Monday 30 September 2019 02:46 PM IST

‘സിനിമയിൽ അമ്മയുടെ രീതി പിന്തുടരാനാണ് ഞാൻ തീരുമാനിച്ചത്’; ഗ്ലാമർ വേഷങ്ങൾ ഒഴിവാക്കുന്നതിന്റെ കാരണം പറഞ്ഞ് കീർത്തി!

Vijeesh Gopinath

Senior Sub Editor

keerthi-suresh886689

അഞ്ചു വര്‍ഷം മുമ്പാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെ ലൊക്കേഷനിൽ നിന്ന് ‘വനിത’യുടെ കവർഷൂട്ടിനായി കീർത്തി വന്നു. ‘എനിക്ക് അമ്മയെ പോലെ മികച്ചൊരു നടിയാകണമെന്നു’ മോഹിച്ച തനി അമ്മക്കുട്ടി. ആദ്യ സിനിമയു‍ടെ ആകാംക്ഷ ഓരോ വാക്കിലും നക്ഷത്രം പോലെ മിന്നി. ഒടുവിൽ, ഇനിയും വൈകിയാൽ ‘പ്രിയനങ്കിൾ വഴക്കു പറയും’ എന്നു പറഞ്ഞ് ലൊക്കേഷനിലേക്കുള്ള വണ്ടിയില്‍ ഒാടിക്കയറി.

‘സുരേഷ് കുമാറിന്റെയും മേനകയുടെയും മകൾക്ക് മലയാളസിനിമ കൈനിറയെ കിട്ടില്ലേ...’ എന്നു പറഞ്ഞവരെ ഞെട്ടിച്ചു കൊണ്ട് രണ്ടേ രണ്ടു മലയാള സിനിമകൾക്കു ശേഷം  കീർത്തി തെലുങ്കിലേക്കും തമിഴിലേക്കും പോയി.  മലയാളത്തിന്റെ നായിക അങ്ങനെ തെന്നിന്ത്യയുടെ നായികയായി. അന്ന് കുഞ്ഞു സ്വപ്നങ്ങൾ മാത്രം കണ്ട കീര്‍ത്തി ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും േനടി.

ഇന്ന് ചെന്നൈയിലെ ആഡംബര ഹോട്ടലിന്റെ മുറ്റത്തേക്കു വന്നു നിന്നത് ഒന്നരക്കോടിയുെട വോൾവോ എക്സ് 90.  കാറ്റിന്റെ കൈകളില്‍ കിടന്ന് പാറി പറക്കുന്ന മുടിയൊതുക്കി കീർത്തി സുരേഷ്  ഇറങ്ങി വന്നു.  ‘‘സിനിമയിലെത്താൻ കാരണം അമ്മയാണ്. നന്നായി അഭിനയിച്ച, അംഗീകാരങ്ങൾ കിട്ടുമെന്ന് എല്ലാവരും കരുതിയ  ഒരു സിനിമയക്ക്, അമ്മയ്ക്ക് ദേശീയപുരസ്കാരം ലഭിക്കാതിരുന്ന കഥ കേട്ടിട്ടുണ്ട്. അമ്മയ്ക്ക് കിട്ടാതെ പോയത് ആ കയ്യിലേക്ക് കൊടുക്കണമെന്ന് ഞാൻ മോഹിച്ചിരുന്നു. അതു സഫലമാവുകയാണ് ഇപ്പോള്‍...’’ കീർത്തി അപ്പോഴും പറയുന്നത് അമ്മയെക്കുറിച്ചു തന്നെ.

ബോളിവുഡിലും നായികയാകാന്‍ ഒരുങ്ങുകയാണ് മലയാളത്തിന്റെ കീർത്തി. അജയ്േദവ്ഗണ്‍ നായകനാകുന്ന ‘െെമദാന്‍’ എന്ന ചിത്രത്തിലൂെടയാണ് ഹിന്ദിയിലേക്കുള്ള അരങ്ങേറ്റം. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസമായിരുന്ന സയ്ദ് അബ്ദുള്‍ റഹിമിന്‍റെ ബയോപിക് ആണ് െെമദാന്‍. സയ്ദ് അബ്ദുള്‍ റഹിമായി അജയ്യും ഭാര്യയായി കീര്‍ത്തിയും എത്തുന്നു.

സിനിമ തിരഞ്ഞെടുക്കുന്നതിൽ ബുദ്ധിമതിയാണല്ലേ?

കുറച്ചൊക്കെ ഞാൻ സമ്മതിക്കും. എനിക്കു മുന്നിൽ വന്ന പ്രൊജക്ടുകളിൽ ‘യെസ്’ എന്നതിനേക്കാളും കൂടുതൽ ‘നോ’ പറയേണ്ടി വന്നിട്ടുണ്ട്. തുടക്കക്കാരി ‘നോ’ പറയുമ്പോൾ പല  സംവിധായകർക്കും പരിഭവം തോന്നി. എന്തുകൊണ്ടാണങ്ങനെ പറയുന്നതെന്ന് ഒപ്പം നിൽക്കുന്നവർക്ക് വലിയ സംശയങ്ങളും ഉണ്ടായി. എന്റെ തീരുമാനങ്ങൾ ശരിയായിരുന്നെന്ന് ഇപ്പോൾ മനസ്സിലാകുന്നു.

ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാൽ അതെന്റെ കരിയറിൽ കാര്യമായ വ്യത്യാസം വരുത്തില്ലെന്നു തോന്നുമ്പോഴാണ് ആ സിനിമ വേണ്ടെന്നു വയ്ക്കാറുള്ളത്. അത്ര എളുപ്പമായിരുന്നില്ല ഈ ‘നോ’ പറയൽ.

തമിഴിലെ ആദ്യ സിനിമ എ.എൽ വിജയ് സംവിധാനം ചെയ്ത ‘ഇത് എന്ന മായം’ ആയിരുന്നു. അത് അത്ര വിജയമായിരുന്നില്ല. ശിവ കാർത്തികേയൻ നായകനായ ‘രജനി മുരുകൻ’ പുറത്തിറങ്ങിയതോടെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങി. പല കാ രണങ്ങൾ കൊണ്ട്  ആ സിനിമ റിലീസാകാൻ വൈകി. അതോടെ ഞാനൊരു ഭാഗ്യമില്ലാത്ത നായികയാണെന്ന് പലരും പറഞ്ഞു. ‘നിങ്ങളെ കാസ്റ്റ് ചെയ്യേണ്ട എന്നു പലരും തീരുമാനിച്ചിട്ടുണ്ട്. ഇപ്പോഴെ സെലക്ടീവ് ആകരുത്’ എന്നു ചിലർ ഉപദേശിച്ചു. പക്ഷേ, തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു.

തുടക്കത്തിലേ സിനിമകൾ വേണ്ട എന്നു വയ്ക്കുന്നത് അവസരങ്ങള്‍ നഷ്ടപ്പെടുത്തുമോ എന്ന് അമ്മ പോലും ചോദിച്ചു. 15 സിനിമയോളം വേണ്ടെന്നു വച്ചിട്ടുണ്ട്. അതിൽ ഒരെണ്ണമൊഴിച്ച് ബാക്കിയൊന്നും ചലനമുണ്ടാക്കിയില്ല .    

‘മഹാനടി’ വലിയൊരു ഭാഗ്യമായി തോന്നുന്നില്ലേ?

അങ്ങനൊരു മഹാനടിയുടെ ജീവിതം ചെറിയ പ്രായത്തി ൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതു ഭാഗ്യം തന്നെയാണ്. ‘മഹാനടി’യെന്ന പേരിൽ തെലുങ്കിലും ‘നടിൈകയർ തിലക’മായി തമിഴിലും ആ സിനിമ വന്നു. ‘സാവിത്രിയമ്മയെ’ അവതിരിപ്പിച്ച നടി എന്ന ബഹുമാനമാണ് ആ സിനിമ പുറത്തിറങ്ങി കഴിഞ്ഞ് എല്ലാവരും തരുന്നത്.  

എന്നാൽ കഥ കേട്ടു കഴിഞ്ഞപ്പോള്‍ അഭിനയിക്കും എന്നു സമ്മതിക്കാൻ പേടി തോന്നിയിരുന്നു. പ്രശസ്ത തമിഴ്നടന്‍ ജമിനി ഗണേശന്റെ കാമുകിയും ജീവിത സഖിയുമായിരുന്നു സാവിത്രി. തെന്നിന്ത്യൻ സിനിമയിലെ ആ ഇതിഹാസ നായികയുടെ ജീവിതമാണ് അഭിനയിക്കേണ്ടത്.  

ഇത്രയും വലിയ കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റുമെന്നു തോന്നുന്നില്ലെന്ന് സംവിധായകനോടു തീർത്തു പറഞ്ഞു. അപ്പോൾ അദ്ദേഹം ഒരു പെൻഡ്രൈവ് തന്നു. അതിൽ സാവിത്രിയമ്മയുടെ ശബ്ദവും ചിത്രങ്ങളും അഭിനയിച്ച സി  നിമകളുമുണ്ടായിരുന്നു.  ഒാഡിയോക്ലിപ് കേട്ടു. പിന്നെ, ‘മായാബസാർ’ എന്ന സിനിമ കണ്ടു. കുറെ കാര്യങ്ങൾ അന്വേഷിച്ചു കണ്ടുപിടിച്ചു, ഒരുപാട് തമാശക്കാരിയായ, ക്രിക്കറ്റിൽ താൽപര്യമുള്ള, കാർ ക്രേസുള്ള, ഒരുപാടു ദാനം ചെയ്യുന്ന ഒരു നടി. അവസാന കാലത്ത് മറ്റൊരു ജീവിതം, അറിയുംതോറും സാവിത്രിയമ്മയായി മാറാനാകുമോ എന്ന ആശങ്ക കൂടി വന്നു.

ഞാന്‍ ഷിർദ്ദിബാബ ഭക്തയാണ്. തീരുമാനമെടുക്കാനാകാത്ത അവസ്ഥ വരുമ്പോൾ  ബാബയുടെ ചിത്രത്തിനു മുന്നി ൽ രണ്ടു കുറിപ്പെഴുതിയിടും. അതിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കും. അന്നും അതു തന്നെ ചെയ്തു. എല്ലാം ബാബ തീരുമാനിക്കട്ടെ എന്നുറപ്പിച്ചു. മഹാനടിയില്‍ അഭിനയിക്കണമോ എന്ന ചോദ്യത്തിന് ബാബ തന്ന ഉത്തരം ‘യെസ്’ ആയിരുന്നു.  

_08Q1609

ഏറെ അനുഭവങ്ങൾ തന്ന സിനിമയായിരുന്നില്ലേ അത്?

സെറ്റിൽ എപ്പോഴും സാവിത്രിയമ്മയുടെ മകൾ‌ വിജയചാമുണ്ഡേശ്വരി ഉണ്ടായിരുന്നു. ഒരിക്കൽ ഞാൻ നടന്നു വരുന്നത് കണ്ട് അവർ പറഞ്ഞു, ‘‘കീർത്തീ, നീ നടക്കുന്നത് അമ്മയെപോലെ തന്നെ.’’ സത്യത്തിൽ ഞാനതൊന്നും ഒാർത്തു ചെയ്തതല്ല. ആലോചിച്ചപ്പോൾ ഞങ്ങൾക്ക് പല സാമ്യങ്ങളുമുണ്ടായിരുന്നു. നീന്തലിലും  ക്രിക്കറ്റിലും  ഡ്രൈവിങിലുമൊക്കെ സാവിത്രിയമ്മയുടെ ക്രേസുകൾ എനിക്കും ഉണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ ക്രിക്കറ്റ് ടീം അംഗമായിരുന്നു. ഒരുപാടു ദൂരം ഡ്രൈവ് ചെയ്യാൻ ഇഷ്ടമാണ്...

110 ദിവസമായിരുന്ന ഷൂട്ട്.  സിനിമയിൽ എനിക്ക് പല പ്രായത്തിൽ അഭിനയിക്കേണ്ടി വന്നു. വാർധക്യം അവതരിപ്പിച്ചപ്പോൾ ശരിക്കും കഷ്ടപ്പെട്ടു. വായ് തുറന്നാൽ മുഖത്ത് ചുളിവുകൾ വീഴുമെന്നതു കൊണ്ട് രാവിലെ മേക്കപ് ഇട്ടാൽ ഭക്ഷണം കഴിക്കാന‍്‍ പറ്റില്ല. ജ്യൂസ് മാത്രം കുടിക്കും.

സാവിത്രിയമ്മയുെട ജീവിതത്തിലെ അവിസ്മരണീയമാ യ ഒരു സംഭവം ഉണ്ട്. പുതുമുഖ നടിയായ സാവിത്രിയോട് ഇമോഷനൽ സീനില്‍ അഭിനയിക്കാൻ ഒരുങ്ങുമ്പോള്‍ സംവിധായകന്‍ പറയുന്നു, ‘കണ്ണീർ വരണം’

സാവിത്രിയുടെ മറുചോദ്യം ‘ഇടതു കണ്ണിൽ നിന്ന് രണ്ടു തുള്ളി, അത് ഒാകെയാണോ സാർ.’

ആക്‌ഷൻ പറഞ്ഞപ്പോൾ കൃത്യം രണ്ടേ രണ്ടു തുള്ളി ക ണ്ണീർ ആ കവിളിൽ തട്ടി നിന്നു. അതായിരുന്നു സാവിത്രിയമ്മ.

ആ രംഗം ചെയ്യുമ്പോൾ എനിക്കും തോന്നി,  ഗ്ലിസറിൻ ഉപയോഗിക്കുന്നത് ആ വേഷത്തോടുള്ള വഞ്ചനയായിരിക്കും എ ന്ന്. ഞാനത് സംവിധായകനോടു പറഞ്ഞു. ആക്‌ഷൻ പറഞ്ഞപ്പോൾ കണ്ണീർ  കവിളിലേക്ക് വീണു.  മറക്കാനാകില്ല ആ രംഗം.

മഹാനടിയിൽ എന്റെ കഥാപാത്രത്തിനു മാത്രം 120 സാരി കളാണ് ഉപയോഗിച്ചത്. പ്രൊഡ്യൂസർമാർ രണ്ടുപേരും സ്ത്രീകളായിരുന്നു. അവരിൽ ഒരാളാണ് കോസ്റ്റ്യൂമിന്റെ കാര്യം നോക്കിയത്. അതു കൊണ്ടാകാം കോസ്റ്റ്യൂമിനും ആ ഭരണങ്ങൾക്കും ഒരു നിയന്ത്രണവും വച്ചിരുന്നില്ല.  

അമ്മ തമിഴിൽ സാവിത്രി എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ഞാൻ തെലുങ്കിൽ മഹാനടിയിൽ സാവിത്രിയമ്മ എന്ന വലിയ അഭിനേത്രിയുടെ ജീവിതം അവതരിപ്പിച്ചു. അങ്ങനെയൊരു സാമ്യം കൂടിയുണ്ട്.

വീട്ടിലെ ‘താമര’ മെട്രോക്കുട്ടി ആയപ്പോൾ വന്ന മാറ്റങ്ങൾ എന്തൊക്കെയാണ് ?

കുറച്ചു കൂടി ബോൾഡായി എന്നല്ലാതെ ചെന്നൈ നഗരം എന്നിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടില്ല. ഇവിടെ എത്തിയതോടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്കു തന്നെ ചെയ്തു തുടങ്ങി. അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടിക്കാനൊന്നും നിന്നില്ല. കഥ കേൾക്കുന്നതും തിരഞ്ഞെടുക്കുന്നതും ഒറ്റയ്ക്കാണ്.

ആദ്യകാലങ്ങളിൽ ഇങ്ങനെ തീരുമാനമെടുക്കൽ വലിയ ടെൻഷൻ ഉണ്ടാക്കിയിരുന്നു. ഒന്നും അറിയില്ല. എടുത്ത ചില തീരുമാനങ്ങൾ തെറ്റിപ്പോയിരുന്നു. ഇപ്പോൾ ശരിയും തെറ്റും തിരിച്ചറിയാം. നമുക്കു മുന്നിലിരിക്കുന്നവരുടെ സ്വഭാവവും ല ക്ഷ്യവും തിരിച്ചറിയാൻ  തുടങ്ങി. മൂന്നു നാലു വർഷം കൊണ്ടാണ് എല്ലാം ശരിയായത്. സ്വന്തമായി തീരുമാനമെടുക്കാൻ പറ്റണം, ഒറ്റയ്ക്ക് ജീവിക്കണം ഇതൊക്കെ പണ്ടേയുള്ള ആഗ്രഹമാണ്. ഇപ്പോഴാണത് നേടിയത്. ഒറ്റയ്ക്കു താമസിക്കുന്നതോടെ കൂടുതൽ ഉത്തരവാദിത്വം ഉള്ള ആളാകും. ഒരു കുടുംബത്തിന്റെ ‘നാഥി.’ ഞാനിവിടെ ഒറ്റയ്ക്കാണല്ലോ എന്ന ടെൻഷനൊന്നും അച്ഛനും അമ്മയ്ക്കും ഇല്ല.

keerthi9876ghu

സിനിമയിൽ വന്നു കഴിഞ്ഞ് നേടിയ ലക്ഷ്വറികൾ എന്തൊക്കെയാണ്?

ലക്ഷ്വറി ഇല്ലാതെയാണ് അച്ഛൻ ഞങ്ങളെ വളർത്തിയത്. സാധാരണ കുട്ടികളെ പോെല മതി എന്നാണു പറ‍ഞ്ഞിരുന്നത്. അച്ഛനും അമ്മയും ജീവിച്ചതും അതുപോലെ തന്നെയായിരുന്നു. അതു കൊണ്ടാകും എനിക്കും പണം അനാവശ്യമായി  ചെലവാക്കാൻ  മടിയാണ്.

സർപ്രൈസ് കൊടുക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. ആദ്യം വാങ്ങിയത് കാറാണ്. ആഡംബരത്തേക്കാൾ സേഫ്റ്റി നോക്കിയാണ് വോൾവോ എടുത്തത്. കാർ വാങ്ങിയ വിവരം അച്ഛനോടും അമ്മയോടും പറഞ്ഞില്ല. ഒരു ദിവസം ഫോൺ ചെയ്ത് രണ്ടു പേരോടും വേഗം ചെന്നൈയ്ക്ക് വരാൻ പറഞ്ഞു. കാര്യം എന്താണെന്നു പറഞ്ഞില്ല. പിറ്റേ ദിവസം രാവിലെ രണ്ടുപേരെയും കാറിനു മുന്നിൽ നിർത്തി.

ഫ്ളാറ്റ് വാങ്ങിയതും അങ്ങനെയായിരുന്നു. ആദ്യം ഞാൻ വടപളനിയിലെ ഒരു വീട്ടിലാണു താമസിച്ചിരുന്നത്. നഗരത്തിൽ നിന്നൊക്കെ ഒഴിഞ്ഞ്, കർട്ടൻ നീക്കിയാല്‍ കടൽ കാണാവുന്ന സ്ഥലത്ത് ഒരു ഫ്ളാറ്റ് സ്വന്തമാക്കണം  എന്ന് ആഗ്രഹം തോന്നി. അങ്ങനെയാണ് സുന്ദരമായ കടൽത്തീരം കാണാവുന്ന നീലാങ്കരൈയിലെ ഫ്ലാറ്റിലേക്കു മാറിയത്. വാങ്ങിയതും  ഇ ന്റീരിയർ  ചെയ്യിക്കുന്നതും ഒന്നും വീട്ടിൽ അറിയിച്ചില്ല. മാസങ്ങൾ വേണ്ടി വന്നു എല്ലാം ശരിയാക്കിയെടുക്കാൻ. ഒരു വശത്ത് സിനിമയുടെ തിരക്ക്. ഒപ്പം ഫ്ലാറ്റിന്റെ പണികൾ.  

എല്ലാം കഴിഞ്ഞ് ഞാൻ വീട്ടിലേക്കു വിളിച്ചു പറഞ്ഞു,  ‘അച്ഛാ ഒന്നു കൂടി ചെന്നൈയ്ക്ക് വാ, മറ്റൊരു സർപ്രൈസുണ്ട്...’  തീരുമാനമെടുക്കുന്നതിനു മുൻപ്  ഇതെല്ലാം ഒറ്റയ്ക്കെങ്ങനെ ചെയ്യും എന്നോർത്തു കൊണ്ടിരിക്കും. വാങ്ങിച്ചു കഴിഞ്ഞാൽ  അതിന്റെ പൊസിറ്റിവ് വശം മാത്രമേ കാണൂ. ഞാൻ ചെയ്യുന്നത് നല്ല കാര്യമാണ് എന്നവർക്ക് ഉറപ്പുണ്ട്.  

അച്ഛൻ നിർമാതാവും നടനും. അമ്മൂമ്മയും അമ്മയും നടിമാർ. ചേച്ചി സംവിധായികയാകാന‍്‍ ഒരുങ്ങുന്നു. കേരളത്തിലെ കൊച്ചു കപൂർ കുടുംബം ആണല്ലോ?

അച്ഛന്‍ നടനായപ്പോൾ എനിക്ക് ഒരിത്തിരി സന്തോഷം കൂടുതലാണ്. ‘രാമലീല’ ചെന്നൈയിൽ വച്ചാണ് കണ്ടത്. അച്ഛന്റെ സീൻ വന്നപ്പോൾ ഞാനും കൂട്ടുകാരും എണീറ്റു നിന്നു കയ്യടിച്ചു.  

നടനായതോടെ ചില മാറ്റങ്ങളും വന്നിട്ടുണ്ട്. ഒരു ദിവസം വീട്ടിൽ ടെൻഷനടിച്ച്  നടക്കുന്നു. ഇടയ്ക്ക് ഫോൺ വരുമ്പോള്‍ ഏയ് ഡേറ്റില്ല എന്നൊക്കെ പറയുന്നുണ്ട്. ഇതു കേട്ട് എനിക്കും അമ്മയ്ക്കും ചിരി വന്നു. പണ്ട് നിർമാതാവിന്റെ ഭാഗത്തു നിന്ന് ഞങ്ങളെ കളിയാക്കാറുണ്ടായിരുന്ന ആൾ രണ്ടു സിനിമയായപ്പോൾ അഭിനേതാക്കളെ പോലെ ചിന്തിക്കാൻ തുടങ്ങി.

ചേച്ചി രേവതി ബെംഗളൂരുവിൽ കുടുംബത്തോടൊപ്പം. പ്രിയനങ്കിളിന്റെ പുതിയ സിനിമയിലും സംവിധാന സഹായിയാണ് േചച്ചി. അതു കഴിഞ്ഞ് സ്വതന്ത്ര സംവിധായികയാകാനുള്ള ഒരുക്കത്തിലാണ്. രണ്ടു സ്ക്രിപ്റ്റ് തീർത്തു വച്ചിട്ടുണ്ട്. അ ച്ഛൻ അത് നിർമിക്കണം, ഞാൻ അതിൽ നായികയാകണം എന്നൊക്കെ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. കുറച്ചു കൂടി മിനുക്കു പണികളുണ്ട്. എന്നെങ്കിലും ആ സ്വപ്നം നടന്നേക്കാം.

കീർത്തിയെക്കുറിച്ച് വലിയ ഗോസിപ്പ് പറയാനുണ്ടെന്ന് ചിലർ പറയുന്നുണ്ടല്ലോ?

ഞാനൊരു തെറ്റും ചെയ്തിട്ടില്ല. പിന്നെ, ഞാനെന്തിനാണ് പേടിക്കേണ്ടത്? ഗ്ലാമർ വേഷങ്ങളിൽ അഭിനയിക്കേണ്ടി വരില്ലേ എന്ന് ആദ്യ കാലങ്ങളിൽ പലരും ചോദിച്ചിരുന്നു. പക്ഷേ, സിനിമയിൽ എത്തുമ്പോഴേ അമ്മ എങ്ങനെയാണോ അഭിനയിച്ചത് ആ രീതി പിന്തുടരാനാണ് ഞാൻ തീരുമാനിച്ചത്. അതാണ് എനിക്ക് കംഫർട്ടബിൾ. ഇന്ന് ആ ചോദ്യം ഇല്ല. ഞാൻ ഗ്ലാമറസ്സാകില്ലെന്ന് മനസ്സിലാക്കിയ പോലെയാണ് എല്ലാവരും പെരുമാറാറുള്ളത്.

‘സാമി 2’ വന്നപ്പോൾ എനിക്ക് ആ ഭയം ഉണ്ടായിരുന്നു. സാധാരണ ഹരിസാറിന്റെ സിനിമകളിൽ ഗ്ലാമർ വേഷങ്ങളുണ്ടാകുമല്ലോ. ഞാനതു ചോദിച്ചു തുടങ്ങിയപ്പോേഴ അദ്ദേഹം പറഞ്ഞു,‘കീർത്തിയുടെ അടുത്തു വരുമ്പോൾ  അത്തരം കാര്യങ്ങളൊന്നും സിനിമയിൽ ഉണ്ടാകില്ലെന്നുറപ്പല്ലേ...’ ആ ഉത്തരം കേട്ടപ്പോൾ സന്തോഷം തോന്നി. അതെന്റെ നേട്ടം തന്നെയാണ്. പിന്നെ, നായികയെ ഗ്ലാമറസ് ആയി അവതരിപ്പിച്ച് സിനിമ വിജയിപ്പിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞില്ലേ.

_08Q5699

വിജയ് ഫ്രണ്ട്, വിശാൽ സിംപിൾ

ദുൽഖർ: ദുൽഖറിനെ ചെറുപ്പം തൊട്ടേ കണ്ടു പരിചയം ഉണ്ട്. മമ്മൂക്കയുടെ വീട്ടിലൊക്കെ പോകുമ്പോൾ ഒരുമിച്ചു നിന്നു ഫോട്ടോ എടുത്തിട്ടുണ്ട്. പിന്നെ, കാണുന്നത് ദുൽഖറിന്റെ കല്യാണത്തിനാണ്. അന്നു കണ്ടപ്പോൾ ‘ഒാഹോ നീ ഇത്ര വലുതായോ’ എന്നു ചോദിച്ചു. ‘മഹാനടി’യില്‍ ഒരുമിച്ച് അഭിനയിച്ചപ്പോൾ മറ്റൊരു അനുഭവമായിരുന്നു. ജോലിയിൽ ഒരുപാട് ആത്മാർഥത കാണിക്കുന്ന സൂക്ഷ്മതയോടെ അഭിനയത്തെ നോക്കി കാണുന്ന ഒരാൾ.

വിജയ്: ഭൈരവയിൽ  വിജയ്സാറിനൊപ്പം അഭിനയിക്കാൻ നിന്നപ്പോള്‍ പഴയൊരു കാര്യമാണ് ഒാ ർത്തത്. വർഷങ്ങൾക്കു മുൻപ് പോക്കിരിയുടെ  നൂ റാം ദിവസം ആഘോഷിക്കുന്ന ചടങ്ങ്. എന്റെ കുറച്ചു സുഹൃത്തുക്കൾക്ക് അദ്ദേഹത്തിനൊപ്പം നിന്ന് ഫോട്ടോ എടുക്കണം. അച്ഛനും ആ ചടങ്ങിലുള്ളതു കൊണ്ട് കാര്യങ്ങൾ എളുപ്പത്തിലായി. ഞാനാണ് ആ ഫോട്ടോ എടുത്തത്. വിജയ് സാറിന്റെ ക ടുത്ത ഫാനാണെങ്കിലും ഒരുമിച്ചു നിന്നൊരു ഫോട്ടോ എടുക്കാൻ എനിക്കന്നു തോന്നിയില്ല. ഇന്നെന്റെ നല്ല സുഹൃത്താണ് അദ്ദേഹം. ഒാരോ പ്രാവശ്യം  കാണുമ്പോഴും ഒരു പുതിയ മനുഷ്യനായാണ് തോന്നുക.

വിക്രം:  ഒരു സൂപ്പര്‍താരം  ഇത്ര കാര്യമായി  സംസാരിക്കുമോ, ഇങ്ങനെയൊക്കെ ഇടെപടുമോ എന്നൊക്കെ എനിക്ക് അദ്ഭുതം തോന്നിയിട്ടുണ്ട്, അദ്ദേഹത്തെ കാണുമ്പോള്‍. ഇതേ ഹോട്ടലിൽ, ഇതേ റസ്റ്ററന്റിൽ ഞാൻ ഒരു കഥ കേൾക്കുകയായിരുന്നു. സംവിധായകനും തിരക്കഥാകൃത്തും ഒക്കെയുണ്ട്. എ ന്നെ കണ്ട് അദ്ദേഹം വന്നു. ‘ഉറങ്ങല്ലേ, ഉറങ്ങാതെ കഥ കേൾക്ക് എന്ന് തമാശയായി പറഞ്ഞു.’ മുന്നിലിരുന്ന സംവിധായകനോട് ഞാൻ വിക്രം എന്നു പറഞ്ഞ് കൈകൊടുത്തു. മഹാനടി കണ്ട് അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു, ‘ഇനി കാണുമ്പോൾ നീ എനിക്കൊരു ഓട്ടോഗ്രാഫ് തരണം.’

സൂര്യ: അധികമൊന്നും സംസാരിക്കാത്ത, സിംപിളായ നടനാണ് സൂര്യ. ഒപ്പം വളരെ സീനിയറായ ആളാണെന്നോ സൂപ്പര്‍ താരമാണെന്നോ ഉള്ള അകലമൊന്നും സെറ്റില്‍ ആരോടും കാണിക്കില്ല,

വിശാൽ: മറ്റൊരു ജനറേഷനില്‍ പെട്ട നടനാണ് വിശാല്‍ എന്നു തോന്നും സംസാരിക്കുമ്പോള്‍. താരസംഘടനയായ നടികർ സംഘത്തിന്‍റെ സെക്രട്ടറി ജനറൽ ആണെന്നോ വലിയ പ്രൊഡ്യൂസർ ആണെന്നോ ഒന്നും പെരുമാറ്റത്തിൽ അദ്ദേഹം കാണിക്കില്ല. തിരക്കിലാണെങ്കിലും സംസാരിക്കാൻ ഇഷ്ടമുള്ളയാളാണ്.

∙ ധനുഷ്:  അദ്ദേഹം  അഭിനയിക്കുമ്പോൾ ഒന്നും ചെയ്യുന്നില്ല എന്ന തോന്നലാണ് ഉണ്ടാകുക. എ ക്സ്പ്രഷനൊന്നും കണ്ടില്ലല്ലോ എന്നു വിചാരിച്ച് മോണിറ്ററിൽ നോക്കുമ്പോഴാണ് മനസ്സിലാകുക എത്ര ഗംഭീരമായാണ് അഭിനയിച്ചിരിക്കുന്നത്. ‘തൊടരി’യിൽ അഭിനയിക്കുമ്പോൾ അദ്ദേഹം പറഞ്ഞു, ‘നീ നന്നായ് വരും. വലിയ താരമാകും.’ മഹാനടി  ക ണ്ടു കഴിഞ്ഞു വിളിച്ചു ചോദിച്ചു, ‘ഞാൻ അന്നു പറഞ്ഞത് സത്യമായില്ലേ...?’

കീർത്തി കവിത എഴുതും അല്ലേ?

തമിഴിലാണ് എഴുതാറുള്ളത്. അത് മലയാളത്തിലേക്ക് മൊഴി മാറ്റാൻ അറിയില്ല. തമിഴ് സംവിധായകന്‍ ലിങ്കുസ്വാമിയുടെഹൈക്കു കവിതകളുടെ സമാഹാരമായ ‘ഹൈക്കുലിംഗു’ വിന്റെ പ്രകാശനത്തിനു ഞാൻ പോയിരുന്നു. അവിടെ വച്ച് ഒരു കവിത ചൊല്ലി. അങ്ങനെയാണ് എന്‍റെ കവിതാഭ്രാന്ത് എല്ലാ വരും അറിഞ്ഞത്. കവിതകള്‍ പുസ്തകമാക്കി പ്രസിദ്ധീകരിക്കണെമെന്ന് പലരും പറഞ്ഞു. നമുക്ക് അത്രയ്ക്കൊന്നും പറ്റില്ലെന്നേ. അത്ര വലിയ കവയിത്രി ഒന്നും അല്ല ഞാന്‍.

എന്നാണ് മലയാളത്തിലേക്ക് മടങ്ങി വരുന്നത്?

ചില സിനിമകൾ ഇതിനിടയിൽ വന്നിരുന്നു. തമിഴ് സിനിമയ്ക്കൊക്കെ ഡേറ്റ് നൽകിയിരുന്നതു കൊണ്ട് പെട്ടെന്നു വരാനാകുന്നില്ല. പ്രിയനങ്കിൾ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹ’ത്തിൽ ഞാനുണ്ട്. അതു പൂർണമായ തിരിച്ചുവരവാണെന്ന് പറയാനാകില്ല. നല്ലൊരു പ്രണയസിനിമ ചെയ്ത് മലയാളത്തിലേക്ക് മടങ്ങിയെത്തണം എന്നു വിചാരിക്കുന്നുണ്ട്. അതിനായിട്ട് കാത്തിരിക്കുന്നു...

ഇനി മൂന്ന് യെസ് ഒാർ നോ ചോദ്യങ്ങൾ എന്നു പറഞ്ഞപ്പോഴേക്കും കുഴപ്പമുള്ള ചോദ്യങ്ങളാണോ എന്നു ചോദിച്ച് ചിരിച്ചു തുടങ്ങി.

‘കീർത്തി പ്രണയിച്ചേ വിവാഹം കഴിക്കൂ..’

യെസ്.

‘പെട്ടെന്ന് കരയുന്ന  ഇമോഷനൽ കുട്ടിയാണ്?’

അതും യെസ്.

‘പ്രതിഫലം ഒരു കോടിക്കു മുകളിലാണ്..

എന്റമ്മേ.. അതിനുത്തരം ഇല്ല...

Tags:
  • Celebrity Interview
  • Movies