മുടി കണ്ടു വന്ന വിളി
ഒരു ദിവസം ഉണ്ണി മുകുന്ദൻ ചേട്ടന്റെ മെസേജ് വന്നു. ഒരു പ്രൊജക്ട് തുടങ്ങുന്നു, അതിനു വേണ്ടി സംസാരിക്കാനാണെന്ന്. ഞാൻ വിളിച്ചപ്പോൾ ഹനീഫ് അദേനി സാറുമായി കണക്ട് ചെയ്തു. മുടിയും താടിയുമൊക്കെ നീട്ടിയ ഫോട്ടോ കണ്ടാണ് റസൽ ഐസക് എന്ന റോളിലേക്കു പരിഗണിച്ചത്. പക്ഷേ, അപ്പോഴേക്കും ഞാൻ മുടി വെട്ടിയിരുന്നു. ‘സാരമില്ല വരൂ’ എന്നു ഹനീഫ് സാർ പറഞ്ഞു. അച്ഛനോടു പറഞ്ഞപ്പോൾ ‘ഉണ്ണിയുടെയും ഹനീഫിന്റെയും സിനിമയല്ലേ, നീ ചെന്നു കഥ കേൾക്ക്’ എന്നായിരുന്നു മറുപടി. വില്ലൻ ആണെന്ന് ആദ്യമേ പറഞ്ഞിരുന്നു. പക്ഷേ, ആൾ ഒരു സൈക്കോ ആണെന്നു കൂടി പറഞ്ഞതോടെ ഞാൻ ഹാപ്പി. ഇതുപോലെ മികച്ച തുടക്കമാണു ആഗ്രഹിച്ചത്. കൊതിച്ചതിലും എത്രയോ മുകളിലാണ് കിട്ടിയ സ്വീകരണം. ഇപ്പോൾ ധാരാളം അവസരങ്ങൾ വരുന്നുണ്ട്. നല്ലതു തിരഞ്ഞെടുത്ത് മുന്നോട്ടു പോകണം.
കുട്ടിക്കാലത്തേ മോഹിച്ചത്
അച്ഛച്ചനെയും അച്ഛനെയും കണ്ടു വളർന്നതിനാലാകാം നടൻ ആകണമെന്ന മോഹം ചെറുപ്പത്തിലേ മനസ്സിലുറച്ചതാണ്. കുട്ടിക്കാലത്ത് അച്ഛനൊപ്പം സ്ഥിരം ലൊക്കേഷനുകളിൽ പോയിരുന്നു. സ്കൂളിലും കോളജിലും പഠിക്കുമ്പോൾ അവസരങ്ങൾ വന്നതുമാണ്. പഠനം കഴിഞ്ഞു മതി എന്ന നിലപാടായിരുന്നു വീട്ടിൽ. ഞാനൊരു ജോലി കണ്ടെത്തി, ജീവിതം സുരക്ഷിതമാക്കിയ ശേഷം സിനിമയില്‍ ശ്രമിച്ചാൽ മതി എന്ന അഭിപ്രായമായിരുന്നു അമ്മ ഉഷ ഷമ്മിക്ക്. അച്ഛൻ നേരെ തിരിച്ചാണ്, ‘സിനിമയിൽ അഭിനയിക്കണോ? അഭിനയിക്ക്...’ എന്ന ലൈൻ. മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞു കുറച്ചു കാലം ഫോർഡിൽ ജോലി ചെയ്തു. അതിനുശേഷം സുഹൃത്തുക്കളുമായി ചേർന്ന് ബിസിനസ് തുടങ്ങി. കാറുകളുടെ പെയിന്റിങ്ങും മോഡിഫിക്കേഷനുമൊക്കെയാണ്. സെറ്റിൽ ആയി എന്നു തോന്നിയപ്പോഴാണ് സിനിമയിൽ സജീവമായ ശ്രമങ്ങളാരംഭിച്ചത്.
വിശ്വാസം കാക്കാൻ
അച്ഛച്ചന്റെയും അച്ഛന്റെയും പേര് ചീത്തയാക്കരുതല്ലോ. അഭിനയിച്ചു തുടങ്ങിയ ആദ്യ ദിവസങ്ങളിൽ ആ ടെൻഷൻ ഉണ്ടായിരുന്നു. പതിയെ അതു മാറി. അഭിനയത്തിൽ മുൻപരിചയമില്ലാത്ത ഒരാളെ ഇത്രയും നല്ല റോൾ വിശ്വസിച്ചേൽപ്പിച്ച ഉണ്ണിച്ചേട്ടനെയും ഹനീഫ് സാറിനെയും നിർമാതാവ് ഷെരീഫ് മുഹമ്മദിനെയും നിരാശപ്പെടുത്തരുതെന്നും കരുതി. എല്ലാം നന്നായി വന്നതിൽ സന്തോഷം. അഭിനയത്തേക്കാൾ പ്രയാസമായി തോന്നിയത് ഡബ്ബിങ്ങാണ്. അഭിനയിക്കുമ്പോൾ കൊടുക്കുന്ന ഫീൽ വീണ്ടും റിക്രിയേറ്റ് ചെയ്യുന്നത് അത്ര എളുപ്പമല്ലല്ലോ. സിനിമ കണ്ടശേഷം നന്നായി എന്നു അച്ഛൻ പറഞ്ഞു. അമ്മ പറഞ്ഞതു സിനിമ ആസ്വദിക്കാൻ വീണ്ടും ഒന്നു കൂടി കാണണമെന്നാണ്. ഞാൻ എങ്ങനെയാണ് അഭിനയിച്ചത് എന്ന ടെൻഷനോടെയാണ് ആദ്യം സിനിമ കണ്ടതത്രേ.
അച്ഛച്ചന്റെ കേശു
അച്ഛച്ചന്റെ ഓർമകൾ ഒത്തിരിയുണ്ട്. ആദ്യത്തെ കൊച്ചുമോനാണ് ഞാൻ. കേശു എന്നാണ് എ ന്നെ വീട്ടിൽ വിളിക്കുന്നത്. അച്ഛച്ചന്റെ അച്ഛന്റെ പേര് കേശവൻ എന്നാണ്. കുട്ടിക്കാലത്തൊക്കെ അച്ഛച്ചന്റെ ഫ്ലാറ്റിലിരുന്ന് ഞാൻ എന്തെങ്കിലും കുസൃതി കാണിക്കുമ്പോള്‍ ‘എടാ റാസ്ക്കൽ...’ എന്നു വിളിക്കും. സിനിമയിലൊക്കെ കേൾക്കും പോലെയുള്ള ശൈലിയിലാണ് വിളി. എന്നെ വലിയ ഇഷ്ടമായിരുന്നു. അച്ഛച്ചന്റെ കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടം കിലുക്കത്തിലേതാണ്. ഉസ്താദ് ഹോട്ടൽ, മൂക്കില്ലാ രാജ്യത്ത്, ഗോഡ്ഫാദർ സിനിമകളിലെ കഥാപാത്രങ്ങളും ഇഷ്ടമാണ്. അച്ഛൻ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ‘പ്രജ’യിലെ ബലരാമനാണ് ഏറെ പ്രിയപ്പെട്ടത്. കസ്തൂരിമാനിലെ കഥാപാത്രവും ‘നേര’ത്തിലെ ഊക്കൻ ടിന്റുവും ഇഷ്ടമുള്ള റോളുകളാണ്.
വി. ജി. നകുൽ