രണ്ടുവർഷം മുൻപ് വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ ഭാമ പറഞ്ഞു. ‘‘ഇനി പ്രണയിക്കാനുള്ള നേരമില്ല. അതുകൊണ്ടൊരു തീരുമാനമെടുത്തു, ആളെ കണ്ടെത്താനുള്ള ചുമതല വീട്ടുകാരെ ഏൽപിക്കുകയാണ്. അവർ ആലോചിച്ചു കണ്ടുപിടിക്കട്ടെ. സിനിമയുടെ ലോകത്തെക്കുറിച്ച് ഒട്ടും അറിയാത്ത ആളെ വിവാഹം ചെയ്താൽ കുഴപ്പമാകുമോ എന്ന പേടിയൊന്നും ഇല്ല. ഒരേ വേവ്്ലെങ്തുള്ള ആളായിരിക്കണമെന്നേയുള്ളൂ.....’’
അന്നു കേട്ടപ്പോൾ ചോദ്യത്തിൽ നിന്നു രക്ഷപ്പെടാനുള്ള പതിവ് ‘മുങ്ങാംകുഴിയുത്തര’മായാണ് തോന്നിയത്. മേക്കപ്പിട്ട ഒരു കുഞ്ഞു കളവ്.
‘‘പറഞ്ഞത് കള്ളമായിരുന്നില്ല, ചോദ്യത്തിൽ നിന്ന് ഒളിച്ചോടിയതുമല്ല.’’ ഭാമ പൊട്ടിച്ചിരിക്കുന്നു, വിവാഹമുറപ്പിച്ച ശേഷമുള്ള പ്രണയം എല്ലാ പെൺകുട്ടികളെയും സുന്ദരികളാക്കും, ഭാമയെയും...
‘‘പതിനെട്ടാം വയസ്സിൽ സിനിമയിൽ വന്നതാണ് ഞാൻ. സിനിമകൾ ചെയ്യണം, സമ്പാദിക്കണം. സ്വന്തം കാലില്‍ നിൽക്കാനാകണം. എന്നിട്ടേ വിവാഹം കഴിക്കൂ. അതും ഇരുപത്തെട്ടു വയസ്സിനു ശേഷം... ഇതെല്ലാം അന്നേ തീരുമാനിച്ചിരുന്നു. അമ്മയും എങ്ങുമെത്താത്ത മൂന്നു പെൺമക്കളും. അതായിരുന്നു അന്ന് ഞങ്ങളുടെ കുടുംബം. അതുകൊണ്ടു തന്നെ ജീവിതത്തെ അത്രയും ഗൗരവമായാണ് കണ്ടത്.
എനിക്ക് കുറേ സ്വപ്നങ്ങളുണ്ടായിരുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതു മുതൽ കൊച്ചിയിൽ ഒരു ഫ്ലാറ്റ് വരെ നീണ്ടു കിടക്കുന്ന മോഹങ്ങൾ. ആലോചിക്കുമ്പോൾ മിക്കതും ഞാൻ നേടിയതു പോലെ തോന്നുന്നു. ഇനിയിപ്പോൾ വിവാഹം കഴിക്കാനുള്ള സമയമായെന്നു തിരിച്ചറിഞ്ഞു. കഴിഞ്ഞ മാർച്ചിൽ നടൻ രജിത് മേനോന്റെ വിവാഹ നിശ്ചയം കഴിഞ്ഞു വരുമ്പോൾ ഞാൻ തീരുമാനിച്ചു, ഇനി വിവാഹം കഴിക്കാം.
വിവാഹം പതിയെ മതി എന്നു തീരുമാനിച്ചെങ്കിലും അതു നൂറു ശതമാനം അറേഞ്ച്ഡ് മാര്യേജ് ആയിരിക്കും എന്നു ഞാൻ പോലും ഒാർത്തില്ല എന്നതാണ് സത്യം. ’’
എന്നാൽ ഇനി ആ സസ്പെൻസ് പൊളിക്കൂ... ആരാണ് വരൻ?
അരുൺ എന്നാണു പേര്. അച്ഛൻ ജഗദീശൻ പിള്ള, അമ്മ ജയശ്രീ. കുറച്ചു വര‍്‍ഷങ്ങൾക്കു മുൻപ് അമ്മ മരിച്ചു. അരുണിന്റെ ചേച്ചി അശ്വതി ഡോക്ടറാണ്. ഭർത്താവ് രാജേഷ്. ഉമ എന്നാണ് ചേച്ചിയുടെ മോളുടെ പേര്. അവർ മുംബൈയിലാണ്.
ചെന്നിത്തലയാണ് അരുണിന്റെ നാടെങ്കിലും വർഷങ്ങളായി കാനഡയിലും ദു ബായ്‌യിലും ആണ്. അച്ഛന്റെ ബിസിനസ് എല്ലാം ദുബായ്‌യിലായിരുന്നു. പ്ലസ്ടു കഴിഞ്ഞ് അരുൺ പഠനത്തിനായി കാനഡയിലേക്ക് പോയി. ബിസിനസ് പഠനം കഴിഞ്ഞ് ദുബായ്‌യിലേക്ക് വന്നു. ഇപ്പോൾ കൊച്ചിയിൽ സെറ്റിൽ ചെയ്യാനുള്ള ശ്രമത്തിലാണ്.
ജനുവരിയിലാണ് വിവാഹം. വിവാഹവും മെഹന്തി ചടങ്ങും കോട്ടയത്താണ്. റിസപ്ഷൻ കൊച്ചിയിൽ നടത്താനാണ് ആലോചിക്കുന്നത്. ചടങ്ങുകളെല്ലാം വലിയ ആഘോഷങ്ങൾ ഒന്നുമില്ലാതെ എലഗന്റായി വേണമെന്നാണ് ആഗ്രഹം.
വിവാഹം ഉറപ്പിച്ച ശേഷമുള്ള പ്രണയം സുന്ദരമാണ്. ഈയൊരു സമയം എൻജോയ് ചെയ്യുന്നതിന്റെ രസം വേറെയാണ്. അതു തിരിച്ചറിഞ്ഞുകൊണ്ട് പരമാവധി ആസ്വദിക്കുന്നു. കഴിഞ്ഞ ദിവസം ഞാൻ അവസാന ബാച്‌ലർ ട്രിപ് പോയി, മലേഷ്യയിലേക്ക്. ഒപ്പം സുഹൃത്ത് ആൻസിയും ഉണ്ടായിരുന്നു. മൂന്നുനാലു ദിവസം കറങ്ങി തിരിച്ചു പോന്നു.
അരുൺ എങ്ങനെയാണ് ഭാമയിലേക്ക് എത്തുന്നത്?
രണ്ടു സഹോദരികളുടെയും ഭർത്താക്കന്മാർ എനിക്ക് ഏട്ടന്മാര്‍ തന്നെയാണ്. എല്ലാ കാര്യവും അച്ഛന്റെ സ്ഥാനത്തു നിന്നു നടത്തി തരുന്നവർ. രണ്ടാമത്തെ ചേച്ചിയുടെ ഭർത്താവിന്റെ പേരും അരുൺ എന്നാണ്. രണ്ടു അരുൺമാരും ഒരുമിച്ചു പഠിച്ചവർ. കുടുംബ സുഹൃത്തുക്കളും. അങ്ങനെയാണ് കാനഡയിൽ നിന്ന് നാട്ടിെലത്തിയപ്പോൾ ചേട്ടനോടൊപ്പം അരുൺ വീട്ടിലെത്തുന്നത്.
കാഷ്വലായി എന്തൊക്കെയോ സംസാരിച്ചു. എല്ലാവരെയും ബഹുമാനിക്കുകയും മാന്യമായി പെരുമാറുകയും ചെയ്യുന്ന ചെറുപ്പക്കാരൻ, എനിക്കങ്ങനെയാണ് തോന്നിയത്. അവർ പോയപ്പോള്‍ എല്ലാവരും ‘നല്ല പ യ്യൻ’ എന്നൊക്കെ പറയുകയും ചെയ്തു.
കഴിഞ്ഞ ജൂണിൽ അ രുൺ വീണ്ടും വീട്ടിൽ വന്നു. ആ സമയത്താണ് അരുണിനും വിവാഹാലോചനകൾ നടക്കുന്നുണ്ടെന്നറിഞ്ഞത്. എനിക്കും ആലോചനകൾ കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. ‘ആ ലോചിച്ചാലോ’ എന്ന് ചേട്ടൻ ചോദിച്ചു. കുടുംബങ്ങൾ തമ്മി ൽ അറിയുന്നതിന്റെ കംഫർട്ട് ഉണ്ട്. അതുകൊണ്ടു തന്നെ തുടക്കം മുതൽക്കേ അപരിചിതത്വം ഉണ്ടായിരുന്നില്ല.
കാനഡയിലാണ് പഠിച്ചതെന്ന് കേട്ടപ്പോൾ എനിക്കാദ്യമൊരു പേടി തോന്നി. രാജ്യത്തിനു പുറത്തുനിന്ന് വിവാഹാലോചനകൾ കഴിവതും വേണ്ടെന്ന് അമ്മയോടു ഞാൻ ആദ്യമേ പറഞ്ഞിരുന്നു. എനിക്ക് കൊച്ചിയിൽ സ്ഥിര താമസമാക്കാനാണിഷ്ടം. പിന്നെ, പുറത്തൊക്കെ ജീവിക്കുന്ന പലരും മലയാളത്തെക്കുറിച്ചും നാടിനെക്കുറിച്ചും പുച്ഛത്തോടെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. എനിക്ക് പക്ഷേ, നമ്മുടെ നാടിനെയും സംസ്കാരത്തെയും ബഹുമാനിക്കുന്ന ആളായിരിക്കണമെന്നായിരുന്നു ആഗ്രഹം.
അരുണിന് നാടാണ് ഏറ്റവും ഇഷ്ടം. അതുകൊണ്ടാണ് കൊച്ചിയിലേക്കു തിരിച്ചു പോരുന്നത്. ആദ്യം മുതൽക്കേ എ ന്നെ സിനിമാ താരമായിട്ട് അരുൺ കണ്ടിട്ടില്ല. ‘സ്റ്റാർ സ്റ്റക്’ എന്ന സംഭവമേ ഇല്ല. ആ കാര്യത്തിലാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയത്.