Tuesday 24 December 2019 04:36 PM IST

‘എന്റെ വീട്ടിൽ കല്ലേറു കൊണ്ടില്ല, അതുകൊണ്ടെനിക്ക് കുഴപ്പമില്ല’ എന്നു പറയുന്ന ആറ്റിറ്റ്യൂഡിൽ വിശ്വാസമില്ല!

Sreerekha

Senior Sub Editor

_C2R1394

വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംവിധായികയും നടിയുമായ ഗീതു മോഹൻദാസ് സിനിമയും ജീവിതവും പറയുന്നു...

ഡബ്ല്യുസിസി രൂപം കൊണ്ട ശേഷം നേരിട്ട അനുഭവങ്ങളും തിരിച്ചറിവും എന്തായിരുന്നു?

ഡബ്ല്യുസിസി രൂപീകരിക്കപ്പെട്ട ശേഷം ഫിലിം ഇൻഡസ്ട്രിയിലെ സ്ത്രീകളുടെ വർകിങ് സ്േപസ് ചുറ്റുപാടിൽ വിപ്ലവകരമായ മാറ്റം വന്നു. എവിടെയും വിപ്ലവം വരുമ്പോൾ അതിനെ അടിച്ചമർത്താനുള്ള പ്രവണതയുണ്ടാകാം. നമ്മളെ ട്രോൾ ചെയ്യാം, മാറ്റി നിർത്താം, ഇല്ലാതാക്കാം. പക്ഷേ, നമ്മളൊരിക്കലും നമ്മുടെ പർപസ് മറക്കരുത്. നമ്മളീ ചെയ്യുന്നത് ഇപ്പോൾ പരാജയം ആണെങ്കിൽ കൂടി 50 വർഷം കഴിയുമ്പോ ഈ പരാജയം ആകും ഏറ്റവും വലിയ വിജയം. 

ഈ കൂട്ടായ്മ രൂപീകരിച്ച സമയത്ത് ഇൻഡസ്ട്രിയിൽ പലരും ഷോക്ക്ഡ് ആയിരുന്നു. സിനിമയിലെ ചെറുപ്പക്കാരിൽ ഒരുപാടു പേർ, ‘ദിസീസ് ഗ്രേറ്റ്, സപ്പോർട്ട് ചെയ്യുന്നു’വെന്ന് പറഞ്ഞു മെസേജ് അയച്ചിരുന്നു. പക്ഷേ, പബ്ലിക് ആയി അവരിതു പറയില്ല. കാരണം, എവിടെയോ ഒരു തരത്തിലുള്ള പേടിയും നിലനിൽക്കുന്നുണ്ട്. അതുെകാണ്ട്  ഞങ്ങൾ കുറച്ചു പേർ  ഇതിനായി മുന്നിട്ടിറങ്ങണം. അതിന് ഞങ്ങൾ തയാറുമാണ്. ‘എന്റെ വീട്ടിൽ കല്ലേറു കൊണ്ടില്ല, അതുകൊണ്ടെനിക്കു കുഴപ്പമില്ല’ എന്നു പറയുന്ന ആറ്റിറ്റ്യൂഡിൽ ഞാൻ വിശ്വസിക്കുന്നില്ല. വളരെ പ്രിവിലെജ്ഡ് ആയ ആളുകളാണു നമ്മൾ. അതുകൊണ്ടു തന്നെ മറ്റുള്ള എല്ലാവർക്കും വേണ്ടി സംസാരിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. 

കുടുംബത്തിന്റെ തിരക്കിൽ ക്രിയേറ്റിവ് സ്വപ്നങ്ങൾ ത്യജിക്കേണ്ടി വരുന്ന സ്ത്രീകളോടു പറയാനുള്ളത്? 

ഒാരോരുത്തരുടെയും ജീവിതത്തിൽ ഒാരോ തരം ത്യാഗങ്ങൾ ആകും. മോൾ ആരാധന കുഞ‍്ഞായിരുന്നപ്പോൾ തൊട്ടേ അവളുെട കളികൾക്കും വാശികൾക്കുമൊക്കെ നടുവിലിരുന്നാണു ഞാനെഴുതുന്നത്. തീർത്തും സ്വകാര്യമായ മറ്റൊരു സ്ഥലത്ത് മാറിയിരുന്ന് എഴുതാനുള്ള ലക്‌ഷ്വറി എനിക്കില്ല. മാത്രമല്ല, മോൾ അരികിലില്ലാത്തപ്പോൾ ഞാൻ ഹാപ്പിയായിരിക്കുമെന്നും തോന്നുന്നില്ല. അമ്മ എന്റെയൊപ്പമുണ്ട്. രാജീവിന്റെയും രാജീവിന്റെ അമ്മയുടെയുമൊക്കെ നല്ല സപ്പോർട്ട് ഉണ്ട്. ഇത്രയും പിന്തുണയ്ക്കുന്ന സാഹചര്യങ്ങളുണ്ടായിട്ടും ചില അവസരങ്ങളിൽ ആകെ ഉൗർജം നഷ്ടപ്പെട്ടതു പോലെ തോന്നാറുണ്ട്. കാരണം, നമ്മൾ വീട്ടിലെത്തുമ്പോൾ ചെയ്തു തീർക്കേണ്ട ധാരാളം ഉത്തരവാദിത്തങ്ങൾ കാണും.  

സ്ത്രീകളോട് എനിക്കു പറയാനുള്ളത്, അവരാഗ്രഹിക്കുന്ന സ്വപ്നങ്ങൾ നേടാനുള്ള പ്രചോദനം, ഉള്ളിലുണ്ടാകണമെന്നാണ്. ഒരു സെൻസ് ഒാഫ് പർപസ്. ഷൂട്ടിങ്ങിനു പോയിട്ടു തിരിച്ചു വരുമ്പോ എനിക്ക് ഒരു തരം കുറ്റബോധം തോന്നുമായിരുന്നു. മോൾക്ക് എന്നെ എന്തു മാത്രം മിസ് ചെയ്തിട്ടുണ്ടാകും എന്നു ചിന്തിച്ച്. ആരോ പറഞ്ഞു, എന്തിനാ കുറ്റബോധം തോന്നുന്നത്, മോൾ നാളെ ഗീതുവിനെ നോക്കുമ്പോ അവൾക്ക് അഭിമാനമാകും തോന്നുകയെന്ന്. പിന്നീട് ഞാൻ ആ ആംഗിളിൽ ചിന്തിക്കാൻ തുടങ്ങി. പിന്നെ, മോൾക്ക് ക്ലാസില്ലാത്തപ്പോഴെല്ലാം ഞാൻ അവളെയും എന്റെ വർക് സ്പേസിലേക്കു കൂടെ കൊണ്ടുപോകാൻ തുടങ്ങി. പോസ്റ്റ് പ്രൊഡക്‌ഷനൊ ക്കെ മോളെയും കൂടെ കൂട്ടി. രാജീവിന്റെ ഷൂട്ടിങ് സ്ഥലത്തും മോളെ  ഒപ്പം കൊണ്ടു പോയിത്തുടങ്ങി. അമ്മ ജോലിക്കു പോകുകയാണെന്നു പറയുമ്പോൾ ഇപ്പോൾ മോൾക്കറിയാം.

ഒാരോ സ്ത്രീയുെടയും ജീവിതയാത്ര ഒാരോ തരത്തിലാകാം. ആ യാത്രയിൽ നിങ്ങൾക്ക് നിങ്ങളെത്തന്നെ നഷ്ടപ്പെടുന്നതായി തോന്നരുത്. വർഷങ്ങൾക്കു ശേഷം തിരിഞ്ഞു നോക്കുമ്പോൾ കുറ്റബോധമുണ്ടാകരുത്. മറ്റാരെയെങ്കിലും അതിന്റെ പേരിൽ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. നിങ്ങളുെട സ്വപ്നങ്ങൾ നിങ്ങളുടേതായ രീതിയിൽ സാക്ഷാത്കരിക്കുക. 

Tags:
  • Celebrity Interview
  • Movies