Wednesday 12 February 2020 07:32 PM IST

‘ഒരു പെണ്ണിനെയേ പെണ്ണുകാണാൻ പോയിട്ടുള്ളൂ, ആ പെണ്ണിനെത്തന്നെ വിവാഹം കഴിച്ചു’; സകുടുംബം റോഷൻ ആൻഡ്രൂസ്

Sreerekha

Senior Sub Editor

roshan-a റോഷൻ ആൻഡ്രൂസ്, ഭാര്യ ആൻസി, മക്കൾ– ആഞ്ജലീന, റയാൻ, അനബെല്ല

സിനിമ റിലീസ് ആകുന്ന ദിവസം ഒരു ടെൻഷനും ഇല്ലാത്ത സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. പക്ഷേ, ഇ പ്പോഴും തന്റെ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് റോഷന് ഒരു നവാഗത സംവിധായകന്റെ മനസ്സ് ആയിരിക്കും. അതേ അങ്കലാപ്പും വെപ്രാളവും. ഷൂട്ടിങ് ദിനങ്ങളിലെ രാത്രികളിൽ തന്റെ സിനിമയിലെ കഥാപാത്രങ്ങളൊക്കെ റോഷന്റെ മനസ്സിലേക്കു കയറി വരാറുണ്ട്. ആ കഥാപാത്രങ്ങളോട് കടുത്ത പൊസസീവ്നെസും അറ്റാച്ച്മെന്റും തോന്നും. ‘ഹൗ ഒാൾഡ് ആർ യൂ’ ചെയ്യുന്ന സമയത്ത് റോഷന് കുഞ്ചാക്കോ ബോബനോടുള്ള പെരുമാറ്റത്തിൽ അറിയാതെ ദേഷ്യം കലർന്നിരുന്നു. ചാക്കോച്ചൻ ഇക്കാര്യം തുറന്നു ചോദിച്ചപ്പോൾ റോഷൻ പറഞ്ഞു:‘താനെന്റെ നിരുപമയെ വല്ലാതെ കഷ്ടപ്പെടുത്തുന്നു. അതുകൊണ്ടാണ് ഞാനിങ്ങനെ പെരുമാറുന്നത്.’ പുതിയ സിനിമ ‘പ്രതി പൂവൻകോഴി’ ചെയ്യുമ്പോഴും നായിക മാധുരിയോടും മറ്റു ചില കഥാപാത്രങ്ങളോടും വല്ലാത്ത പൊസസീവ്നെസ് തോന്നി. ഇതിൽ വില്ലനായ ആന്റപ്പനായി റോഷൻ തന്നെയാണ് അഭിനയിക്കുന്നത്. അതിനാൽ ഒരു പ്രത്യേക മാനസികാവസ്ഥയിലായി.

‘‘നിരുപമയും ഉദയനും കൊച്ചുണ്ണിയും റോസമ്മയും മാധുരിയും ഒക്കെ എന്റെയാണെന്ന തോന്നലാണ്. അതൊരു ദൗർബല്യം പോലെയാണ്. ഒരു പ്രത്യേകതരം ‘ട്രിപ്’ ആണത്. ഞാനത് ഒരുപാട് ആസ്വദിക്കുന്നു. സിനിമയുടെ റിലീസ് വരെ അങ്ങനെയായിരിക്കും. റിലീസ് കഴിഞ്ഞാൽ പിന്നെ ആ കഥാപാത്രങ്ങൾ എന്റേതല്ല; പ്രേക്ഷകന്റെ ആണ്...’’ റോഷൻ ആൻഡ്രൂസ് ഉറക്കെയുള്ള പതിവു പൊട്ടിച്ചിരിയോടെ പറയുന്നു.

സ്ത്രീകൾക്കു വേണ്ടി സിനിമയിൽ സംസാരിക്കുന്നു. ഫെമിനിസം ഉള്ളിലുണ്ടോ?

ഇല്ല. സ്ത്രീകളോട് വളരെ ബഹുമാനമുണ്ട്. എനിക്ക് ഭാര്യയും രണ്ട് പെൺമക്കളും ഉണ്ട്. ‘പ്രതി പൂവൻകോഴി’ ക ണ്ടിട്ട് സഞ്ജയിന്റെ ഭാര്യ അഞ്ജന പറഞ്ഞു: ‘റോഷൻ, ഈ ഒരു സിനിമ മതി, വർഷങ്ങളോളം സ്ത്രീകൾ നിങ്ങളെ ഇഷ്ടപ്പെടാൻ’. എനിക്ക് ജനിക്കാത്ത എന്റെ പെങ്ങളെപ്പോലെയാണ് അഞ്ജന. എനിക്കു കിട്ടിയ വലിയ അംഗീ കാരമാണ് ആ വാക്കുകൾ. എന്റെ ഭാര്യ ആൻസിയും അ ഞ്ജനയും ഒന്നിച്ചാണു സിനിമ കാണാറുള്ളത്. ഭാര്യ എ ന്റെ നല്ല ക്രിറ്റിക്ക് ആണ്. സ്ക്രിപ്റ്റ് വായിച്ച് അഭിപ്രായം പറയും. അയാൾക്കെന്റെ എല്ലാ സിനിമകളും ഇഷ്ടമാണ്. അറേഞ്ച്ഡ് മാര്യേജായിരുന്നു. ഒരു പെണ്ണിനെയേ പെണ്ണുകാണാൻ പോയിട്ടുള്ളൂ. ആ പെണ്ണിനെത്തന്നെ വിവാഹം കഴിച്ചു. സിനിമയെ വളരെ സ്നേഹിക്കുന്ന വ്യക്തിയെ ജീവിതപങ്കാളിയായി കിട്ടിയത് എന്റെ ഭാഗ്യമാണ്.

roshan-1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

സിനിമയാണ് എന്റെ വഴി’യെന്നു തിരിച്ചറിഞ്ഞത്?

സിനിമ കാണലായിരുന്നു സ്ഥിരം പരിപാടി. സിനിമ കണ്ടു കണ്ടാണ് പഠിച്ചത്. ചെറുപ്രായത്തിൽ വിഡിയോ കസെറ്റ് ലൈബ്രറിയിൽ നിന്ന് കസെറ്റ് വാടകയ്ക്കെടുത്ത് വീട്ടിൽ ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ സിനിമാ ഫെസ്റ്റിവൽ നടത്തുമായിരുന്നു. ഒാരോ ദിവസവും ഒാരോ സിനിമ കാണും. എഴുത്തുകാരൻ പി. എഫ്. മാത്യൂസിനെ കണ്ടുമുട്ടിയത് വഴിത്തിരിവായി. ഇന്റർനാഷനൽ സിനിമകൾ കാണാൻ തുടങ്ങുന്നത് പുള്ളി പറഞ്ഞിട്ടാണ്. ഇത്രയും സിനിമകൾ കാണണം എന്നു പറ‍‍ഞ്ഞ് പുള്ളി എഴുതിത്തന്ന ലിസ്റ്റ് ഇപ്പോഴുമെന്റെ കൈയിലുണ്ട്. പിന്നെ ശ്രീനിവാസനും പ്രചോദനമേകി. ഷാജി കൈലാസ് സാർ, കമൽ സാർ, ഉദയ്കൃഷ്ണ ചേട്ടൻ ഇവരൊക്കെ തന്ന മോട്ടിവേഷൻ വളരെ വലുതാണ്.

ഇപ്പോൾ എന്റെ കൈയിൽ പതിനയ്യായിരത്തോളം സിനിമകളുെട കലക്‌ഷൻ ഉണ്ട്. സിനിമാ സംബന്ധിയായ പുസ്തകങ്ങളുടെ ശേഖരമുണ്ട് ലൈബ്രറിയിൽ. വീട് പണിതപ്പോൾ ആദ്യം തന്നെ ഉണ്ടാക്കിയത് ഒരു തിയറ്ററാണ്. തിയറ്റർ ഉണ്ടാക്കിയിട്ടേ വീടുണ്ടാക്കൂ എന്നായിരുന്നു മനസ്സിലെ തീരുമാനം. വീടിന്റെ ഏറ്റവും മുകളിൽ എനിക്കെഴുതാനുള്ള ഒരു കോർണർ ഉണ്ട്. അവിടെയിരുന്നാൽ മൂന്നു പുഴകൾ കാണാം.

20 വർഷത്തോളം വാടക വീട്ടിൽ കഴിഞ്ഞിട്ട് പിന്നെ സ്വന്തമായി വീടുണ്ടാക്കിയപ്പോഴത്തെ അനുഭവം?

തോപ്പുംപടിക്കടുത്ത് നസ്രത്ത് എന്ന സ്ഥലത്താണു ഞാൻ ജനിച്ചത്. അവിടുത്തെ വീട്ടിൽ 18 വർഷം താമസിച്ചു. പിന്നെയാണ് ആ വീട് ജപ്തി ചെയ്തു പോകുന്നത്. സ്വന്തമായി കുറച്ച് പണം ആയപ്പോ ഞാൻ അപ്പനോടു പറഞ്ഞു. അപ്പാ, അതു നമുക്ക് തിരിച്ചു വാങ്ങാമെന്ന്. അപ്പൻ വേണ്ടെന്ന് പറ‍ഞ്ഞു. അങ്ങനെയാണ് ഇടക്കൊച്ചിയിൽ പുഴത്തീരത്ത് സ്ഥലം വാങ്ങി ഈ വീടു വച്ചത്. അപ്പൻ പറയുന്നതിനപ്പുറം എനിക്ക് ഒന്നുമില്ലായിരുന്നു. അപ്പനാണ് ജീവിതത്തിൽ എന്റെ നട്ടെല്ല്. ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അപ്പനും അമ്മയും ആണ് കാരണം. അവർ തന്ന സ്വാതന്ത്ര്യം ആയിരുന്നു എന്റെ ഇൻവെസ്റ്റ്മെന്റ്. നാടകം, മിമിക്രി, സിനിമ ഇങ്ങനെ ഒാരോ സമയത്തും ഒാരോ കമ്പങ്ങളെ കുറിച്ചു ഞാൻ പറഞ്ഞപ്പോഴൊന്നും. ഒരിക്കലും അപ്പൻ എതിർത്തില്ല. ‘നീ ഏതു വഴി തിരഞ്ഞെടുത്താലും ശരി, അവനവന്റെ ജീവിതം ജീവിച്ചേക്കണം’ –അതു മാത്രമാണ് അപ്പൻ പറഞ്ഞത്.

നസ്രത്തിലെ ആ പഴയ വീട് ഇപ്പോഴും അതേപടിയുണ്ട്. ഇപ്പോഴും എന്റെ ഒാരോ സിനിമയും റിലീസ് ചെയ്യുന്നതിന് ഒരാഴ്ചയ്ക്കിടയിൽ ഞാൻ ആ വീടിരിക്കുന്ന വഴിയിലൂടെ വെറുെത കാറോടിച്ചു പോകാറുണ്ട്... ‘പ്രതി പൂവൻകോഴി’ ഇറങ്ങുന്നതിനു തൊട്ടു മുൻപും ആ വഴി കാറോടിച്ചു പോയി. അതൊരു നൊസ്റ്റാൾജിയ ആണ്.