Friday 20 August 2021 02:18 PM IST

‘ഒന്നും ചെയ്യാനില്ലാത്ത നന്മമരത്തേക്കാൾ ഭേദം നല്ല നെഗറ്റീവ് റോളുകളല്ലേ’; മനസ്സ് തുറന്ന് പ്രശാന്ത് അലക്സാണ്ടർ

Lakshmi Premkumar

Sub Editor

onnn1
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഇരുപത് വർഷമാകുന്നു പ്രശാന്ത് അലക്സാണ്ടർ എന്ന നടൻ മലയാള സിനിമയിൽ മിന്നി നിറയാൻ തുടങ്ങിയിട്ട്. മിക്കപ്പോഴുമൊരു ‘ചൊറിയൻ കഥാപാത്രമായി’, അതല്ലെങ്കിൽ വില്ലൻ വേഷത്തിൽ. സിനിമയ്ക്ക് ആ കഥാപാത്രത്തോടുള്ള ദേഷ്യം നമ്മൾ സൂക്ഷിക്കും. അതു തന്നെയാണ് പ്രശാന്തിന്റെ വിജയവും. അവതാരകനിൽ നിന്ന് അഭിനേതാവിലേക്ക് ഷിഫ്റ്റ് ചെയ്തപ്പോഴും ഉണ്ടായിരുന്നത് പ്രേക്ഷകരുടെ മനസ്സിൽ കയറണമെന്ന മോഹം മാത്രം.

20 വർഷത്തിലേക്ക് നീങ്ങുന്ന സിനിമായാത്ര എങ്ങനെയുണ്ടായിരുന്നു ?

ഫെയ്സ്ബുക്കിൽ ‘നമ്മൾ’ എന്ന സിനിമയുടെ ഫോട്ടോ കണ്ടപ്പോഴാണ് ഞാൻ ചിന്തിച്ചത് ‘ദൈവമേ... എന്തൊരു മാറ്റമാണ് എനിക്കുണ്ടായിട്ടുള്ളത്’. സിനിമാ മോഹികൾ‌ക്ക് വർഷങ്ങൾ ഒരിക്കലും മനസ്സിലുണ്ടാകില്ല. പ്രൊജക്റ്റുകളേ ഉണ്ടാകൂ...

ഓരോ സിനിമ കഴിയുമ്പോഴും അടുത്തത് കണ്ടുപിടിക്കാനുള്ള ഓട്ടം തുടങ്ങും. നല്ല കഥാപാത്രം കിട്ടാനുള്ള അലച്ചിലായിരിക്കും.  2002ൽ ‘നമ്മളി’ലൂടെയുള്ള എൻട്രി ഇതാ, ഇന്നലെ കഴിഞ്ഞപോലെയാണ് എനിക്ക് തോന്നുന്നത്.

എഴുപതു സിനിമകൾ ഉൾപ്പെടുന്ന കരിയർ. ഇപ്പോഴും കഥാപാത്രങ്ങൾക്കായി കാത്തിരിക്കേണ്ടി വരാറുണ്ടോ?

തുടക്കത്തിൽ സിനിമകൾ ഇങ്ങോട്ടു വന്നു കൊണ്ടേയിരുന്നു. എന്തെങ്കിലുമൊക്കെ ചെയ്താൽ പോരാ, നല്ല കുറച്ച് കഥാപാത്രങ്ങൾ ചെയ്യണം എന്നു തോന്നി തുടങ്ങിയപ്പോൾ മുതലാണ് സത്യത്തിൽ സ്ട്രഗിളിങ് തുടങ്ങിയത്.

ടെലിവിഷനിലെ ജോലി ഉപേക്ഷിച്ച് ഒരുപാട് കാലം സിനിമയ്ക്ക് വേണ്ടി കാത്തിരുന്നു. കുറച്ച് കാലം കഴിഞ്ഞപ്പോൾ മനസ്സിലായി. നമ്മൾ ചെയ്യേണ്ട പണി കാത്തിരിപ്പല്ല. സിനിമയെ അങ്ങോട്ടു പോയി അന്വേഷിക്കണം. ആക്‌ഷൻ ഹീറോ ബിജു ഒരു ടേണിങ് പോയിന്റായിരുന്നു.

അതിനുശേഷമാണ് ഞാൻ അവസരങ്ങൾ തേടി പോകാൻ തുടങ്ങിയത്. പിന്നെ, ജീവിതം പുതിയൊരു അധ്യായമായി മാറി. ഞാൻ തന്നെ മനസ്സിനെ പറഞ്ഞ് പാകപ്പെടുത്തി. ആരോടും ചാൻസ് ചോദിക്കണം, പോയാല്‍ ഒരു വാക്ക് കിട്ടിയാൽ നല്ലൊരു ചാൻസ്. അതെന്തിന് വേണ്ടെന്ന് വയ്ക്കണം.

onnn2

ഫിലിം കാലത്തു നിന്നു സിനിമ ഡിജിറ്റലിലേക്ക് മാറിയപ്പോൾ?

സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾ നടന്നുകൊണ്ടിരുന്ന കാലത്തിലൂടെ വന്നയാളാണ് ഞാൻ. നമ്മളിൽ അഭിനയിക്കുമ്പോൾ ഫിലിം റോളുകളായിരുന്നു. അതു മാറി ഡിജിറ്റൽ ക്യാമറകൾ വന്നു. അതുണ്ടാക്കിയ മാറ്റം വളരെ  വലുതാണ്. സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന ആർക്കും സിനിമ ചെയ്യാൻ പറ്റുന്നു എന്നതൊരു കാര്യം. പെർഫെക്ട് ടേക്കിനായി എത്ര ടേക്ക് പോയാലും കുഴപ്പമില്ല എന്നതും അദ്ഭുതമായിരുന്നു. ആദ്യ കാലത്ത് അന്നത്തെ പ്രഗത്ഭ സംവിധായകരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. ഡിജിറ്റൽ യുഗത്തിൽ കളി മാറി. എവിടുന്നാണ് സിനിമകൾ ഉണ്ടാകുന്നത് എന്നു പോലും തിരിച്ചറിയാൻ പറ്റാത്ത സ്ഥിതി.

പ്രതിഭകളായ പുതുതലമുറ സംവിധായകർ നിത്യവും എന്നോണം സിനിമകൾ അനൗൺസ് ചെയ്യുന്നു, റിലീസ് ചെയ്യുന്നു, ഹിറ്റടിക്കുന്നു. ഇവരെ എങ്ങനെ കാണാം, പ രിചയപ്പെടാം എന്നൊന്നും മനസ്സിലാകുന്നില്ല. ഇപ്പോൾ എല്ലാം പതുക്കെ ഒന്ന് പഠിച്ചു വരുന്നേയുള്ളൂ.

നെഗറ്റീവ് കഥാപാത്രങ്ങളോട് ഇഷ്ടം കൂടുതലാണോ?

ലാൽ ജോസ് സാർ സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിലാണ് ആദ്യത്തെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രം ചെയ്യുന്നത്. പിന്നീട് വന്നതൊക്കെയും കുറച്ച് തല്ലുകൊള്ളി വേഷങ്ങളായിരുന്നു.

ഒന്നും ചെയ്യാതെ നിൽക്കുന്ന നന്മ മരത്തേക്കാൾ നല്ലത് നെഗറ്റീവാണെങ്കിലും കുറച്ച് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളല്ലേ. ലാൽ ജോസ് സാർ അന്ന് പറഞ്ഞിരുന്നു, ‘നിനക്ക് നല്ലൊരു ഫ്രോഡ് ലുക്കുണ്ട്, നന്നായി ഉപയോഗിക്കണം’ എന്ന്. ആ പറഞ്ഞത് കുറിക്ക് കൊണ്ടു കാണും. ആ ക്‌ഷൻ‌ ഹീറോ ബിജുവും, ഓപ്പറേഷൻ ജാവയുമാണ് കൂടുതൽ പ്രേക്ഷക പ്രശംസ നേടി തന്ന കഥാപാത്രങ്ങൾ.

ഹിന്ദി സിനിമയിലും ഒരു കൈ പരീക്ഷിച്ചിട്ടുണ്ടല്ലേ ?

ഞങ്ങൾ സുഹൃത്തുക്കൾ ചേർന്നുണ്ടാക്കിയ ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ട്രിപ് പോകുകയാണ്. അലക്ഷ്യമായി ഫെയ്സ്ബുക്ക് നോക്കിക്കൊണ്ട് വണ്ടിയുടെ പുറകിലത്തെ സീറ്റിൽ ഞാൻ  ഇരിക്കുന്നു. പെട്ടെന്ന് വണ്ടി ഒരു ഗട്ടറിൽ ചാടി. ഫോൺ നേരെ താഴേക്ക് പോയി. ഫോൺ ചാടിയെടുത്തപ്പോൾ ഫെയ്സ്ബുക്കിലെ മെസേജ് റിക്വസ്റ്റ് എന്നൊരു പേജാണ് ഓപ്പണായിരിക്കുന്നത്.   

അന്നു വരെ ഞാനാ പേജ് കണ്ടിട്ടുണ്ടായിരുന്നില്ല. അ തിനകത്ത് രാജ് കുമാർ ഗുപ്ത എന്നൊരാളുടെ സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നു ചോദിച്ച് മുംബൈയിലെ കാസ്റ്റിങ് ഏജൻസി മെസേജ് അയച്ചിരിക്കുന്നു.  ഇതൊരു തട്ടിപ്പാണോ എന്നായിരുന്നു ആദ്യത്തെ സംശയം. പക്ഷേ, സിനിമയുടെ ഡീറ്റെയിൽസ് കേട്ടപ്പോൾ സംഭവം സത്യമാണെന്ന് മനസ്സിലായി.

കൊടൈക്കനാലിലേക്കുള്ള ആ ട്രിപ്പിലാണ് ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ എന്ന ഹിന്ദി സിനിമ സെറ്റാവുന്നത്.  പല സ്ഥലങ്ങളിൽ ഇറങ്ങി ഒഡീഷന് വിഡിയോ അയച്ചു. ഒടുവിൽ കൊടൈക്കനാലിൽ എത്തിയപ്പോള്‍ വിളി വന്നു, ഷോർട്ട്ലിസ്റ്റായിട്ടുണ്ട്. പത്ത് ദിവസം ക്യാംപ് കഴിഞ്ഞാണ് ഷൂട്ട് തുടങ്ങിയത്.   

സിനിമാ ലോകത്ത് അർഹിച്ച അംഗീകാരം ലഭിച്ചിട്ടില്ല എന്ന് തോന്നിയിട്ടുണ്ടോ ?

ഞാനെന്റെ ജീവിതത്തിൽ ആദ്യമായി പരിചയപ്പെടുന്ന സംവിധായകൻ സത്യൻ അന്തിക്കാടാണ്. വല്ലാത്തൊരു ആ രാധനയായിരുന്നു അദ്ദേഹത്തോട്. സുഹൃത്ത് വഴിയാണ്   അദ്ദേഹത്തെ നേരിൽ കാണുന്നത്.

onnn3

കോയമ്പത്തൂരിൽ ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’  സിനിമയുടെ ഷൂട്ട് നടക്കുന്ന കാലം. ഞാനദ്ദേഹത്തിന്റെ താമസ സ്ഥലത്ത് ചെന്നു. അദ്ദേഹം എന്നെ സ്വീകരിച്ച് ഇരുത്തി, ചായ ഇട്ട് തന്നു. ഇത്രയും വലിയൊരു സംവിധായകനാണോ നമ്മുടെ മുന്നിൽ നിൽക്കുന്നതെന്ന് അദ്ഭുതപ്പെടും. ഞങ്ങൾ കുറെയേറെ നേരം സംസാരിച്ചു. സത്യേട്ടൻ പറഞ്ഞു, ‘ഈ ചിത്രത്തിൽ കഥാപാത്രളെല്ലാം ഫിക്സ് ആയി. നല്ലൊരു വേഷം വരട്ടെ  ഞാൻ വിളിക്കാം.’ ആ വാക്കുകൾ തന്നെ എനിക്ക് ധാരാളമായിരുന്നു. ഞാൻ സന്തോഷത്തോടെയാണ് തിരികെ എത്തിയത്. 2002ൽ ആണിത് നടക്കുന്നത്. 2021 ആയിട്ടും എനിക്ക് സത്യേട്ടന്റെ സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല.

ഓപ്പറേഷൻ ജാവ കണ്ടിട്ട് സത്യേട്ടൻ വിളിച്ചു. ഞാനപ്പോഴും ചോദിച്ചു, ‘എന്നാണ് എനിക്ക് സത്യേട്ടന്റെ പടത്തി ൽ അഭിനയിക്കാൻ കഴിയുക ?’ ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ടെ’ന്ന് സത്യേട്ടൻ പറഞ്ഞു. അതു ശരിയാണെന്ന് എനിക്കും തോന്നി.

കുടുംബം ?

പത്തനംതിട്ട മല്ലപ്പള്ളിയാണ് നാട്. ഭാര്യ ഷീബ, ‘വാൽക്കണ്ണാടി’ എന്ന പരിപാടിയിൽ എന്റെ കൂടെ അവതാരക ആയിരുന്നു. സത്യം പറഞ്ഞാൽ ഷീബ സ്കൂളിലും ഞാൻ ഡിഗ്രിക്കും പഠിക്കുമ്പോൾ തുടങ്ങിയ പരിചയമാണ്. പതുക്കെ പ്രണയമായി.

ഷീബ പിജി ചെയ്യുന്ന സമയത്ത് ഞാനാണ് അവതാര കയാകാൻ ക്ഷണിക്കുന്നത്. കുറച്ച് ആൽബം സോങ്സ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തിരുവല്ല മാർത്തോമാ കോളജിൽ അധ്യാപികയാണ്.

രണ്ട് ആൺമക്കളാണ്. രക്ഷിത് ആറിൽ പഠിക്കുന്നു.  മന്നവിന് മൂന്നു വയസ്സ്. എന്റെ അമ്മ ലീലാമ്മ, റിട്ടയേര്‍ഡ് അധ്യാപികയാണ്. അപ്പ, കെ.പി അലക്സാണ്ടർ. വൈദികനായിരുന്നു. അപ്പ തന്ന വെളിച്ചമാണ് കലാജീവിതത്തിന്റെ വഴികാട്ടി. പത്ത് വര്‍ഷമായി അപ്പ വിട്ടുപിരിഞ്ഞിട്ട്. പക്ഷേ, ഇന്നും ആ വെളിച്ചം തന്നെയാണ് എന്നെ നയിക്കുന്നത്.

Tags:
  • Celebrity Interview
  • Movies