Saturday 10 July 2021 03:12 PM IST

‘അവരവരു തന്നെ സ്വപ്നം കണ്ട്, വിവാഹം സ്വയം തീരുമാനിക്കണം; ഞാൻ ജീവിച്ചത് എന്റെ ഇഷ്ടത്തിനാണ്’; മനസ്സ് തുറന്ന് കൃഷ്ണകുമാർ

Roopa Thayabji

Sub Editor

krisshhbbnnnnn666f

സിനിമ, സീരിയൽ, രാഷ്ട്രീയം, നിയമസഭാ ഇലക്‌ഷൻ... ഇതിനെല്ലാമിടയിൽ ഫാദർഹുഡിന്റെ സിൽവർ ജൂബിലി ആഘോഷിക്കുകയാണ് കൃഷ്ണകുമാർ...

ഫാദേഴ്സ് ഡേ സ്പെഷലാണെങ്കിലും ഈ വീട്ടിലെന്നും വിമൻസ് ഡേ ആണ്. അമ്മയും നാലു പെൺമക്കളും ചേർന്ന് ഓരോ ദിവസവും വ്യത്യസ്തമാക്കുന്ന തിരുവനന്തപുരത്തെ ഈ വീടിന്റെ പേരു തന്നെ ‘സ്ത്രീ’ എന്നാണ്. സിനിമയും സീരിയലും കടന്ന് തിരഞ്ഞെടുപ്പ് അരങ്ങിലും താരമായ നടൻ കൃഷ്ണകുമാറിന് അൽപം സ്നേഹക്കൂടുതലുണ്ട് ഈ വീടിനോട്.

‘‘ദൂരദർശൻ കാലം കഴിഞ്ഞ് ‘സ്ത്രീ’ സീരിയൽ ക്ലിക്കായ സമയത്ത് ആ പ്രതിഫലം കൊണ്ടാണ് ഈ സ്ഥലം വാങ്ങിയതും വീടു വച്ചതും. ആ ഇഷ്ടം കൊണ്ട് വീടിനു ‘സ്ത്രീ’ എന്നു പേരിട്ടു. ഇപ്പോഴിവിടെ ഭാര്യയും മക്കളും അപ്പച്ചിയുമടക്കം  ഉള്ളതെല്ലാം സ്ത്രീകൾ. ആകെയുള്ള ‘പുരുഷൻ’ ഏകാന്തത അറിഞ്ഞത് ടിവിയിൽ ക്രിക്കറ്റ് കളി കാണുമ്പോഴാണ്. അതുകൊണ്ട് ഇഷാനിയെ ക്രിക്കറ്റ് കളി പഠിപ്പിച്ചെടുത്തു. പക്ഷേ, വീട്ടിലെ ഏക ആൺതരി എന്നതിനു സുഖവുമുണ്ട്. ഞാൻ വളർന്ന വീട്ടിൽ അച്ഛനും ആൺമക്കൾക്കും ഇടയിൽ അമ്മ മാത്രമായിരുന്നു പെൺതരി. ആ സീൻ ദൈവം റിവേഴ്സ് ചെയ്തതാകും എന്റെ കാര്യത്തിൽ...’’ ഉറക്കെ ചിരിച്ചും സന്തോഷിച്ചും കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളും അഭിമുഖത്തിനിരുന്നു.

സിനിമാ തിരക്കിനിടെ തിരഞ്ഞെടുപ്പിലും മത്സരിച്ചു ?

അതെ, തിരുവനന്തപുരം മണ്ഡലത്തിലാണ് മത്സരിച്ചത്. പണ്ടുമുതലേ പാർട്ടിയുമായി ബന്ധമുണ്ടായിരുന്നു. 2019ലെ പാർലമെന്റ് ഇലക്‌ഷൻ കാലത്ത് സുരേഷ് ഗോപി, കുമ്മനം രാജശേഖരൻ, ശോഭ സുരേന്ദ്രൻ, കെ. സുരേന്ദ്രൻ എന്നിവരുടെ പ്രചരണത്തിൽ സജീവമായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ 70ഓളം വാർഡുകളിലും പ്രചരണത്തിനു പോയി. അപ്പോഴൊന്നും മത്സരിക്കുമെന്നു കരുതിയിരുന്നില്ല.

SAVE_20210602_142236

പ്രചരണ സമയത്തും ശേഷവും വളരെ ശ്രദ്ധ പുലർത്തി. ഇലക്‌ഷൻ സമയത്ത് പരമാവധി ഹോട്ടൽ റൂമിൽ തന്നെ തങ്ങി. വീട്ടിൽ വന്നാലും കൃത്യമായി സാനിറ്റൈസ് ചെയ്തിട്ടേ അകത്തു കയറൂ. കുട്ടികളുമായി അധികം ഇടപഴകില്ല. പരാജയപ്പെട്ടെങ്കിലും 35,000 പേര് വിശ്വസിച്ചു വോട്ടു ചെയ്യുക എന്നതു ചെറിയ കാര്യമല്ല. ജയിക്കുന്നത് ഒരു ആർട്ടാണ്, ജയിച്ച സ്ഥാനാർഥിയെ അടുത്ത നിമിഷം തന്നെ വിളിച്ച് അഭിനന്ദിച്ചതും അതുകൊണ്ടാണ്.

കോവിഡിനോടു പെരുത്തപ്പെട്ടോ ?

കഴിഞ്ഞ ഡിസംബറിൽ ഷൂട്ടിങ്ങിനു വേണ്ടി കോട്ടയത്ത് ആയിരുന്ന അഹാനയ്ക്ക് കോവിഡ് വന്നു. രോഗം മാറുന്നതു വരെ താമസിച്ചിരുന്ന ഫ്ലാറ്റിൽ തന്നെ തുടരാമെന്ന് മോൾ തന്നെയാണ് പറഞ്ഞത്. താഴത്തെ നിലയിൽ താമസിക്കുന്ന കുടുംബം എല്ലാ നേരവും കൃത്യമായി ഭക്ഷണവും മറ്റുമെത്തിച്ച് അവളെ നോക്കി. 20 ദിവസം കഴിഞ്ഞാണ് അസുഖമെല്ലാം മാറി മോൾ വന്നത്.

പരിചയമുള്ള ആരോടു സംസാരിച്ചാലും അവരുടെ ഏതെങ്കിലുമൊരു ബന്ധു മരണപ്പെട്ടു എന്നു പറയുന്നതു കേൾക്കാം. സിന്ധുവിന്റെ ചെറിയമ്മയെയും കോവിഡ് പെട്ടെന്നങ്ങ് കൊണ്ടുപോയി. ഇതിനിടെ പത്താം ക്ലാസ്സിലായിരുന്ന ഹൻസിക ഒരു ദിവസം പോലും സ്കൂളിൽ പോകാതെ ഇപ്പോൾ പ്ലസ് വണ്ണിലെത്തി. ഇഷാനിക്ക് ഇനിയും രണ്ടു പരീക്ഷ നടക്കാനുണ്ട്.

_C2R5543

സിന്ധു: ലോക്ഡൗൺ കാരണം എല്ലാവരും വീട്ടിലായതു കൊണ്ട് മക്കൾ തമ്മിലുള്ള അടുപ്പം വല്ലാതെ കൂടി. വീട്ടിനുള്ളിലിരുന്ന് എങ്ങനെ സന്തോഷിക്കാം എന്നാണ് ഓരോ ദിവസവും അന്വേഷിക്കുന്നത്. ഒറ്റയ്ക്കും കൂട്ടായും വ്ലോഗുകൾ ചെയ്ത് അവർക്കുതന്നെ സമയം തികയുന്നില്ല. ചില വീടുകളിലെ ഒറ്റക്കുട്ടികൾ ബോറടിച്ച് ഇരിക്കുമ്പോഴാണ് നാലു മക്കളുള്ളത് അനുഗ്രഹമായി തോന്നുന്നത്.

അഹാന ജനിച്ച കാലമൊക്കെ ഓർക്കാറുണ്ടോ ?

എത്ര മക്കളുണ്ടായാലും ആദ്യത്തെയാൾ ജനിക്കുന്നത് ആശ്ചര്യത്തോടെയല്ലേ ഓർക്കാനാകൂ. എന്റെ അച്ഛന്റെ അനിയത്തി ഡോ. രാജേശ്വരിയാണ് സിന്ധുവിനെ നോക്കിയിരുന്ന ഡോക്ടർ. ഒരു ദിവസം ചെക്കപ്പിനു പോയപ്പോൾ അഡ്മിറ്റാകാൻ പറഞ്ഞു. സിന്ധുവിനെ ലേബർ റൂമിലേക്കു കൊണ്ടുപോയപ്പോൾ തൊട്ടടുത്ത റൂമിലിരുന്ന് ചിന്തിച്ചിട്ടുണ്ട്, എനിക്കു അവളുടെ കൂടെ നിൽക്കാൻ പറ്റിയെങ്കിൽ എന്ന്. അന്നൊക്കെ ചില വികസിത രാജ്യങ്ങളിൽ മാത്രമേ ഭർത്താവിനെ ലേബർ റൂമിൽ കയറ്റൂ. നാലു മക്കളുണ്ടായപ്പോഴും സിന്ധുവിനൊപ്പം ആശുപത്രിയിൽ ഉണ്ടാകാനുള്ള ഭാഗ്യം ഉണ്ടായി.

സിന്ധു: അഹാന ഉണ്ടായ ശേഷമാണ് കുഞ്ഞുങ്ങളെ എടുക്കാൻ പോലും പഠിച്ചത്. ഒരിക്കൽ കിച്ചു തണ്ണിമത്തൻ കഴിച്ചുകൊണ്ടിരിക്കുന്നു. അതിനിടെ ഒന്നര മാസം പ്രായമുള്ള മോളുടെ വായിലേക്ക് ജ്യൂസ് ഇറ്റിച്ചു കൊടുത്തു. പക്ഷേ, പിറ്റേന്ന് ഭയങ്കര ലൂസ് മോഷൻ. ആറുമാസം വരെ കുഞ്ഞിന് പാലല്ലാതെ ഒന്നും കൊടുക്കാൻ പാടില്ലെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. അതിനു ശേഷം അമ്മു കരഞ്ഞാൽ, എക്കിളെടുത്താൽ ഒക്കെ വലിയ ടെൻഷനായിരുന്നു. പതിയെ എല്ലാം പഠിച്ചെടുത്തു. ഇപ്പോൾ കുഞ്ഞുങ്ങളെ വളർത്തുന്ന കാര്യത്തിൽ ഞങ്ങൾ എക്സ്പർട്ടാണ്.

_C2R5559

ആൺകുട്ടികളില്ലാത്തതിൽ വിഷമം തോന്നിയിട്ടുണ്ടോ ?

ഒരിക്കലും ഇല്ല. പെൺകുട്ടികളായി പോയി എന്നതിൽ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം. കഷ്ടമായി പോയല്ലോ, ആണിനു വേണ്ടി ട്രൈ ചെയ്തതാണോ എന്നൊക്കെ പലരും ചോദിക്കും. ചൈനീസ് കലണ്ടർ ഫോളോ ചെയ്താൽ നമ്മൾ ആഗ്രഹിക്കുന്ന കുട്ടികളെ കിട്ടും എന്നുവരെ ഉപദേശിച്ചവരുമുണ്ട്. പക്ഷേ, ന മ്മൾ ചൈനയിലൊന്നുമല്ലല്ലോ ജീവിക്കുന്നത്.

32 കൊല്ലമായി അഭിനയം തുടങ്ങിയിട്ട്. ‘സ്ത്രീ’ ചെയ്ത കാലത്ത് എന്നെ കാണുന്നതു തന്നെ ചിലർക്ക് വെറുപ്പായിരുന്നു. ഇത്തവണ ഇലക്‌ഷൻ പ്രചരണത്തിനു പോയപ്പോൾ പല പ്രായത്തിലുമുള്ള സ്ത്രീകൾ വന്നു കെട്ടിപ്പിടിച്ച് കരഞ്ഞ് ആവശ്യങ്ങൾ പറയുന്നു. നാലു പെൺമക്കളുടെ അച്ഛൻ എന്ന വിശ്വാസവും സ്നേഹവുമാണ് തിരിച്ചു കിട്ടുന്നതെന്നു തോന്നുന്നു. അതല്ലേ വലിയ സന്തോഷം.

_C2R5536

തിരഞ്ഞെടുപ്പു കാലത്ത് പെൺമക്കളെ അപമാനിക്കുന്ന തരത്തിൽ വരെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വന്നു ?

കുറേയൊക്കെ ട്രോളന്മാരാണ് നമ്മളെ എഴുതി സഹായിച്ചത്. എഴുതപ്പെട്ട നമ്മളൊക്കെ കുറച്ചു കഴിയുമ്പോൾ ഒരു പൊസിഷനിലെത്തും. എഴുതികൊണ്ടിരിക്കുന്നവൻ അ ന്നും എഴുതികൊണ്ടിരിക്കും. കാരണം അവർ നെഗറ്റീവ് മാത്രമേ കാണുന്നുള്ളൂ. പാർട്ടിയിൽ ചേർന്നതു സംബന്ധിച്ചാണ് എന്നെ പറ്റി എഴുതുന്നത്. എഴുതട്ടെ, നല്ല കാര്യം.

സിന്ധു: മക്കളുടെ നേരേ ഉള്ള സൈബർ അറ്റാക്ക് പലരും കൃത്യമായ ഉദ്ദേശം വച്ചുകൊണ്ട്, വൈരാഗ്യബുദ്ധിയോടെ ചെയ്യുന്നതാണെന്നു തോന്നും. പക്ഷേ, അതൊന്നും നമ്മളെ ബാധിക്കില്ല. നമ്മുടെ മുഖത്തു നോക്കി റഷ്യൻ ഭാഷയിൽ ആരെങ്കിലും തെറി വിളിച്ചാൽ ‘ഓക്കെ ചേട്ടാ’ എന്നു പറഞ്ഞിട്ട് നമ്മൾ പോരില്ലേ. അതുപോലെ തന്നെ ഇതും.

മക്കളുടെ പേരുകളെല്ലാം ഒന്നിനൊന്നു വ്യത്യസ്തമാണ് ?

സിന്ധു: എന്റെയും കിച്ചുവിന്റെയും പേരുകൾ വളരെ കോമൺ ആണ്. വ്യത്യസ്തമായ പേരുള്ളവരെ കാണുമ്പോൾ തോന്നിയിട്ടുണ്ട്, കുറച്ച് ഗമയുള്ള പേരുണ്ടായിരുന്നെങ്കിൽ എന്ന്. മൂത്ത മകൾക്ക് ‘എ’യിൽ തുടങ്ങുന്ന സ്പെഷൽ പേരുകൾ തപ്പിച്ചെന്നപ്പോഴാണ് ‘അഹാന’ എന്ന പേരു കിട്ടിയത്. ‘പുലർകാലം’ എന്നാണ് ആ പേരിന്റെ അർഥം. ‘നിറദീപം’ എന്നാണ് ‘ദിയ’ എന്ന പേരിന്റെ അർഥം. പക്ഷേ, അവൾക്ക് പേരിട്ട് ഒന്നുരണ്ട് വർഷം കഴിഞ്ഞപ്പോഴേക്ക് ദിയ മിർസ സിനിമയിലെത്തി. അതോടെ എല്ലാവരും ആ പേരിടാൻ തുടങ്ങി. ഇഷാനിക്ക് പേരിടാൻ വേണ്ടി സംസ്കൃതം ബേബി നെയിംസ് എന്ന പുസ്തകം വരെ വാങ്ങി. ‘പാർവതീദേവി’ എന്നാണ് ആ പേരിന്റെ അർഥം.

_C2R5565

അതോടെ പലരും മക്കൾക്ക് നല്ല പേരുകൾ എന്നോടു ചോദിച്ചു തുടങ്ങി. ഇഷ്ടമുള്ള കുറേ പേരുകൾ അങ്ങനെ പലർക്കും ഡെഡിക്കേറ്റ് ചെയ്തു. ആ സമയത്താണ് ഹൻസിക വന്നത്. ആ സമയത്തുണ്ടായിരുന്ന ഒരു ചൈൽഡ് ആർടിസ്റ്റിന്റെ പേരാണ് മോൾക്ക് ഇട്ടത്. ‘അരയന്നം’ എന്നും ‘സരസ്വതീദേവി’ എന്നും ആ പേരിന് അർഥമുണ്ട്. അഹാനയെ വീട്ടിൽ ‘അമ്മു’ എന്നാണ് വിളിക്കുന്നത്. ദിയയെ ‘ഓസി’ എന്നും ഇഷാനിയെ ‘ബിത്തു’ എന്നും ഹൻസികയെ ‘ഹൻസു’ എന്നും ചെല്ലക്കുട്ടികളാക്കും.

മക്കളുടെ വിവാഹത്തെ കുറിച്ച് സ്വപ്നം കണ്ടുതുടങ്ങിയോ ?

അവരവരു തന്നെ സ്വപ്നം കണ്ട്, വിവാഹം സ്വയം തീരുമാനിക്കണം. ഞാൻ ജീവിച്ചത് എന്റെ ഇഷ്ടത്തിനാണ്. ഇഷ്ടപ്പെട്ടയാളെ തന്നെ ഞാൻ കല്യാണം കഴിച്ചു. അതുപോലെ അവരുടെ കാര്യവും സ്വയം തീരുമാനിക്കട്ടെ. അവരല്ലേ ജീവിക്കേണ്ടത്, ‍എതിർത്തിട്ട് എന്തു കാര്യം.

അഹാന ഡിഗ്രിയും പിജിയുമൊക്കെ കഴിഞ്ഞ് കരിയറിൽ സ്വന്തം വഴികൾ തേടുന്നു. ദിയ ബിഎ കഴിഞ്ഞ് പിജി ചെയ്യാനായി വിദേശത്തെവിടെയെങ്കിലും പോകാനിരുന്ന സമയത്താണ് ലോക്ഡൗൺ വന്നത്. നിയന്ത്രണങ്ങൾ മാറുമ്പോഴേക്ക് അവൾ പോകും. ഇഷാനി ഡിഗ്രി അവസാനവർഷവും ഹൻസിക പ്ലസ്‌വണ്ണിലുമാണ്. അഹാനയ്ക്കു പിന്നാലെ ഇഷാനിയും ഹൻസികയും സിനിമയിലെത്തി. കലാകാരി ആകാനാണ് വിധിയെങ്കിൽ അതു നടക്കും. മ ക്കൾ എല്ലാവരും ഹാർഡ് വർക്കിങ് ആണ്.

_C2R6025

സീരിയലിലെ രണ്ടാം വരവിലും വൻ സ്വീകരണം കിട്ടി ?

2006ൽ, സീരിയലിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്നു തോന്നിയ കാലത്താണ് മടുപ്പ് വന്നത്. സിനിമയോടുള്ള ആഗ്രഹം തീവ്രമായി ഉണ്ടുതാനും. തമിഴിൽ ശ്രമിക്കാൻ വേണ്ടിയാണ് ബ്രേക്കെടുത്ത് ചെന്നൈയ്ക്ക് പോയത്. 15 വർഷം കഴിഞ്ഞുപോയത് ഞാൻ പോലുമറിഞ്ഞില്ല.

ഫാദർഹുഡിന്റെ സിൽവർ ജൂബിലിയിലെത്തിയിട്ടും 25ന്റെ ചെറുപ്പം. എന്താണ് അതിന്റെ രഹസ്യം ?

മക്കളൊക്കെ വലുതാകുമ്പോൾ നമ്മൾ ചെറുപ്പമായിരിക്കുന്നത് നല്ലതല്ലേ. അച്ഛനമ്മമാരുടെ ജീനിന്റെ ഗുണം എന്നല്ലാതെ എന്തു പറയാൻ. ഇഷ്ടം പോെല ജീവിച്ചയാളാണ് ‍ഞാൻ. ഇഷ്ടമുള്ള ഭക്ഷണം കഴിക്കും, ഇഷ്ടം പോലെ ഉറങ്ങും, വ്യായാമം ചെയ്യാൻ ഇഷ്ടമുള്ളതു കൊണ്ട് അതും മുടക്കില്ല.

വീടിനു പിന്നിലെ സ്ഥലത്തു നിറയെ മരങ്ങളാണ്. ചെറുപ്രായം തൊട്ടേ ഞാനൊരു മരംകയറിയാണ്. ആ ശീലം ഇന്നുമുണ്ട്. ഓരോ നിമിഷവും സന്തോഷത്തിൽ ജീവിക്കുന്നതാകും ഈ എനർജിയുടെ രഹസ്യം.

മക്കൾ Vs അച്ഛൻ

എന്താണ് ജീവിതത്തിൽ നേടിയ വലിയ അച്ചീവ്മെന്റ് ? –  അഹാന

ഒന്നും അച്ചീവ് ചെയ്തതല്ല, നമുക്കു ലഭിച്ച അനുഗ്രഹങ്ങളാണ്. നിങ്ങളെ പോലെ നാലുമക്കൾ എന്നെയും സിന്ധുവിനെയും മാതാപിതാക്കളായി സെലക്ട് ചെയ്തു കൂട്ടിനെത്തിയതാണ് ആ വലിയ അനുഗ്രഹം.

എന്റെയൊപ്പം ടിക്ടോക് ചെയ്യുന്നത് ആസ്വദിക്കാറുണ്ടോ ? – ദിയ

എന്താ സംശയം, ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ എന്റർടെയ്നർ നീയാണ്. ആളുകളെ ചിരിപ്പിക്കാൻ പറ്റുന്നത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല. സിനിമയിൽ കിട്ടാത്ത കോമഡി റോളുകൾ എനിക്കു കിട്ടിയത് നിന്റെയൊപ്പമാണ്.

ഞങ്ങളിൽ ആരാണ് ഏറ്റവും അനുസരണയുള്ള മകൾ ? – ഇഷാനി

നാലുപേരും അക്കാര്യത്തിൽ ഒന്നിനൊന്ന് മിടുക്കികളാണ്. ഓരോരുത്തർക്കും ഓരോ രീതിയാണെങ്കിലും എല്ലാവരും ഡിസിപ്ലിൻഡ് ആണ്. ഏതു കാര്യവും കൃത്യമായി ചെയ്യുന്നയാളാണ് ഇഷാനി.

ഒരു സ്ട്രിക്ട് ഫാദറാണ് എന്നു തോന്നിയിട്ടുണ്ടോ ? – ഹൻസിക

കുട്ടികൾക്ക് ബേസിക് സ്വഭാവഗുണം ഉണ്ടാക്കി എടുക്കണമെന്ന കാര്യത്തിൽ ഒരു സ്ട്രിക്ട് ഫാദറാണ്. കരുണ ഉണ്ടാകണം. കള്ളം പറയുന്നത് എനിക്ക് ഇഷ്ടമില്ല. റിബൽ ആകുന്നതും അംഗീകരിക്കില്ല.

Tags:
  • Celebrity Interview
  • Movies