Thursday 13 December 2018 02:53 PM IST

ഇമ്മിണി ബല്യ നായകൻ! അന്യഭാഷയിൽ അരങ്ങേറ്റം കുറിക്കുന്ന ഗണപതിയുടെ വിശേഷങ്ങൾ

Nithin Joseph

Sub Editor

ganapathy2 ഫോട്ടോ: ശ്യാം ബാബു

പാലും പഴവും കൈകളിലേന്തി,
പാലും പഴവും കൈകളിലേന്തി,
പാലും പഴവും ..........’’

‘വിനോദയാത്ര’യെന്ന സിനിമയിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ദിലീപിനു കൂട്ടാളിയായി വന്ന കുഞ്ഞു ഗണപതിയുടെ ട്രേഡ്മാർക്കായി മാറിയ പാട്ട് മലയാളികൾ അത്ര പെട്ടെന്ന് മറക്കില്ല. കാലം കുറേ കടന്നുപോയെങ്കിലും, സിനിമകൾ ഒരുപാട് ചെയ്തെങ്കിലും പ്രേക്ഷകരുടെ മനസ്സിലിന്നുമുള്ളത് വിനോദയാത്രയിലെ പാട്ടുകാരനായ കുഞ്ഞുഗണപതി തന്നെയാണ്. സ്വന്തം ഫ്ലാഷ്ബാക്ക് പറയുന്നതിനുള്ള ഫീസായി ദിലീപിനോട് ചിക്കൻ ബിരിയാണി ചോദിച്ച അതേ കക്ഷി. പിന്നീട് ‘പ്രാഞ്ചിയേട്ടനി’ൽ മമ്മൂക്കയേയും കൂട്ടുകാരേയും മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിച്ച ‘പോളി’യായി വന്ന ആളത്ര കുഞ്ഞൊന്നുമല്ല കേട്ടോ. ‘ചങ്ക്സ്’ എന്ന പുതിയ സിനിമയിലെ പ്രധാന കഥാപാത്രമാണ് ഗണപതി. അഭിനയത്തിൽ പത്തു വർഷത്തെ എക്സ്പീരിയൻസുമായി തെലുങ്ക് സിനിമയിൽ നായകനാകാൻ ഒരുങ്ങുകയാണ് കക്ഷി.

പേര് എന്റെ സ്വന്തം

ഗണപതിയെന്നത് എന്റെ യഥാർഥ പേരാണെന്ന് ഇപ്പോഴും പലർക്കുമറിയില്ല. പരിചയപ്പെടുന്നവരുടെയെല്ലാം ആദ്യ ചോദ്യം യഥാർഥ പേര് എന്താണെന്നാണ്. കേരളത്തിൽ ഈ പേരുള്ള അധികം ആളുകളുണ്ടാകില്ല. അച്ഛനാണ് പേരിട്ടത്. ഞങ്ങളുടെ കുടുംബത്തിലെ കുട്ടികൾക്കെല്ലാം പേര് നിശ്ചയിക്കുന്നത് അച്ഛന്റെ ജോലിയാണ്. ചേട്ടന്റെ പേര് ചിദംബരമെന്നാണ്. വിനോദയാത്രയിൽ ഞാൻ തമിഴ് സംസാരിക്കുന്ന കുട്ടിയാണ്. അതുകൊണ്ട് എന്റെ പേരു തന്നെ മതിയെന്ന് സത്യനങ്കിൾ (സത്യൻ അന്തിക്കാട്) തീരുമാനിച്ചു. ലാലേട്ടന്റെ കൂടെ അലിഭായ് എന്ന സിനിമയിലും  സ്വന്തം പേരിലാണ് അഭിനയിച്ചത്. അതുകൊണ്ട് എന്റെ കഥാപാത്രത്തിന്റെ പേരാണ് ഗണപതി എന്നാണ് പലരുടേയും വിചാരം.

തുടക്കം ഇംഗ്ലിഷിൽ

ആദ്യം അഭിനയിച്ചത് സന്തോഷ് ശിവൻ സാറിന്റെ ബിഫോർ ദ റെയിൻസെന്ന ഇംഗ്ലിഷ് സിനിമയിലായിരുന്നു. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അത്. സജി സുരേന്ദ്രൻ  സംവിധാനം ചെയ്ത ‘മാധവം’ എന്ന സീരിയലിൽ അനൂപ് മേനോന്റെ മകനായി അഭിനയിച്ചു. പിന്നെ, എസ്. കുമാറിന്റെ മകൻ കുഞ്ഞുണ്ണി സംവിധാനം ചെയ്ത ‘എഗ്’ എന്ന ഷോർട്ഫിലിമിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് കിട്ടി. സർക്കാരിന്റെ സ്പോർട്സ് ലോട്ടറിയുടെ പരസ്യത്തിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു മുൻപേ  കുറച്ചു സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായിട്ടുണ്ട്. അനന്തഭദ്രത്തിൽ പൃഥ്വിരാജിന്റെ ചെറുപ്പം ചെയ്ത കുട്ടിക്ക് ഡബ്ബ് ചെയ്തത് ഞാനാണ്.

ganapathy5

ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് വിനോദയാത്രയിൽ അഭിനയിച്ചത്. ഇപ്പോഴും ആളുകൾ എന്നെ തിരിച്ചറിയുന്നതും ഓർക്കുന്നതും ആ ക്യാരക്ടറിലൂടെയാണ്. ‘പാലും പഴവും പാട്ട്’ എന്റെ ഐഡന്റിറ്റിയായി മാറി. അൽപം മുൻപ് നടന്ന ഒരു സംഭവം പറയാം. വനിതയുടെ സ്റ്റുഡിയോയിൽ ചായ കൊണ്ടുവന്ന ചേച്ചി കുറേ സമയം എന്നെത്തന്നെ നോക്കി നിൽക്കുന്നു. കാര്യമെന്താണെന്നു മാത്രം പിടികിട്ടിയില്ല. എന്നെ മനസ്സിലായോ എന്ന് ചോദിച്ചപ്പോ ഉടൻ വന്നു മറുപടി, ‘‘നമ്മടെ പാലും പഴവുമല്ലേ’’ എന്ന്. അത്രയ്ക്ക് റീച്ച് ഉണ്ട് ആ ക്യാരക്ടറിന്.

‘ചിത്രശലഭങ്ങളുടെ വീട്’ എന്ന സിനിമ ചെയ്യുന്ന സമയത്താണ് ‘സിലമ്പാട്ടം’ എന്ന തമിഴ് സിനിമയിൽ ചിമ്പുവിന്റെ അനിയൻ കഥാപാത്രമായി അഭിനയിക്കാൻ ചാൻസ് കിട്ടിയത്. പക്ഷേ, ഇവിടുത്തെ തിരക്കുകൾ കാരണം അത് ചെയ്യാൻ സാധിച്ചില്ല. പിന്നീട് ഇന്നത്തെ ചിന്താവിഷയം, പകൽനക്ഷത്രങ്ങൾ, സ്പിരിറ്റ്, മല്ലു സിങ് എന്നിങ്ങനെ കുറച്ച് സിനിമകൾ ചെയ്തു. എല്ലാം ചെറിയ വേഷങ്ങളായിരുന്നു. കരിയറിൽ ബ്രേക്കായത് രഞ്ജിത്ത് സാറിന്റെ പ്രാഞ്ചിയേട്ടൻ ആൻഡ് ദ െസയിന്റ് ആണ്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അത്. കരിയറിലെ ഏറ്റവും മികച്ച വേഷമായിരുന്നു പ്രാഞ്ചിയേട്ടനിലെ പോളി.

പ്രാഞ്ചിയേട്ടൻ ആൻഡ് അലിഭായ്

ലാലേട്ടനെ കാണാൻ വല്യ ആഗ്രഹമായിരുന്നു. കാണുമ്പോ കുറേ സംസാരിക്കണമെന്നൊക്കെ പ്ലാൻ ചെയ്തു. അലിഭായിയുടെ സെറ്റിൽ ആളെ അകലെ നിന്ന് കണ്ടപ്പോഴേ മുട്ടിടിക്കാൻ തുടങ്ങി. സംസാരമെന്ന പ്ലാൻ അതോടെ ഉപേക്ഷിച്ചു. കുറച്ച് കഴിഞ്ഞപ്പോ  ലാലേട്ടൻ  ഇങ്ങോട്ട് വന്ന് എന്നോട് സംസാരിച്ചു. ‘മോന്റെ പേരെന്താ’ എന്നാണ് ആദ്യം ചോദിച്ചത്.  അതിൽ കൂടുതൽ എന്ത് വേണം, ഞാൻ കംപ്ലീറ്റ്ലി ഹാപ്പി. പ്രാഞ്ചിയേട്ടന്റെ ഷൂട്ടിനിടയിലാണ് മമ്മൂക്കയുമായിട്ട് കൂടുതൽ അടുക്കുന്നത്. അതിൽ ഞങ്ങളുടെ കോമ്പിനേഷൻ സീനുകൾ കുറേയുണ്ട്.  മമ്മൂക്കയോളം  ജെനുവിൻ ആയൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. മമ്മൂക്ക എന്നും  ഒരേ പോലെയാണ്. ഒരാളെ ഒരിക്കൽ കണ്ടാൽ പിന്നെ മറക്കില്ല.

പയ്യന്നൂരിലെ സിനിമാവീട്

പയ്യന്നൂരിലാണ് വീടെങ്കിലും അച്ഛന് ജോലി തിരുവനന്തപുരത്തായതിനാൽ പഠിച്ചതും വളർന്നതുമെല്ലാം അവിടെയാണ്. വീട്ടില്‍ സിനിമാക്കാർ മൂന്നു പേരാണ്. അച്ഛൻ സതീഷ് പൊതുവാൾ ടി.വി. ചന്ദ്രൻ, പി.ടി. കുഞ്ഞുമുഹമ്മദ്, ജയരാജ് എന്നിവരുടെ അസോഷ്യേറ്റായിരുന്നു. കേരള നിയമസഭയുടെ അറുപതാം വാർഷികത്തിന്റെ ഡോക്യുമെന്ററി ചെയ്യുന്നത് അച്ഛനാണ്. ഞാൻ ക്യാമറയ്ക്ക് മുന്നിൽ പ്രവർത്തിക്കുമ്പോൾ അച്ഛന്റെ വഴിയിലാണ് ചേട്ടൻ ചിദംബരത്തിന്റെ യാത്ര. രാജീവ് രവിയുടെ  അസോഷ്യേറ്റ് ക്യാമറാമാനാണ്  ചേട്ടൻ. ‘കമ്മട്ടിപ്പാടം’, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്നീ സിനിമകളിൽ വർക്ക് ചെയ്തിട്ടുണ്ട്. സിനിമാറ്റോഗ്രഫിയും സംവിധാനവുമാണ് ചേട്ടന്റെ താൽപര്യങ്ങൾ.

ഈയടുത്ത് ഞങ്ങൾ സിക്കിമിൽ ഒരു ഫീച്ചർ ഫിലിം ചെയ്തു. സംവിധാനവും ക്യാമറയും  ചെയ്തത് ചേട്ടനാണ്. ഹരിതവിപ്ലവം  സിക്കിമിലെ ആളുകളിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള  സിനിമയാണത്. ഞാനതിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ചെറിയൊരു വേഷം അഭിനയിച്ചിട്ടുമുണ്ട്. അഭിനയത്തിൽ മാത്രമായി ഒതുങ്ങാൻ എനിക്കും താൽപര്യമില്ല. ചേട്ടന്റെ കൂടെ നിന്ന് ക്യാമറ പഠിക്കണം. ‘കിസ്മത്തി’ന്റെ ഒരു ദിവസത്തെ ഷൂട്ടിന് അസിസ്റ്റന്റായി. സിനിമയെ കൂടുതൽ പഠിക്കാനുള്ള അവസരമായിട്ടാണ് അതിനെയെല്ലാം കാണുന്നത്.
പയ്യന്നൂർ കോളജിൽനിന്ന് ബി.എ പൊളിറ്റിക്കൽ സയൻസിൽ ഡിഗ്രി ചെയ്തു. പഠനമൊക്കെ അടിപൊളിയായിരുന്നു. അതിന്റെ ഫലമായി സപ്ലി രണ്ടു മൂന്നെണ്ണം കൂട്ടിനുണ്ട്. അതൊക്കെ എഴുതിയെടുക്കണം. ആ കടമ്പ കടന്നാൽ പി.ജി. ചെയ്യണമെന്നാണ് പ്ലാൻ.

ganapathy4

വീട്ടിൽ സിനിമാക്കാരി അല്ലാത്തത് അമ്മ മാത്രമാണ്. അമ്മ അപർണ പയ്യന്നൂർ ലത്തീഫിയ സ്കൂളിലെ വൈസ് പ്രിൻസിപ്പലാണ്. സിനിമയുമായി ബന്ധമൊന്നും ഇല്ലെങ്കിലും ഓരോ സിനിമ ചെയ്യുമ്പോഴും അമ്മയുടെ റിവ്യൂ കിട്ടും. അച്ഛനും ചേട്ടനും സിനിമയുടെ ടെക്നിക്കൽ സൈഡിനെക്കുറിച്ചെല്ലാം സംസാരിക്കുമ്പോൾ അമ്മയ്ക്ക് പ്രേക്ഷകയുടെ റോളാണ്. ‍

പുത്തൻ പടം

വിനോദയാത്രയ്ക്ക് ശേഷം വന്നതെല്ലാം ഒരേതരം വേഷങ്ങളായിരുന്നു. ഒന്നുകിൽ അനാഥൻ, തല്ലിപ്പൊളി പയ്യൻ, അതുമല്ലെങ്കിൽ വായിനോക്കി. ആ കാരണം കൊണ്ട്  ഉപേക്ഷിച്ച സിനിമകളുമുണ്ട്. അത്തരത്തിലുള്ള വേഷങ്ങളിൽ മാത്രം അഭിനയിച്ചാല്‍ ടൈപ്പ്കാസ്റ്റഡ് ആയിപ്പോകുമെന്ന് തോന്നി. അതേ സമയം നല്ലൊരു ടീമിന്റെ സിനിമയിലേക്ക് വിളിക്കുമ്പോ നമുക്കൊരിക്കലും  വേഷമെന്താണെന്ന് ചോദിക്കാൻ പറ്റില്ല. അങ്ങനെ ചോദിച്ചാൽ നഷ്ടം നമുക്കു മാത്രമാണ്.

മുമ്പൊക്കെ സിനിമയിൽ ഒരു വേഷം ചെയ്യാൻ ഒന്നോ രണ്ടോ ആളുകളേ ഉണ്ടായിരുന്നുള്ളൂ. ഉദാഹരണത്തിന് ആസ്ഥാന ചായക്കടക്കാരൻ, ആസ്ഥാന വേലക്കാരി, ആസ്ഥാന അമ്മായി, ആസ്ഥാന കൂട്ടുകാരൻ എന്നിങ്ങനെ തുടങ്ങി ആസ്ഥാന കോഴി വരെ ഉണ്ടായിരുന്നു. ഏത് സിനിമ വന്നാലും അതിൽ അതത് വേഷം ചെയ്യുന്നത് അവരാണ്. പക്ഷേ ഇന്നത്തെ സ്ഥിതി അതല്ല. ഓരോ ചെറിയ വേഷവും ചെയ്യാൻ നിരവധി ആളുകളെ കിട്ടും. പാസിങ് ഷോട്ടുകൾക്കു പോലും വലിയ ഇടിയാണ്. എനിക്കുള്ള കഥാപാത്രങ്ങൾ ഞാൻ ചെയ്തില്ലെങ്കിൽ മറ്റൊരാൾ ചെയ്യും. എല്ലാവർക്കും പകരക്കാരായി. ഇന്ന് ഫീൽഡിൽ ഉള്ളവർ നാളെ ചിലപ്പോൾ ഉണ്ടാകില്ല. കിട്ടുന്ന നല്ല അവസരങ്ങൾ പ്രയോജനപ്പെടുത്തുക എന്നത് മാത്രമാണ് ഇപ്പോൾ മനസ്സിൽ.

ചെറിയൊരു ഗ്യാപ്പിനു ശേഷമാണ് കമ്മട്ടിപ്പാടം ചെയ്തത്.  2017 കരിയറിൽ നല്ല വർഷമാണെന്ന് വിശ്വസിക്കുന്നു. ഒമർ ലുലു സംവിധാനം  ചെയ്ത ‘ചങ്ക്സാ’ണ്  പുതിയ സിനിമ. പേരു പോലെതന്നെ ഫുള്‍ ഫണ്ണാണ്. സജി സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന കുബ്ബൂസ് എന്ന സിനിമയാണ് ഇനി ചെയ്യുന്നത്. ദുബായിലാണ് സിനിമയുടെ ഷൂട്ട്. അതിനുശേഷമാണ് ആദ്യമായി നായകനാകുന്ന തെലുങ്ക് സിനിമ. ആ സിനിമയുടെ ക്യാമറ ചെയ്യുന്നത് ചേട്ടനാണ്. ചേട്ടൻ സ്വതന്ത്ര ക്യാമറമാൻ ആകുന്ന ആദ്യ സിനിമയുമാണത്. അതിന്റെ ത്രില്ലിൽ ആണ് ഇപ്പോൾ വീട്ടിലെല്ലാവരും.

ganapathy3