Thursday 01 September 2022 03:49 PM IST

‘സൂരറൈ പോട്രി’ന്റെ വർക്കിൽ സഹകരിക്കാമോ എന്ന ഒറ്റച്ചോദ്യം... ദേശീയ പുരസ്കാര നിറവിൽ ശാലിനി ഉഷാദേവി

Roopa Thayabji

Sub Editor

salini-usha-devi

മികച്ച തിരക്കഥയ്ക്കു ദേശീയ പുരസ്കാരം നേടിയ മലയാളി ശാലിനി ഉഷാദേവി സംസാരിക്കുന്നു

അവാർഡ് പ്രതീക്ഷിച്ചില്ല

രണ്ടുമൂന്നു വർഷം മുൻപ് തീർത്ത ജോലിക്ക് അവാർഡ് കിട്ടിയത് അപ്രതീക്ഷിതമായ അനുഭവമാണ്. അവാർഡ് വിവരം അറിയുമ്പോൾ ‍ഞാൻ കോവിഡ് പോസിറ്റീവായി തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണ്. മുംബൈ ആസ്ഥാനമായ സികിയ എന്ന പ്രൊഡക്‌ഷൻ ഹൗസിനു വേണ്ടി ഞാനൊരു വെബ് സീരീസ് ചെയ്യുന്ന സമയത്താണ് ‘സൂരറൈ പോട്രി’ന്റെ വർക്കിൽ സഹകരിക്കാമോ എന്നവർ ചോദിച്ചത്. ഒരുപാട് റിസർച് െചയ്ത് വ്യക്തമായ കഥ സുധ കോങ്കാര തയാറാക്കിയിരുന്നു. ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. അങ്ങനെ ഒരാളുടെ കൂടെ ജോലി ചെയ്യുമ്പോൾ നമ്മൾ കൂടുതൽ ക്രിയേറ്റിവാകും.

രണ്ടു വർഷത്തെ അധ്വാനം

ചെലവു കുറഞ്ഞ വ്യോമഗതാഗതമാണ് ‘സൂരറൈ പോട്രി’ന്റെ കഥ. കൂടുതലും ബിസിനസ് കാര്യങ്ങളാണ് വിഷയമാകുന്നതും. അങ്ങനെയൊരു ‘അരസികൻ’ വിഷയത്തെ കൊമേഴ്സ്യൽ സിനിമയുടെ എല്ലാ രസങ്ങളോടും അവതരിപ്പിക്കുക എന്നതായിരുന്നു വെല്ലുവിളി. എഴുതിയും തിരുത്തിയും ആശയങ്ങളിൽ പരസ്പരം കലഹിച്ചും രണ്ടുവർഷത്തോളമെടുത്താണ് ഞാനും സുധയും കൂടി തിരക്കഥ പൂർത്തിയാക്കിത്. ഫൈനൽ എഡിറ്റിങ് കഴിഞ്ഞ് സിനിമ സ്ക്രീനിൽ കണ്ട ദിവസം ഇപ്പോഴും ഓർമയുണ്ട്. ചില സീനുകൾ കണ്ടു രോമാഞ്ചം വന്നു, ചിലയിടത്ത് അറിയാതെ കണ്ണുനിറഞ്ഞു. സിനിമ വാരിക്കൂട്ടിയ അവാർഡുകൾ ആ സന്തോഷം ഇരട്ടിയാക്കി.

ഒന്നും പ്ലാൻ ചെയ്തതല്ല

എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 14 വർഷവും പഠിച്ചത് സെന്റ് തോമസ് റസിഡൻഷ്യൽ പബ്ലിക് സ്കൂളിലാണ്. അതുകഴിഞ്ഞ് ചെന്നൈ സ്റ്റെല്ലാ മാരീസിൽ നിന്ന് ഇംഗ്ലിഷ് ലിറ്ററേച്ചറിൽ ബിരുദവും ഏഷ്യൻ സ്കൂൾ ഓഫ് ജേർണലിസത്തിൽ നിന്ന് ബ്രോഡ്കാസ്റ്റ് ജേർണലിസവും പാസായി. ആ സമയത്ത് ഒരു ഡോക്യുമെന്ററി, ഫിലിം വർക്‌ഷോപ്പിൽ പങ്കെടുത്തതാണ് ടേണിങ് പോയിന്റ്. അതുവരെ കരിയറിനെ കുറിച്ച് ഒന്നും പ്ലാൻ ചെയ്തിരുന്നില്ല. ആ വർക്‌ഷോപ്പിനു ശേഷം സിനിമയോടുള്ള ഇഷ്ടം കൊണ്ട് ചെക്ക് റിപബ്ലിക്കിലെ പ്രാഗ് ഫിലിം സ്കൂളിൽ ഡയറക്‌ഷൻ കോഴ്സിനു ചേർന്നു. തിരികെ വന്നത് സ്വന്തം സിനിമയെന്ന മോഹവുമായാണ്.

സ്വന്തം സിനിമ ഉടൻ

2011ലാണ് ഞാൻ സംവിധാനം ചെയ്ത സിനിമ റിലീസായത്, ‘അകം’. ഫഹദ് ഫാസിലും അനുമോളും നായികാനായകന്മാരായ അതിന്റെ കഥ മലയാറ്റൂരിന്റെ ‘യക്ഷി’യെ ആസ്പദമാക്കിയായിരുന്നു. പരസ്യചിത്രങ്ങളിൽ അസിസ്റ്റന്റായും നോൺ ഫിക്‌ഷൻ പ്രോഗ്രാമുകളിൽ കോ– പ്രൊഡ്യൂസറായും ചില സിനിമകളുടെ ക്രിയേറ്റിവ് കൺസൽറ്റന്റായും ജോലി ചെയ്തു. നെറ്റ്ഫ്ലിക്സിനു വേണ്ടി ‘ട്രൂ ക്രൈം’ സീരീസ് സ്ക്രിപ്റ്റ് എഴുതി. അത് ഉടൻ റിലീസാകും. മലയാളത്തിൽ മറ്റൊരു സംവിധായകനു വേണ്ടി തിരക്കഥയെഴുതിയ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. എഴുതി, സംവിധാനം ചെയ്യുന്ന പുതിയ സിനിമ അടുത്ത വർഷം തുടങ്ങാനാണ് പ്ലാൻ, ഹിന്ദിയിലാകും അത്.

എഴുത്തും വായനയും

കുട്ടിക്കാലം തൊട്ടേ അമ്മൂമ്മ കഥകൾ വായിച്ചു തരുമായിരുന്നു, ഇപ്പോഴും ഈ കഥ പറച്ചിൽ തുടരുന്നുണ്ട്. അങ്ങനെയാകും എനിക്കും കഥ പറയാൻ ഇഷ്ടം വന്നത്. കഥകളും നോവലും ലേഖനങ്ങളുമൊക്കെ വായിക്കാനും എഴുതാനും വലിയ താൽപര്യമാണ്. പ്രസിദ്ധീകരിക്കാനായി കുറേ എഴുതി വച്ചിട്ടുണ്ട്, സമയമാകുമ്പോൾ പറയാം. അഡാപ്റ്റേഷനാണ് മറ്റൊരു പ്രിയം. അങ്ങനെയുള്ള രണ്ടു വർക്കുകളാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.