Monday 20 February 2023 04:51 PM IST

മകളുടെ ജനനവും പീലി എന്ന പേരും...! പേരിട്ടതിനു പിന്നിലെ രസകരമായ കഥപറഞ്ഞ് രമേശ് പിഷാരടി: ചാറ്റ്

Vijeesh Gopinath

Senior Sub Editor

ramesh-pisharody

യാത്രയിൽ ചിരിപാളി പണി കിട്ടിയ അനുഭവം പറയാമോ?

അശ്വതി,പ്ലാവറ, പച്ച, തിരുവനന്തപുരം

കഴിഞ്ഞ ഡിസംബറിൽ ഓസ്ട്രേലിയയിൽ പോയി. വിമാനത്താവളത്തിലെ പരിശോധനയിൽ എന്റെ മുഖവും പാസ്പോർട്ടിലെ മുഖവും കണ്ടു വലിയ സംശയം. പാസ്പോർട്ടിൽ താടിയില്ല. ഇപ്പോൾ മുടി സ്ട്രെയ്റ്റന്‍ ചെയ്തിരിക്കുന്നു. ബയോമെട്രിക്കൽ സംവിധാനം ഉണ്ടായിരുന്നുമില്ല.

സംശയം തോന്നി പിടിച്ചു നിർത്തി. ഞാനവരോടു പറഞ്ഞു. ‘നിങ്ങൾ ഒന്നു ഗൂഗിൾ ചെയ്യൂ. എന്റെ ഡീറ്റെയ്ൽസ് കിട്ടും. ഗൂഗിൾ സെർച്ചിൽ വന്നത് പഴയ ടിവി പരിപാടികൾ. പലതും പല കോലത്തിൽ. ഒടുവിൽ അറിയാവുന്ന ഭാഷയിൽ പറഞ്ഞൊപ്പിച്ചു. ‘ഞാനൊരു ആക്ടറാണ്’. അപ്പോൾ അവർ പൊയ്ക്കോളാൻ പറഞ്ഞു.

പീലി എന്ന പേരു മകൾക്കിടാനുള്ള പ്രേരണ എന്താണ്?

വിനിഷ മനോജ്, അധ്യാപിക, ബിഇഎം യുപി സ്കൂൾ, ചെമ്പോല, വടകര

ഭാര്യയുടെ വീട് പുണെ ആണ്. മോളുടെ ജനനവും അവിടെ വച്ചായിരുന്നു. ജനിച്ച സമയത്തു മകൾക്കു ചെറിയ മഞ്ഞനിറം ഉണ്ടായിരുന്നു, മഞ്ഞയ്ക്ക് ഹിന്ദിയിൽ പീലാ എന്നാണു പറയുന്നത്. മഞ്ഞയുണ്ട്, പീലാ ഹേ എന്നു നഴ്സു പറഞ്ഞു. അപ്പോഴാണു പീലി നല്ല പേരാണെന്ന് ഒാർത്തത്.

പേരു പറഞ്ഞപ്പോൾ ഭാര്യയ്ക്കും സന്തോഷമായി. ര ണ്ടാമത്തെ മകനു മൗലി എന്നു പേരിടാൻ തീരുമാനിച്ചു. കാരണം മൗലിയിലാണല്ലോ പീലിയുള്ളത്. അതു പക്ഷേ, ഭാര്യ സമ്മതിച്ചില്ല. കാരണം അവർ പുണെയിൽ മേടിച്ചു കുടിച്ചുകൊണ്ടിരുന്ന പായ്ക്കറ്റ് പാൽ കമ്പനിയുടെ പേരായിരുന്നു മൗലി.

മമ്മൂട്ടിക്ക് ഒപ്പമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. സിനിമയിലെത്തും മുന്നേ ഉള്ള മമ്മൂക്കയോർമ എന്താണ് ?

ആര്യ, ശബരിപ്പാടത്ത്, ചേർത്തല

കോളജിൽ നിന്നു ക്ലാസ് കട്ട് ചെയ്തു രാക്ഷസരാജാവ് സിനിമയുടെ ലൊക്കേഷനിൽ പോയതാണ് ആദ്യത്തെ മമ്മൂക്ക ഒാർമ. അദ്ദേഹം അവിടെ വന്നതും ദൂരെ നിന്നു ക ണ്ടതും കൈവീശി കാണിച്ചതും എല്ലാം ഓർമയുണ്ട്.

1999 സെപ്റ്റംബറിൽ കൈരളി ചാനലിന്റെ പരിപാടിക്കു പോയപ്പോഴാണ് ആദ്യമായി നേരിട്ടു കണ്ടത്. മമ്മൂക്ക െചയ്യുന്ന ഓരോ കാര്യങ്ങളും നമ്മളെ അദ്ഭുതപ്പെടുത്തുന്നതാണ്.

സംവിധായകൻ, നടൻ, അവതാ രകൻ. ഏതാണു കൂടുതൽ കം ഫർട്ടബിൾ?

അദിത് ക‍ൃഷ്ണൻ, മൂത്താൻതറ, പാലക്കാട്

അവതാരകന്റെയാണ് ഏറ്റവും കംഫ ർട്ടായിട്ടുള്ള റോൾ. നടക്കുന്ന കാര്യങ്ങളോ പ്ലാൻ ചെയ്ത വിഷയങ്ങളോ അവിടെ പറഞ്ഞു പോയാൽ മതി.

സംവിധാനത്തിൽ നമ്മൾ വേറെ കുറെ കഥാപാത്രങ്ങളെ നിയന്ത്രിക്കേണ്ടിവരും. ലൊക്കേഷനിലുള്ള എല്ലാവരെയും നിയന്ത്രിക്കണം. നടനാകുമ്പോഴും നമ്മൾ മറ്റൊരു കഥാപാത്രമാകണം. അവതാരകനെ സംബന്ധിച്ചു നമ്മളായി തന്നെ നിന്നു ചെയ്യുന്ന കാര്യങ്ങളായതുകൊണ്ടു ‘തൊ ഴിൽ എളുപ്പം’ എന്നു പറയുന്നത് അവതരണമാണെന്നുതോന്നിയിട്ടുണ്ട്.

പൊളിറ്റിക്കൽ കറക്ട്നസിന്റെ കാലത്തു തമാശ പറയുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കും? ചിരിയുടെ കാര്യത്തിൽ ആരോടൊക്കെയാണ് കടപ്പാട്?

മനോജ് കൃഷ്ണൻ, ഇന്ത്യനൂർ, കോട്ടക്കൽ

സാധാരണ സംസാരങ്ങളിൽ അത്ര തമാശ കൊണ്ടുവരാറില്ല. തമാശ പറയാൻ േവണ്ടി പൈസ തന്നു വിളിക്കുന്ന സ്ഥലങ്ങളിലാണ് അത്തരം തമാശകൾ ‘കയറ്റുന്നത്’. ചിരി പൊളിറ്റിക്കലി കറക്ടായിരിക്കണം എന്നു തന്നെ വിശ്വസിക്കുന്ന ആളാണു ഞാൻ. അതിനെക്കുറിച്ച് അറിവില്ലാത്ത കാലത്തു മറിച്ചു ചെയ്തിട്ടുണ്ടെങ്കിലും.

പക്ഷേ, എല്ലാത്തിലും ജഡ്ജ്മെന്റൽ ആയാൽ ആസ്വാദനം കുറയും. നമുക്ക് ഈ ഭൂമിയിൽ നിന്നു മാത്രമേ തമാശയെടുക്കാൻ പറ്റുകയുള്ളൂ. തമാശയിൽ ഒരു കഥാപാത്രത്തിന്റെ പേരു സുരേഷെന്നും അടുത്തയാളിന്റെ പേരു സുഭാഷെന്നുമാണെങ്കിൽ പറഞ്ഞു കഴിയുമ്പോൾ ഏതോ ഒരു സുഭാഷും സുരേഷും വിളിച്ചിട്ടു നിങ്ങൾ എന്നെപ്പറ്റിയാണു പറഞ്ഞതെന്നു പറയുന്നതു പൊളിറ്റിക്കലി ഇൻകറക്ട് ആണോ എന്നറിയില്ല. എന്തായാലും വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചുമൊക്കെയേ ഇപ്പോൾ പറയാറുള്ളൂ.

ചിരിയുടെ കാര്യത്തിൽ കടപ്പാടു സുഹൃത്തുക്കളോടാണ്, കൂടെയുണ്ടായിരുന്നവരോട്. പിന്നെ, ചിരിക്കുന്ന ആളുകളോടും. അവർ ചിരിക്കുന്നതുകൊണ്ടാണല്ലോ നമുക്കു പറയാൻ പറ്റുന്നത്.

വിജീഷ് ഗോപിനാഥ്