Saturday 07 December 2019 05:26 PM IST

‘ജൂണിനു ശേഷം കുറേ ആരാധികമാരുണ്ടായി; ഇപ്പോൾ ആൺകുട്ടികളും ഇഷ്ടത്തോടെ പെരുമാറുന്നു!’

Sreerekha

Senior Sub Editor

khalid44

വെള്ളാരങ്കണ്ണുള്ള ക്യൂട്ട് സുന്ദരൻ നോയലായി വന്ന സർജാനോ ഖാലിദ്, ജൂണിന്റെ ഹൃദയം മാത്രമല്ല കവർന്നത്. കേരളത്തിലെ സിനിമാപ്രേമികളായ പെൺകുട്ടികളുെട മനസ്സു കൂടിയാണ്. ഇപ്പോഴിതാ വിനായക് ശശികുമാർ സംവിധാനം ചെയ്ത ഹിറ്റ് ഷോർട്ട് ഫിലിം ‘ഹായ് ഹലോ കാതലി’ലൂടെ സർസർജാനോ വീണ്ടും പ്രണയനായകനായി തരംഗമാകുന്നു. ‘വനിത’യോട് മനസ്സു തുറക്കുകയാണ് യൂത്തിന്റെ ട്രെൻഡി നായകൻ.

സിനിമയോട് ഇഷ്ടം

സിനിമയോട് അടുപ്പം തോന്നുന്ന ചുറ്റുപാടിലാണ് ഞാൻ വ ളർന്നത്. കൊച്ചിയിൽ ഞങ്ങൾ താമസിച്ചിരുന്ന ഡിഡി നെസ്റ്റ് അപാർട്ട്മെന്റ് ഒരുപാട് സിനിമാക്കാർ താമസിക്കുന്ന സ്ഥലമായിരുന്നു. പല താരങ്ങളും അവിടെ ഷൂട്ടിങ്ങിനു വരാറുണ്ടായിരുന്നു. അങ്ങനെ സിനിമയോട് ഇഷ്ടം തോന്നിയിട്ടുണ്ട്. ഹൈസ്കൂളിൽ വച്ച് ഒരു വർഷം ആന്ധ്രയിലെ ആൾട്ടർനേറ്റിവ് എജ്യുക്കേഷൻ സ്കൂളിൽ പഠിക്കാൻ പോയി. അവിടെ വച്ച് ഒരു ഡ്രാമയില്‍ അഭിനയിച്ചിരുന്നു. അന്ന് ടീച്ചേഴ്സ് ചോദിച്ചിട്ടുണ്ട്, അഭിനയം ട്രൈ ചെയ്തു കൂടേയെന്ന്. അതാണ് അഭിനയവുമായി ബന്ധപ്പെട്ട ആദ്യത്തെ ഒാർമ. ഉപ്പയ്ക്ക് നേരത്തെ ഒരു ആനിമേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടായിരുന്നു. അവിടുത്തെ സ്റ്റുഡന്റ്സ് ചെയ്ത ഷോർട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്.

നോയലിനെ പോലെ ഞാനും

‘ജൂണി’ൽ കാസ്റ്റിങ് കോൾ കണ്ടാണ് ഭാഗ്യം പരീക്ഷിക്കാമെന്നു വച്ചത്. സിനിമയിലെ ഒന്നു രണ്ടു സീൻസാണ് അഭിനയിച്ചു കാണിക്കാൻ പറഞ്ഞത്. മുംബൈയിൽ വച്ച് കാമുകിയെ ഒരു ഗ്യാപ്പിനു ശേഷം കാണുന്ന സീനും, പിന്നെ ക്ലാസിലെ ഫസ്റ്റ് ഇൻട്രൊഡക്‌ഷൻ സീനും. എനിക്ക് നോയൽ എന്ന കഥാപാത്രവുമായി നന്നായി കണക്ട് ചെയ്യാനായി. പ്ലസ് വൺ, പ്ലസ് ടു ഞാൻ ഖത്തറിലാണു പഠിച്ചത്. ഫൊട്ടോഗ്രഫി ക്രേസാണ്. ‘ജൂണി’ലെ സാധാരണ പ്ലസ് ടു ക്ലാസ്... അത്തരം സ്കൂളും എനിക്ക് അടുത്തറിയാം. നയൻതും ടെൻതും ഞാൻ വടകരയിലെ സാധാരണ സ്കൂളിലാണ് പഠിച്ചത്. ‘ജൂണി’നു ശേഷം ഗൗതം മേനോന്റെ വെബ് സീരീസിൽ അഭിനയിക്കാൻ വിളിച്ചു. ജിബു ജേക്കബിന്റെ ‘ആദ്യരാത്രി’യിലെ റോൾ കിട്ടി. ഇപ്പോ സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘ബിഗ് ബ്രദറി’ലെ വേഷം ചെയ്യുന്നു. ഇതിൽ വലിയ പ്രതീക്ഷയുള്ള കഥാപാത്രമാണ്.

ഹായ് ഹലോ കാതൽ

വിനായക് ഇതിന്റെ കഥ പറഞ്ഞപ്പോഴെ ഇഷ്ടമായി. സിംപിൾ ആൻഡ് ക്യൂട്ട് ആയി തോന്നി. വിനായക് നല്ല ലിറിസിസ്റ്റ് ആണ്. മൂന്നു മാസം മുൻപ് കൊച്ചിയിലായിരുന്നു ഷൂട്ടിങ്. 96ലൂടെ വന്ന ഗൗരിയാണ് നായിക. ഇതിൽ എന്റെ ലുക്ക് കുറച്ച് മച്വേർഡ് ആയിട്ടാണ്. ഷോർട്ട് ഫിലിമിന് വളരെ നല്ല റെസ്പോൺസ് ലഭിച്ചു. 2.5 മില്യൺ വ്യൂസ് കഴിഞ്ഞിരിക്കുന്നു. പാട്ട് ഇഷ്ടമാണെങ്കിലും ‘ഹായ് ഹലോ കാതലി’ലെ പോലെ പാടാറില്ല. എനിക്കു പാടാനറിയില്ല. പാടാൻ ഭയങ്കര ആഗ്രഹമുണ്ട്. ഫാഷൻ എക്സ്പ്ലോർ ചെയ്യാനിഷ്ടമാണ്. കാറുകളോട് ക്രേസുണ്ട്. ട്രാവലാണ് മറ്റൊരിഷ്ടം. പിന്നെ, നല്ല ബാഡ്മിന്റൺ പ്ലെയർ ആണു ഞാൻ.

ഇത്താത്താസിന്റെ അനിയൻ

ഉപ്പയും ഉമ്മയും രണ്ടു ചേച്ചിമാരും ഒരു അനിയത്തിയും ആണ് വീട്ടിൽ. ഉപ്പ ഖാലിദ് അബൂബക്കർ. ഉമ്മ സാജിതാ ഖാലിദ്. സഹോദരിമാർ അൽമിത്രാ, മെയ്സായ്ഡേ, ഇറാദാ മുസമ്മിൽ. ‘ഇത്താത്താസ് ആൻഡ് കമ്പനി’യുടെ പുന്നാര അനിയനാണ്. ഉപ്പ നേരത്തേ ടെലിവിഷൻ മേഖലയിലായിരുന്നു. ഇപ്പോ ബിസിനസാണ്. കോഴിക്കോടാണ് ഉപ്പയുടെ സ്വന്തം നാട്. ഇപ്പോൾ കൊച്ചിയിലാണു താമസം.

പ്രണയം, സിനിമയിലും ലൈഫിലും

‘ജൂണി’ലും ‘ഹലോ ഹായ് കാതലി’ലും പ്രണയ നായകനായിട്ടാണ്. എന്റെ ലൈഫിലും, എല്ലാ ആൺകുട്ടികളുടെയും ലൈഫിലെ പോലെ ക്രഷും ബ്രേക്കപ്പുമൊക്കെ ഉണ്ടായിട്ടുണ്ട്. മനസ്സിൽ പ്രണയം അനുഭവിച്ചവർക്കേ സിനിമയിലായാലും ലവ് സീൻസ് ഫീൽ ചെയ്ത് അഭിനയിക്കാൻ സാധിക്കൂ എന്നാണു തോന്നുന്നത്. ‘ജൂണി’നു ശേഷം എനിക്ക് ആരാധികമാരുണ്ടായി. തുടക്കത്തിൽ പെൺകുട്ടികളായിരുന്നു സ്നേഹം കാട്ടുന്നത്. ഇപ്പോ ആൺകുട്ടികളും പെൺകുട്ടികളുമെല്ലാം  ഒരുപോലെ ഇഷ്ടത്തോടെ പെരുമാറുന്നു... പർസ്യൂട്ട് ഒാഫ് ഹാപ്പിനെസ്– അതാണെന്റെ ഡ്രീം. അറിയപ്പെടുന്ന ആക്ടർ ആവണം, അതിനായി നന്നായി ഹാർഡ് വർക്ക് ചെയ്യണം, നല്ല റോൾസ് കിട്ടണം... ഇതെല്ലാം കൂടി സ്വപ്നത്തിലുണ്ട്.

ലാലേട്ടനോട് ആരാധന

‘ബിഗ് ബ്രദറി’ൽ ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ പറ്റിയത് ഭാഗ്യമായി കരുതുന്നു. പുറത്തു നിന്ന് ആരാധനയോടെ നോക്കിയ വലിയ താരം! കൂടെ അഭിനയിക്കുമ്പോ വിസ്മയം കൂടുകയാണ്. അദ്ദേഹം ഒരു ലെജൻ‍ഡും മിസ്റ്ററിയും ആണെന്നു തോന്നി. പണ്ട് കൊച്ചിയിൽ സിനിമാ ഷൂട്ടിങ് നടക്കുമ്പോ ഞാനും അനിയത്തിയും ലാലേട്ടന്റെ ഒപ്പം നിന്ന് ഫോട്ടോയെടുക്കാൻ ശ്രമിച്ചിട്ടുണ്ട്. അന്ന് സെക്യൂരിറ്റി തടഞ്ഞു. നമ്മളെ സ്നേഹത്തോടെ കൂടെ ചേർത്തു നിർത്തുന്ന ആളാണ് അദ്ദേഹം. ഒരു ബ്രദേർലി ഫീലിങ്.

മൈ ഫിലോസഫി ഒാഫ് ലൈഫ്

െഎ ഫോളോ മൈ ഇന്റ്യൂഷൻസ്. ഹാപ്പിയായിരിക്കുക, കൂടെയുള്ളവരെ ഹാപ്പിയാക്കുക. ഇതാണെന്റെ ഫിലോസഫി. ദൈവവിശ്വാസിയാണ്. നല്ലൊരു സൂഫിയാണ്. എപ്പോഴും പൊസിറ്റീവാണ് ഞാൻ. അതാണെന്നിൽ ഏറ്റവുമിഷ്ടപ്പെടുന്ന ക്വാളിറ്റി. ഒന്നിനോടും പേടി തോന്നാറില്ല. ലൈഫിൽ ഒരു ബാഡ് സിറ്റ്വേഷൻ വന്നാലും അതും ഞാൻ ഫെയ്സ് ചെയ്യേണ്ടതായിരുന്നു എന്നു കരുതി നേരിടും.

Tags:
  • Celebrity Interview
  • Movies