Monday 21 May 2018 04:09 PM IST

‘ഒരു സിനിമയെടുത്ത് ഈ ലോകം നന്നാക്കിക്കളയാമെന്ന വ്യാമോഹമൊന്നും എനിക്കില്ല...’

V R Jyothish

Chief Sub Editor

sreenivasan-fa1 ഫോട്ടോ: ശ്യാം ബാബു

ശ്രീനിവാസന് എന്താണ് സംഭവിച്ചത്? എന്തായിരുന്നു അസുഖം? അലോപ്പതി മരുന്ന് കഴിക്കാറുണ്ടോ? ‍ഡോക്ടർമാരെ വിമർശിച്ചത് ശരിയാണോ? നിലപാടുകളിൽ എന്തെങ്കിലും മാറ്റമുണ്ടോ? ഇപ്പോൾ ദൈവവിശ്വാസിയായോ? ഇനി സിനിമയിൽ അഭിനയിക്കുമോ? സിനിമ എഴുതുമോ? നവമാധ്യമങ്ങളും ആരാധകരും നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്ന നിരവധി സംശയങ്ങളുണ്ട്. നീണ്ട ഒരിടവേളയ്ക്കു േശഷം ശ്രീനിവാസൻ ആദ്യമായി ഒരു മാധ്യമത്തോട് മനസ്സു തുറക്കുകയാണ്. 

ശ്രീനിവാസൻ ആശുപത്രിയിലായപ്പോൾ മാധ്യമപ്രവർത്തകർ സത്യൻ അന്തിക്കാടിനോടു ചോദിച്ച കുറേ ചോദ്യങ്ങളാണ് മുകളിൽ പറഞ്ഞത്. ഈ ചോദ്യങ്ങൾക്ക് എല്ലാം ഒറ്റ മറുപടിയാണ് സത്യൻ പറഞ്ഞത്.  ‘നിങ്ങൾ ഇപ്പോൾ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ശ്രീനിവാസൻ തന്നെ നേരിട്ട് മറുപടി പറയുന്നതായിരിക്കും.’ പക്ഷേ, ഇതുവരെയും ശ്രീനിവാസന്‍ ഒന്നും തുറന്നു പറഞ്ഞില്ല. അ ല്ലെങ്കിലും ‘ഓരോന്നിനും അതിന്റേതായ സമയമുണ്ടെന്ന്’ നേരത്തേ കണ്ടുപിടിച്ച ആളാണ് കക്ഷി. ഇപ്പോഴിതാ എല്ലാ േചാദ്യങ്ങള്‍ക്കും ‘വനിത’യിലൂടെ മറുപടി പറയുന്നു.

കണ്ടനാട്ടെ വീട്ടിൽ രാവിലെ േനരിയ തണുപ്പും വയൽ കടന്നു വരുന്ന ചെറിയ കാറ്റുമുണ്ട്. വർത്തമാനപത്രങ്ങൾ ഒന്നൊന്നായി അരിച്ചുപെറുക്കുക യാണു ശ്രീനിവാസൻ. ഇതു പണ്ടേയുള്ള ശീലമാണ്. തോന്നയ്ക്കൽ പ ഞ്ചായത്തിലെ ഓരോ വീടും അരിച്ചു പെറുക്കുന്നതു പോലെ വാർത്തകളി ലൂെട ഒരു യാത്ര. വേണ്ട വാർത്തകൾ ഓർമയുെട അറകളില്‍ സൂക്ഷിക്കും. 

ചെന്നൈയിൽ നിന്ന് വിനീത് അതിരാവിലെ വന്നതേയുള്ളു. ധ്യാൻ തന്റെ സിനിമയുെട പോസ്റ്റ് പ്രൊഡക്‌ഷനുമായി ബന്ധപ്പെട്ട് െചന്നൈയിൽ. ചൂടു ചായ വിളമ്പി വിമല ടീച്ചർ. ടീച്ചറുടെ സഹോദരനും സംവിധായകനുമായ എം. മോഹനനും രാവിലെ എത്തി.

കുടുംബത്തിൽ നിന്ന് ഒരു സിനിമ കൂടി പുറത്തിറങ്ങുന്നതിന്റെ ആഹ്ലാദത്തിലാണ് എല്ലാവരും. ‘അരവിന്ദന്റെ അതിഥികൾ.’ മൂകാംബികയുെട പശ്ചാത്തലത്തിൽ എം. മോഹനന്റെ സംവിധാനം. ശ്രീനിവാസനും  വിനീതും  പ്രധാന വേഷങ്ങളിൽ.   മൂകാംബിക ക്ഷേത്രത്തിൽ എത്തുന്ന ഭക്തന്മാരെ സ്വീകരിക്കുന്ന അരവിന്ദൻ എന്ന ചെറുപ്പക്കാരനാണ് സിനിമയുടെ ൈഹലൈറ്റ്.

‘‘സിനിമയ്ക്കു വേണ്ടി മൂകാംബികയിൽ പോകുന്നത് ആദ്യമായിട്ടാണ്. പക്ഷേ, ഒരുപാടു തവണ ഞാന്‍ അവിെട പോയിട്ടുണ്ട്.’’ ഒരു വലിയ ചിരിക്കു തിരി െകാളുത്തും പോലെ  ശ്രീനിവാസന്‍ പറഞ്ഞു തുടങ്ങി. ‘‘ഒരിക്കൽ ഞാനും സത്യന്‍ അന്തിക്കാടും കൂടി മൂകാംബികയിൽ നിൽക്കുമ്പോൾ ഒരാൾ അസാധാരണമായി തൊഴുതു കൊണ്ടു നടക്കുകയാണ്. ഉപദേവതമാരെ മാത്രമല്ല, കാണുന്ന കല്ലിനെയും തൂണിനെയും ഒക്കെ തൊഴുതു പോകുന്നു, പരിഭവം പറയുന്നു. ആ കാഴ്ച കണ്ടപ്പോൾ ഞങ്ങൾക്കു തോന്നി ആളൊരു സർക്കാർ ജീവനക്കാരനാണ്, പുള്ളിക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. ഞങ്ങൾ ഇതു പറഞ്ഞതിന്റെ മൂന്നാം ദിവസം പത്രത്തിൽ  ഇദ്ദേഹത്തിന്റെ പടം. ആള് സെയിൽസ് ടാക്സ് ഡിപ്പാർട്ടുമെന്റിൽ വലിയ ഉദ്യോഗസ്ഥനാണ്. കൈക്കൂലിക്കേസിൽ അറസ്റ്റ് ചെയ്ത പടമാണ് കാണുന്നത്...’’

നീണ്ട കൂട്ടച്ചിരിയിൽ വിമല ടീച്ചറും പങ്കു ചേർന്നു. അപൂർവമാണ് ഇതുപോലെയുള്ള കൂടിച്ചേരലുകൾ. അപ്പോൾ ഈ കുടുംബം ശ്രീനിവാസൻ സിനിമ പോലെ ഇമ്പമുള്ളതാകും. പ ക്ഷേ, സംസാരവിഷയത്തിൽ സിനിമ അപൂർവമായി മാത്രമേ കടന്നു വരൂ. പരസ്പരം കൊണ്ടും കൊടുത്തുമുള്ള നർമ മുഹൂർത്തങ്ങൾ. ഈ  നിമിഷങ്ങൾ പിന്നീട് ഏതെങ്കിലും സി നിമയിൽ വരും.

‘‘ഒരിക്കൽ ഞാനും ശ്രീനിയേട്ടനും കൂടി ഒരു സുഹൃത്തി നെ കാണാൻ പോയി. വർഷങ്ങൾക്കു മുമ്പാണ്. അന്ന് ആ സു ഹൃത്തിനോട് ശ്രീനിയേട്ടൻ പറഞ്ഞു, ‘എന്റെ ഭാര്യ വിമലയു ടെ നല്ല മനസ്സു കൊണ്ടാണ് എനിക്ക് ഇങ്ങനെ സ്വസ്ഥമായി ജോലി ചെയ്യാൻ കഴിയുന്നത്’ എന്ന്. ഞാനീ വിവരം വിമലേച്ചിയോടു പറഞ്ഞിട്ട് വിമലേച്ചി വിശ്വസിക്കുന്നതേയില്ല. ഇപ്പോഴും വിശ്വസിച്ചിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്.’’ എം. മോഹനന്റെ വക പ്രശംസ സഹോദരിക്ക്. അതൊന്നും താൻ ഇ പ്പോഴും വിശ്വസിക്കുന്നില്ലെന്നു വിമല ടീച്ചറുടെ കൗണ്ടർ. ‘‘അച്ഛൻ ഞങ്ങളോട് എല്ലാം തുറന്നു പറയും. അമ്മയുമായുള്ള പ്രണയം വരെ. അതുകേൾക്കുന്നത് അമ്മയ്ക്ക് ച മ്മലാണ്. നല്ല ഇടി കിട്ടും, പറയുന്ന അച്ഛനും കേട്ടുകൊണ്ടിരിക്കുന്ന ഞങ്ങൾക്കും.’’ വിനീതിന്റെ ഇടപെടൽ.

‘‘ഞാൻ ൈഹസ്കൂളിൽ പഠിക്കുമ്പോഴാണ് അച്ഛൻ ‘ഒരു മറവത്തൂർ കനവ്’ എന്ന സിനിമ എഴുതുന്നത്. അന്ന‍് ഞാൻ അച്ഛനോടു ചോദിച്ച ഒരു സംശയം ഒരു സിനിമയി ൽ ഒത്തിരി കഥാപാത്രങ്ങളുണ്ട്, ഇവർ എങ്ങനെയാണ് വ്യത്യസ്തരായി സംസാരിക്കുന്നത് എന്നായിരുന്നു. അന്ന് അച്ഛൻ പറഞ്ഞ മറുപടി കഥാപാത്രങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ, അവർ ഇങ്ങോട്ടു വന്ന് നമ്മളോടു സംസാരിക്കും എ ന്നാണ്. അന്ന് അത് എനിക്ക് മനസ്സിലായില്ലെങ്കിലും പിന്നീട് സിനിമ എഴുതി കുറേ കഴിഞ്ഞപ്പോൾ ബോധ്യമായി.’’

ഇതുപോലെ ഫീസ് തരാതെ നീ എന്തു മാത്രം പാഠങ്ങൾ പഠിച്ചിരിക്കുന്നു. എന്നു  ശ്രീനിവാസന്‍.  സംഭാഷണം നീണ്ടു പോയപ്പോൾ ശ്രീനിവാസൻ ഒാര്‍മിപ്പിച്ചു, ‘‘ഇത് എന്‍റെ എക്സ്ക്ലൂസീവ് ഇന്റർവ്യൂ ആണ്. അല്ലാതെ ഫാമിലി ചാറ്റ് അല്ല. അതുകൊണ്ട് വേഗം സ്ഥലം കാലിയാക്ക്.’’

എല്ലാ ചോദ്യങ്ങൾക്കും ശ്രീനിവാസൻ തന്നെ മറുപടി പറയും എന്ന് സത്യൻ അന്തിക്കാട് പറഞ്ഞത് ഒന്നുകൂടി ഓർമിപ്പിച്ചപ്പോൾ ചിരിയായിരുന്നു ശ്രീനിവാസന്റെ മറുപടി. എങ്കിലും ചിന്തകൾക്കും നിലപാടുകൾക്കും മൂർച്ചക്കുറവില്ലെന്ന് അദ്ദേഹം സംസാരത്തിലൂടെ തെളിയിച്ചുകൊണ്ടിരുന്നു.

sreeni-fa3

സത്യത്തിൽ എന്തായിരുന്നു താങ്കൾക്കു സംഭവിച്ചത്?

എന്താണു സംഭവിച്ചതെന്ന് സത്യത്തിൽ എനിക്കും  ഓർമയില്ല. എന്നാൽ പുറത്ത് ചിലർ പറഞ്ഞു പരത്തിയതുപോലെയൊന്നും എനിക്കു സംഭവിച്ചിട്ടില്ലെന്ന് എന്നെ നേരിട്ടു കണ്ടപ്പോള്‍ നിങ്ങൾക്കു ബോധ്യമായല്ലോ? ഈ അഭിമുഖം വായിക്കുമ്പോൾ വനിതയുെട വായനക്കാർക്കും അതു ബോധ്യമാകും. ഒരാൾക്ക് രോഗം വന്നാലും  മലയാളി െനഗറ്റീവ് ആയിട്ടാണ് ചിന്തിക്കുന്നത്. അതു നമുക്ക് ജന്മസിദ്ധമായി കിട്ടിയ ഒരു വരം ആണ്. ആരു വിചാരിച്ചാലും മാറാൻ പോകുന്നില്ല.

അലോപ്പതി ഡോക്ടർമാരെ വിമർശിച്ചിട്ട് അലോപ്പതി ചികിത്സ തേടി എന്നൊക്കെയായിരുന്നു വിമർശനം?

ആരും  വിമർശനങ്ങൾക്ക് അതീതരല്ല. ചികിത്സ  രണ്ടു തരമുണ്ട്. രോഗം മാറാനുള്ള ചികിത്സയും ൈപസ ഉണ്ടാക്കാനുള്ള ചികിത്സയും. ഇന്ന് മിക്ക ആശുപത്രികളിലും നടക്കുന്നത് പണം ഉണ്ടാക്കാനുള്ള ചികിത്സയാണ്. ആ രീതിയെ ആണ് ഞാൻ വിമർശിച്ചത്. അല്ലാതെ അലോപ്പതി ചികിത്സയെ അല്ല. ഒരിക്കലെങ്കിലും ആശുപത്രിയിൽ പോയിട്ടുള്ളവർ സമ്മതിക്കും ഞാൻ പറഞ്ഞത് ശരിയാണെന്ന്. ഒരു കാർഡിയാക് സ്‌റ്റെന്റിന്റെ നിർമാണ ചെലവ് 750രൂപയാണ്. അത് പിടിപ്പിക്കുമ്പോൾ ചികിത്സാചെലവ് ഒന്നരലക്ഷം രൂപയാകുന്നു. കേന്ദ്ര സർക്കാർ നേരിട്ട് ഇടപെട്ട് അതിപ്പോൾ കുറച്ചു കുറഞ്ഞിട്ടുണ്ട്. ഇതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് എന്ന് നമ്മൾ അറിയണം.

കാൻസർ ചികിത്സയിൽ തട്ടിപ്പുണ്ടെന്നും അവയവമാറ്റ മൊക്കെ ശുദ്ധ ബിസിനസാണെന്നും പറഞ്ഞപ്പോൾ പലരും പറഞ്ഞു. ഞാനൊരു മണ്ടനും വിഡ്ഢിയുമാണെന്ന്. അവരോട് ഞാനൊന്നും പറയാൻ പോയില്ല. കേരളത്തിലെ ഏറ്റവും ബുദ്ധിയുള്ള മനുഷ്യനായി അറിയപ്പെടാനോ അതിന്റെ പേ രിൽ അവാർഡ് സംഘടിപ്പിക്കാനോ എനിക്ക് താൽപര്യമില്ല. എന്നാൽ കൊല്ലത്തുള്ള ഡോ. ഗണപതി മസ്തിഷ്ക മരണം സ്ഥിതീകരിക്കുന്നതിലെ മാനദണ്ഡങ്ങൾക്കെതിരെ ഹൈക്കോടയിൽ കേസു കൊടുത്തു. ഇപ്പോൾ സർക്കാർ പുതിയ മാനദണ്ഡം പുറത്തിറക്കി. അങ്ങനെ വന്നപ്പോൾ മസ്തിഷ്ക മരണം നാലിലൊന്നായി കുറഞ്ഞു.  ഇതെങ്ങനെ സംഭവിച്ചു? ചിന്തിക്കണം കേരളത്തിലെ ബുദ്ധിമാൻമാർ.

ജൈവകൃഷി തുടങ്ങിയപ്പോൾ കളിയാക്കിയിരുന്നവരും ഇപ്പോൾ കൃഷി തുടങ്ങിയിട്ടുണ്ട് ?

അതൊരു നല്ല കാര്യമാണ്. ചെറിയ രീതിയിൽ കൃഷി ചെയ്യുക, വിഷമില്ലാത്ത പച്ചക്കറി കഴിക്കുക, അതൊന്നും വലിയ പ്രയാ സമുള്ള കാര്യമല്ലെന്ന് എല്ലാവർക്കും ബോധ്യമായിട്ടുണ്ട്. ന മ്മുടെ കൃഷി മന്ത്രി സുനിൽകുമാർ കൃഷിയിൽ താൽപര്യ മുള്ള ആളായതുകൊണ്ട് അദ്ദേഹം മുൻകൈയെടുത്ത് തരി ശു ഭൂമിയിൽ കൃഷിയിറക്കാനുള്ള പദ്ധതികൾ കൊണ്ടുവരുന്നുണ്ട്. സിനിമയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും അവ ബോധം ഉണ്ടായിട്ടുണ്ട്. മഞ്ജു വാരിയരുടെ ഇടപെടൽ വീട്ട മ്മമാർക്ക് ഉണർവ് ഉണ്ടാക്കിയിട്ടുണ്ട്.ഇതൊന്നും ശ്രീനിവാ സൻ ജൈവകൃഷി ചെയ്യുന്നതുകൊണ്ടുള്ള മാറ്റങ്ങളല്ല. വിഷ മില്ലാത്ത ഭക്ഷണം കഴിക്കണമെന്ന് ജനങ്ങൾക്കു തോന്നിയതുകൊണ്ട് ഉണ്ടായ മാറ്റങ്ങളാണ്.

സിനിമയ്ക്ക് സമൂഹത്തെ തിരുത്താൻ പറ്റുമോ?

വലിയ ബുദ്ധിമുട്ടാണ്. ഗാന്ധിജി പറഞ്ഞതു കേൾക്കാത്തവരാണ് നമ്മൾ. അങ്ങനെയുള്ള ജനങ്ങൾ ഒരു സിനിമ കണ്ടാലുടൻ നല്ലവരാകും എന്നൊന്നും നമുക്ക് പറയാൻ പറ്റില്ല. പിന്നെ ചിലരുടെ ചില തീരുമാനങ്ങളെ സ്വാധീനിക്കാം അത്രമാത്രം. ഇപ്പോൾ ‘ഹൗ ഓൾഡ് ആർ യു’ എന്ന സിനിമ സ്ത്രീകൾക്ക് ഒരു പ്രചോദനമായിരുന്നു പല കാര്യങ്ങളിലും. അതുപോലെ.

വ്യവസ്ഥിതിയാണു പ്രശ്നമെന്ന് എപ്പോഴും പറയുമല്ലോ?

ജനാധിപത്യം കുറച്ചുനാൾ കഴിയുമ്പോൾ സ്വേച്ഛാധിപത്യമാകുമെന്ന് ബുദ്ധിയുള്ള ആരോ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ആ തലമൊക്കെ കടന്ന് ഏകാധിപത്യത്തിലേക്കാണു പോകു ന്നത്. കേരളത്തിൽ പോലും രാഷ്ട്രീയപാർട്ടികൾ മാഫിയ സംഘങ്ങൾ ആയാണു പ്രവർത്തിക്കുന്നത്. പണപ്പിരിവ്, ഹ ർത്താൽ, അക്രമം. കൊലപാതകം... പണ്ട് ചമ്പൽകൊള്ളക്കാ ർ ചെയ്തുകൊണ്ടിരുന്നതൊക്കെ തന്നെയാണ് ഇപ്പോൾ രാഷ്ട്രീയപാർട്ടികൾ െചയ്യുന്നത്. ഞാൻ ഒരിക്കൽ വോട്ടു ചെ യ്യാൻ പോയി. ചെന്നപ്പോഴാണ് അറിയുന്നത് എന്റെ വോട്ട്

അരമണിക്കൂർ മുൻപേ വേറെ ആരോ ചെയ്തെന്ന്. ഇതെന്തു ജനാധിപത്യമാണ്?

കേരളത്തിലെ വോട്ടർമാർ പ്രബുദ്ധരാണ് എന്നൊരു പറച്ചിലുണ്ട്. യഥാർഥത്തിൽ ഇതുപോലെ മണ്ടൻമാരായ വോട്ടർമാ ർ ലോകത്തു വേറെ കാണില്ല. ആദ്യ തിരഞ്ഞെടുപ്പ് മുതൽ അതു പ്രകടമാണ്. ഇവിടത്തെ ഇടത് വലത് മുന്നണികൾ പത്തു വർഷത്തെ കാര്യങ്ങളാണു പ്ലാൻ ചെയ്യുന്നത്. അഞ്ചുവർഷം ഭരണം. അപ്പോൾ ആവശ്യമുള്ളത് കട്ടെടുത്ത് സമ്പാദിച്ചു വയ്ക്കും. പിന്നെ, അഞ്ചു വർഷം വിശ്രമജീവിതം. ആ സമയത്ത് അല്ലറ ചില്ലറ സമരങ്ങളും ചില ജനകീയ യാത്രകളും. ഇനി ഒന്നും ചെയ്തില്ലെങ്കിലും അടുത്ത തവണ അധികാരത്തിലെത്തുമെന്ന് അവർക്ക് അറിയാം.

vineeth.indd

അങ്ങനെ രണ്ടു മുന്നണികളും വോട്ടർമാരെ കബളിപ്പി ച്ചുകൊണ്ടിരിക്കുന്നു. പിന്നെയൊരു ആശ്വാസമുള്ളത് തമിഴ്നാട്ടിലൊക്കെ കാശു കൊടുത്ത് വോട്ടു വാങ്ങാം. ഒരു മുന്നണി ക്കാരൻ പൈസ കൊടുത്താൽ അവന് വോട്ട് ഉറപ്പാണ്. കേരളത്തിലാണെങ്കിൽ ആരാണ് പൈസ കൊടുക്കുന്നത് അ വന്റെ എതിരാളിക്കായിരിക്കും വോട്ട്.

ധീരമായ നിലപാടുകളാണല്ലോ താങ്കളെ വ്യത്യസ്തനാക്കുന്നത്?

അത്ര ധീരനൊന്നുമല്ല ഞാൻ. ഫാൻസ് അസോസിയേഷനോ ഗുണ്ടാപ്പടയോ ഒന്നുമില്ല. രാഷ്ട്രീയപാർട്ടികളുടെ പിൻബല വുമില്ല. ചില കാര്യങ്ങൾ നിവൃത്തിയില്ലാതെ പറഞ്ഞു പോ കുന്നതാണ്. എന്തെങ്കിലും വിഷയത്തിൽ പ്രതികരിക്കുമ്പോൾ  എന്റെ ഭാര്യ ആശങ്കപ്പെടാറുണ്ട്. വിമലയോട് ഞാൻ പറയും, മനുഷ്യചരിത്രത്തിൽ ആരും രണ്ടു പ്രാവശ്യം മരിച്ചിട്ടില്ല. ആരും ഒരു പ്രാവശ്യം മരിക്കാതെയുമിരുന്നിട്ടില്ല. അപ്പോൾ പിന്നെ ആശങ്കപ്പെട്ടിട്ട് എന്തുകാര്യം?

പ്രായം കൂടുന്തോറും നമ്മൾ വിശ്വാസത്തിലേക്കു പോ കും എന്നാണല്ലോ?

കടുത്ത അവിശ്വാസികളാണ് പ്രായമാകുമ്പോൾ കടുത്ത വിശ്വാസത്തിലേക്കു പോകുന്നത്. ഞാനൊരിക്കലും കടുത്ത അവിശ്വാസിയായിരുന്നില്ല. മിതമായ അവിശ്വാസമാണെങ്കിൽ പേടിക്കേണ്ടതില്ല. ‘ചിന്താവിഷ്ടയായ ശ്യാമള’യിൽ ഞാൻ അ വതരിപ്പിക്കുന്ന കഥാപാത്രം ചോദിക്കുന്നുണ്ട്, ‘വായുവിൽ നി ന്ന് സ്വർണമാലയൊക്കെ എടുക്കാനുള്ള വിദ്യ എപ്പോഴാണ് പഠിക്കുന്നത്’ എന്ന്. അപ്പോൾ ആശ്രമത്തിലെ ഒരു സ്വാമി പ റയും, ‘ൈദവം മാജിക്കുകാരനല്ല...’

സോഷ്യൽ മീഡിയ പ്രത്യേകിച്ച് ഫെയ്സ്ബുക് ഇപ്പോഴ ത്തെ പ്രതികരണ ആയുധമായി മാറിയിട്ടില്ലേ?

പ്രതികരണങ്ങളൊക്കെ വളരെ നല്ലതാണ്. എന്നാൽ എനിക്കു തോന്നുന്നത് ഫെയ്സ്ബുക് എന്നൊക്കെ പറയുന്നത് തീവണ്ടിയിലെ ശുചിമുറി പോലെയാണെന്നാണ്. അവിടെ എന്തും എഴുതാം. എങ്ങനെയും പ്രതികരിക്കാം. സ്വന്തം ഐഡന്റിറ്റി പോലും വെളിപ്പെടുത്താതെ മറഞ്ഞിരുന്നാണ് പലരുടെയും എഴുത്ത്. സ്വന്തം അസ്തിത്വം വെളിപ്പെടുത്താൻ ധൈര്യമില്ലാത്തവർ ഇവിടെ എന്തു വിപ്ലവം കൊണ്ടു വരാനാണ്.

ക്യൂബ മുകുന്ദനെപ്പോലെ ഒറിജിനൽ കമ്യൂണിസ്റ്റാണ് ശ്രീനിവാസൻ എന്നു പറയുന്നവരുണ്ട്?

രണ്ടു പ്രാവശ്യം ഞാൻ ചൈനയിൽ പോയിട്ടുണ്ട്. തിരുവനന്ത പുരത്തുള്ള ഒരു സുഹൃത്താണ് അവിടെ പോകാന്‍ സഹായി ച്ചത്. അദ്ദേഹം കേരളത്തിലെ അറിയപ്പെടുന്ന കമ്യൂണിസ്റ്റുകാരനായിരുന്നു. റഷ്യയിലെത്തിയതോടെ കമ്യൂണിസം പ കുതി ഉപേക്ഷിച്ചു. പിന്നെ, ചൈനയിലെത്തി. അതോടെ ക മ്യൂണിസം പൂർണമായും ഉപേക്ഷിച്ച് ബിസിനസുകാരനായി.

അദ്ദേഹത്തിന്റെ സെക്രട്ടറി ഒരു ചൈനക്കാരിയാണ്. അ വ ർ പാർട്ടി മെമ്പറാണ്. 140 കോടി ജനസംഖ്യയിൽ 45 ലക്ഷം പാർട്ടി മെംമ്പർമാർ മാത്രമാണുള്ളത്. അതിലൊരാളാണ് ആ സെക്രട്ടറി. അവരോടു ഞാൻ ചോദിച്ചു, ‘കാൾ മാർക്സിനെ ക്കുറിച്ച് എന്താണ് അഭിപ്രായം?’ അങ്ങനെയൊരു പേര് അവർ കേട്ടിട്ടു കൂടിയില്ല. അവർക്ക് അറിയാവുന്നത് മാവോ മുതലായ ചൈനീസ് പാരമ്പര്യമാണ്. പക്ഷേ, ചൈനയുടെ വി കസനം നമ്മളെ അദ്ഭുതപ്പെടുത്തും. എയർപോർട്ടിൽ നിന്ന് തിരിഞ്ഞ് ഞങ്ങളൊരു ഫ്ലൈഓവറിൽ കയറി. അര മണിക്കൂർ കഴിഞ്ഞിട്ടും ഫ്ലൈഓവർ അവസാനിക്കുന്നില്ല. ചോദിച്ചപ്പോൾ സുഹൃത്ത് പറഞ്ഞു, 65 കിലോമീറ്ററാണ് ഫ്ലൈഓവറിന്റെ നീളമെന്ന്. അതിനടിയിൽ പാടമാണ്. പാടം നികത്തിയുള്ള റോഡ് നിർമാണമൊന്നും ചൈനയിൽ കണ്ടില്ല.

5000 കിലോമീറ്റർ എങ്കിലും റോഡിലൂടെ സഞ്ചരിച്ചു. ഒ രു കൊടി പോലും എവിടെയും കണ്ടില്ല. സത്യത്തിൽ ഒരു പാർട്ടിക്കൊടി കാണാൻ കൊതിച്ചുപോയി. ചൈനയിൽ പോകുന്നുവെന്ന് പറഞ്ഞപ്പോൾ എന്റെയൊരു കമ്യൂണിസ്റ്റ് സുഹൃത്ത് പറഞ്ഞു; ‘ചൈനയിൽ നിന്ന് എനിക്കൊരു പാ ർട്ടിക്കൊടി കൊണ്ടുവരണം. ഞാൻ ൈചനയിൽ ഒരുപാട് അ ലഞ്ഞു ഒരു കൊടി വാങ്ങാൻ. അവസാനം ഒരു കടയിൽ നിന്ന് കിട്ടി. വിദേശ ടൂറിസ്റ്റുകൾക്കു വിൽക്കാനായി അവിടെ കൊ ണ്ടു വച്ചിട്ടുണ്ട് കൊടികൾ.

sreeni-fa4

അടുത്ത സുഹൃത്തുക്കളായ രജനീകാന്തും കമലഹാസനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു?

ഞാനെന്തായാലും രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഉദ്ദേശിക്കുന്നില്ല. മറ്റുള്ളവർക്കു വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്നവരാണ് രാഷ്ട്രീയക്കാർ. എനിക്ക് അങ്ങനെ ചെയ്യാൻ കഴിയുമെന്നു തോന്നുന്നില്ല. മാത്രമല്ല, ഇപ്പോഴത്തെ രാഷ്ട്രീയക്കാർ എന്നു പറയുന്നവരിൽ ഭൂരിപക്ഷം പേരും സ്വന്തം ജീവിതത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരാണ്. അത് രാഷ്ട്രീയക്കാരനിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നതിനു വിപരീതമായ കാര്യമാണ്.

രജനീകാന്ത് വളരെ നിഷ്കളങ്കനായ മനുഷ്യനാണ്. അങ്ങനെയുള്ള ഒരാളിന് രാഷ്ട്രീയത്തിൽ വിജയിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഇനി കമലഹാസനോ രജനീകാന്തോ തമിഴ്നാട്ടിലെ മുഖ്യമന്ത്രിയായി എന്നു കരുതുക. എങ്കിലും ഭരിക്കുന്നത് ബ്യൂറോക്രാറ്റുകളാണ്. അടിസ്ഥാനപരമായി ഇവരുെട മനോഭാവം മാറാെത ഭരണം മാറുമോ? രജനിയെപ്പോലെ ശുദ്ധരിൽ ശുദ്ധനായ ഒരാളിന് രാഷ്ട്രീയം പറ്റുമോ എന്ന ആശങ്ക ഞാൻ പ്രകടിപ്പിച്ചത് അതുകൊണ്ടാണ്.

പുതിയ സിനിമകൾ എങ്ങനെയാണു വിലയിരുത്തുന്നത്?

ഒരു അനുഭവം പറയാം. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എന്നോടൊപ്പം പഠിച്ച ഒരു കന്നഡക്കാരനുണ്ടായിരുന്നു, ശാന്തപ്പ. ഒരു മുറിയിലായിരുന്നു താമസം. ഞാനുണ്ടാക്കുന്ന ആഹാരം ശാന്തപ്പയ്ക്ക് വലിയ ഇഷ്ടമാണ്. പഠിത്തം കഴിഞ്ഞ് ശാന്തപ്പ  സിനിമാരംഗത്ത് നിന്നില്ല. ബിസിനസിലേക്കു തിരി ഞ്ഞ്, വലിയ ബിസിനസുകാരനായി. നാലഞ്ച് നഴ്സിങ് കോളജ് ഒക്കെയുണ്ട്. അദ്ദേഹം ഒരിക്കൽ എന്നെ കാണാൻ വന്നു. 25 വർഷത്തിനു ശേഷം കാണുകയാണ്. ഞാൻ എയർപോ ർട്ടിൽ പോയി ശാന്തപ്പയെ സ്വീകരിക്കാൻ. ശാന്തപ്പ വിമാനം ഇറങ്ങി വരുകയാണ്, കൈയിൽ ഒരാൾ പൊക്കമുള്ള മാലയും ബൊക്കെയും. സാധാരണ മാലയും ബൊക്കെയുമൊക്കെ കൊടുത്ത് നമ്മൾ ആളുകളെ സ്വീകരിക്കുകയാണു പതിവ്. ഇവിടെ ശാന്തപ്പ മാലയും ബൊക്കെയുമായി വരികയാണ്, കാത്തു നിൽക്കുന്ന എന്നെ സ്വീകരിക്കാൻ.

ശാന്തപ്പയുെട ഈ വരവ് അന്ന് വാർത്തയായി. ഞാൻ ശാന്തപ്പയെ സ്വീകരിക്കാൻ ബൊക്കെയും മാലയുമായി നിന്നിരുന്നെങ്കിൽ അതൊരിക്കലും വാർത്തയാകില്ല. ഇത്തരം പുതുമകളാണ് സിനിമയിൽ വേണ്ടത്. സിനിമ കണ്ടുപിടിച്ചവർക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, പ്രേക്ഷകരെ രസിപ്പിക്കുക. ഇ പ്പോഴും സിനിമയുടെ ലക്ഷ്യം അതുതന്നെയാണ്. അതു കാല ത്തിനനുസരിച്ച് മാറുകയും വേണം.

സിനിമാക്കാരുടെ മക്കൾ സിനിമയിലേക്കു വരുന്നതുകൊണ്ട് സിനിമയ്ക്ക് എന്താണു ഗുണം?

പ്രത്യേകിച്ച് ആർക്കും  ഒരു ഗുണവും ഉണ്ടെന്നു തോന്നുന്നില്ല. സിനിമാക്കാരുടെ മക്കൾക്ക് സിനിമയിൽ വരാൻ എളുപ്പമായിരിക്കും. പക്ഷേ, സിനിമയിൽ നിലനിൽക്കണമെങ്കിൽ കഠിനാധ്വാനവും കഴിവും ഭാഗ്യവും വേണം. നിലനിന്നുപോകുക എന്നതാണു പ്രധാനം. അല്ലാതെ സിനിമയിൽ വരുക എന്നതല്ല.

സിനിമയിലെത്തി നാല്‍പതു വര്‍ഷം പിന്നിടുമ്പോഴും ആദ്യ സിനിമ ചെയ്യുന്ന െചറുപ്പക്കാരന്‍റെ മനസ്സും ശുഷ്കാന്തിയുമാണ് ശ്രീനിവാസന്. ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന സിനിമയുെട എഴുത്തുതിരക്കിലേക്കാണ് ഇനി കടക്കുന്നത്. അപ്പോഴും നയം വ്യക്തമായി ആ മനസ്സിലുണ്ട്, ‘രസിപ്പിക്കുന്നതാകണം സിനിമ. ഒരു സിനിമയെടുത്ത് ഈ ലോകം നന്നാക്കിക്കളയാമെന്ന വ്യാമോഹമൊന്നും എനിക്കില്ല...’