അമ്മജീവിത’ത്തിന്റെ തിരക്കുകളിലും സ ന്തോഷങ്ങളിലുമാണു മലയാളം മിനിസ്ക്രീനിലെ പ്രിയതാരങ്ങൾ.
‘മെറ്റേണിറ്റി ലീവ്’ ഇല്ലാത്ത സീരിയൽ ലോകത്തു മക്കൾക്കു വേണ്ടി ‘ഒരു ഷോർട് ബ്രേക്ക്’ എടുത്ത ഇവർ ഇപ്പോൾ തിരിച്ചുവരവിനുള്ള തയാറെടുപ്പിൽ. പാർവതി അരുണും മകൾ യാമികയുടയും വിശേഷങ്ങൾ...
പെട്ടെന്നെടുത്ത തീരുമാനം
സീരിയൽ ലൊക്കേഷനിൽ മൊട്ടിട്ട പ്രണയത്തിനു പ്രായം മൂന്നുമാസം. അപ്പോഴേക്കും അരുണും പാർവതിയും ആ തീരുമാനമെടുത്തു. വിവാഹ വാർത്തയറിഞ്ഞതും പലരും പറഞ്ഞു. ‘മൂന്നു മാസം കൊണ്ട് എങ്ങനെ പരസ്പരം മനസ്സിലാക്കാൻ... നോക്കിക്കോ ഇത് അധികകാലം പോകില്ല’.
‘‘പെട്ടെന്നെടുത്ത തീരുമാനമായിരുന്നു വിവാഹം. ഇ പ്പോൾ ചിന്തിക്കുമ്പോൾ അതിശയം തോന്നും. പലരുടെയും കമന്റുകൾ ഞങ്ങളെ വിഷമിപ്പിച്ചു. മൂന്നു വർഷം പ്രണയിച്ചവരും 30 വർഷം പ്രണയിച്ചവരുമൊക്കെ തല്ലിപ്പിരിയുന്നുണ്ടല്ലോ.
അപ്പോൾ മൂന്നു മാസം എന്നതു പ്രണയത്തിൽ ഘടകമേയല്ല, പരസ്പരം സ്നേഹിക്കുക വിശ്വസിക്കുക എന്ന താണു പ്രധാനം. വിവാഹം കഴിഞ്ഞപ്പോഴേ ഉടൻ ഒരു കുഞ്ഞു വേണം എന്നു ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ആ മോഹത്തിനുള്ള സമ്മാനമായി ദൈവം ഞങ്ങൾക്ക് ഇവളെ തന്നു.’’ ഒരു വയസ്സുകാരി മകൾ യാമികയെ നെഞ്ചോടു ചേർത്തു പിടിച്ചു പാർവതി അരുൺ പറയുന്നു.
ഇനി തിരികെ വരാം
വിവാഹശേഷം ബ്രേക് എടുക്കണം എന്നു കരുതിയിരുന്നു. ഇടയ്ക്കു വന്ന അവസരങ്ങൾ സ്വീകരിച്ചതുമില്ല. കുഞ്ഞു ജനിച്ച ശേഷം മോളുടെ കാര്യത്തിൽ മാത്രമായി ശ്രദ്ധ. 2022 ഫെബ്രുവരി മൂന്നിനാണു മോൾ ജനിച്ചത്. ഒരു വയസ്സു വ രെ കുഞ്ഞിനൊപ്പം കഴിയണമെന്നു തീരുമാനിച്ചിരുന്നു.
അവൾക്ക് എന്നെ ആവശ്യമുളളപ്പോൾ ഒപ്പം നിൽക്കുകയും അവരുടെ വളർച്ച കണ്ടറിയുകയുമെന്നതു വളരെ പ്രധാനമാണ്. എങ്കിലും ഇടയ്ക്ക് അഭിനയവും അതിന്റെ തിരക്കുകളുമൊക്കെ മിസ് ചെയ്യുന്നുണ്ടായിരുന്നു.
തിരിച്ചു വരാം എന്നാണ് ഇപ്പോൾ ആലോചിക്കുന്നത്. എന്നാൽ അവളെക്കൂടി ഒപ്പം കൂട്ടാനാകുന്ന അവസരങ്ങൾ മാത്രം മതി. അരുൺ സീരിയലിന്റെ തിരക്കിലാണ്. എങ്കിലും സമയം കിട്ടുമ്പോഴൊക്കെ കുഞ്ഞിനൊപ്പമുണ്ടാകും.
ഞാൻ വീട്ടിലെ ജോലികൾ ചെയ്യുമ്പോൾ അവളെ നോക്കുക അരുണാണ്. ഇപ്പോൾ ഓട്ടവും ചാട്ടവുമൊക്കെ തുടങ്ങിയതിനാൽ ശ്രദ്ധ തെറ്റാതെ അവളുടെ പിന്നാലെ നിൽക്കണം. ചേച്ചി (മൃദുല വിജയ്) യുടെ വീടിനടുത്താണു ഞ ങ്ങളും വീടു വാങ്ങിയിരിക്കുന്നത്. അമ്മ ചേച്ചിയോടൊപ്പം നിൽക്കുമ്പോൾ, അച്ഛൻ എന്റൊപ്പമുണ്ടാകും. ചേച്ചിക്കും എനിക്കും ആറു മാസത്തെ വ്യത്യാസത്തിലാണു കുഞ്ഞുങ്ങളുണ്ടായത്. കുഞ്ഞ് ആദ്യമായി ‘അമ്മ’ എന്നു വിളിക്കുന്നതു കേൾക്കുക പ്രത്യേക അനുഭവമാണെന്നു പലരും പറഞ്ഞിട്ടുണ്ടെങ്കിലും അനുഭവിച്ചപ്പോഴാണ് അതു പൂർണമായും മനസ്സിലായത്. കണ്ണു നിറഞ്ഞു. ആദ്യമൊക്കെ താരാട്ടു പാടി അവളെ ഉറക്കാനൊക്കെ എനിക്കു മടിയായിരുന്നു. ഫോണിൽ പാട്ടിട്ടു കൊടുക്കുകയായിരുന്നു.
ഒരു ദിവസം ഞാൻ ഒറ്റയ്ക്കുള്ളപ്പോൾ ചെറുതായി പാടിക്കൊടുത്തു. അവൾക്കത് ഇഷ്ടപ്പെട്ടു. ഇപ്പോൾ സ്ഥിരമായി പാടിക്കൊടുക്കാറുണ്ട്.
കല്യാണം കഴിഞ്ഞു ഞങ്ങൾ ഒന്നിച്ച് ഒരു സിനിമയ്ക്ക് പോയത് അടുത്തിടെയാണ്. മോളെ ചേച്ചിയെ ഏൽപ്പിച്ചു. തിരിച്ചു വന്നപ്പോൾ അവൾ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു. ഉറങ്ങാനായാലും ഭക്ഷണം കഴിക്കാനായാലും ഞാൻ ഒപ്പം വേണമെന്നു നിർബന്ധമാണ്.’’
ഇപ്പോഴും ആ വിലാസം
‘‘ഇപ്പോഴും പുറത്തൊക്കെ പോകുമ്പോൾ കുടുംബവിളക്കിലെ ശീതൾ അല്ലേ എന്നു ചോദിച്ചു പലരും വന്നു പരിചയപ്പെടും. ആ തിരിച്ചറിയൽ നൽകുന്ന സന്തോഷം വളരെ വലുതാണ്. ചെറുപ്പത്തിലേ അഭിനയരംഗത്തേക്കു വന്ന ആളാണ് ഞാൻ. പ്രതീക്ഷിക്കുന്ന തരത്തിലുള്ള അവസരങ്ങൾ വന്നാൽ മടങ്ങിവരവ് താമസിക്കില്ല.’’
അമ്മയെന്ന ധൈര്യം
‘‘എന്റെയും ചേച്ചിയുടെയും കാര്യത്തിൽ എക്കാലവും അമ്മ റാണിയായിരുന്നു പ്രധാന റോൾമോഡൽ. അത്രയേറെ ജീവിതാനുഭവങ്ങളിലൂടെ കടന്നു വന്നിട്ടുള്ള ആളാണ്. എന്തു വന്നാലും ഒപ്പം നിൽക്കുന്ന കരുത്താണത്.
ഇപ്പോൾ എന്റെ മോളുടെ കാര്യങ്ങൾ തീരുമാനിക്കുമ്പോഴാണെങ്കിലും അമ്മ ഞങ്ങളെ നോക്കിയിരുന്ന രീതികളൊക്കെ ഞാൻ മാതൃകയാക്കാറുണ്ട്. സംശയമുള്ള കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരും. അങ്ങനെ ഓരോ കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ വരെ അമ്മ ഒപ്പമുണ്ടെന്നുള്ളതാണ് എന്റെ ധൈര്യം.’’