നത് ആർക്കാണ് ഇഷ്ടമല്ലാത്തത്. ‘ലൈഫ് ഈസ് എ കോംബിനേഷൻ ഓഫ് ഫാക്റ്റേഴ്സ്’. പല ഘടകങ്ങൾ ചേർന്നു വന്നാലേ വിവാഹമായാലും അഭിനയിക്കാനുള്ള അവസരമായാലും ജീവിതത്തിലെ ഏതു കാര്യമായാലും വിജയകരമാകൂ. പരസ്പരം ചേർന്നു പോകാനാകുന്നൊരു വ്യക്തിയെ ലഭിച്ചാൽ വിവാഹം കഴിക്കും.

ഏഴു വയസ്സുള്ളപ്പോൾ ആണ് അച്ഛനെ നഷ്ടപ്പെടുന്നത്. അതു വലിയ നഷ്ടമായിരുന്നു. വേണ്ട സമയത്ത് വ ഴി കാട്ടാനും പരിശീലിപ്പിക്കാനും അച്ഛനുണ്ടായിരുന്നെങ്കിൽ എന്നു തോന്നിയിട്ടുണ്ട്. തിരുവനന്തപുരത്ത് വഞ്ചി യൂരാണ് വീട്. അമ്മയ്ക്ക് കോടതിയിലായിരുന്നു ജോലി. അമ്മയാണ് നാലു മക്കളെയും വളർത്തിയതും പഠിപ്പിച്ചതും. അമ്മയും ഇന്നില്ല. മൂത്ത സഹോദരൻ തിരുവനന്തപുരത്തു ബിസിനസ് ചെയ്യുന്നു. ഇളയ സഹോദരൻ ദന്തഡോക്ടറാണ്. ചേച്ചി കുടുംബത്തിനൊപ്പം കാനഡയിൽ.

ഏറ്റവും ഇഷ്ടമുള്ള കാര്യം ?

കടലിൽ നീന്തുക. ഏകദേശം അറുപതോ എഴുപതോ മീറ്റർ ഉള്ളിലേക്കു നീന്തുന്നത് ത്രില്ലിങ് ആയ അനുഭവമാണ്. യാത്രകൾ ഇഷ്ടമാണ്. ഹവായ് ബീച്ച് കാണാനായി മാത്രം ലൊസാഞ്ചലസിൽ നിന്ന് ആറു മണിക്കൂർ കടലിനു മുകളിലൂടെ വിമാന യാത്ര ചെയ്തു. ഓസ്ട്രേലിയയിലെ പ്രശസ്തമായ ഗോൾഡ് കോസ്റ്റ് ബീച്ച് സന്ദർശിച്ചിട്ടുണ്ട്.

ലോകപ്രശസ്തമായ ബീച്ചുകളെക്കാൾ മനോഹരമാണ് നമ്മുടെ കോവളം എന്നു തോന്നിയിട്ടുണ്ട്. നമ്മൾ അതു വേണ്ടത്ര തിരിച്ചറിയുന്നില്ല. മറ്റു പല ബീച്ചുകളിലും തണുത്ത വെള്ളമാണ്. കോവളത്ത് രാത്രി രണ്ടു മണിക്ക് കടലിലിറങ്ങിയാലും ഇളം ചൂടുള്ള വെള്ളമാണ്.

കടലിലിറങ്ങുന്നത് അപകടമുള്ള കാര്യമാണ്. കടൽ ചിലപ്പോൾ നമ്മളെ ഉള്ളിലേക്കു വലിക്കും. എന്നെ രണ്ടോ മൂന്നോ വട്ടം വലിച്ചിട്ടുണ്ട്. അപ്പോൾ ഭയന്ന് വെപ്രാളപ്പെട്ടാൽ തിരികെ വന്നെന്നിരിക്കില്ല. സാധിക്കുമ്പോഴെല്ലാം കോവളത്തെ കടൽ ആസ്വദിക്കാനാണ് ഏറ്റവും ഇഷ്ടം.

രാഖി റാസ്

ഫോട്ടോ: അരുൺ സോൾ