Tuesday 18 February 2025 03:54 PM IST

‘കത്തികാട്ടി ഭീഷണി! ട്രെയിനിൽ നിന്നു തള്ളിയിടാന്‍ നോക്കി’: ആ വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ അഞ്ജലി നേരിട്ടത്

Roopa Thayabji

Sub Editor

anjali nair 1 ആവണി, ആദ്വിക, അഞ്ജലി

കൊച്ചി കാക്കനാട്ടെ അഞ്ജലി നായരുടെ വീട്ടിൽ എല്ലാവരും സിനിമാക്കാരാണ്. മുരളി ഗോപി തിരക്കഥയെഴുതുന്ന, ആര്യ നായകനാകുന്ന വമ്പൻ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നു വീട്ടിലെത്തിയതേയുള്ളൂ അഞ്ജലി. പുതിയ സിനിമയുടെ സ്ക്രിപ്റ്റ് ജോലികൾക്കിടെ പരസ്യചിത്രത്തിന്റെ ചർച്ചകളിലാണു ഭർത്താവ് അജിത്.

സൂര്യ നായകനാകുന്ന റെട്രോയുടെ ലൊക്കേഷനിലായിരുന്നു മൂത്ത മകൾ ആവണി. കൂട്ടത്തിലെ കുട്ടിഹീറോ ആദ്വികയ്ക്കു രണ്ടര വയസ്സാകുന്നേയുള്ളൂ. പക്ഷേ, കക്ഷിയുടെ ക്രെഡിറ്റിലുമുണ്ടു ക്യാമറയ്ക്കു മുന്നിലെ അഭിനയം, ആ സസ്പെൻസ് ചോദിച്ചറിയാം.

ലാലേട്ടന്റെ അമ്മ വേഷമാണ് ക്ലിക്കായത് ?

പുലിമുരുകനിൽ മുരുകന്റെ കുട്ടിക്കാലത്താണ് അമ്മ വേ ഷം വരുന്നതെങ്കിലും ആളുകൾ മനസ്സിലേക്കെടുത്തത് ലാലേട്ടന്റെ അമ്മയായാണ്. ഒരു രസമുള്ള ഓർമയുണ്ട്. പുലിമുരുകന്റെ 100ാം വിജയദിവസത്തിനു കേക്ക് കട്ട് ചെയ്യുന്നു എന്നു പറഞ്ഞു തലശ്ശേരിയിൽ നിന്ന് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ വിളിച്ചു. അത്രയും ദൂരം പറ്റില്ലെന്നു പറഞ്ഞപ്പോൾ അവരുടെ അപേക്ഷ, ലാലേട്ടന്റെ അമ്മയല്ലേ, വരില്ല എന്നു പറയരുത്...

ഒപ്പത്തിൽ ലാലേട്ടന്റെ അനിയത്തി വേഷമാണു ചെയ്തത്. വിവാഹത്തിനു മുൻപു ചേട്ടനു ദക്ഷിണ കൊടുത്ത ശേഷം അനുഗ്രഹം വാങ്ങാതെ തിരിച്ചു നടക്കുന്നുണ്ട്. അതുകണ്ടു മൂന്നുമാസത്തോളം മിണ്ടാതിരുന്നവർ വരെയുണ്ട്. കമ്മട്ടിപ്പാടത്തിലെ ദുൽഖർ സൽമാന്റെ അമ്മവേഷവും രസമായിരുന്നു. മക്കളായി അഭിനയിക്കുന്ന മുത്തുമണിയും ദുൽഖറും അമ്മേ എന്നു വിളിച്ചു സംസാരിക്കുന്ന സീനുകൾ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് 27 വയസ്സേ ഉള്ളൂ.

ഭാഗ്യനടി എന്ന പേരും സിനിമ തന്നല്ലോ ?

അഞ്ചു സുന്ദരികളും എബിസിഡിയുമൊക്കെ ആദ്യസീൻ തുടങ്ങിയത് എന്റെ മുഖത്തു നിന്നാണ്. അഞ്ജലിയെ വച്ച് ആദ്യഷോട്ട് എടുത്താൽ സിനിമ നന്നാകുമെന്ന് അ തോടെ പറയാൻ തുടങ്ങി. ഞാനഭിനയിച്ച സിനിമകളിലെ അഭിനേതാക്കൾക്കു ദേശീയ അവാർഡും സംസ്ഥാന അവാർഡും കിട്ടിയതോടെ ആ പേര് ഉറച്ചു. ബെൻ എന്ന സിനിമയിലെ അഭിനയത്തിന് എനിക്കും മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടി. ആ വർഷം 16 സിനിമകളിൽ അഭിനയിച്ചു. .

ദൃശ്യം ടു ആണോ അനിയത്തി ഇമേജ് പൊളിച്ചത് ?

അനിയത്തി, കൂട്ടുകാരി, ചേച്ചി വേഷങ്ങിലെ പാവം ലുക്ക് പൊളിച്ചത് ദൃശ്യം ടുവാണ്. ആ സിനിമ കണ്ടിട്ടാണ് തമിഴിൽ ചിത്തായിലേക്കു വിളിച്ചത്. അയൽക്കാരിയുടെ ലുക്കും ഡൾ മേക്കപ്പുമാണു രക്ഷയായത്. ചിത്തായിൽ ജോയിൻ ചെയ്ത ശേഷമാണു ഗർഭിണിയാണെന്ന് അറിഞ്ഞത്. വിവരം സംവിധായകനോടു പറയുമ്പോൾ ചെറിയ പേടിയുണ്ടായിരുന്നു. വേറെ ആരെയെങ്കിലും കാസ്റ്റ് ചെയ്യുമോ എന്ന്.

പക്ഷേ, സംഭവിച്ചതു തിരിച്ചാണ്. അവർ വളരെ സന്തോഷത്തോടെ ആ വാർത്ത കേട്ടു. എനിക്കു വേണ്ടി ചില സീനുകളൊക്കെ മാറ്റി. ഏഴു മാസമാകുന്നതു വരെ ഷൂട്ടിങ് ഉണ്ടായിരുന്നു. വയർ കാമറയിൽ നിന്നു മറയ്ക്കാനായി ചില സീനുകളിൽ മുന്നിൽ കസേരയോ മറ്റേതെങ്കിലും കഥാപാത്രമോ ഉണ്ടാകും. ചിത്തായിലെ അഭിനയത്തിനു മികച്ച സ്വഭാവ നടിക്കുള്ള ഫിലിം ഫെയർ അവാർഡും കിട്ടി.

തമിഴിൽ നായികയായി അല്ലേ തുടക്കം ?

അച്ഛൻ ഗിരിധർ തൃപ്പൂണിത്തുറക്കാരനാണ്, അമ്മ ഉഷ കോഴിക്കോടുകാരിയും. ഞാനും സഹോദരൻ അജയും ഇരട്ടകളാണ്. കുട്ടിക്കാലം തൊട്ടേ ഡാൻസ് പഠിച്ചു. ബാലതാരമായാണ് സിനിമയിലെ തുടക്കം. മാനത്തെ വെള്ളിത്തേര്, ലാളനം, ബന്ധങ്ങൾ ബന്ധനങ്ങൾ... അങ്ങനെ കുറച്ച് സിനിമകൾ.

തൃപ്പൂണിത്തുറ എൻഎസ്എസ് കോളേജിലെ ഡിഗ്രി പഠനകാലത്താണ് മോഡലിങ് തുടങ്ങിയത്. നൂറോളം പരസ്യങ്ങളും മ്യൂസിക്കൽ ആൽബങ്ങളും ചെയ്തു. അതുവഴി തമിഴിൽ നായികയാകാൻ ഓഫർ വന്നു. ഉന്നയേ കാതലിപ്പേൻ എന്ന സിനിമയിലൂടെ നായികയായി. പിന്നെയും രണ്ടു സിനിമകളിൽ കൂടി നായികയായി.

ഇരട്ട സഹോദരൻ അജയ്‌യും സിനിമയിലുണ്ട്. ആടിലെ ഡ്യൂഡ് ഗ്യാങ്ങിലൊരാൾ അവനാണ്. അജയ്‌യുടെ ഭാര്യ സന്ധ്യയാണ് ആളൊരുക്കത്തിൽ ഇന്ദ്രൻസ് ചേട്ടന്റെ നായികയായത്.

തമിഴിലെ ദുരനുഭവം തുറന്നുപറഞ്ഞതു വാർത്തയായി ?

ഉന്നയേ കാതലിപ്പേൻ സിനിമയുടെ പ്രൊഡ്യൂസർ തന്നെയായിരുന്നു വില്ലനായി അഭിനയിച്ചത്. സിനിമ നടക്കുമ്പോൾ തന്നെ അയാൾ വിവാഹാഭ്യർഥന നടത്തി. നോ പറഞ്ഞെങ്കിലും മറ്റു സെറ്റുകളിൽ വന്നു ശല്യപ്പെടുത്താൻ തുടങ്ങി. ഒരിക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ എന്റെ ബാഗ് എടുത്തു കൊണ്ടുപോയി. പിന്നാലെ ചെന്നപ്പോൾ വാതിലിൽ നിന്നു തള്ളിയിടാൻ നോക്കി.

അങ്ങനെയൊരു ദിവസം അയാളുടെ സഹോദരി വിളിച്ചു, അമ്മ സുഖമില്ലാതെ കിടക്കുകയാണ്, അഞ്ജലിയെ ഒന്നു കാണണം, വീട്ടിലേക്കു വരാമോ? അയാൾ സ്വിറ്റ്സർലൻഡിൽ പോയിരിക്കുകയാണ്, പേടിക്കേണ്ട എന്നും ഉറപ്പു നൽകി. സിനിമാ ലൊക്കേഷനിൽ നിന്നു ഹോട്ടലിലേക്കു പോകും വഴിയാണു വീട്ടിൽ ചെന്നത്. അമ്മ കിടക്കുന്ന മുറിയിലേക്കു കയറിയതും ആരോ പുറത്തു നിന്നു വാതിൽ പൂട്ടി, അകത്ത് അയാൾ മാത്രം. കത്തികാട്ടി ഭീഷണിപ്പെടുത്തി ഏതൊക്കെയോ പേപ്പറുകളിൽ ഒപ്പിടീച്ചു. അയാൾ പറയുന്ന വാചകങ്ങൾ ചേർത്തു പ്രേമലേഖനവും എഴുതിച്ചു. എങ്ങനെയോ രക്ഷപ്പെട്ടാണു പുറത്തു വന്നത്.

പിന്നെയാണ് അറിഞ്ഞത് അയാളുടെ അടുത്ത സിനിമയിൽ നായികയാകാമെന്ന കരാറിലാണ് ഒപ്പിടീച്ചതെന്ന്. അഭിനയിക്കില്ല എന്നു പറഞ്ഞപ്പോൾ ആ തെളിവുകൾ വച്ച് കേസ് കൊടുത്തു. പ്രേമലേഖനമൊക്കെ തെളിവായി വക്കീൽ കൊണ്ടുവന്നപ്പോൾ ഞാൻ ഒരു കാര്യമേ ചോദിച്ചുള്ളൂ, ഇത്ര വൃത്തികെട്ട കയ്യക്ഷരത്തിൽ, വിറച്ചുവിറച്ച് ഏതെങ്കിലും കാമുകി പ്രണയലേഖനം എഴുതുമോ? കേസ് എനിക്ക് അനുകൂലമായി, പിന്നെ അയാളെ കണ്ടിട്ടേയില്ല.

അഭിമുഖത്തിന്റെ പൂർണരൂപം വനിത ജനുവരി രണ്ടാം ലക്കത്തിൽ

രൂപാ ദയാബ്ജി

ഫോട്ടോ: വിഷ്ണു നാരായണൻ