Saturday 15 September 2018 03:22 PM IST

മനസുരുകി കരഞ്ഞു പ്രാർഥിച്ചു; രണ്ടുമാസം ഐസിയുവിൽ മരണത്തോടു പോരാടിയ മകനെ ജീവിതത്തിലേക്ക് മടക്കി കനിഹ

Sujith P Nair

Sub Editor

kaniha-old004
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

തുറന്നിട്ട ജാലകങ്ങളിലൂടെ വീശുന്ന കാറ്റില്‍ പോലും പ്രണയത്തിന്റെ സുഗന്ധമുള്ള വീട്. ചുവരുകളിൽ നിറയെ ഫ്രെയിം ചെയ്ത ചിത്രങ്ങൾ. എല്ലാറ്റിലും അവർ മൂന്നു പേരും ഒരു കിളിക്കൂട്ടിലെന്ന പോലെ ചേർന്നിരിക്കുന്നു. കനിഹ, ഭർത്താവ് ശ്യാം, അഞ്ചു വയസുകാരൻ മകൻ ഋഷി. പൂജാ മുറിയിൽ ഷിർദിസായി ബാബയുടെ വലിയൊരു വെങ്കല പ്രതിമ. ഒപ്പം ബുദ്ധനും. കിടപ്പുമുറിയുടെ ഒരു കോണില്‍ സ്ഫടികപാത്രത്തില്‍ കനിഹ ചില്ലിട്ടട ച്ചു വച്ചരിക്കുന്നത് സ്വന്തം ഹൃദയം തന്നെയാണ്. ഏഴു വ ര്‍ഷം  മുമ്പ് കൈപിടിച്ചു ജീവിതത്തിലേക്കു ചേര്‍ത്തയാള്‍ക്കുള്ള സ്‌നേഹ സന്ദേശങ്ങള്‍. വെള്ളയും നീലയും പച്ചയും പിങ്കും നിറങ്ങളിലുള്ള കടലാസുകളില്‍ കോറിയിട്ടിരിക്കുന്ന വാക്കുകള്‍ പ്രിയതമനുള്ള പ്രണയ സമ്മാനങ്ങളാണ്.

‘‘ഓൺലൈനിൽ നിന്നാണ് എനിക്ക് ഈ ഐഡിയ കിട്ടുന്നത്. കഴിഞ്ഞ വിവാഹ വാർഷികത്തിന് എന്തു നൽകണം എന്ന് പരതുമ്പോഴായിരുന്നു ഇത്. ശരിക്കും വേണ്ടിയിരുന്നത് ഒരു വർഷത്തെ സൂചിപ്പിക്കുന്ന 365 കുറിപ്പുകളായിരുന്നു. എഴുതി തുടങ്ങിയപ്പോൾ നടുവേദനയും തുടങ്ങി. അങ്ങനെ ഒരു വർഷത്തിലുള്ള ആഴ്ചകളുടെ എണ്ണമായി ചുരുക്കി. ആകെ 52 എണ്ണം. വെള്ള നിറത്തിലുള്ള പേപ്പറിൽ കവിതകളാണ്. പിങ്കിൽ ഞാൻ നിന്നെ എന്തു കൊണ്ടു പ്രണയിക്കുന്നു എന്ന്. പച്ച നിറത്തിൽ ഓർമകളാണ് രേഖപ്പെടുത്തിയത്. നീലയിൽ നിനക്കായി ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നതെന്ത് എന്നും... എല്ലാ തിങ്കളാഴ്ചയും ശ്യാം അതിൽ ഒന്നെടുക്കും.’’ കനിഹയുടെ കണ്ണുകളിൽ നാണം. ഒപ്പം ഒരു താക്കീതും, ‘നിങ്ങൾ അത് എടുത്ത് നോക്കരുത്... എനിക്കു നാണം വരും.’

ശാന്തമായി ഒഴുകുന്ന നദി പെട്ടെന്ന് പ്രക്ഷുബ്ധമായ പോലെയാണ് ആ വാർത്ത പ്രചരിച്ചത്. കനിഹയും ഭർത്താവും  വേർപിരിയുന്നു. കാട്ടുതീ പോലെ വാർത്ത പടർന്നു. അടുപ്പമുള്ള നിരവധി പേർ വിളിച്ചു. ഒടുവിൽ വ്യാജ വാർത്തയ്ക്ക് എതിരേ സോഷ്യൽ മീഡിയയിലൂടെ കനിഹ പ്രതികരിച്ചു. അതോടെ വിവാദങ്ങളുടെ തിരയടങ്ങിയെങ്കിലും കനിഹ ഇപ്പോഴും ഭീതിയിലാണ്, എന്താകും അടുത്ത വിവാദം എന്ന്.

‘മറ്റൊരു നടിയുടെ വിവാഹമോചനം കൂടി’ എന്നാണ് ഓൺലൈനിൽ പ്രചരിച്ച വാർത്ത...

ചിലരുണ്ട് മറ്റുള്ളവരുടെ വേദനകളിൽ ആനന്ദിക്കുന്നവർ. ഞാൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഫെയ്സ് ബുക്ക് പേജ് നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഒരു മെസേജിനപ്പുറം  ഞാനുണ്ട്.  ഇത്തരം നുണക്കഥകൾ പ്രസിദ്ധീകരിക്കും മുമ്പ്  എന്നോടൊരു വാക്ക് ചോദിക്കാം. കുടുംബ ജീവിതം  പരിപാവനമായി കാണുന്ന ഒരാളാണു ഞാൻ. പരസ്പര വിശ്വാസവും സ്നേഹവും ആണ് അതിന്റെ അടിത്തറ. മകന് നാടിന്റെ സംസ്കാരം പകർന്നു നൽകാൻ അമേരിക്കയിൽ നിന്ന് ജോലി ഉപേക്ഷിച്ച് ചെന്നൈയിൽ എത്തിയതാണ് ഞാനും ശ്യാമും. ഭാര്യാ ഭർത്താക്കൻമാരിലുപരി നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ. വിവാഹം കഴിഞ്ഞ് ഏഴു വർഷമായി. ഇന്നും പ്രണയിക്കുകയാണ് ഞങ്ങൾ. ശ്യാമും ഋഷിയുമാണ് എന്റെ ലോകം.

ആദ്യം കേട്ടപ്പോൾ പകച്ചു പോയി. വളരെ ദേഷ്യം തോന്നി. അപ്പോഴേക്കും ഫോൺ കോളുകൾ വന്നു തുടങ്ങിയിരുന്നു. എല്ലാവർക്കും അറിയേണ്ടത് എന്തു പറ്റിയെന്നാണ്. എല്ലാവരോടും വിശദീകരിച്ചു. ശ്യാമാണ് എന്നെ ആശ്വസിപ്പിച്ചത്. ‘നമുക്ക് അറിയാം ഇത് നുണയാണെന്ന്’ എന്നാണ് ശ്യാം പറഞ്ഞത്. ഓരോരുത്തരോടും മറുപടി പറയാൻ കഴിയില്ല എന്നു മനസിലാക്കിയാണ് ഫെയ്സ് ബുക്കിൽ  വിശദീകരണം ഇട്ടത്. ഇനിയും സംശയമുള്ളർ അറിയുക, ശ്യാം ഇവിടെ ചെന്നൈയിൽ എനിക്കൊപ്പം ഉണ്ട്. ഞങ്ങൾ വേർപിരിയുന്നതു പോയിട്ട് ഒന്നു നന്നായി വഴക്കുണ്ടാക്കിയിട്ടു പോലും കുറച്ചു നാളായി.

kaniha-old002

കനിഹ മുമ്പ് കണ്ടതിലും അൽപം തടിച്ചിട്ടുണ്ടല്ലോ?

സിനിമാ നടിമാരെ കാണുമ്പോൾ പലരും ആദ്യം ചോദിക്കുന്ന ചോദ്യമാണിത്. ആദ്യമായിട്ടു കാണുന്നവർ പോലും ചിലപ്പോൾ ഇങ്ങനെ ചോദിച്ചു കളയും. മറ്റു ചിലർ ചോദിക്കുന്നത്, ഇത്ര മെലിഞ്ഞിട്ടാണോ? പക്ഷേ, ടിവിയിൽ കാണുമ്പോൾ ഇതിലും വണ്ണം തോന്നിക്കും എന്നൊക്കെയാണ്. നടിമാരും സാധാരണ മനുഷ്യരാണ്. ഞങ്ങൾക്കും ഞങ്ങളുടേതായ പ്രശ്നങ്ങളുണ്ടാകും. എനിക്ക് അബോർഷൻ കഴിഞ്ഞിട്ട് കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ. അഞ്ചു മാസം ഗർഭിണി ആയിരിക്കേയാണ് കുഞ്ഞിനെ നഷ്ടപ്പെട്ടത്. അത് എത്രമാത്രം വേദനിപ്പിക്കും എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. മാനസികവും ശാരീരികവുമായ ഒരുപാട് വേദനകളിലൂടെയാണ് ഞാൻ കടന്നു പോയത്.

ഋഷി ജനിച്ചപ്പോഴും പ്രശ്നങ്ങളുണ്ടായിരുന്നല്ലേ?

അവൻ ഞങ്ങളുടെ അദ്ഭുത ബാലനാണ്. മരിക്കും എന്നു ഡോക്ടർമാർ വിധി എഴുതിയിട്ടും മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ പോരാളി. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു പ്രസവം. ജനിച്ചപ്പോഴെ ഹൃദയത്തിന് ത കരാറുണ്ടായിരുന്നു. കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് ഉടൻ മടക്കി വാങ്ങി, ഒരുപക്ഷേ, ഇനി അവനെ ജീവനോടെ കാണില്ലെന്ന് പറഞ്ഞ്. തളർന്നു പോയി ഞാൻ. പത്തു മാസം ചുമന്നു പ്രസവിച്ച കുഞ്ഞിന്റെ ജീവനാണ് എന്റെ കയ്യിൽ നിന്നു തട്ടിയെടുക്കുന്നത്. ഞാൻ അലറിക്കരഞ്ഞു. ഓപ്പൺ ഹാർട്ട് സർജറി നടത്താനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. പരാജയപ്പെട്ടാൽ കുട്ടിയുടെ മരണം ഉറപ്പ്. വിജയിച്ചാൽത്തന്നെ ജീവിതത്തിലേക്ക് മടങ്ങിവരാൻ ഒരുപാട് കടമ്പകൾ.

പ്രാർഥനയോടെ ഒരോ നിമിഷവും തള്ളിനീക്കി. ഷിർദി സായിബാബയെ ആണ് ഞാൻ പ്രാർഥിക്കുന്നത്. മനസുരുകി കരഞ്ഞു പ്രാർഥിച്ചു. ആദ്യമായാണ് ഒരു ജീവന് വേണ്ടി പ്രാർഥിക്കുന്നത്. അതുവരെ നല്ല ജീവിതത്തിനു വേണ്ടി മാത്രമാണു പ്രാർഥിച്ചിട്ടുള്ളത്. ഒരോ ദിവസവും എന്നെക്കൊണ്ട് പല പേപ്പറുകളിലും ഒപ്പു വയ്പ്പിക്കും. കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്നും എന്തെങ്കിലും പറ്റിയാൽ ആശുപത്രിയും ഡോക്ടർമാരും  ഉത്തരവാദികളല്ലെന്നുമുള്ള സമ്മത പത്രങ്ങളാണ് അവ. ഒടുവിൽ അമ്പതാം ദിവസമാണ് എനിക്കെന്റെ കുഞ്ഞിനെ കാണാൻ പറ്റുന്നത്, ഐസിയുവിലെ ഏകാന്തതയിൽ. സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ഉണ്ടായിരുന്നില്ല. ആ കുഞ്ഞ് ശരീരത്തിൽ. രണ്ടു മാസം ഐസിയുവിൽ മരണത്തോടു പോരാടി വിജയിച്ചു ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇപ്പോഴും ആ പാടുണ്ട് അവന്റെ ദേഹത്ത് (ഋഷിയുടെ ഉടുപ്പ് ഊരിയപ്പോൾ പൊക്കിൾ മുതൽ നെഞ്ച് വരെ നീളത്തിൽ തുന്നിച്ചേർത്തതിന്റെ പാട്. അതു കാട്ടുമ്പോൾ അമ്മ എന്താ ഈ ചെയ്യുന്നതെന്ന ഭാവത്തിൽ നിഷ്കളങ്കമായി ചിരിക്കുന്നുണ്ടായിരുന്നു അവൻ.)

ചെന്നൈയിൽ താമസമുറപ്പിക്കാൻ തീരുമാനിച്ചത്?

മോനു മൂന്നു വയസുള്ളപ്പോഴാണ് ഞങ്ങൾ ഈ തീരുമാനം എടുത്തത്. കുഞ്ഞ് നമ്മുടെ സംസ്കാരത്തിൽ വളരണമെന്ന ആഗ്രഹം കൊണ്ട് എടുത്തതാണ് ആ തീരുമാനം. ഞാനും ശ്യാമും ജോലി ഉപേക്ഷിച്ചു. ഈ വീട് വാങ്ങി താമസം ആരംഭിച്ചു. ചെന്നൈയിൽ ഞങ്ങൾക്ക് എല്ലാവരും ഉണ്ട്. രണ്ടു പേരുടെയും അച്ഛനും അമ്മയും ബന്ധുക്കളും എല്ലാം. ഋഷി എല്ലാവരോടും ഇണങ്ങി വളരട്ടെ. ഇവിടെ അടുത്ത് സ്കൂളിലാണ് ചേർത്തിരിക്കുന്നത്. അടിത്തറ കിട്ടിയ ശേഷം അമേരിക്കയിലേക്ക് മടങ്ങിപ്പോയാലും കുഴപ്പമില്ല. പിന്നീട് അവൻ നമ്മുടെ സംസ്കാരം മറക്കില്ല. ഞങ്ങൾക്ക് ഗ്രീൻ കാർഡുണ്ട്. മലയാളത്തിൽ അഭിനയിക്കുന്ന ഹോളിവുഡ് നടിയാണ് ഞാൻ എന്ന് ശ്യാം കളിയാക്കും. ‘സ്പിരിറ്റ്’ ഒക്കെ അഭിനയിച്ചത് അമേരിക്കയിൽ നിന്ന് എത്തിയാണ്.

kaniha-old003

വിവാഹവാർഷികത്തിന് എപ്പോഴും ശ്യാമിന് സർപ്രൈസ് നൽകാറുണ്ടോ?

ഞാൻ മിക്കപ്പോഴും എന്തെങ്കിലും ഒപ്പിക്കും. ഒരിക്കൽ ഞാൻ കഴുത്തിന് പിന്നിൽ ഒരു ടാറ്റു വരച്ചു. ‘യു ആൻഡ് മി’ എന്ന് എഴുതി ഒരു ലവ് സൈൻ. വൈകിട്ട് കാറിൽ ഞങ്ങൾ ഒരുമിച്ചു പോവുകയാണ്. ഞാനാണ് ഡ്രൈവ് ചെയ്യുന്നത്. ഞാൻ പറഞ്ഞു, ശ്യാം എനിക്ക് ഭയങ്കരമായി വിയർക്കുന്നു, മുടി കഴുത്തിൽ നിന്ന് എടുത്ത് മുന്നോട്ട് ഇട്ടു തരുമോ എന്ന്. മുടി മാറ്റിയപ്പോഴാണ് ശ്യാം ആ ടാറ്റു കാണുന്നത്.

അത്തരം ചെറിയ ചെറിയ സർപ്രൈസുകളാണ് ഞങ്ങളുടെ പ്രണയത്തന്റെ അടയാളം. എനിക്കെന്തെങ്കിലും സമ്മാനം വാങ്ങാൻ ശ്യാമിന് ഭയമാണ്. ചിലപ്പോൾ എനിക്കത് ഇഷ്ടപ്പെടില്ല എന്നതാണ് കാരണം. അതിന് ഞാൻ തന്നെ പോംവഴിയും നിർദേശിച്ചു. കൺഫ്യൂഷൻ തോന്നിയാൽ ആ സാധനം വാങ്ങരുത്, പകരം ഒരു സ്വർണനാണയം  വാങ്ങിത്തന്നാൽ മതിയെന്ന് പറഞ്ഞു. ദോഷം പറയരുതല്ലോ, അതിനുശേഷമുള്ള എല്ലാ വിവാഹ വാർഷികങ്ങളിലും എനിക്ക് സ്ഥിരമായി കിട്ടുന്നതു സ്വർണനാണയമാണ്. പഴശ്ശിരാ‍ജയുടെ ഷൂട്ടിങിന് ഇടയ്ക്കായിരുന്നു വിവാഹം. വിവരം പറഞ്ഞപ്പോൾ ഹരിഹരൻ സാർ ഞെട്ടി. ഷൂട്ടിങ് പൂർത്തിയായ ശേഷമേ ഗർഭം ധരിക്കാവൂ എന്ന് അദ്ദേഹം നിബന്ധന വച്ചിരുന്നു. ഞങ്ങൾ വാക്ക് പാലിച്ചു. എന്റെ രണ്ടു ബർത്ത്ഡേയും വിവാഹവും ഞാൻ ആഘോഷിച്ചത് പഴശ്ശിരാജയുടെ സെറ്റിൽ വച്ചാണ്. കാരണം രണ്ടുവർഷം കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്.

വിവാഹത്തിനു ശേഷവും അഭിനയം തുടരുന്ന നടികൾ വളരെ കുറവാണ്?

ഇതൊരു പുരുഷ മേധാവിത്വമുള്ള ഇൻഡസ്ട്രിയാണ്. അതുകൊണ്ട് ഭർത്താവിന്റെയും  കുടുംബത്തിന്റെയും പിന്തുണ അനിവാര്യമാണ്. ശ്യാം എനിക്ക് സ്വാതന്ത്ര്യം നൽകുന്നുണ്ട്. ഞാൻ പരിധി ലംഘിക്കാറുമില്ല. പടം കമ്മിറ്റ് ചെയ്യും മുമ്പ് ശ്യാമിനോട് ചർച്ച ചെയ്യും. എന്നാലും അന്തിമ തീരുമാനം എന്റേതാണ്. രണ്ടു വർഷത്തോളം സീരിയലിൽ നായകനായിരുന്ന ആളല്ലേ. ഈ ഫീൽഡിനെക്കുറിച്ച് നല്ല അറിവുണ്ട്. മോൻ ഉണ്ടായതിനു ശേഷം ഞാൻ അവന്റെ കൂടി സൗകര്യം നോക്കിയാണ് അഭിനയിച്ചിരുന്നത്. സെറ്റിൽ അവനേയും കൊണ്ടാണ് പോയിരുന്നത്. സ്കൂളിൽ പോകാൻ തുടങ്ങിയതോടെ ശ്യാമും എന്റെ അമ്മയും അവനെ നോക്കും. അവനും കാര്യങ്ങൾ മനസിലാക്കുന്ന ആളാണ്. പിന്നെ, ഞാൻ ഓടി നടന്ന് അഭിനയിക്കുന്ന ആളല്ല. ഒരു സിനിമയിൽ അഭിനയിച്ച് അത് റിലീസ് ആയതിനു ശേഷം  മാത്രമാണ് അടുത്ത പ്രോജക്ട് കമ്മിറ്റ് ചെയ്യുക. ഡോൺമാക്സ് സംവിധാനം ചെയ്ത ‘പത്തുകൽപന’കളാണ് ഇനി  റിലീസ് ചെയ്യാനുള്ള ചിത്രം.

ഞങ്ങൾക്ക് ഇവിടെ ഒരു ബിസിനസ് കൂടിയുണ്ട്. മെഡോൾ ഫാർമസ്യൂട്ടിക്കൽസ്. എംബിബിഎസിന് പോകാൻ ആഗ്രഹിച്ച് എൻജിനീയറായ ഒരാളാണ് ഞാൻ. മെ‍ഡിക്കൽ ഫീൽഡിനോടുള്ള താൽപര്യമാണ് ഫാർമസ്യൂട്ടിക്കൽ ബിസിനസിൽ എത്തിച്ചത്. ചില മീറ്റിങ്ങുകൾക്ക് പോകുമ്പോൾ സെലിബ്രിറ്റി സ്റ്റാറ്റസ് എനിക്ക് തുണയാകാറുണ്ട്. അമേരിക്കയിൽ ആയിരുന്നപ്പോഴും ജോലി ചെയ്തിരുന്നു. ട്രെയിനിലും പബ്ലിക് ട്രാൻസ്പോർട്ടിലും യാത്ര ചെയ്താണ് ഓഫിസിൽ പോയിരുന്നത്. വീട്ടിൽ ജോലിക്കാരെ നിർത്തിയിരുന്നില്ല. അതുകൊണ്ടു സെലിബ്രിറ്റിയല്ലാത്ത ജീവിതവും എനിക്ക് നന്നായറിയാം.

നന്നായി പാചകം ചെയ്യുമോ?

ഞാൻ തമിഴ് ബ്രാഹ്മണ കുടുംബത്തിൽ പെട്ടയാളാണ്. വിവാഹത്തിനു മുൻപ് വെജിറ്റേറിയൻ ആയിരുന്നു. ഇപ്പോൾ എന്തും കഴിക്കും. ശ്യാമിനു നോൺവെജ് ഇല്ലാതെ പറ്റില്ല. രണ്ടും കൂടി പാചകം ചെയ്യാൻ പറ്റാത്തതിനാൽ ഞാൻ എന്റെ ശീലം മാറ്റി. കുക്കിങ് വലിയ ഇഷ്ടമാണ്. അതുകൊണ്ടു വീട്ടിൽ ഞാൻ ത ന്നെയാണ് പാചകം. വച്ചുണ്ടാക്കി ഭർത്താവിനും മകനും വിളമ്പുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്.

കനിഹ വളരെ പക്വതയോടെയാണ് എല്ലാവരോടും ഇടപെടുന്നത്. എന്നിട്ടും വിവാദങ്ങൾ?

പലതും അനാവശ്യമാണ്. ചിലരുടെ കണ്ണിൽ മാത്രം കുഴപ്പം തോന്നുന്നത്.  ഒരിക്കൽ ഷോർട്സ് ധരിച്ച് ബീച്ചിൽ നിൽക്കുന്ന ചിത്രം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തതാണ് കുഴപ്പമായത്. സ്കൂൾ കാലഘട്ടം മുതലുള്ള കൂട്ടുകാരികൾക്കൊപ്പം തായ്‌ലൻഡിൽ ഒത്തുകൂടിയതാണ് ഞങ്ങൾ. ബീച്ചിൽ നിൽക്കുമ്പോഴാണ് ഞാൻ ഷോർട്സ് ധരിച്ചത്. അല്ലാതെ മുതിർന്നവർക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കുമ്പോൾ ആയിരുന്നില്ല. ഒരുപാട് പേർ സൗഹൃദം തുടരുന്നതിൽ അഭിനന്ദിച്ചു കമന്റുകളിട്ടു. അതിനിടയിലാണ് ഒരാൾ വിമർശനവുമായി രംഗത്തുവന്നത്. കുറച്ചുപേർ അയാൾക്കൊപ്പം നിൽക്കുകയും ചെയ്തു. ഒാരോ അവസരത്തിനും ചേരുന്ന വസ്ത്രങ്ങളുണ്ട്. അല്ലാതെ ബീച്ചിൽ സാരി ഉടുത്തു പോകാൻ പറ്റുമോ? സാരി ഉടുത്തിട്ട് മോശം രീതിയിൽ നടക്കുന്നവരില്ലേ? ചിലർ സ്വയം മിടുക്കരാകാനാണ് മോശം കമന്റുകൾ ഇടുന്നത്. അവരോട് ബോൾ‍ഡായി പ്രതികരിക്കാതിരിക്കാൻ എനിക്കു കഴിയില്ല.

kaniha-old1

സാമൂഹിക പ്രവർത്തനത്തിലും സജീവമാണ്?

ചെന്നൈയിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ സഹായിക്കാൻ ഇറങ്ങിയത് സാമൂഹിക പ്രവർത്തനം ആയി കണക്കാക്കേണ്ട. ഈ വീടിന്റെ താഴത്തെ നില മുഴുവൻ വെള്ളത്തിലായിരുന്നു. വൈദ്യുതിയും വെള്ളവും ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഞങ്ങൾ ഒരു റിസോർട്ടിലേക്ക് താമസം മാറി. ദിവസം ഏഴായിരം രൂപയായിരുന്നു വാടക.
ഞങ്ങൾ അവിടെ കഴിയുമ്പോൾ നഗരത്തിൽ പലരും വെള്ളവും മരുന്നും ഇല്ലാതെ കഷ്ടപ്പെടുകയാണെന്ന് ഓർത്തപ്പോഴാണ് ഞങ്ങളെക്കൊണ്ട് എന്തു ചെയ്യാൻ‌ സാധിക്കും എന്നു ചിന്തിച്ചത്. ഫെയ്സ് ബുക്കിൽ എനിക്ക് ഏഴു ലക്ഷത്തോളം ഫോളോവേഴ്സാണ് ഉണ്ടായിരുന്നത്. അവർ ഒരു രൂപ വീതം നൽകിയാൽ പോലും വലിയൊരു തുക ലഭിക്കും എന്നു കണക്കു കൂട്ടി. മുന്നു ലക്ഷത്തോളം രൂപ ഇങ്ങനെ സംഘടിപ്പിച്ചു. അതു കൂടി ചേർത്താണു മരുന്നും വെള്ളവും പോലുള്ള സഹായങ്ങൾ എത്തിച്ചത്.

ഫാഷൻ ഷോയിൽ പങ്കെടുത്തത് വാർത്തയായിരുന്നു?

ചെന്നൈ ഫാഷൻ ഷോയിൽ എല്ലാ വർഷവും പങ്കെടുക്കും. കഴിഞ്ഞ തവണ വയർ പ്രദർശിപ്പിക്കുന്ന വസ്ത്രം ധരിച്ചതാണ് വാർത്ത ആയത്. ഗർഭധാരണത്തോടും പ്രസവത്തോടും അനുബന്ധിച്ച് സ്ത്രീകളുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടാകും. ചില പാടുകൾ മായാതെ കിടക്കും. പ്ലാസ്റ്റിക് സർജറി കൊണ്ട് ചിലർ അതു മറയ്ക്കും.

എന്നാൽ എനിക്ക് അതിനോടു താൽപര്യമില്ല. ഗർഭധാരണവും പ്രസവവും എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ്. അ തിൽ നാണം തോന്നേണ്ട ആവശ്യമില്ല. അതുവഴിയുള്ള പാടുകളും മറയ്ക്കേണ്ട കാര്യമില്ല. ചിലർ അതിനെതിരേയും രംഗത്തു വന്നു. എല്ലാ വിവാദങ്ങളോടും നമ്മൾ പ്രതികരിക്കേണ്ട കാര്യമില്ല. എന്നാൽ നൊമ്പരപ്പെടുത്തുന്ന ചിലതിനോട് എങ്ങനെ പ്രതികരിക്കാതിരിക്കും?

ഇത് വനിതയുടെ പേരന്റിങ് സ്പെഷലാണ്. കനിഹ എന്ന അമ്മയുടെ പേരന്റിങ് രഹസ്യങ്ങൾ...?

മോന് ഇഷ്ടമുള്ള ഭക്ഷണം വച്ചു നൽകുന്ന, കളിപ്പാട്ടങ്ങൾ വാങ്ങി നൽകി അവനെ അദ്ഭുതപ്പെടുത്തുന്ന, മകനോട് അമിതമായ വാത്സല്യമുള്ള അമ്മയാണ് ഞാനും. അവനോടുള്ള സ്നേഹത്തിന്റെ അടയാളമാണ് കയ്യിൽ പതിച്ചിരിക്കുന്ന ഈ ടാറ്റു. തീവ്രമായ സ്നേഹം ആണെങ്കിലും അച്ചടക്കത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞാൻ തയാറല്ല. ഋഷി പരിധി ലംഘിക്കുന്നുവെന്ന് മനസിലായാൽ വഴക്കു പറയാൻ മടിക്കില്ല.

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അറിയാവുന്ന ഒരമ്മയാണ് ഞാൻ. എങ്കിലും നിർബന്ധിച്ചു വഴക്കു പറഞ്ഞു മോനെ പഠിപ്പിക്കാൻ ഞാൻ തയാറല്ല. പകരം അവനെ പ്രചോദിപ്പിക്കാനാകും ശ്രമിക്കുക. മക്കളെ സമ്മർദത്തിലാഴ്ത്തുന്ന ഒരുപാട് മാതാപിതാക്കളെ കണ്ടിട്ടുണ്ട്. അത് കുട്ടികളുടെ ബാല്യം നശിപ്പിക്കും. മക്കളെക്കുറിച്ച് അമിതമായ ഉത്കണ്ഠ നല്ലതല്ല. അത് അവരെ സമ്മർദത്തിന് കീഴ്പ്പെടാനേ ഉപകരിക്കൂ.

ഇപ്പോഴുള്ള കുട്ടികൾ ഭൂരിഭാഗവും കംപ്യൂട്ടർ ഗെയിമുകളിൽ അഡിക്ട് ആണ്. എന്റെ ഋഷിയും വ്യത്യസ്തനല്ല. ഐപാഡോ ഫോണോ കണ്ടാൽ ഉടൻ തന്നെ ഗെയിം കളിക്കാനാകും ശ്രമം.
അതുകൊണ്ട് ഇക്കാര്യത്തിൽ ഞാൻ ഇപ്പോൾ നിയന്ത്രണം കൊണ്ടുവന്നു. പുറത്ത് മറ്റു കുട്ടികൾക്കൊപ്പം കളിക്കാ ൻ പറഞ്ഞു വിടും. വായിക്കാൻ പുസ്തകങ്ങൾ വാങ്ങി നൽകും. മറ്റൊന്ന് ഉറക്കാൻ കിടത്തുന്ന സമയാണ്. രാത്രി എട്ടരയ്ക്ക് അവനെ ഞാൻ കട്ടിലിൽ കിടത്തും. അൽപസമയം കഥ പറഞ്ഞു കൊടുക്കും. പിന്നെ, നെറ്റിയിൽ ഒരു മുത്തം നൽകും. ഉറങ്ങാൻ പോകുമ്പോഴും ഉണരുമ്പോഴും അതവന് നിർബന്ധമാണ്. എനിക്കും.

kaniha-old005