‘പരസ്പരം’ സീരിയലിലൂടെ ദീപ്തിയായി വന്ന് മനം കവർന്നു, ‘വൺ’ എന്ന ചിത്രത്തിൽ തിളങ്ങി, ഇപ്പോൾ അഭിനയം വിട്ട് പുതിയ റോളിന് ഒരുങ്ങുന്നു ഗായത്രി..
‘അടുത്ത വേഷം സിനിമയിലായിരിക്കുമോ സീരിയലിലാകുമോ’ എന്ന് സംശയിക്കുന്നവരുടെ കണക്കുകൾ തെറ്റിക്കാനുള്ള പുറപ്പാടിലാണ് ഗായത്രി അരുൺ. ആദ്യ സീരിയലായ ‘പരസ്പര’ത്തിലെ ദീപ്തി ഐപിഎസ്സിനെ സൂപ്പറാക്കി. ‘വൺ’ സിനിമയിലെ സീന എന്ന കഥാപാത്രവും മികവുറ്റതാക്കി ഗായത്രി.
പുത്തൻ അവസരങ്ങൾ വന്നെങ്കിലും പരസ്പരത്തിന് ശേഷം അവധി എടുത്തതു പോലെ മറ്റൊരു അവധിയിലാണ് ഗായത്രി ഇപ്പോൾ. സിനിമയിൽതന്നെ പുതിയ തട്ടകത്തിലേക്ക് പ്രവേശിക്കാനുള്ള തയാറെടുപ്പിനുള്ളതാണ് ഈ അവധി.
അഭിനയത്തോട് ഇഷ്ടം
‘‘സ്കൂൾകാലം തൊട്ടേ അഭിനയത്തോട് ഇഷ്ടമായിരുന്നു. അമ്മയുടെ സഹോദരൻ അറയ്ക്കൽ നന്ദകുമാർ സംഗീത സംവിധായകനാണ്. വീട്ടിൽ ആരും അഭിനയിച്ചിട്ടില്ലെങ്കിലും അച്ഛന് കലാഭവനിൽ പ്രവേശനം കിട്ടിയ ആളാണ്. പക്ഷേ, അന്ന് വീട്ടിൽ നിന്ന് അനുവാദം കിട്ടിയില്ല. അച്ഛനിൽ നിന്നായിരിക്കണം എനിക്ക് അഭിനയകല കിട്ടിയത്. സ്കൂൾ കലോത്സവങ്ങളിൽ പാട്ട്, നാടകം, വൃന്ദവാദ്യം തുടങ്ങിയ ഇനങ്ങളിലൊക്കെ പങ്കെടുത്തിരുന്നു. ഹയർ സെക്കന്‍ഡറി സംസ്ഥാന കലോൽസവത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അച്ഛൻ കുട്ടിക്കാലത്ത് ധാരാളം സിനിമകൾ കാണിക്കാൻ കൊണ്ടുപോകുമായിരുന്നു. അതുകൊണ്ട് അഭിനയം അന്നേ മോഹമായി. അച്ഛൻ രാമചന്ദ്രൻ നായർ ഫിലിം ഡിസ്ട്രിബ്യൂഷൻ മേഖലയിലായിരുന്നു. അമ്മ ശ്രീലേഖ കഴിഞ്ഞ വർഷം വരെ ചേർത്തല മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ആയിരുന്നു.
ഡിഗ്രി പഠനം കഴിഞ്ഞപ്പോഴേ ജോലി കിട്ടി. ആദ്യം ഇവന്റ് മാനേജ്മെന്റ് ചെയ്തു, പിന്നീട് എഫ് എം റേഡിയോയിൽ, അവിടുന്ന് പത്രത്തിൽ ജോലി കിട്ടി. അപ്പോഴാണ് ‘പരസ്പരം’ പരമ്പരയിലേക്ക് അവസരം വരുന്നത്. അഭിനയം മോഹമായിരുന്നിട്ടും ഞാൻ ജോലി വിടാൻ തയാറായില്ല.
ലീവെടുത്താണ് രണ്ടര വർഷത്തോളം അഭിനയിച്ചത്. കഥാപാത്രം ഹിറ്റ് ആയ ശേഷം മൂന്നാം വർഷത്തിലേക്ക് സീരിയൽ കടന്നപ്പോഴാണ് ആത്മവിശ്വാസമായത്. ജോലി രാജി വച്ച് ധൈര്യപൂർവം അഭിനയരംഗത്തേക്ക് ഇറങ്ങി. ഇപ്പോൾ നിത്യവും രാവിലേ ജോലിക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കാനേ പറ്റുന്നില്ല.