Thursday 13 December 2018 03:18 PM IST

പ്രണയിക്കാൻ നേരമില്ല, ഭാവിവരൻ ഒരേ വേവ് ലെങ്‌തും കെമിസ്ട്രിയുമുള്ള ആളായിരിക്കണം: ഭാമ

Vijeesh Gopinath

Senior Sub Editor

bhama-new
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മൂന്ന് ‘അമ്മ’മാരുടെ സ്നേഹത്തണലിൽ വച്ചാണു ഭാമയെ ആദ്യമായി കാണുന്നത്. ഒരു പതിറ്റാണ്ടു മുമ്പ് മണർകാട്ടെ വീട്ടിൽ വച്ച്. അമ്മ ൈഷലജ കഴിഞ്ഞാൽ മണർകാട്ട് ദേവിയും മണർകാട്ടു പള്ളിയിലെ മാതാവും ‘എന്നെ വളർത്തിയ അമ്മമാരാണെന്നു’ പറഞ്ഞ പാവം നാട്ടിൻപുറത്തുകാരി. ‘നിവേദ്യം സിനിമയുടെ പോസ്റ്ററിൽ കാണുന്ന കുട്ടിയല്ലേ’ എന്ന് ആളുകൾ ചോദിച്ചു തുടങ്ങിയതിന്റെ ആഹ്ളാദപ്പൂവിളി ഉറക്കെ പറഞ്ഞ പുതുമുഖ നായിക...

പത്തുവർഷത്തിനിപ്പുറം ഒരുപാടു മാറ്റങ്ങൾ. കാക്കനാട്ടെ ഫ്ളാറ്റിൽ നിന്ന് സ്വന്തമായി ‍ഡ്രൈവ് ചെയ്ത് എം.ജി റോ‍ഡിലെ വെളിച്ചം കണ്ടൊന്നു റിലാക്സ് ചെയ്യാൻ പോവുന്ന പെൺകുട്ടി. അവസരങ്ങൾക്കു വേണ്ടി സോഫ്റ്റ് ആയി സംസാരിക്കാൻ ഞാനില്ലെന്നു ആരുടെ മുഖത്തു നോക്കിയും ഉറപ്പിച്ചു പറയാന്‍ ധൈര്യമുള്ള നടി. മാന്യമായി പെരുമാറാൻ അറിയാത്തവരോടും സ്ത്രീകളോടു ബഹുമാനമില്ലാത്തവരോടും ഒപ്പം സിനിമ ചെയ്യാനില്ലെന്നുറുപ്പിച്ച നായിക. സിനിമ പോലെ ഭാമയും മാറിയിരിക്കുന്നു. അപ്പോഴും ഭാമ ആശ്വസിക്കുന്നു, ‘‘ആകെ മാറിയെങ്കിലും ആ മൂന്നമ്മമാരും എനിക്കൊപ്പം തന്നെയുണ്ട്. കൊച്ചിയിലാണെങ്കിലും മണർകാട്ടമ്മയും മാതാവും തുണയുണ്ട്.’’.

ഇതു പോലൊരു ഒാണക്കാലമാണ് ഭാമയുടെ ജീവിതം മാറ്റിയത് ?

പത്തു വർഷം എത്ര പെട്ടെന്നാണു കടന്നു പോയത്. പ്ലസ്ടു കഴിഞ്ഞ് ഒട്ടും പ്രതീക്ഷിക്കാതെ. ഒന്നോ രണ്ടോ ദിവസം കൊണ്ട് ജീവിതം തന്നെ മാറിപ്പോയി. മണർകാട്ടെ എല്ലാ സാധാരണ പെൺകുട്ടികളെയും പോലെ ഡിഗ്രി പഠനം കഴിഞ്ഞ് ഒരു വിവാഹം. അത്രയേ ഞാനും വി ചാരിച്ചുള്ളു. എത്രയോ പേർ സിനിമ മോഹിച്ച് അവസരത്തിനായി നടക്കുന്നു. എനിക്ക് ദൈവം സിനിമ സമ്മാനിക്കുകയായിരുന്നു. അതും ലോഹി സാറിനെ പോലുള്ള ഒരു വലിയ മനുഷ്യന്റെ ചിത്രത്തില്‍ നായികയായി.

പത്തു വർഷത്തിനിപ്പുറം എല്ലാം മാറിയിേല്ല. സിനിമയുടെ എല്ലാ മേഖലയിലും മാറ്റം.  ശാലീനക്കുട്ടിമാരായ നായികമാരെ കാണാതായി. സംസാരിക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ വളരെ ബോൾ‍ഡായി. ജീവിതത്തിലും നടിമാർക്കു വേണ്ടി അവർ തന്നെ സംസാരിക്കാൻ തുടങ്ങി. അവരുടെ വാക്കുകൾ പരിഗണിച്ചു തുടങ്ങി. സമൂഹത്തിലാകെ സത്രീകൾക്ക് ആത്മാഭിമാനം കൂടി.കാര്യങ്ങൾ തുറന്നു സംസാരിക്കാനുള്ള ധൈര്യം കിട്ടി. ഇത് സിനിമയിലും പ്രതിഫലിക്കാൻ തുടങ്ങി.

ആ ധൈര്യം ഭാമയ്ക്കും വന്നു അല്ലേ?

സിനിമയിലെത്തിയ ആദ്യ ദിവസങ്ങളിൽ ലോഹിസാർ പഠിപ്പിച്ച ഒരു കാര്യമുണ്ട്. നമ്മുടെ ആവശ്യങ്ങൾ തുറന്നു സംസാരിക്കാനുള്ള ധൈര്യം വേണം. ഒതുങ്ങി ഇരിക്കേണ്ട സ്ഥലമല്ല സിനിമ. എല്ലാവരോടും ബഹുമാനത്തോടെ സംസാരിക്കുന്ന ആളാണു ഞാൻ. പക്ഷേ, ഒരു നിർബന്ധമുണ്ട്. ഞാന്‍ കൊടു ക്കുന്ന ബഹുമാനം തിരിച്ചും കിട്ടണം. ഇല്ലെങ്കില്‍ പ്രതികരിക്കുക തന്നെ ചെയ്യും. അങ്ങനെ ചെയ്യേണ്ടി വന്ന ഒരുപാട് അവസരങ്ങളുണ്ടായിട്ടുണ്ട്.  

സിനിമയിൽ എന്റെ മാനേജർ ഞാൻ തന്നെയാണ്. കഥകൾ കേൾക്കുന്നതും ഷൂട്ടിനായി ഡേറ്റുകൾ കൊടുക്കുന്നതും പ്രതിഫലത്തെക്കുറിച്ചു സംസാരിക്കുന്നതും എല്ലാം ഒറ്റയ്ക്കാണു ചെയ്യുന്നത്. പ്രായത്തിന് അപ്പുറമുള്ള കാര്യങ്ങൾ ഇ ങ്ങനെ ചെയ്യുന്നതു കൊണ്ടാകാം അത്ര ജാഗ്രതയോടെയേ നിൽക്കാനാകൂ.  

ഇങ്ങനെ സിനിമയിൽ നമുക്കു വേണ്ടി നാം തന്നെ സംസാരിക്കുമ്പോൾ എല്ലാവർക്കും അത് ഇഷ്ടമാകണമെന്നില്ല. അപ്പോൾ അവിടെ നമ്മൾ പോലുമറിയാതെ ശത്രുക്കൾ ഉണ്ടായിക്കൊണ്ടിരിക്കും. അവര്‍ ഒളിഞ്ഞും തെളിഞ്ഞും നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. അവര്‍ നമ്മളെ സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കും.

ആരാണ് ഭാമയെ മലയാള സിനിമയിൽ നിന്നു മാറ്റി നിർത്തുന്നത്?

‘ഇവർ വിവാഹിതരായാൽ’ എന്ന സിനിമയിൽ അഭിനയിക്കുന്ന കാലത്ത് സംവിധായകൻ സജി സുരേന്ദ്രൻ പറ‍ഞ്ഞു,‘ഭാമയെ ഈ സിനിമയിൽ അഭിനയിപ്പിക്കാതിരിക്കാന്‍ ചിലരൊക്കെ ശ്രമിച്ചിരുന്നു. സിനിമ അനൗൺസ് ചെയ്തപ്പോഴേ ഒരാൾ വിളിച്ചു ഭാമയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എല്ലാം ഫിക്സ് ചെയ്തു കഴിഞ്ഞു എന്നു പറഞ്ഞപ്പോള്‍, അവര്‍ നിങ്ങള്‍ക്കു തലവേദനയാകും എന്നു മുന്നറിയിപ്പു നല്‍കി.’

അന്നതത്ര കാര്യമാക്കിയില്ല. എനിക്കും സിനിമയില്‍ ശത്രുക്കളോ എന്നൊക്ക വിചാരിച്ചു. അത് ഒരാളാേണാ എന്ന് എനിക്ക് അറിയില്ല. ഒന്നിലേറെ പേരുണ്ടായേക്കാം. എന്നെ സിനിമയിൽ  ഉൾപ്പെടുത്തിയാൽ വലിയ തലവേദനയാണെന്നാണ് ആ ‘ശത്രുക്കള്‍’ പറ‍ഞ്ഞു പരത്തുന്നത്. വീണ്ടും ചില സംവിധായകർ എന്നോടിതു തുറന്നു പറഞ്ഞിട്ടുണ്ട്.
കുറച്ചു നാൾ മുമ്പ് വി.എം. വിനു സംവിധാനം ചെയ്ത ‘മറുപടി’യിൽ അഭിനയിച്ചു. ഷൂട്ടിങ് തീരാറായ ദിവസങ്ങളിലൊന്നില്‍ വിനുേച്ചട്ടന്‍ പറഞ്ഞു. ‘നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലോ. സിനിമ തുടങ്ങും മുന്‍പ് ഒരാള്‍ വിളിച്ചു ആവശ്യപ്പെട്ടു, നിന്നെ മാറ്റണം അല്ലെങ്കില്‍ പുലിവാലാകും എന്ന്.’

‘േചട്ടന്‍ എനിക്കൊരു ഉപകാരം ചെയ്യണം. ആരാണു വിളിച്ചതെന്നു മാത്രമൊന്നു പറയാേമാ... ഒരു കരുതലിനു േവണ്ടി മാത്രമാണ്.’ ഞാന്‍ ആവശ്യപ്പെട്ടു. വിനുച്ചേട്ടന്‍ പറഞ്ഞ പേരു േകട്ടു ഞാന്‍ െഞട്ടി. ഞാനൊരുപാടു ബഹുമാനിക്കുന്ന ആൾ. ചില ചടങ്ങുകളിൽ വച്ച് അദ്ദേഹത്തെ കാണാറുണ്ടെന്നല്ലാതെ മറ്റൊരു ബന്ധവും ഞങ്ങള്‍ തമ്മിലില്ല. ഞങ്ങൾക്കിടയിൽ ഒരു പ്രശ്നവുമില്ല. എന്നിട്ടും എന്റെ അവസരങ്ങൾ ഇല്ലാതാക്കാൻ എന്തിനു ശ്രമിക്കുന്നു എന്നറിയില്ല. ചില പ്രൊഡക്‌ഷൻ എക്സിക്യൂട്ടിവുകളും ചാന്‍സ് കള യാന്‍ മിടുക്കരാണ്. എന്റെ ഡേറ്റിനെക്കുറിച്ച് അന്വേഷിക്കാൻ സംവിധായകര്‍ അവരെ ഏൽപ്പിക്കും.

എന്നെ വിളിച്ച് എന്തെങ്കിലുമൊന്നു ചോദിച്ചിട്ടു െചന്നു സംവിധായകരോടു പറയും, ‘ഭാമയ്ക്കന്നു േഡറ്റില്ല. കന്നഡ സിനിമയുെട ഷൂട്ടിങ്ങാണ് എന്നൊക്കെ.’ പിന്നെ, ആ പ്രൊഡക്‌ഷൻ എക്സിക്യൂട്ടിവിനു താൽപര്യമുള്ള ആരെെയങ്കിലും ആ റോളിേലക്കു കയറ്റും. ഞാനിതൊക്കെ അറിയുന്നതു കൂേറനാള്‍ കഴിഞ്ഞ് ആ സംവിധായകനെ കാണുമ്പോഴാകും. ‘ഇപ്പോ മലയാളം ഒന്നും േവണ്ട, കന്നഡ പടം മതി.. അല്ലേ...’  എന്നൊക്കെ ചോദിച്ചു സംസാരിച്ചു തുടങ്ങുമ്പോള്‍.

സിനിമയില്‍ നിന്നു ഒഴിവാക്കാന്‍ എന്തുെകാണ്ടാകാം അങ്ങനെ ചിലര്‍ ശ്രമിക്കുന്നത്...?

പ്രതിഫലത്തിന്‍റെ കാര്യത്തില്‍ സ്ട്രിക്റ്റ് ആകുന്നത്, എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളോടു നോ പറയുന്നത്, ഒരു െപ ണ്‍കുട്ടി എന്ന നിലയില്‍ സുരക്ഷിതത്വം വേണ്ട കാര്യങ്ങളില്‍ വാശി പിടിക്കുന്നത് ഒക്കെ ചിലര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടാകില്ല. വളരെ പാവമായി സംസാരിക്കുമ്പോള്‍ അതു ചൂഷണം ചെയ്യാനായി ഒരുപാടു പേരെത്തും. ചെറിയ ബഡ്ജറ്റേയുള്ളൂ എന്നു പറഞ്ഞും പ്രതിഫലം മുഴുവനായി തരാതെയുമൊക്കെ വഞ്ചിക്കാൻ ശ്രമിക്കുന്നവരുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എനിക്ക് മധുരമായി സംസാരിക്കാനറിയില്ല. ബാക്കി തുക തര്വോ, അടുത്ത സിനിമയിലെങ്കിലും തരാമോ എന്നൊക്കെ ചോദിക്കാന്‍ എനിക്കു പറ്റില്ല.

അതുപോലെ ലൊക്കേഷനിൽ കാരവൻ ആവശ്യപ്പെടുന്നത്. ഇത് അഹങ്കാരം കൊണ്ടോ ആഢംബരം കാണിക്കാനോ ഒന്നുമല്ല. ലൊക്കേഷനിൽ സുരക്ഷിതമായി വസ്ത്രം മാറാനും ഒക്കെ അതാണ് നല്ലതെന്ന തിരിച്ചറിവു കൊണ്ടാണ്. പ്രത്യേകിച്ച് ഈ കാലം. എവിടെ വേണമെങ്കിലും ഒളിക്യാമറ വച്ചേക്കാം. ലൊക്കേഷൻ സ്ഥലത്തിനടുത്തുള്ള വീടുകളാകും പലപ്പോഴും ഇതിനു വേണ്ടി പറഞ്ഞു വച്ചിട്ടുണ്ടാകുക. അവിടെ എന്തു സുരക്ഷിതത്വമാണുണ്ടാവുക? ഇത്തരം കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്തു കൊടുക്കാറില്ല.

പിന്നെ, എനിക്ക് കംഫർടബിൾ ആയ കോസ്റ്റ്യൂം മാത്രമേ സിനിമയിലുപയോഗിക്കൂ. ഇത്തരം കാര്യങ്ങൾക്കൊക്കെയാണ് പൊതുവേ പ്രതികരിക്കാറുള്ളത്. എല്ലാം ഒറ്റയ്ക്കു ചെയ്യുന്നതു കൊണ്ടാകാം സ്വയം പരിശീലിപ്പിച്ച ഒരു മോഡ് ഉണ്ടെനിക്ക്. സുരക്ഷിതത്വം കുറയുന്നു എന്നു തിരിച്ചറിഞ്ഞാൽ, അല്ലെങ്കിൽ എന്നെ ആരെങ്കിലും വഞ്ചിക്കാൻ ശ്രമിക്കുന്നു എന്നു തോന്നിയാൽ ആ മോഡിലേക്ക് അറിയാതെ മാറും. ഇതൊക്കെ സിനിമ കിട്ടാതിരിക്കാനുള്ള കാരണങ്ങളായി മാറിയിട്ടുണ്ട്.

bma

സിനിമ ഇപ്പോഴും ഒരാൺവീടാണോ?

നായകന്മാരെ കേന്ദ്രീകരിച്ചു തന്നെയാണ് സിനിമ മുന്നോട്ടു പോകുന്നത്. അങ്ങനെയല്ല  എന്നു പറഞ്ഞാൽ എന്നോടു ത ന്നെ പറയുന്ന   നുണയാകുമത്. നായകനോടും നായികയോടു മുള്ള െപരുമാറ്റത്തിൽ, പ്രതിഫലത്തിൽ എല്ലാത്തിലുമുണ്ട് വലിയ വ്യത്യാസം. സിനിമാ സംബന്ധമായ ചില തുറന്നു പറച്ചിലുകൾ നീരസങ്ങൾ ഉണ്ടാക്കിയേക്കാം. ഈ പറയുന്നതെല്ലാം സിനിമയുടെ കാര്യമായി മാത്രം എടുക്കേണ്ട ആവശ്യമില്ല.  നമ്മുടെ സമൂ ഹത്തിന്റെ പൊതുവായ സ്വഭാവമാണത്. പെൺകുട്ടികൾ പോളിഷ് ചെയ്ത് സംസാരിച്ചാൽ ആർക്കും കുഴപ്പമില്ല. മറിച്ചായാൽ ധിക്കാരിയായി. സ്വന്തം കാര്യം തുറന്നു പറയാൻ മറ്റാരുടെയെങ്കിലും സഹായം തേടണോ? അനാവശ്യമായി ഒരാൾക്കു മുന്നിൽ തല താഴ്ത്തിനിൽക്കേണ്ട ആവശ്യം ഇതുവരെ എനിക്കു മുന്നിൽ വന്നില്ല. ഇനി അങ്ങനെ വരുത്തല്ലേ എന്നാണ് പ്രാർഥന.

പ്രീതിപ്പെടുത്തുന്ന രീതിയിൽ സംസാരിക്കേണ്ടി വരുന്നു, വിട്ടുവീഴ്ചകൾ വേണ്ടി വരുന്നു... അവസരങ്ങള്‍ക്കു വേണ്ടി കിടക്ക പങ്കിടേണ്ടതു പോലുള്ള കാര്യങ്ങൾ മലയാളത്തിലുമുണ്ടോ?

എനിക്ക് അനുഭവമില്ല. അങ്ങനെയാരും എന്നോടു സംസാരിച്ചിട്ടുമില്ല. ഒരു പരിധിയില്‍ കൂടുതല്‍ അടുക്കുമ്പോഴായിരിക്കാം ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വരുന്നത്. ആ രീതിയിൽ ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി കൊടുക്കാൻ പോയിട്ടില്ല.  സിനിമ കഴിഞ്ഞാൽ എല്ലാത്തിൽ നിന്നും അകന്നു നിൽക്കുന്ന ആളാണു ഞാൻ. സിനിമ നമുക്കു പറഞ്ഞിട്ടുള്ളതാണെങ്കില്‍ എന്നെ തേടി വന്നിരിക്കും, അങ്ങനെയാണ് വിശ്വസിക്കുന്നത്. മറ്റുള്ളവർക്ക് ഇത്ര സിനിമ കിട്ടി. എനിക്കും അതു പോലെയുള്ള സിനിമകൾ കിട്ടണം എന്നൊന്നും ഞാൻ ചിന്തിക്കാറില്ല.
സിനിമ ശാശ്വതമല്ല എന്നു തന്നെയാണു വിശ്വാസം. പഠനം, അതു കഴിഞ്ഞു ജോലി, പിന്നെ വിവാഹം. ഇതൊക്കെ ജീവിതത്തിലെ ഒരോ ഘട്ടങ്ങള്‍ ആണ്. ഇപ്പോൾ‌ ഞാൻ ജോലി ചെയ്യുന്ന കാലമാണ്. അത്രയേയുള്ളൂ...

എന്നിട്ടും എന്തുകൊണ്ടാണ് വിമൻസ് കലക്ടിവ് പോ ലുള്ള സംഘടനയിൽ അംഗമല്ലാത്തത്?

സംഘടനകൾ എപ്പോഴും നല്ലതാണ്. ഏതു മേഖലയിലും  സ്ത്രീകൾക്കു വേണ്ടി സ്ത്രീകളേ സംസാരിക്കാൻ ഉള്ളൂ എന്ന തിരിച്ചറിവുണ്ടായ കാലമാണിത്. അവരുടെ ശബ്ദത്തിനു അംഗീകാരം കിട്ടിയ കാലം. വ്യക്തിപരമായി പറയുമ്പോഴാണ് അ ഹങ്കാരിയായി മുദ്രകുത്തുന്നത്. ഒരു സംഘടനയിലൂടെയാകുമ്പോൾ കുഴപ്പമില്ലല്ലോ. അതുകൊണ്ടുതന്നെ നടിമാർക്ക് ആ സംഘടന നല്ലതു തന്നെയാണ്. അവരുെട പ്രവര്‍ത്തനങ്ങളോടു പൂര്‍ണമായും സഹകരിക്കുകയും ചെയ്യും. ഇപ്പോൾ വി മൻസ് കലക്ടിവിൽ അംഗം ആയിട്ടില്ല. എന്റെ അറിവോടു കൂടി അംഗമായിരിക്കുന്നത് ‘അമ്മ’യിൽ മാത്രമാണ്.

സുരക്ഷിതയല്ല എന്ന തോന്നല്‍ കൂടിയിട്ടുണ്ടോ?

ഒരു സാധാരണ പെൺകുട്ടിയേക്കാൾ സുരക്ഷിതയാണ് സെലിബ്രിറ്റി എന്നൊരു തോന്നലുണ്ടായിരുന്നു. എപ്പോഴും പരിചയമുള്ളവർക്കിടയിലാണ്, യാത്ര ചെയ്യാൻ വാഹനമുണ്ട്, എന്റെ സുഹ‍ൃത്ത് ആക്രമിക്കപ്പെട്ടതോടെ ആ വിശ്വാസം നഷ്ടമായി. ഞെട്ടിപ്പോയി ശരിക്കും. അവൾ പ്രതികരിച്ചതുലൂടെ പെൺകുട്ടികൾക്കു കൊടുത്ത ധൈര്യം വലുതാണ്. ‘പറ്റിയതു പറ്റി, നീ ഒന്നിനും പോകേണ്ട’  എന്നു പറയുന്ന പലർക്കും അതൊരു പാഠം തന്നെയായിരുന്നു.  നീതി കിട്ടാത്ത മാനസികാവസ്ഥ എത്ര സങ്കടകരമാണ്. നി സ്സഹായാവസ്ഥ എന്ന നീറ്റലും കൊണ്ട് എല്ലാം ഉള്ളുലൊ തുക്കി ജീവിതകാലം മുഴുവന്‍ ജീവിക്കേണ്ടി വരുന്നവർ ഇനിയുണ്ടാകരുത്. മുൻകരുതൽ എടുക്കണമെന്നൊക്കെ പറയുന്നതു പോലും വിഡ്ഢിത്തമാണ്. അങ്ങനെയല്ല ചിന്തിക്കേണ്ടത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനാണ് നോക്കേണ്ടത്.

പൾസർ സുനി ആക്രമിക്കാൻ ശ്രമിച്ച നടിമാരിലൊരാൾ ഭാമയാണെന്നു വാർത്ത േകട്ടിരുന്നു..?

അതു മറ്റൊരു നുണക്കഥ. അങ്ങനെയൊരു ആക്രമണവും എന്‍റെ നേര്‍ക്കുണ്ടായിട്ടില്ല. എന്തിനാണിങ്ങനെ വാർത്തകളുണ്ടാക്കി വിടുന്നത്? ലോഹിതദാസിന്റെ നായിക എന്നു പറഞ്ഞാണ് വാര്‍ത്ത പ്രചരിച്ചത്. ചിലർ അതു ഞാനാണെന്ന് ഉറപ്പിച്ചു. സിനിമയിലെ സുഹൃത്തുക്കള്‍ പലരും ഇതു േകട്ടു വിളിച്ചു. ‘ഞാനും േകട്ടു. പക്ഷേ, ആരാണെന്നറിയില്ല, ഞാനല്ല എന്നെനിക്ക് ഉറപ്പിച്ചു പറയാന്‍ പറ്റും’ എന്ന് മറുപടിയും നല്‍കി.

ഒരു റിപ്പോർട്ടർ വിളിച്ചു ചോദിച്ചു. ‘ഭാമയെന്നാണു മൊഴി കൊടുക്കാൻ പോവുന്നത്...’

‘എന്തിന്..’

‘അല്ല... പള്‍സര്‍ സുനി പണ്ടെങ്ങോ...’

എനിക്കു വിഷമവും േദഷ്യവും വന്നു. ഞാന്‍ ‘അല്ല ’എന്നു അല്‍പം സ്ട്രോങ്ങ് ആയി തന്നെ പറഞ്ഞു. പിന്നെ, അതായി വാര്‍ത്ത. ‘ആക്രമണത്തെക്കുറിച്ചു ഭാമ പറഞ്ഞതു േകട്ടാല്‍ ഞെട്ടും.’

ഞാനായിരുന്നെങ്കിലും ഇങ്ങനെയാരു അനുഭവമുണ്ടായാല്‍ എന്റെ സുഹ‍ൃത്തു പ്രതികരിച്ചതു പോലെ തന്നെയാകുംചെയ്യുക. അല്ലെങ്കിൽ സമാധാനത്തോടെ ഉറങ്ങാനാകുമോ? ഉള്ളിലൊതുക്കിയാൽ മരണം വരെ ആ ഒാർമ വേട്ടയാടില്ലേ? തുറന്നു പറയാത്തിടത്തോളം ജീവിതകാലം വരെയുള്ള പീഡനമാകുമത്.

ഒരു പെൺകുട്ടിയാണെന്നു പോലും ചിന്തിക്കാതെയാണ് പലപ്പോഴും  ചിലർ വാർത്തകൾ പടച്ചു വിടുന്നത്. ഒരു ലിങ്ക് ഒാപ്പൺചെയ്യിക്കാനായി ‘ ‍ഞെട്ടുമെന്നും അദ്ഭുതപ്പെടുമെന്നും’ പറഞ്ഞ് തലക്കെട്ടിടും. ഏതെങ്കിലും ഒരു സൈറ്റിൽ വന്നാൽ മതി. പിന്നെ, ശരിയാണോ തെറ്റാണോ എന്നു ചിന്തിക്കുക പോലും ചെയ്യാതെ കട്ട് ആൻറ് പേസ്റ്റ് ചെയ്യും. ഇങ്ങനെ ചെയ്യുന്നവരുടെ  വീട്ടിലും അമ്മയും അനുജത്തിയുമൊക്കെ ഉണ്ടാകില്ലേ?

സിനിമയിൽ ഭാമയ്ക്കൊരു ‘കംഫർടബിൾ സോൺ’ ഉണ്ടോ?

ഉറപ്പായും ഉണ്ട്.  സ്ത്രീകളോടു ബഹുമാനമില്ലാതെ പെരുമാറുന്നവർക്കൊപ്പം ജോലി ചെയ്യാൻ എനിക്കാകില്ല. മോശമായ സംസാരരീതിയോടെ അവർ പറയുന്നത് അനുസരിച്ചോളണം എന്ന മട്ടിലുള്ള ചിലരുണ്ട്, ‘ഞങ്ങളിത് നിങ്ങൾക്കു തരുന്ന ഒരവസരമാണ്’ എന്ന രീതിയിൽ പെരുമാറും. മറ്റുചിലർ പറയും ‘നിങ്ങള്‍ ഈ സിനിമ പ്രതിഫലം കുറച്ചു ചെയ്യൂ... ഹിന്ദിയിലൊക്കെ അവസരം വാങ്ങിത്തരാം ’ എന്ന്.

ഈ രണ്ടുകൂട്ടര്‍ക്കൊപ്പവും ജോലി ചെയ്യാനാകില്ല. അവരുടെ സിനിമയിൽ അഭിനയിച്ചു തുടങ്ങിയിട്ട് ഒരു പ്രശ്നമുണ്ടാകുന്നതിനേക്കാൾ നല്ലത് ആ സാഹചര്യത്തില്‍ നിന്നേ മാറി നിൽക്കുന്നതല്ലേ. ഇത്തരം ചിന്തകൾ കൊണ്ട് സിനിമകൾ നഷ്ടമായിട്ടുണ്ട്. സാമ്പത്തിക നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ജീവിതം ദേ, ഇത്രയും സിംപിളാണെന്നു വിചാരിച്ചാൽ ഒരു കുഴപ്പവുമില്ല. എന്നും പ്രശ്നമാണെന്നു തോന്നിയാൽ ജീവിക്കാനേ പറ്റില്ല. സിനിമയിൽ കാണാറില്ലല്ലോ എന്നു പലരും ചോദിക്കാറുണ്ട്. മറ്റുള്ളവർ എന്തു പറയും എന്നോർത്ത് ഞാനെന്റെ സന്തോഷം ഇല്ലാതാക്കണോ?

പ്രണയവാര്‍ത്തകളും നുണക്കഥയാണോ?

ഏതൊരു പെൺകുട്ടിയേയും പോലെ എപ്പോഴോ അങ്ങനൊരു പ്രണയചിന്തകൾ ഉണ്ടായിരുന്നു. പറയണോ അതോ വേണ്ടയോ എന്നൊക്കെ ഉള്ള സംശയങ്ങൾ.. അതിനെ പ്രണയ‌മെന്നൊക്കെ വിളിക്കാനാകുമോ എന്നു പോലും ഉറപ്പില്ല. ഇനിയിപ്പോൾ പ്രണയിച്ചു വിവാഹം കഴിക്കാനൊന്നും തോന്നുന്നില്ല. അതുകൊണ്ട് ഒരു തീരുമാനമെടുത്തു,  ആളെ കണ്ടെത്താനുള്ള ചുമതല വീട്ടുകാരെ ഏൽപ്പിക്കാം. ജീവിതം ആ ഘട്ടത്തിലേക്ക് കടന്നു.

സിനിമ അറിയാത്ത ആളെ വിവാഹം ചെയ്താൽ കുഴപ്പമാണ് എന്ന തോന്നൽ വെറുതേയാണ്. ഇനി പ്രണയിക്കാനുള്ള നേരമോ അതിനുള്ള മനസ്സോ ഒന്നുമില്ല. ഒരേ വേവ് ലെങ്തുള്ള ഒരേ കെമിസ്ട്രിയുള്ള ആളായിരിക്കണമെന്നേയുള്ളൂ. ഉടനെയുണ്ടാകുമോ എന്നൊന്നും പറയാനാവില്ല. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടാകുമല്ലോ.

പത്തുവർഷത്തെ സിനിമ ചില സങ്കടങ്ങൾ തന്നിട്ടുണ്ടോ?

ഒരുപാടു സന്തോഷങ്ങളും സങ്കടങ്ങളും ഉണ്ടായിട്ടുണ്ട്. ഞാ ൻ പൊസിറ്റീവായേ എല്ലാ നിമിഷത്തെയും കാണാറുള്ളൂ. എന്നാൽ ഒരനുഭവം മറക്കാനാവുന്നില്ല. അത് ‘വേട്ട’ എന്ന സിനിമയുമായി ബന്ധപ്പെട്ടതാണ്. ആ സിനിമയിലേക്ക് എന്നെ വിളിച്ചു. ചാക്കോച്ചന്‍റെ (കുഞ്ചാക്കോ ബോബന്‍) ഭാര്യയുെട വേഷം. കൂടാതെ ഒരു പാട്ടും ഉണ്ട്. ഷാന്‍ റഹ്മാന്‍റെ മ്യൂസിക്. എനിക്ക് ഭയങ്കര സന്തോഷവും ആവേശവുമായി. ആ കഥാപാത്രത്തെക്കാൾ പാട്ട് എന്നെ മോഹിപ്പിച്ചു.

സംവിധായകന്‍ രാജേഷേട്ടന്‍(രാജേഷ് പിള്ള) വിളിച്ചു സംസാരിച്ചു. അദ്ദേഹത്തിന്‍റെ പ്രൊഡക്‌ഷൻ കമ്പനിയാണെന്നും അതുകൊണ്ട് പ്രതിഫലം കുറച്ച് സഹകരിക്കണമെന്നും പറഞ്ഞു. രാജേഷേട്ടന്റെ  കുടുംബവുമായി എനിക്ക് അടുപ്പവുമായിരുന്നു. പക്ഷേ, അത് വെറുതെയാണെന്നും പ്രതിഫലം കുറയ്ക്കാനുള്ള വഴിയാണെന്നും എന്നെ ചിലർ തെറ്റിധരിപ്പിച്ചു. അതോടെ ആ പ്രൊജക്ടിൽ നിന്നു ഞാന്‍ പിൻവാങ്ങി. രാജേഷേട്ടനു അസുഖമാണെന്ന് എനിക്കന്ന് അറിയില്ലായിരുന്നു. പെട്ടെന്നുള്ള ആ മരണം ഞെട്ടിച്ചു കളഞ്ഞു. അതുകഴിഞ്ഞാണ് അദ്ദേഹം തന്നെയാണ് സിനിമ നിർമിച്ചതെന്നു ഞാൻ തിരിച്ചറിഞ്ഞത്.

രാജേഷേട്ടൻ പറഞ്ഞത് സത്യമാണെന്ന് അറിഞ്ഞിരുന്നെ ങ്കിൽ ഉറപ്പായും പ്രതിഫലം ഞാൻ നോക്കില്ലായിരുന്നു. വല്ലാത്ത കുറ്റബോധമായി ഇന്നും അത് മനസ്സിൽ നീറുന്നുണ്ട്. ഒന്നു ക്ഷമ ചോദിക്കാൻ പോലും സമയം തരാതെ അദ്ദേഹം പൊയ്ക്കളഞ്ഞല്ലോ...

bma