Saturday 21 April 2018 04:30 PM IST

'ചില സംവിധായകർ തുണിയെടുത്ത് മുഖത്ത് എറിഞ്ഞു തന്നിട്ടുണ്ട്..'; കടന്നുവന്ന വഴികളെക്കുറിച്ച് ഇന്ദ്രൻസ്

V R Jyothish

Chief Sub Editor

indrans001
ഫോട്ടോ: ബേസിൽ പൗലോ

‘‘ശാന്തേ.......’’ ഇന്ദ്രൻസ് നീട്ടി വിളിച്ചു എന്നിട്ടു പറഞ്ഞു; ‘തിളച്ച സാമ്പാറിൽ വീഴുന്ന കൊമേഡിയൻ മാത്രമല്ല ഇന്ദ്രൻസ് എന്ന് നിനക്കിപ്പോൾ മനസ്സിലായോ...’ അടുക്കളയിൽ നിന്നു ശാന്തചേച്ചിയുടെ ചിരി. ‘കളിവീടി’ൽ വീണ്ടും സന്തോഷം നിറയുന്നു. ‘ആളൊരുക്കം’ എന്ന സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ തിളക്കത്തിലും  ഇന്ദ്രൻസിനു മാറ്റമൊന്നുമില്ല.

കണ്ണൂരിൽ ടി. പത്മനാഭനെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടു ത്ത് മടങ്ങി വന്നതേയുള്ളു ഇന്ദ്രൻസ്. മലയാളത്തിലെ എഴുത്തുകാരിൽ ഏറെ പേരും  ഇന്ദ്രൻസിന്റെ സുഹൃത്തുക്കളാണ്. ‘ഇപ്പോൾ അഞ്ചാറു സിനിമകൾ കൂടി വന്നതോടെ തിരക്കായി. അതിനിടയിലായിരുന്നു അവാർഡ് പ്രഖ്യാപനം. പക്ഷേ, ഷൂട്ടി ങ്ങിൽ നിന്ന് അവധിയെടുക്കാനൊന്നും നിന്നില്ല.  കാരണം, താൻ കാരണം ഒരാൾക്കും  ഒരു വിഷമവും ഉണ്ടാകരുതെന്ന് ഇ ന്ദ്രൻസ് ആത്മാർഥമായി ആഗ്രഹിക്കുന്നു. പണ്ട് തന്റെ കൈയ ബദ്ധം കൊണ്ട് ഒരു ആട്ടിൻകുട്ടി ചത്തതിന്റെ കുറ്റബോധം ഇപ്പോഴും മാറിയിട്ടില്ല ഇന്ദ്രൻസിന്. അന്ന് ഉപേക്ഷിച്ചതാണ് മാംസാഹാരം. ആ മനസ്സ് തന്നെയാണ് ഇപ്പോഴും ഇന്ദ്രൻസിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്.  

ഇന്ദ്രൻസിന് അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഒരാളും പറഞ്ഞില്ല അത് അനർഹമാണെന്ന്?

അങ്ങനെ േകൾക്കുന്നതിൽ വലിയ സന്തോഷമുണ്ട്. ആത്മാർഥത മാത്രമായിരുന്നു െെകമുതൽ. ജീവിതത്തിൽ വേഷങ്ങൾ ചെറുതാണോ വലുതാണോ എന്നൊന്നും നോക്കിയില്ല. കിട്ടുന്ന നല്ല വേഷങ്ങളെല്ലാം അഭിനയിച്ചു. എങ്കിലും  അവാർഡെ ന്നു കേട്ടപ്പോൾ ചെറിയൊരു അമ്പരപ്പ് തോന്നി. കലാമൂല്യമുള്ള കൊച്ചു കൊച്ചു സിനിമകളുടെ ഭാഗമാ കുന്നതിൽ സന്തോഷമുണ്ടായിരുന്നു. ഞാനൊരു കൊച്ചു മ നുഷ്യനല്ലേ. പിന്നെ ഇപ്പോൾ ഇറങ്ങുന്ന മിക്ക സിനിമകളും വ ലിയ വലിയ സിനിമകളാണ്. അതിലൊന്നും എന്നെപ്പോലെയു ള്ള ചെറിയ മനുഷ്യർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. എങ്കി ലും  പരാതിയൊന്നുമില്ല. നമുക്കുള്ളത്  എവിടെയൊക്കെയോ ഇരിപ്പുണ്ട്. അതു നമുക്കുതന്നെ കിട്ടും.

മുഖ്യധാരാ സിനിമയിലെ കോമഡി വേഷത്തിൽ നിന്നു പെട്ടെന്നാണ് സമാന്തരസിനിമകളുടെ ഭാഗമായത്?

മറ്റുള്ളവരുടെ മനസ്സിൽ വേദനയുണ്ടാക്കാൻ ഒരു വാക്കു മ തി. എന്നാൽ മറ്റുള്ളവരെ ചിരിപ്പിക്കണമെങ്കിൽ ഒരു വാക്കു പോരാ. അതുകൊണ്ടു കോമഡി ചെയ്യുകയാണ് ബുദ്ധിമുട്ട് എന്ന വിശ്വാസക്കാരനാണ് ഞാൻ അന്നും ഇന്നും. എങ്കിലും ഈ പറഞ്ഞതുപോലെ കോമഡി ചെയ്യുന്ന സമയത്തും സമാന്തര സിനിമയിൽ ആഴമുള്ള ഒരു കഥാപാത്രത്തെയെങ്കിലും അവതരിപ്പിക്കണം എന്ന ആഗ്രഹവും  ഉണ്ടായിരുന്നു. അ തിനു കാരണം സംവിധായകൻ എം.പി.സുകുമാരൻ നായർ സാറാണ്. അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിച്ചത് എ നിക്ക് സ്കൂൾ ഒാഫ് ഡ്രാമയിൽ പഠിക്കുന്നതുപോലെയായിരു ന്നു. പിന്നീട് അടൂർ സാറിന്റെ സിനിമകളിലും ടി.വി ചന്ദ്രൻ സാറിന്റെ സിനിമകളിലും അഭിനയിച്ചു. സിനിമ മാറുന്നതിന് അനുസരിച്ചു കഥാപാത്രങ്ങളുടെ രീ തികളും മാറും. സിനിമയിൽ വന്നപ്പോൾ ഞാൻ അവിവാഹിത നായിരുന്നു. ഇപ്പോൾ രണ്ടു കുട്ടികളുടെ അപ്പൂപ്പനാണ്. ആ മാറ്റം കഥാപാത്രങ്ങൾക്കും ഉണ്ടാകും.

എന്തൊക്കെയാണു സിനിമയിലെ മാറ്റങ്ങൾ ?

സിനിമയിലെ പ്രധാന മാറ്റം കഥാപാത്രങ്ങളുടെ എണ്ണം കുറ ഞ്ഞു എന്നതാണ്. സമൂഹത്തിൽ കുടുംബങ്ങൾ ചെറുതായ തോടെ സിനിമയിലെ കുടുംബങ്ങളും ചെറുതായി. ഒരു മൊെെബൽ ഫോൺ ഉണ്ടെങ്കിൽ മൂന്നു കഥാപാത്രങ്ങളെ വേണ്ടെന്നു വയ്ക്കാം. അതു ഞങ്ങളെപ്പോലെയുള്ളവർക്കു പണി ഇല്ലാതാക്കി. ‘ആളൊരുക്ക’ത്തിന്റെ സംവിധായകൻ അഭിലാഷ് ആദ്യം പറഞ്ഞത് വേറൊരു കഥയാണ്. അതിൽ മൂന്നോ നാലോ ദിവ സത്തെ ജോലിയെ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ അതേ വിഷയം വേറെ ആരോ സിനിമയാക്കുന്നതറിഞ്ഞപ്പോൾ അഭിലാഷ് പുതിയ കഥയിലേക്ക് നീങ്ങി. കഥ കേട്ടപ്പോൾ തന്നെ അഭിനയിക്കാൻ കൊതി തോന്നി. എന്നാൽ എനിക്കുണ്ടായിരുന്ന വെല്ലുവിളി  ഇടവേളയ്ക്കുശേഷം ഡയലോഗ് ഒ ന്നുമില്ല എന്നതാണ്. എന്റെ ഈ ചെറിയ മുഖം കൊണ്ട് അഭി നയിച്ചു ഫലിപ്പിക്കാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് എല്ലാം ഒത്തുവന്നു. ഒാട്ടൻതുള്ളൽ കലാകാരനായ പപ്പു പിഷാരടി എന്ന ക ഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആ കഥാപാത്രത്തെ അ വതരിപ്പിക്കാൻ കുറച്ച് ഒാട്ടൻതുള്ളലും പഠിച്ചു. സിനിമയ്ക്കു വേണ്ടതുമാത്രം.

നല്ല സംവിധായകരുടെ ശിക്ഷണമാണല്ലേ ഇന്ദ്രൻസിന്റെ പഠനക്കളരി?

വളരെ ശരിയാണ്. എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ട്. പ ത്മരാജൻ സാറിനെ കടപ്പാടോടെ മാത്രമേ ഓർക്കാൻ കഴിയു. അദ്ദേഹം ഇന്നുമൊരു അദ്ഭുതമാണ്. കഥാപാത്രങ്ങൾ ഏതു നിറമുള്ള വസ്ത്രം ധരിക്കണം എന്നുവരെ അദ്ദേഹം എഴുതി വയ്ക്കും. ചില കഥാപാത്രങ്ങളെക്കുറിച്ചു പറയുമ്പോൾ ഞാൻ ചോദിക്കും. ‘സാർ ആ കഥാപാത്രത്തിന് നമുക്ക് നീല നിറമു ള്ള ഷർട്ട് എടുത്താലോ?’ അപ്പോൾ അദ്ദേഹം സ്ക്രിപ്റ്റ് എന്നെക്കാണിക്കും. അതിന്റെ വശത്ത് എഴുതിയിരിക്കും, ‘കഥാപാത്രത്തിന്റെ ഷർട്ടിന്റെ നിറം നീല’ എന്ന്. അതായിരുന്നു വസ്ത്രാലങ്കാരകനും സംവിധായകനും തമ്മിലുള്ള ബന്ധം.

എന്നാൽ ചില സംവിധായകർ തുണിയെടുത്ത് മുഖത്ത് എറിഞ്ഞു തന്നിട്ടുണ്ട്. അവരെയും കുറ്റപ്പെടുത്തുന്നില്ല. അത് അവരുടെ കൂറ്റമായിരിക്കില്ല ആ സമയത്തെ തോന്നലുകളായിരിക്കാം. ജീവിതം ഏതുവഴിക്കാണു പോകുന്നത് എന്നു പറയാൻ പറ്റില്ല. എന്നോടൊപ്പം തയ്യൽക്കടയിലൊരു രവി മേ സ്തിരി ഉണ്ടായിരുന്നു. പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം പ റയുന്ന തമാശകൾ ഞങ്ങൾക്കു പൊട്ടിച്ചിരി മാത്രമല്ല അദ്ഭുതവുമായിരുന്നു. ഒരിക്കൽ ഞാൻ അദ്ദേഹത്തെ പാളയത്തു വച്ചു കണ്ടു. മനസ്സിന്റെ നില തെറ്റിയതുപോലെ സന്യാസി വേഷത്തിലായിരുന്നു അദ്ദേഹം. അതാണ് ജീവിതം. ആര് എ പ്പോൾ എങ്ങനെ എന്നൊന്നും പറയാൻ പറ്റില്ല.

അവാർഡ് കിട്ടുന്നവർക്ക് പിന്നീട് സിനിമ കിട്ടാറില്ല എന്നു സലിംകുമാർ ഒരിക്കൽ പറഞ്ഞു?

ഏതു സന്ദർഭത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് എന്ന് അറിഞ്ഞുകൂടാ. എന്നെ സംബന്ധിച്ച് അവാർഡ് കിട്ടുന്നതിനു മുൻപും ശേഷവും അങ്ങനെയൊന്നുമില്ല. എന്നെ വിളിക്കുന്നവ രോട് എന്താണ് കഥാപാത്രം? എത്ര ദിവസം വേണ്ടിവരും എ ന്നൊക്കെ ചോദിക്കും. ഡേറ്റ് ഉണ്ടെങ്കിൽ പോയി അഭിനയി ക്കും. ഇല്ലെങ്കിൽ ഡേറ്റ് ഇല്ലെന്നു പറയും. സിനിമ എന്നു പറ ഞ്ഞാൽ എനിക്ക് ആർത്തിയും  ആവേശവുമാണ്. അഭിനയിക്കാനുള്ള ആഗ്രഹമാണ് തുന്നൽ പണിയിൽ നിന്ന് എന്നെ സിനിമയിലെത്തിച്ചത്. ഞാൻ ഇന്നുമൊരു സാധാരണക്കാരനാണ്. ചെറിയ ജോലികൾ െചയ്തു ജീവിക്കുന്നവരാണ് എന്റെ സഹോദരങ്ങളിൽ പലരും. വന്ന വഴികളെക്കുറിച്ചും കിട്ടിയ അ നുഭവങ്ങളെക്കുറിച്ചും എനിക്ക് ബോധ്യമുണ്ട്.

indrans002

ഭാര്യ ശാന്ത ചോദിക്കും, ‘എന്തിനാണ് എപ്പോഴും അഭിമുഖ ങ്ങളിൽ ദാരിദ്ര്യം മാത്രം പറയുന്നത്. വായനക്കാർക്ക് ബോറ ടിക്കില്ലേ...’ എന്ന്.  ഇന്ദ്രൻസിന്റെ പഴയ കഥകളിൽ നിറയെ ദാ രിദ്ര്യമാണ്. പിന്നെ ഞാെനന്തു ചെയ്യും. ഞാനിപ്പോൾ ശാന്ത യോടു പറയുന്നത് ഇങ്ങനെയുള്ള ഇന്ദ്രൻസിന് അവാർഡ് വാ ങ്ങാൻ കഴിഞ്ഞെങ്കിൽ അധ്വാനിക്കുന്ന ആർക്കും അവാർഡ് കിട്ടും എന്നാണ്.

ചാർലി ചാപ്ലിനെ ഇഷ്ടമാണെന്നു പറയാറുണ്ട്. ഇല്ലായ്മകളായിരുന്നോ അതിനു കാരണം?

ഇല്ലായ്മയുെട സങ്കടങ്ങളിൽ ഞങ്ങൾ ഒരിക്കലും കരഞ്ഞിരു ന്നില്ല. മഴക്കാലത്ത് വീടു നിറയെ ചോരും. രാത്രി മഴ പെയ്താ ൽ ഉറങ്ങാൻ പറ്റില്ല. പക്ഷേ, ഞങ്ങൾക്ക് അത് ഉത്സാഹമായിരു ന്നു. മഴവെള്ളം വീഴാത്ത ഇടങ്ങൾ കണ്ടെത്തുക, തുണിച്ചാക്കി നുള്ളിൽ കയറിക്കിടക്കുക, അതൊക്കെയായിരുന്നു പരിപാടി കൾ. ഓലപ്പുറത്ത് മഴ െപയ്യുന്നതിന് പ്രത്യേക താളമുണ്ട്. ഒരു ചെണ്ടമേളം പോലെ ഞങ്ങൾ രാത്രിമഴ ആഘോഷിച്ചു. ചിലപ്പോൾ ശക്തി കൂട്ടി, ശബ്ദം കൂട്ടി ഉറഞ്ഞു പെയ്യും മഴ. ചിലപ്പോൾ വളരെ ദുർബലമായി നേർത്തു നേർത്തു പെയ്യും. രണ്ടു മേളങ്ങൾക്കും സൗന്ദര്യമുണ്ട്. കോൺക്രീറ്റ് വീടുകളിൽ കിടന്നാൽ ഈ മഴത്താളം അറിയാൻ പറ്റില്ല. അങ്ങനെയൊക്കെയായിരുന്നു ജീവിതം. ജീവിത പ്രതിസന്ധികളിൽ ഒരുപാട് കരഞ്ഞിട്ടുണ്ട്. ഞാൻ കരഞ്ഞ കണ്ണുനീരിൽ മുങ്ങിച്ചാകുമോ എന്ന് പേടിച്ചിട്ടുണ്ട് പ ലപ്പോഴും. ഇപ്പോഴെനിക്ക് ജീവിതത്തെ ഭയമില്ല. കയം നീന്തിക്കടന്നവന് ഒരു പ്രളയത്തെയും പേടിക്കേണ്ടതില്ല.

ഒരാളെക്കുറിച്ചു പോലും മോശം സംസാരിക്കാതെ ജീവി ക്കാനാണു ഞാന്‍ ശ്രമിക്കുന്നത്. എല്ലാ മനുഷ്യരിലും നന്മ യും തിന്മയുമുണ്ട്. അതിൽ നിന്നു നന്മ മാത്രം എടുക്കുക. അങ്ങനെയാണെങ്കിൽ അവർ നല്ലവരായിരിക്കും. അവരുടെ തിന്മയിലേക്കു നോക്കുന്നതുകൊണ്ടാണ് അവർ നിങ്ങൾക്കും നിങ്ങൾ അവർക്കും മോശക്കാരനാകുന്നത്. മോഹൻലാലിനെ ഇന്ദ്രൻസ് കണ്ടിട്ടേയില്ല എന്നൊരു െഫയ്സ്ബുക്ക് വാർത്ത െെവറലായി?’’

ലാൽ സാറിന് ഞാൻ എത്രയോ സിനിമകളിൽ വസ്ത്രാലങ്കാ രം ചെയ്തിട്ടുണ്ട്. എത്രയോ സിനിമകളിൽ ഒന്നിച്ച് അഭിനയി ച്ചിട്ടുണ്ട്. ഞാൻ പറഞ്ഞത് ഈ അടുത്ത കാലത്തൊന്നും അദ്ദേഹത്തെ കണ്ടില്ല. കാണാനൊരു കൊതിയുണ്ട് എന്നാണ്. എന്നാൽ വാർത്ത വന്നത് ഞാൻ അദ്ദേഹത്തെ കണ്ടിട്ടേയില്ല എന്ന രീതിയിലും.

ഇന്ദ്രൻസ് എന്നു കേട്ടാൽ ഒരുപാട് ആളുകൾ ഉള്ളതുപോലെ തോന്നിയിരുന്നു മുമ്പ്?

എന്റെ പേരിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. അമ്മയു ടെ കുടുംബം പോത്തൻകോടിനടുത്ത് വാവറ എന്ന സ്ഥലത്താണ്. അവിടെ ഞങ്ങൾ കുറച്ചുനാൾ താമസിച്ചിട്ടുണ്ട്. അന്ന് അച്ഛനും തൊട്ടടുത്ത് താമസിക്കുന്ന ഒരാളുമായി വസ്തുസംബന്ധമായ എന്തോ അതിരുവഴക്കുണ്ടായി. അമ്മ എന്നെ ഗർഭം ധരിച്ചിരിക്കുന്ന സമയമായിരുന്നു അത്. അച്ഛനുമായി വഴക്കുകൂടിയ ആളിന് ഒരു ആൺകുട്ടിയുണ്ട്. അവന്റെ പേര് സുരേന്ദ്രൻ എന്നാണ്. അന്ന് അയാളോട് അച്ഛൻ പറഞ്ഞുവത്രേ, എന്റെ ഭാര്യ പ്രസവിക്കുന്നത് ആൺകുട്ടിയാണെങ്കിൽ അവനു ഞാൻ സുരേന്ദ്രൻ എന്നു പേരിടുമെന്ന്.

അങ്ങനെ എനിക്കു സുരേന്ദ്രൻ എന്ന പേരു കിട്ടി. വീട്ടിൽ എല്ലാവരും സുരൻ എന്നാണു വിളിച്ചിരുന്നത്. ചിലർ അസുരൻ എന്നു വിളിച്ചപ്പോഴാണ് ഞാൻ പേര് ഇന്ദ്രൻസ് എന്നാക്കിയത്. ഇപ്പോൾ ദേവേന്ദ്രൻ എന്നു വിളിക്കുന്നവരും ഉണ്ട്.

ഒരുപാടു നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു, മനസ്സിലുള്ള കഥാപാത്രങ്ങൾ?

നിങ്ങൾ ചിരിക്കില്ലെങ്കിൽ എന്റെ മനസ്സിലുള്ള കഥാപാത്രങ്ങളെ പറയാം. കർണൻ, അർജുനൻ, ഭീമൻ. ഇവരെയൊക്കെ അ വതരിപ്പിക്കാനുള്ള മനസ്സുണ്ട്. പക്ഷേ, ശരീരമില്ല.
എങ്ങനെയാണ് അവാർഡിനു ശേഷമുള്ള ജീവിതം? പലരും വിളിച്ചിട്ടും  തിരിച്ചു വിളിക്കാൻ കഴിഞ്ഞില്ല. അവരെയൊ ക്കെ വിളിച്ചുകൊണ്ടിരിക്കുന്നു. പിന്നെ, ഇപ്പോൾ നേരം കിട്ടുമ്പോഴൊക്കെ വായിക്കും. പഴയ മെഷീനിൽ ഞാൻ ഇപ്പോഴും തയ്ക്കാറുണ്ട്.

ടി. പത്മനാഭന്റെ കഥകൾ വീണ്ടും വീണ്ടും വായിക്കുന്ന ശീ ലമുണ്ട്. അദ്ദേഹത്തിന്റെ കഥകളിൽ നേരിയ ഒരു വിഷാദമുണ്ട്. ആ വിഷാദം എനിക്ക് ഇഷ്ടമാണ്. പിന്നെ രാജലക്ഷ്മിയുടെ ഉച്ചവെയിലും ഇളംനിലാവും വീണ്ടും വായിക്കുന്നു. അവരുടെ  എഴുത്തും ഇഷ്ടമാണ്. തിരിഞ്ഞുനോക്കുമ്പോൾ  എന്തു തോന്നുന്നു എന്ന പ തിവു ചോദ്യം ചോദിച്ചപ്പോൾ ഇന്ദ്രൻസ് കുറച്ചുനേരം ഒന്നും മിണ്ടിയില്ല. ആ മൗനത്തിനുശേഷം കണ്ണു തിരുമ്മിക്കൊണ്ട് പ റഞ്ഞു; ‘ഞാനൊന്നു മുഖം കഴുകിയിട്ടു വരാം.....’

മൗനമായിരുന്നു അച്ഛന്റെ സ്നേഹം

അച്ഛൻ വലിയ കർക്കശക്കാരനായിരുന്നു. പക്ഷേ, ഉള്ളി ൽ വലിയ സ്നേഹം ഉണ്ടായിരുന്നു. ഞങ്ങളോടൊന്നും  ചി രിക്കാറു പോലുമില്ല. അച്ഛനെ വലിയ പേടിയുമായിരുന്നു. ഞങ്ങൾ മക്കളെല്ലാം കൂടി വീട്ടിൽ ബഹളമുണ്ടാക്കിയാലും അച്ഛൻ വന്നാൽ പിന്നെ, നിശ്ശബ്ദതയാണ്. എങ്കിലും അച്ഛൻ ഞങ്ങളെ ആരെയും അടിക്കുകയോ വഴക്കുപറയുകയോ ചെയ്തിട്ടുമില്ല. എങ്കിലും എന്തോ ഒരു പേടി.

നാടകത്തിനു പോകാനും സിനിമയ്ക്കു പോകാനും അ ച്ഛനോട് അനുവാദം വാങ്ങിയിരുന്നത്  ഒരു പ്രത്യേക രീതിയിലാണ്. അമ്മയോടു വിവരം പറയും. അമ്മ അച്ഛനോടു പറയും. ‘സുര എങ്ങാണ്ട് നാടകത്തിന് പോണെന്ന്...’ അച്ഛൻ കേട്ടഭാവം നടിക്കാതെയിരിക്കും. പിന്നെ എന്റെ മുഖത്തു നോക്കും. അത് അനുവാദമാണ്. ഒരിക്കൽ പോലും പോകരുത് എന്നു പറഞ്ഞിട്ടില്ല. മാത്രമല്ല രാത്രി വളരെ െെവ കി ഞാൻ വീട്ടിലെത്തുന്നതു വരെ ഉറങ്ങാതെ, മണ്ണെണ്ണ വിളക്കിന്റെ തിരി താഴ്ത്തി അച്ഛൻ കാത്തിരിക്കും.

indrans005

സീസൺ കാലത്ത് രാത്രി െെവകുവോളം തയ്യലുണ്ടായി രിക്കും. അതുകഴിഞ്ഞു കട അടയ്ക്കുമ്പോൾ കുറച്ചു ദൂരെ അച്ഛൻ നിൽക്കുന്നുണ്ടാകും. അടുത്തുവരികയോ സംസാരിക്കുകയോ ഒന്നുമില്ല. ദൂരെ വന്നു നിൽക്കും. അ തുപോലെ ഞാൻ സെക്കൻഡ് ഷോ കാണാൻ പോകുന്ന ദിവസം സിനിമ വിട്ടിറങ്ങുമ്പോൾ തിയറ്ററിനു പുറത്ത് അച്ഛൻ നിൽക്കുന്നുണ്ടാകും. ഒന്നും മിണ്ടാതെ മുമ്പേ നട ക്കും. അതായിരുന്നു അച്ഛന്റെ സ്വഭാവം.

അച്ഛനു മരപ്പണിയായിരുന്നു. ഇന്നത്തെപ്പോലെ തടി മില്ലുകൾ ഇല്ലാതിരുന്ന കാലത്ത് ഈർച്ചവാളിനായിരുന്നു തടിയറുത്തിരുന്നത്. കലാപരമായ ജോലിയായിരുന്നു അത്. ഞങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പ് അച്ഛനൊരു സിനിമാപ്രേമിയായിരുന്നെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. എല്ലാ ദി വസവും െസക്കൻഡ് ഷോയ്ക്കു പോകും. അച്ഛന്റെ ഈ സിനിമാപ്രേമം മാത്രമാണ് എനിക്കുള്ള കലാപാരമ്പര്യം.

അച്ഛൻ ചിരിച്ചു കണ്ടിട്ടുള്ളത് എന്റെ പേര് സമിതി നാടകങ്ങളുടെ നോട്ടീസിൽ അച്ചടിച്ചു കണ്ടപ്പോൾ മാത്രമാണ്. വസ്ത്രാലങ്കാരകനായി ഞാൻ സിനിമയിലെത്തി. എന്നെക്കുറിച്ച് മാസികയിൽ ചെറിയൊരു ലേഖനം അച്ചടിച്ചു വന്നു. സഹോദരി ആ ലേഖനം അച്ഛനു വായിച്ചു കൊടുത്തു. പാലവിള വീട്ടിൽ കൊച്ചുവേലുവിന്റെ മകനാണ് ഇന്ദ്രൻസ് എന്നൊക്കെ ആ ലേഖനത്തിൽ ഉണ്ടായിരുന്നു. അന്ന് അച്ഛന്റെ കണ്ണു നിറയുന്നതു ഞാൻ കണ്ടു.

അച്ഛന്റെ മുഖത്ത് എപ്പോഴും  ഒരു വിഷാദമുണ്ടായിരുന്നു. മക്കളെ നന്നായി വളർത്തിയില്ല. അവർക്കു വേണ്ടവിധം ജോലി െചയ്തു കൊടുത്തില്ല, പഠിപ്പിച്ചില്ല എന്നൊക്കെയുള്ള കുറ്റബോധമായിരിക്കാം അതിനു കാരണം. അതുകൊണ്ടാണോ എന്നറിഞ്ഞുകൂടാ അച്ഛൻ അവസാനകാലത്ത് ഒറ്റപ്പെട്ടുനിന്നു. ഒരു ദിവസം ഞങ്ങളാരോടും പറയാതെ ജീ വിതം അവസാനിപ്പിച്ച് പോവുകയും ചെയ്തു.

അച്ഛനുറങ്ങാത്ത വീടായിരുന്നു ഞങ്ങളുടേത്. ഏഴു മക്കളിൽ സഹോദരിമാരുടെ കല്യാണം നടന്നതൊക്കെ വളരെ കഷ്ടപ്പെട്ടിട്ടാണ്. അവർ ഒരുപാട് സഹിച്ചു. ശരി ക്കും ടി.പി. ബാലഗോപാൽ എം.എയിലേതുപോലെയുള്ള രംഗങ്ങൾ അരങ്ങേറിയിട്ടുണ്ട് എന്റെ ജീവിതത്തിൽ ഒരുപാടു തവണ. ചില നേരത്ത് അച്ഛൻ ഇരിക്കുന്നത്, നടക്കുന്നത് എല്ലാത്തിനും എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടായിരുന്നു. ചില അച്ഛൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ എന്റെ അച്ഛൻ എന്നെ െെകപിടിച്ചു നടത്തിക്കുന്നതായി തോന്നിയിരുന്നു. ‘ആളൊരുക്ക’ത്തിന്റെ ഷൂട്ടിങ്ങിനിടയിലും ഞാൻ  പല പ്രാവശ്യം അച്ഛനെ ഒാർത്തു.

indrans003