Saturday 15 October 2022 02:46 PM IST : By സ്വന്തം ലേഖകൻ

‘ജൂണിന്റെ’ സെറ്റില്‍ മൊട്ടിട്ടു സൗഹൃദം, അതു വൈകാതെ പ്രണയമായി: ‘കരിക്കിലെ കൊച്ച്’ ശ്രുതി സുരേഷ് പറയുന്നു

sruthy-suresh

‘പാൽതൂ ജാൻവറി’ലെപ്രധാന വേഷത്തിലൂടെ ‘കരിക്കിലെ കൊച്ച് ’ശ്രുതി സുരേഷ് നായികയാകുമ്പോൾ

ബേസിലിന്റെ ജോടി...

പാൽതു ജാൻവർ എന്നു സ്കൂളിൽ പഠിച്ചിട്ടുണ്ടെങ്കിലും ഞാൻ കരുതിയിരുന്നത് പാൽ തരുന്ന ജീവി എന്നായിരുന്നു. പാൽതുവിന്റെ ആലോചന നടക്കുമ്പോൾ മുതൽ സംവിധായകനും അന്ന് എന്റെ ഭാവിവരനുമായ സംഗീതേട്ടന് (സംഗീത് പി. രാജൻ) ഒപ്പം ഞാനുമുണ്ട്. അന്നൊന്നും എനിക്ക് സിനിമയിൽ കഥാപാത്രമുണ്ടാകുമെന്ന് കരുതിയില്ല. ഒരു ദിവസം അസോ. ഡയറക്ടർ രോഹിത് ഏട്ടൻ ഭാവന സ്റ്റുഡിയോസിന്റെ അടുത്ത സിനിമയിൽ അവസരമുണ്ടെന്നു പറഞ്ഞു വിളിക്കുകയായിരുന്നു. സംഗീതേട്ടൻ നിർദേശിച്ചിട്ടാണോ ചാൻസ് കിട്ടയത് എന്ന ചെറിയ ആശങ്കയോടെ സെറ്റിലെത്തിയപ്പോൾ ശ്യാംചേട്ടൻ (ശ്യാം പുഷ്കരന്‍) പറഞ്ഞു, ‘ബേസിലിന്റെ ജോടിയായി നീ നന്നാകുമെന്ന് ഉണ്ണിമായയാണ് നിർദേശിച്ചത്.’ അതെനിക്ക് ഒരുപാട് ആത്മവിശ്വാസം തന്നു.

ഒരു ദിവസം, അര സീൻ...

പാൽതുവിലെ സ്റ്റെഫി മുഴുനീള കഥാപാത്രമാണെങ്കിലും എനിക്ക് ഒരു ദിവസത്തെ ഷൂട്ടിങ് മാത്രമേ ഉ ണ്ടായിരുന്നുള്ളൂ. അന്ന് മറ്റ് അഭിനേതാക്കളൊന്നും സെറ്റിലില്ല, എന്റെ ഷോട്സ് മാത്രം. പിന്നെ, ബേസിലേട്ടനൊപ്പം അര സീൻ.

ഇവിടംവരെയുള്ള യാത്രയിൽ ‘കരിക്ക്’ ആണ് വ ലിയ ബ്രേക് തന്നത്. കരിക്കിന്റെ മുട്ടൻ ഫാൻ ആയിരുന്നു ഞാൻ. ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവിൽ’ സംഗീതേട്ടൻ ചീഫ് അസോഷ്യേറ്റ് ആണ്. അതിൽ കരിക്കിലെ അനുചേട്ടനും അർജുന്‍ ചേട്ടനും അഭിനയിക്കുന്നുണ്ട്. എങ്ങനെയെങ്കിലും എനിക്കവരെ കാണണമെന്ന് നിർബന്ധിച്ച്, ഒടുവിൽ ഡബ്ബിങ് സമയത്ത് സ്റ്റുഡിയോയിൽ ചെന്നു കണ്ടിട്ടുണ്ട്. ആ ഫാൻ ഗേൾ മൊമന്റിൽ നിന്നാണ് ‘കരിക്കി’ന്റെ ഫ്രെയിമിലെത്തിയത്. മനസ്സിൽ ആത്മാർഥമായി ആഗ്രഹിച്ചാൽ അതു നടക്കുമെന്ന് വിശ്വസിച്ച മൊമന്റ് ആയിരുന്നു അത്.

കല്യാണകച്ചേരി...

അഞ്ചു വയസ്സുള്ളപ്പോഴാണ് അഭിനയത്തിൽ കുഞ്ഞിക്കാൽ വച്ചത്. സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ടെലിഫിലിമിലൂടെ. ‘ജൂൺ’ സിനിമയിൽ പ്ലസ്‌ടൂക്കാരിയായി എത്തുമ്പോൾ ഞാൻ പിജിക്ക് പഠിക്കുകയാണ്. ‘കല്യാണക്കച്ചേരി’ എന്ന വെബ് സീരീസ് കണ്ടിട്ടാണ് ‘അർച്ചന 31’ ലെ അവസരം കിട്ടുന്നത്. ‘അന്താക്ഷരി’യിലെ പൊലീസ് കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

‘ജൂണി’ൽ ചീഫ് അസോഷ്യേറ്റായിരുന്നു സംഗീതേട്ട ൻ. സൗഹൃദം വൈകാതെ പ്രണയമായി. വീട്ടുകാരുടെ അനുഗ്രഹത്തോട ഈ സെപ്റ്റംബർ 11ന് ആയിരുന്നു കല്യാണം. തിരുവോണം, സംഗീതേട്ടന്റെ ആദ്യ സിനിമ, കല്യാണം... എല്ലാം കൊണ്ടും ഓണക്കാലം കളറായി.

കരിക്കിലെ കൊച്ച്...

‘നമ്മുടെ കരിക്കിലെ കൊച്ച്’ എന്നാണ് ഇപ്പോഴും ആ ളുകൾ വിളിക്കുന്നത്. ‘കരിക്കി’ലെ കിരൺ ചേട്ടൻ എ ന്റെ ചേട്ടന്റെ സുഹൃത്താണ്. അങ്ങനെയാണ് ഫ്ലിക്കിലെ ‘റോക് പേപ്പര്‍ സിസ്സേഴ്സി’ൽ എത്തുന്നത്. നിഷ്കളങ്കതയും പൊട്ടത്തരവും കലർന്ന, എന്തു കാര്യത്തിലും ഓവർ എക്സ്പ്രസീവ് ആയ ‘ആതു’ പ്രേക്ഷകരുടെ മനസ്സിലേറി. പിന്നീട് കരിക്കിലെ തന്നെ ‘പ്ലസ് ടൂ’വിലും അഭിനയിച്ചു. ‘സ്റ്റാറി’ലെ അനുച്ചേട്ടന്റെ ഭാര്യവേഷത്തിനു ശേഷമാണ് എനിക്ക് സീരിയസ് ക ഥാപാത്രങ്ങളും തരക്കേടില്ലാതെ ചെയ്യാൻ കഴിയുമെന്ന് ആളുകൾക്ക് മനസ്സിലായതെന്നു തോന്നുന്നു. ആ കഥാപാത്രം കണ്ടിട്ട് സിനിമയിൽ നിന്ന് അവസരങ്ങ ൾ വന്നിട്ടുണ്ട്.

തിരുവല്ല ടു തിരുവനന്തപുരം...

സ്വന്തം നാട് തിരുവല്ലയാണ്. ഞാൻ മാസ് കമ്യൂണിക്കേഷൻ ഡിഗ്രിക്ക് മാർ ഇവാനിയോസിൽ ചേർന്നപ്പോൾ അച്ഛനും അമ്മയും എനിക്കൊപ്പം തിരുവനന്തപുരത്തേക്ക് ചേക്കേറി. ചേട്ടൻ സൂരജ് ആ സമയത്ത് ദുബായിലായിരുന്നു. ഏഴു വർഷമായി തിരുവനന്തപുരംകാരാണ് ഞങ്ങൾ. അച്ഛൻ സുരേഷിന് ബിസിനസ് ആണെങ്കിലും സിനിമാ മേഖലയിലും സജീവമാണ്. ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

അച്ഛൻ സംവിധാനം ചെയ്ത ‘കുപ്പിവള’ യാണ് ഞാൻ അഭിനയിച്ച ആദ്യ സിനിമ. ചേട്ടൻ ‘ക്വീൻ’ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അമ്മ അനിത ഞങ്ങളുടെ പ്രോത്സാഹനവും പിന്തുണയുമായി വീട്ടുഭ രണം.

ആർഡിഎക്സ്, സ്ഥാനാർഥി ശ്രീക്കുട്ടൻ എന്നീ സിനിമകളുടെ ഷൂട്ട് ഉടൻ തുടങ്ങും.

അമ്മു ജൊവാസ്

ഫോട്ടോ : പ്രണോയ് സത്യ,  വൈറ്റ് ഓൽ വെഡ്ഡിങ്സ്