Saturday 17 October 2020 02:58 PM IST

‘പണ്ടു മുതലേ സെലിബ്രേഷൻസ് ഇല്ലാത്ത സെലിബ്രിറ്റിയാണ് ഞാൻ, ഈവും മക്കളുമാണ് ലോകം’; ബാബു ആന്റണിയുടെ വീട്ടിലെ നാലുപേരും കരാട്ടേക്കാർ, പുതിയ വിശേഷങ്ങൾ

Roopa Thayabji

Sub Editor

babu664)_0001

കോവിഡിന്റെ ഭീതിയൊന്നും അമേരിക്കയിൽ എത്തിയിട്ടേ ഇല്ലെന്നു തോന്നും ബാബു ആന്റണിയെ കണ്ടാൽ. പുലർച്ചെ പ്രാക്ടീസും എക്സർസൈസും കഴിഞ്ഞാൽ നേരേ മാർഷ്യൽ ആർട്സ് ക്ലാസിലേക്ക്. ഉച്ചയ്ക്ക് ഭാര്യ ഇവ്ജെനിയ ഉണ്ടാക്കുന്ന നാടൻ കുത്തരി ചോറും മോരുകറിയും കാബേജ് തോരനും മീൻ പൊരിച്ചതും കൂട്ടി ഉഷാറായൊരു കോട്ടയം സ്റ്റൈൽ ഊണ്. വൈകിട്ട് മക്കളെയും കൂട്ടി ബീച്ചിലൊരു കറക്കം. ഇടയ്ക്ക് അഭിനയവും സിനിമാ ചർച്ചകളും.

സ്കൂൾ ഓഫ് മാർഷ്യൽ ആർട്സിന്റെ ക്ലാസുകൾ ഓൺലൈൻ ആയതൊഴിച്ചാൽ കോവിഡ് കാലമൊന്നും തങ്ങളെ ബാധിച്ചിട്ടേയില്ല എന്നു പറഞ്ഞ് ബാബു ആന്റണി കൂളായി ചിരിക്കുന്നു.

 ‘‘വലിയ രാജ്യമായതു കൊണ്ടാകും, ലോക് ഡൗണിന്റെ ഫീൽ ഇവിടത്തുകാർക്ക് ഇല്ല. സോഷ്യൽ ഡിസ്റ്റൻസിങ്ങുണ്ടെങ്കിലും ഇപ്പോൾ എല്ലായിടവും ഓപൺ ആയി. പണ്ടു മുതലേ സെലിബ്രേഷൻസ് ഇല്ലാത്ത സെലിബ്രിറ്റിയാണ് ഞാൻ. ഈവും മക്കളുമാണ് ലോകം. അതുകൊണ്ട് ലോക്ഡൗണും ഞങ്ങൾ വീട്ടിൽ ആഘോഷിച്ചു...’’

പുതിയ ചില സന്തോഷങ്ങളുടെ തിളക്കം കൂടിയുണ്ട് ബാബു ആന്റണിയുടെ വാക്കുകളിൽ.

സെലിബ്രേഷനില്ലാത്ത സെലിബ്രിറ്റിയോ?

എന്റെ പാർടിയും സെലിബ്രേഷനുമൊക്കെ ഹോംലി ആണ്. മുമ്പ് സിനിമാനടൻ എന്ന ഇമേജുള്ളതു കൊണ്ട് നാട്ടിലൊന്നും അങ്ങനെ കറങ്ങി നടക്കാൻ പറ്റില്ലായിരുന്നു. അതുകൊണ്ട് വീട്ടിലിരിപ്പ് നല്ല ശീലമായി. 24 മണിക്കൂറും ജോലി ചെയ്യുന്ന ആളാണ് ഞാൻ. അഭിനയവും മാർഷ്യൽ ആർട്സ് അക്കാഡമിയും വീടും. ഇന്ത്യയിലും അമേരിക്കയിലും റഷ്യയിലും ഗൾഫിലുമായി ഭൂമിയുടെ നാലു കോണിലും പറന്നുനടക്കുകയായിരുന്നു. ഇപ്പോൾ ക്ലാസ്സൊക്കെ ഓൺലൈനായി.

എന്നു കരുതി ആഘോഷങ്ങളൊന്നും ഇല്ലെന്നു വിചാരിക്കല്ലേ. വിവാഹവാർഷികവും പിറന്നാളുമൊക്കെ അടിപൊളിയാക്കാറുണ്ട്. ജനുവരി 15ന് വിവാഹവാർഷികം ആഘോഷിച്ചതിനു പിന്നാലെയാണ് ലോക്ഡൗൺ വന്നത്. ആർതറിന്റെ ജന്മദിനം മെയ് 31 ന് ആയിരുന്നു. അലക്സിന്റേത് ജൂൺ 25നും. ഫെബ്രുവരിയിൽ എന്റെ ജന്മദിനവും ജൂലൈയിൽ ഈവിന്റെ ജന്മദിനവുമായിരുന്നു. എല്ലാം സെലിബ്രേറ്റ് ചെയ്തു.

ലോക്ഡൗൺ വന്നതിനു ശേഷം എക്സർസൈസ് ചെയ്യാനും എഴുതാനും വായനയ്ക്കുമൊക്കെ കൂടുതൽ സമയം കിട്ടി. ഈവിന്റെ പിയാനോ ക്ലാസും ഓൺലൈൻ ആയാണ് നടക്കുന്നത്. ഇടയ്ക്ക് മക്കളെയും കൂട്ടി ബീച്ചിലും പാർക്കിലുമൊക്കെ പോകും. രാജ്യത്തിനു പുറത്തേക്കുള്ള യാത്ര മാത്രമേ നടക്കാതെയുള്ളൂ.

20200813_180338-(2)

കരാട്ടെയെന്നും ആക്ഷൻ ഹീറോ എന്നും കേട്ടാൽ മലയാളി ഇപ്പോഴും ബാബു ആന്റണിയെ ഓർക്കും ?

അപ്പൻ ടി.ജെ ആന്റണി പൊൻകുന്നത്തെ മലഞ്ചരക്ക് വ്യാപാരിയും കർഷകനും ആയിരുന്നു. അമ്മച്ചി മറിയം സാധാരണ നസ്രാണി വീട്ടമ്മ. ബോർമയിൽ പണി ചെയ്യുന്ന ഗോവിന്ദൻ ചേട്ടന്റെ മസിലുകൾ കണ്ടാണ് കളരിയോട് ഇഷ്ടം തോന്നിയത്. പിന്നെ കരാട്ടെയായി മോഹം. അതു കഴിഞ്ഞ് മിക്സഡ് മാർഷ്യൽ ആർട്സ് പഠിച്ചു. കരാട്ടെയിൽ തേർഡ് ഡാൻ ബ്ലാക് ബെൽറ്റ് എനിക്കുണ്ട്, തായ്ക്കോണ്ടോയിൽ സെക്കൻഡ് ഡാൻ ബ്ലാക് ബെൽറ്റും.

അമേരിക്കയിൽ നിന്ന് ഒരു കൊറിയൻ മാസ്റ്ററുടെ കീഴിൽ തായ്ക്കോണ്ടോ, സാൻ ഫ്രാൻസിസ്കോയിലെ സിൽവർ ഡ്രാഗൺ കുങ്ഫു സ്കൂളിൽ നിന്ന് ചൈനീസ് മാസ്റ്റർമാരുടെ കീഴിൽ കുങ്ഫു, ജാപ്പനീസ് മാസ്റ്ററുടെ അടുത്തുനിന്ന് ഐകിഡോ ഒക്കെ പഠിച്ചു. ഫ്രഞ്ച് കിക്ക് ബോക്സിങ്ങായ സെവാത്, ബ്രസീലിയൻ മാർഷ്യൽ ആർട്ട്സായ ജ്യൂജിറ്റ്സ്യു ഒക്കെ പഠിച്ചു. മിക്സഡ് മാർഷ്യൽ ആർട്ട്സിൽ സിക്സ്ത് ഡാൻ ബ്ലാക് ബെൽറ്റുണ്ട്. വേൾഡ് മിക്സഡ് മാർഷ്യൽ ആർട്ട്സ് അസോസിയേഷന്റെ അംഗീകാരമുള്ള പദവിയാണത്.

‘ചിലമ്പ്’ എന്ന ആദ്യചിത്രത്തിൽ കരാട്ടെ ചെയ്യുന്ന റോളായിരുന്നു. അതിനു ശേഷം അഭിനയിച്ച ‘പൂവിനു പുതിയ പൂന്തെന്നൽ’ അഞ്ചുഭാഷകളിൽ റിലീസ് ചെയ്തതോടെ ആക്ഷൻ റോളുകളുടെ പെരുമഴയായി. മിക്ക സ്റ്റണ്ട് സീനുകളിലും ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്. ‘കാർണിവൽ’ എന്ന സിനിമയ്ക്കു വേണ്ടി മരണക്കിണറിൽ ബൈക്ക് ഓടിച്ചു. ആക്ഷൻ മാത്രമല്ല, സമാന്തരസിനിമകളും തുണച്ചിട്ടുണ്ട്. എം.പി സുകുമാരൻ നായരുടെ ‘അപരാഹ്ന’വും ‘ശയന’വും എന്നെ സിനിമയിൽ അവതരിപ്പിച്ച ഭരതൻ സാറിന്റെ ‘വൈശാലി’യുമൊക്കെ ഏറെ ഇഷ്ടമാണ്.

മകന്റെ ബ്ലാക് ബെൽറ്റ് ആണോ പുതിയ വിശേഷം ?

മുമ്പ് മക്കളെ ആക്ഷൻ പടങ്ങൾ കാണിക്കുന്നതിന് ഈവ് എന്നോട് വഴക്കിടുമായിരുന്നു. പക്ഷേ, അവരെ മാർഷ്യൽ ആർട്സ് പഠിപ്പിക്കാൻ എതിർപ്പൊന്നും ഇല്ലായിരുന്നു. എന്റെ തലതൊട്ടപ്പനായ മാഷിനു കീഴിൽ തന്നെ ആർതർ പഠിച്ചു തുടങ്ങണമെന്ന ആഗ്രഹം കാരണം അഞ്ചാം വയസ്സിൽ സെബാസ്റ്റ്യൻ മാഷിനു കീഴിൽ അവർ കരാട്ടെ പഠിക്കാൻ തുടങ്ങി. പിന്നീട് കൊച്ചിയിലേക്ക് മാറിയപ്പോൾ ഞാൻ തന്നെ തുടർന്നു പരിശീലിപ്പിച്ചു.

ടെക്സസിൽ ചെക് നോറിസ് എന്ന മാർഷ്യൽ ആർട്സ് സ്കീം ഉണ്ട്. സ്കൂൾ സിലബസിന്റെ ഭാഗമായതു കൊണ്ട് അതും ആർതർ പഠിച്ചു. ആർതറിന് ബ്ലാക് ബെൽറ്റ് കിട്ടിയതാണ് ഏറ്റവും പുതിയ വിശേഷം. അലക്സും ഇപ്പോൾ എന്റെ കൂടെ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഈവിനും മാർഷ്യൽ ആർട്സ് യുണിഫോം ഉണ്ട്, മിക്കവാറും ഞങ്ങൾ ഒന്നിച്ചു പ്രാക്ടീസ് ചെയ്യാറുണ്ട്. എന്റെ ട്രെയ്നിങ് കുറച്ച് സ്ട്രിക്ട് ആണെന്ന പരാതി ഒഴിച്ചാൽ എല്ലാവരും ഹാപ്പിയാണ്.

Tags:
  • Celebrity Interview
  • Movies