Friday 28 April 2023 03:11 PM IST

‘ഒന്നര മാസത്തിൽ അവന്റെ ഭാഗത്തു നിന്നുണ്ടായ ആ പ്രതികരണം, ആ സന്തോഷം പറഞ്ഞറിയിക്കാൻ ആകില്ല’: പാർവതി കൃഷ്ണ

V.G. Nakul

Senior Content Editor, Vanitha Online

parvathy-krishna-14

അമ്മജീവിത’ത്തിന്റെ തിരക്കുകളിലും സ ന്തോഷങ്ങളിലുമാണു മലയാളം മിനിസ്ക്രീനിലെ പ്രിയതാരങ്ങൾ.

‘മെറ്റേണിറ്റി ലീവ്’ ഇല്ലാത്ത സീരിയൽ ലോകത്തു മ ക്കൾക്കു വേണ്ടി ‘ഒരു ഷോർട് ബ്രേക്ക്’ എടുത്ത പാർവതി കൃഷ്ണ ഇപ്പോൾ തിരിച്ചുവരവിനുള്ള തയാറെടുപ്പിൽ...

ഗർഭകാലത്തെ നൃത്തം

ഗർഭിണി നൃത്തം ചെയ്താൽ എന്താണു കുഴപ്പം? സുരക്ഷിതമായി, ഡോക്ടറുടെ നിർദേശങ്ങൾ പാലിച്ചാണെങ്കിൽ കുഞ്ഞിനോ അമ്മയ്ക്കോ ഒരു പ്രശ്നവുമില്ല. വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ‘നോ പ്രോബ്ലം’... എന്നാൽ ചിലർക്ക് അതത്ര പിടിച്ചില്ല. മെറ്റേണിറ്റി ഫോട്ടോഷൂട്ടും വളക്കാപ്പും ഗർഭകാലത്തെ നൃത്തവുമൊക്കെയായി നടി പാർവതി കൃഷ്ണയും സംഗീത സംവിധായകനായ ഭർത്താവ് ബാലഗോപാലും തങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്നതിനിടെയാണു സോഷ്യൽ മീഡിയയിലെ ഈ ‘ഉപദേശക്കമ്മിറ്റി’യുടെ രംഗപ്രവേശം.

ചിലരുടെ കമന്റുകൾ സഹിഷ്ണുതയുടെ അതിരുകൾ താണ്ടിയതോടെ, ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു താഴെ ‘നിങ്ങള്‍ക്ക് എന്റെ പ്രവൃത്തികള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു എങ്കില്‍ ഗൗനിക്കാതിരിക്കുക. എന്നെ ബ്ലോക് ചെയ്തു പോകുക. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നൃത്തം ചെയ്യുന്നതു നല്ല അനുഭവമാണ്. ശരീരത്തിനു ഉ ന്മേഷവും മസില്‍സിന് ഫ്ലക്സിബിലിറ്റിയുമാണു നൃത്തം നല്‍കുന്നത്...’ എന്ന മറുപടിയാണു പാ‍ർവതി നൽകിയത്.

‘‘കുഞ്ഞു ജനിച്ച ശേഷമുള്ള ജീവിതം എങ്ങനെയായിരിക്കണം എന്നതിൽ കൃത്യമായ ധാരണയുണ്ടായിരുന്നു. അമ്മ എന്ന നിലയിൽ അത്തരം ‘പ്രീ പ്ലാനിങ്’ ആവശ്യമാണ്. അഭിനയം, ഇന്റീരിയർ ഡിസൈനിങ്, വീട്ടുകാര്യങ്ങൾ അങ്ങനെയായിരുന്നു മുൻപത്തെ ജീവിതം. ’’

ഒന്നര മാസത്തിലെ ഹായ്

‘‘2020 ഡിസംബർ ഏഴിനാണു മോൻ അവ്യുക്ത് ജനിച്ചത്. കോവിഡ് കാലമായിരുന്നതിനാൽ, ഒരു വയസ്സാകും വരെ മറ്റാരെയും അധികം ഏൽപ്പിച്ചിരുന്നില്ല. ആദ്യവർഷമെങ്കിലും കുഞ്ഞു പൂർണമായും അമ്മയോടൊപ്പം കഴിയണമെന്ന ചിന്താഗതിയുമുണ്ടായിരുന്നു. മാത്രമല്ല, നമ്മൾ അവനെ നോക്കും പോലെ മറ്റൊരാൾക്കാകുമോ എന്ന ആശങ്കയും സ്വാഭാവികമാണല്ലോ. ഞാനും ബാലുവും എപ്പോഴും അവന്റെ കൂടെ ഉണ്ടായിരുന്നതിന്റെയാകാം, പത്താം മാസം മുതൽ അവൻ നന്നായി സംസാരിക്കാൻ തുടങ്ങി.

ഒന്നര മാസത്തിൽ, ഞാൻ ‘ഹായ്’ പറഞ്ഞപ്പോൾ അ വൻ പെട്ടെന്നു പ്രതികരിച്ചു. ഹായ് എന്ന് തിരിച്ചു പറയും പോലെ എനിക്കു തോന്നി. ആ നിമിഷം ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. മറ്റുള്ളവരോടൊക്കെ കക്ഷി ശാന്തശീലനാണ്. ദേഷ്യവും വഴക്കും എന്നോടേയുള്ളൂ.’’

parvathy-krishna-2

വീണാലും നാലു കാലില്‍...

‘‘ബ്രേക് എടുത്താൽ അവസരങ്ങൾ കുറയുമോ എന്ന ആശങ്കയൊന്നും ഇല്ലായിരുന്നു. ഒന്നാമത് ആത്മവിശ്വാ സം അൽപം കൂടുതൽ ഉള്ളയാളാണ് ഞാൻ. എങ്ങനെ വീണാലും നാലു കാലിലേ വീഴൂ എന്നൊരുറപ്പ് പണ്ടേയുണ്ട്. അതു തെറ്റിയില്ല. മോന് ഒരു വയസ്സ് കഴിഞ്ഞപ്പോഴുള്ള തിരിച്ചുവരവിൽ മികച്ച അവസരങ്ങളാണു കിട്ടിയത്. കൺസ്ട്രക്‌ഷൻ‌ കമ്പനിയിലെ ജോലി ഗർഭിണിയായപ്പോൾ രാജി വച്ചതാണ്. ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ സ്വന്തമായി വർക്കുകൾ ഏറ്റെടുത്തായിരുന്നു മടങ്ങിവരവ്. ഒപ്പം മഴവിൽ മനോരമയിലെ ‘കിടിലം’ എന്ന ടെലിവിഷന്‍ ഷോയുടെ അവതാരകയുമായി.

പിന്നാലെ ബേസിൽ ജോസഫിന്റെ നായികയായി ‘കഠിന കഠോരമീ അണ്ഡകടാഹം’, കുഞ്ചാക്കോ ബോബന്റെ നായികയായി ‘ഗർ’. രണ്ടു സിനിമകളും റിലീസിനൊരുങ്ങുന്നു. ‘കഠിനകഠോരമീ അണ്ഡകടാഹ’ത്തിൽ മോനും അഭിനയിച്ചിട്ടുണ്ട്‌, എന്റെ മോനായി തന്നെ. അഭിനയിക്കുകയും ചെയ്യാം, മോനെയും പിരിഞ്ഞു നിൽക്കേണ്ട, നന്നായല്ലോ എന്നു കരുതിയെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഒരൊറ്റ സീനിന് അഞ്ചു മണിക്കൂറാണ് അവന്‍ മൊത്തം ക്രൂവിനെ ചുറ്റിച്ചത്. മുന്നോട്ടുള്ള യാത്രയിൽ ഫാമിലിക്കും കരിയറിനും തുല്യപ്രാധാന്യം നൽകാനാണു തീരുമാനം.’’

അമ്മയുടെ നിലപാടു മാറ്റം

‘‘എന്റെ അമ്മ രമാദേവി വളരെ സ്ട്രിക്ട് ആയിരുന്നു. പഠനം മാത്രം മുന്നോട്ടു കൊണ്ടു പോകണം എന്നു നിർബന്ധമുള്ള ആൾ. ഒരു കണക്കു ടീച്ചർ ആയിരുന്നതിന്റെ ആകാം. കലാപരമായ എന്റെ ഇ ഷ്ടങ്ങളിൽ അമ്മ ഒട്ടും താൽപര്യം കാട്ടിയിരുന്നില്ല. ഞാൻ നേരെ തിരിച്ചാണ്. ഞങ്ങൾ തമ്മിൽ സാമ്യങ്ങൾ തീരെയില്ലെന്നു പറയാം. പക്ഷേ, തമാശ മറ്റൊന്നാണ്. മോനെ കലാപരമായി പ്രോത്സാഹിപ്പിക്കണമെന്നു പറഞ്ഞ് ഇപ്പോൾ മുൻപന്തിയിൽ നിൽക്കുന്നത് എന്റെ അമ്മയാണ്.’’