കണ്ണൂർ സ്ക്വാഡ്, പദ്മിനി... സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ച സന്തോഷത്തിലാണ് സജിൻ ചെറുകയിൽ..
മമ്മൂക്ക സ്ക്വാഡ്
‘കണ്ണൂർ സ്ക്വാഡ്’ തിയറ്ററുകളിൽ വിജയം തീർക്കുമ്പോൾ ഏറ്റവും സന്തോഷിക്കുന്ന ആൾ ഞാനാകും. സംവിധായകൻ റോബിയെ മുൻപേ പരിചയമുണ്ട്. ഒരു പരസ്യത്തിൽ ഒന്നിച്ച് വർക് ചെയ്തിട്ടുണ്ട്. ‘ഒരു പടം ചെയ്യുന്നു. അതിലൊരു വേഷം സജിനുണ്ട്. മമ്മൂക്കയാണു നായകൻ, നിനക്കു മമ്മൂക്കയുടെ കൂടെ സീൻ ഉണ്ട്.’ അതാണു റോബി ഫോണിൽ പറഞ്ഞത്.
ആദ്യ ദിവസങ്ങളിൽ ഞാനും റോണിയും കൂടിയുള്ള സീനുകളാണു ഷൂട്ട് ചെയ്തത്. അങ്ങനെ ഒരു ദിവസം മമ്മൂക്ക വന്നു. പരിചയപ്പെട്ട നിമിഷം തന്നെ ഞാൻ അഭിനയിച്ച സിനിമകളെ കുറിച്ചൊക്കെ മമ്മൂക്ക ചോദിച്ചു. അതോടെ എന്റെ ടെൻഷൻ മാറി.
അന്തിക്കാടും സിനിമയും
തൃശൂർ അന്തിക്കാടാണു വീട്. അച്ഛൻ പുരുഷോത്തമൻ കർത്തയ്ക്ക് പ്രൈവറ്റ് ജോലി ആയിരുന്നു. അമ്മ അംബികാദേവി ടീച്ചറും. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ നാടകം എഴുതി സംവിധാനം ചെയ്ത് അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലും ഏഴാം ക്ലാസിലും കുറേ സമ്മാനങ്ങളും കിട്ടി. കോളജ് കാലത്തു പക്ഷേ, സ്റ്റേജിലൊന്നും കയറിയിട്ടില്ല.
ഐടി ആണ് പഠിച്ചത്, ആ രംഗത്ത് തന്നെ ജോലിയും കിട്ടി. സിനിമയിൽ സജീവമായപ്പോൾ ജോലി വിട്ടു. ഐടി ജോലിയുള്ള ഭാര്യ സീതാലക്ഷ്മിക്കും മൂന്നു വയസ്സ് ഉള്ള മകൻ മൽഹാറിനും ഞാൻ സിനിമ ചെയ്യുന്നതു തന്നെയാണ് ഇഷ്ടം.
സൂപ്പർ ശരണ്യ
സൂപ്പർ ശരണ്യ ടീം എന്റെ സ്വകാര്യ സ്വത്താണ്.‘തണ്ണീർമത്തൻ ദിനങ്ങളി’ലെ വഴക്കിടുന്ന സ്കൂൾ മാഷ് ശ്രദ്ധിക്കപ്പെട്ടു. അതിന്റെ കരുത്തിലാണു രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത കമലയിൽ അവസരം കിട്ടുന്നത്. സംവിധായകൻ സെന്നാ ഹെഗ്ഡേയ്ക്ക് എന്നെ പരിചയപ്പെടുത്തിയത് സിനിമട്ടോഗ്രഫറും തിങ്കളാഴ്ച നിശ്ചയത്തിന്റെ സഹ എഴുത്തുകാരനുമായ ശ്രീരാജ് രവീന്ദ്രനാണ്. 1744 വൈറ്റ് ആൾട്ടോ, പദ്മിനി എന്നീ സെന്ന ഹെഗ്ഡെ ചിത്രങ്ങളിലും അഭിനയിച്ചു.
സിനിമ പാരഡൈസോ
സിനിമ പാരഡൈസോ ക്ലബ് ആണ് സിനിമയിലേക്കു വഴി തുറന്നത്. ഓർക്കുട്ട് ബോറടിച്ച കാലത്താണു സിപിസിയിലെ സിനിമാ ചർച്ചകളിൽ ഭ്രമം കയറിയത്. പതിവായി ഞാനും അഭിപ്രായങ്ങൾ കമന്റിടും. അന്നു മാക്രിക്കുട്ടൻ എന്നായിരുന്നു എന്റെ ഐഡി. വിനീത് വാസുദേവൻ, ഗിരീഷ് എ.ഡി , വിനീത് വിശ്വം, ബിലഹരി തുടങ്ങിയവരെയൊക്കെ കൂട്ടുകാരായി കിട്ടിയത് അവിടെ നിന്നാണ്.
പ്രശോഭ് വിജയന്റെ ലില്ലിയാണ് ആദ്യമായി അഭിനയിച്ച സിനിമ. എഴുത്തിനോട് കമ്പമുള്ള ഞാൻ ഗിരീഷിനോട് സിനിമയ്ക്കുള്ള കഥകൾ പറയാറുണ്ട്. പിന്നീട് അവർക്കൊപ്പം അള്ള് രാമചന്ദ്രന്റെ സ്ക്രിപ്റ്റ് റൈറ്റിങ്ങിൽ കൂടി.
പ്രോത്സാഹനം, അഭിനന്ദനം
കണ്ണൂർ സ്ക്വാഡിന്റെ ലൊക്കേഷനിൽ വച്ചു കണ്ടപ്പോൾ മമ്മൂക്ക ആദ്യം ചോദിച്ചത് ശരിക്കും മാഷാണോ എന്നാണ്. തണ്ണീർ മത്തനിലെ വേഷം മനസ്സിൽ വച്ചായിരുന്നു ആ ചോദ്യം. ഇതുപോലെ മനസ്സിൽ തങ്ങി നിൽക്കുന്ന കമന്റ് കിട്ടിയത് അജു വർഗീസിൽ നിന്നാണ്. തണ്ണീർ മത്തന് ശേഷം ആണ് ആദ്യമായി ഞങ്ങൾ കാണുന്നത്. കണ്ടപ്പോൾ തന്നെ അഭിനയം നന്നായി എന്നൊക്കെ പറഞ്ഞു അഭിനന്ദിച്ചു.
‘പദ്മിനി’യിലെ ജയേട്ടൻ ആളുകൾക്ക് ഇഷ്ടമായ കഥാപാത്രമാണെന്ന് ഇപ്പോൾ തോന്നുന്നു. എല്ലാ ആണുങ്ങളിലും ജയേട്ടന്റെ ദുഃസ്വഭാവങ്ങളിൽ ഇത്തിരിയെങ്കിലും കാണും. എന്റെ കയ്യിലും ഉണ്ട്. ഞാൻ സ്ക്രിപ്റ്റ് എഴുതി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ‘അയാം കാതലൻ’ ആണ് മറ്റൊരു പുതിയ വിശേഷം.