Saturday 02 April 2022 04:13 PM IST

‘രണ്ടു പേരുണ്ടെന്ന് ആദ്യമാസം കഴിഞ്ഞപ്പോൾ തന്നെ അറിഞ്ഞു’: 48ൽ ‘ഇരട്ടസൗഭാഗ്യം’: സുമ ജയറാം പറയുന്നു

Rakhy Raz

Sub Editor

suma-jayaram

നൂറുകോടി ക്ലബിൽ കയറിയ സിനിമയിലെ നായിക ആയതിനേക്കാൾ സ ന്തോഷത്തിലാണ് ഇപ്പോൾ സുമ ജയറാം. നാൽപത്തിയെട്ടാം വയസ്സിൽ ഇരട്ടക്കുട്ടികളുടെ അമ്മയായതിന്റെ ആനന്ദം തിളങ്ങുന്നുണ്ട് കണ്ണിലും ചിരിയിലും.

സിനിമയുടെ ഇന്നലെകളിലെ ആ അഭിനേത്രിയുടെ മനസ്സിൽ ഇപ്പോഴും അഭിനയത്തോടുള്ള ഇ ഷ്ടം പഴയതു പോലെ തന്നെ. സിനിമയെക്കുറിച്ച് ചോദിച്ചപ്പോൾ അതു നമ്മുടെ ചുറ്റുവട്ടത്തു തന്നെ ഇപ്പോഴുമുണ്ടല്ലോ എന്നായിരുന്നു സുമയുടെ മറുപടി. പക്ഷേ, ഇപ്പോൾ സുമ ജയറാമിന്റെ ലോകം ഈ പൊന്നോമനകൾക്ക് ചുറ്റുമാണ്. പുതിയ ജീവിതവിശേഷങ്ങൾ കേട്ട് സുമ ജയറാമിനൊപ്പം.

ഇരട്ടകുട്ടികളാണെന്ന് എ പ്പോഴാണ് അറിഞ്ഞത് ?

രണ്ടുപേരുണ്ടെന്ന് ആദ്യമാസം കഴിഞ്ഞപ്പോൾ തന്നെ അറി‍ഞ്ഞു. ആണായാലും പെണ്ണായാലും ആരോഗ്യമുള്ള കുഞ്ഞാകണേ എന്നായിരുന്നു എന്റെയും ഭർത്താവ് ലല്ലുഷിന്റെയും പ്രാർഥന.

ഞങ്ങൾക്ക് മിടുക്കരായ രണ്ട് ആൺ കുഞ്ഞുങ്ങളെ കിട്ടി. ഇപ്പോ ൾ ഒരു മാസം കഴിഞ്ഞതേയുള്ളൂ. പരമ്പരാഗത രീതിയിലാണ് ഞങ്ങൾ കുഞ്ഞുങ്ങൾക്ക് പേരിട്ടത്. ഒ രാൾ ആന്റണി ഫിലിപ്പ് മാത്യു. രണ്ടാമൻ ജോർജ് ഫിലിപ്പ് മാത്യു.

ലല്ലുഷിന്റെ മമ്മിയുടെ അച്ഛന്റെ പേരാണ് ആന്റണി. എന്റെ മമ്മിയുടെ അച്ഛന്റെ പേരാണ് ജോർജ്. ഞാൻ ഏറെ ഭക്തി അർപ്പിച്ച പുണ്യാളന്മാരാണ് സെന്റ് ആന്റണിയും സെന്റ് ജോർജും. ആ പേരുകളാണ് മക്കൾക്ക് നൽകിയത്. ആന്റണിക്ക് തങ്കച്ചൻ എന്നും ജോർജിന് ജോർജിയെന്നുമാണ് ചെല്ലപ്പേരുകൾ.

നാൽപ്പത്തിയെട്ടാം വയസ്സിൽ അമ്മയാകുക പ്രയാസം ഉണ്ടാക്കിയിരുന്നോ ?

വയസ്സ് എന്നെ ഒരിക്കലും പിന്നോട്ട് വലിച്ചിരുന്നില്ല. സദാ മനസ്സിൽ ഇരുപതുകാരിയെ സൂക്ഷിക്കുന്ന ആളാണ് ഞാൻ. 2013ലായിരുന്നു ഞങ്ങളുടെ വിവാ ഹം. അന്നെനിക്ക് 37 വയസ്സ്.

പ്രായം എഴുപതായാലും അടിപൊളിയായി ജീവിക്കണം എന്നാണ് ആഗ്രഹം. നന്നായി ആരോഗ്യം ശ്രദ്ധിക്കും. ട്രെൻഡി വസ്ത്രം ധരിക്കും. അല്ലാതെ ‘അയ്യോ, ഇനി ഇങ്ങനെയൊക്കെ നടക്കാമോ’ എന്നൊന്നും ഞാൻ ചിന്തിക്കാറില്ല. സമ്മർദങ്ങൾ ബാധിക്കാതെ മനസ്സിനെ സൂക്ഷിക്കണം. ഏതു പ്രായത്തിലായാലും ആരോഗ്യത്തിലും സൗന്ദര്യത്തിലും ശ്രദ്ധ വേണം എന്നാണ് എന്റെ തോന്നൽ. കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നീണ്ടപ്പോൾ ചികിത്സ തേടിയിരുന്നു. എത്ര മികച്ച ചികിത്സ ആയാലും കുഞ്ഞുങ്ങൾ എന്ന അനുഗ്രഹം ലഭിക്കാൻ ദൈവകൃപ കൂടി ഉണ്ടാകണം എന്നാണ് എന്റെ വിശ്വാസം. ആ അനുഗ്രഹം ഞങ്ങൾക്ക് കിട്ടി.

രാത്രി എട്ടരയ്ക്ക് ഉറക്കം. രാവിലെ നാലരയ്ക്ക് ഉണരും. അതായിരുന്നു എന്റെ പതിവ്. ആ സമയക്രമം ഒക്കെ മാറി. ഇപ്പോൾ മക്കളാണ് എന്റെ ക്ലോക്. അവരുടെ ഉറക്കം അനുസരിച്ചാണ് എന്റെ ഉറക്കവും. ആദ്യ ആഴ്ച ശരിക്കും ബുദ്ധിമുട്ടി. ഇപ്പോൾ ശീലമായി. സഹായി ഉണ്ട്. എങ്കിലും മക്കളുടെ കാര്യങ്ങൾക്ക് നമ്മൾ തന്നെ വേണം. അവരുടെ കാര്യങ്ങളെല്ലാം ഒരുമിച്ചാണ്. ഉണരുന്നതും ഉറങ്ങുന്നതും എല്ലാം ഒരേ സമയത്ത്.

സിനിമയുടെ ചുറ്റുവട്ടത്ത് ഉണ്ട് എന്നു പറഞ്ഞല്ലോ ?

മമ്മൂക്ക നായകനായ ഭീഷ്മയിൽ, നായികയുടെ അമ്മ കഥാപാത്രം അവതരിപ്പിച്ചത് എന്റെ അമ്മ മേഴ്സി ജോർജാണ്. എനിക്ക് ഒരനുജത്തിയും രണ്ട് അനുജന്മാരും ആണ്. എന്റെ അനുജത്തി തെരേസ റാണി വിവാഹം ചെയ്തത് സംവിധായകനും നിർമാതാവുമായ അൻവർ റഷീദിനെയാണ്. ‘ഭൂതകാലം’ സിനിമയുടെ നിർമാതാവ് തെരേസയാണ്.

അനുജന്മാർ ബോബിയും ബോണിയും സിനിമയുടെ അക്കൗണ്ടിങ് മേഖലയിലാണ് ജോലി ചെയ്യുന്നത്. ബോബിയുടെ മക്കൾ അഭയും സൂരജും ട്രാൻസ്, വെയിൽ എന്നീ സിനിമകളിൽ അഭിനയിച്ചു. ഞാൻ ഇതിനിടെ ‘ആദി’ എ ന്നൊരു സിനിമയുടെ നിർമാതാവായി. സിനിമ ചുറ്റുവട്ടത്തല്ല, വീട്ടിൽ തന്നെയുണ്ടെന്ന് പറയാം.

എന്നിട്ടുമെന്താണ് അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ?

ഇപ്പോൾ എനിക്ക് അഭിനയിക്കണം എന്നു തോന്നിയാൽ അവസരം ലഭിക്കാൻ പ്രയാസം ഇല്ല. മുൻപ് അങ്ങനെ ആയിരുന്നില്ല. എന്റെ അച്ഛൻ ജോർജ് നേരത്തേ മരിച്ചു. വീട്ടിലെ മൂത്ത കുട്ടി എന്ന നിലയ്ക്ക് കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്നപ്പോഴാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. ‘മൂന്നാം മുറ’ ആയിരുന്നു ആദ്യ സിനിമ. ‘കുട്ടേട്ടൻ’, ‘ഉത്സവപിറ്റേന്ന്’ തുടങ്ങി ഒരുപാട് സിനിമകൾ ചെയ്തു. കസ്തൂരിമാൻ ആണ് ഒടുവിൽ അഭിനയിച്ച സിനിമ.

അന്നത്തെ സിനിമാ ലോകം ഇന്നത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. പാരവയ്പും പ്രശ്നങ്ങളും ഒക്കെ ഇന്നത്തേതിനെക്കാൾ കൂടുതൽ. ചാൻസിനു വേണ്ടി ആരുടെയും കാലുപിടിക്കാൻ ഞാൻ തയാറായിരുന്നില്ല. ആരുടെയും ചാൻസ് കളയാൻ ശ്രമിച്ചിട്ടുമില്ല. ഒരുപാട് നഷ്ടങ്ങൾ അഭിനയ രംഗത്ത് അന്ന് എനിക്ക് ഉണ്ടായി. കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല.

രാഖി റാസ്

ഫോട്ടോ: ബേസിൽ പൗലോ