Friday 24 December 2021 02:47 PM IST

‘ചില ദിവസങ്ങളിൽ വയറ്‍ അഴിച്ചു മാറ്റിയിട്ട് രാത്രി കിടക്കുമ്പോൾ നടുവേദന ബുദ്ധിമുട്ടിക്കും; പക്ഷേ, ഇതൊന്നും സെങ്കേനി ജീവിതത്തിൽ അനുഭവിച്ച വേദനകളുടെ ലക്ഷത്തിലൊന്നു പോലും വരില്ല’

Ammu Joas

Sub Editor

lijomol54dfghuuuu ഫോട്ടോ: ബേസിൽ പൗലോ

ജയ് ഭീം’ എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. നായിക സെങ്കേനിയുടെ മകൾ അല്ലിയെ െപാലീസുകാര്‍ നിയമവിരുദ്ധമായി പിടിച്ചു കൊണ്ടു പോവുകയാണ്. ഹൈക്കോടതിയിൽ നിന്നു നേരിട്ടു വിളി വന്നതോടെ വിരണ്ടുപോയ പൊലീസ്, ജീപ്പിൽ വീട്ടിൽ അവരെ തിരികെയെത്തിക്കാമെന്ന് പറയുന്നു. അതു നിരസിച്ച് മകളുടെ കൈപിടിച്ച് ത ലയുയർത്തി നീങ്ങുന്ന സെങ്കേനിയെന്ന അമ്മ. നീതിപീഠത്തിൽ മനസ്സുറപ്പിച്ചു നീങ്ങുന്ന ആദിവാസിപ്പെണ്ണിന്റെ ഉൾക്കരുത്ത് അവളുെട ഓരോ ചെറുചലനങ്ങളിലും നിറഞ്ഞു നിന്നു.

സൂര്യ നായകനായ ‘ജയ്ഭീം’ സൂപ്പര്‍ ഹിറ്റായതോെട നായികയായി അഭിനയിച്ച ഇടുക്കിക്കാരി ലിജോമോളും തെന്നിന്ത്യയുടെ താരമായി. നാടിെന്‍റ നാനാഭാഗത്തു നിന്നും സിനിമയ്ക്കുമുള്ള അഭിനന്ദനങ്ങൾ ചുറ്റും നിറയുകയാണ്. വിവാഹസമ്മാനം പോലെ കിട്ടിയ സൂപ്പർഹിറ്റിന്റെ സന്തോഷമുണ്ട് ലിജോമോളുടെ വാക്കുകളിൽ. പോണ്ടിച്ചരിയിലെ വീട്ടിൽ ജീവിതപങ്കാളി അരുണിന്റെ കൈപിടിച്ച് ലിജോ സംസാരിച്ചു തുടങ്ങി. പക്ഷേ, സംഭാഷണം തുടങ്ങിയത് സിനിമയുടെ വിജയച്ചിരിയിൽ നിന്നല്ല. സെങ്കേനിയുടെ സങ്കടങ്ങളിൽ നിന്നാണ്.

 ‘‘സംവിധായകൻ കട്ട് പറഞ്ഞിട്ടും പല രംഗങ്ങളിലും ഞാൻ സെങ്കേനിയിൽ നിന്ന് ഇറങ്ങിവരാൻ സമയമെടുത്തു. അത്രമാത്രം അവരുടെ വേദന മനസ്സിൽ പതിഞ്ഞിരുന്നു. ഇപ്പോഴും സെങ്കേനിയുടെ സങ്കടങ്ങൾ മനസ്സിനെ വേട്ടയാടുന്നുണ്ട്.’’  

ഭർത്താവിനെ വിട്ടുകിട്ടാൻ വേണ്ടി പോരാടുന്ന ഗർഭിണിയായ ആദിവാസി സ്ത്രീ... കഥാപാത്രത്തെ കുറിച്ച് ആദ്യം കേട്ടപ്പോൾ എന്താണു തോന്നിയത് ?   

ഈ സിനിമയില്‍ അഭിനയിക്കാമെന്നു സമ്മതിച്ചപ്പോള്‍  തന്നെ സംവിധായകൻ ജ്‍ഞാനവേൽ സർ പറഞ്ഞിരുന്നു, ‘ഇതൊരു യഥാർഥ ജീവിത കഥയാണ്. സെങ്കേനി എന്ന കഥാപാത്രം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.’

പാർവതി അമ്മാൾ എന്ന ആ സ്ത്രീ ഭർത്താവിനു വേണ്ടി പ്രമുഖ അഭിഭാഷകന്‍ ചന്ദ്രു വഴി നടത്തിയ നിയമപോരാട്ടങ്ങളാണ് സിനിമയ്ക്കു പ്രചോദനമായത്. യഥാർഥ കഥയിൽ സിനിമയ്ക്ക് വേണ്ട ചില മാറ്റങ്ങൾ വരുത്തിയിരുന്നു. പാര്‍വതി അമ്മാളെ നേരിൽ കാണണമെന്നും ആ കനൽവഴികൾ ചോദിച്ച് അറിയണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, സിനിമയുടെ ഷൂട്ടിങ്ങിനു മുൻപ് അതു നടന്നില്ല. അവരെ നേരിൽ കണ്ടു സംസാരിക്കണമെന്നതാണ് ഇപ്പോഴത്തെ വലിയ മോഹം. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് എല്ലാ തരത്തിലും മാറ്റിനിർത്തപ്പെട്ടവരാണ് ഇരുള സമുദായം. അവരുടെ ജീവിതം അടുത്തറിഞ്ഞപ്പോഴാണ് എനിക്കതു മനസ്സിലായത്.

കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഇ തെന്ന് ജ്‍ഞാനവേൽ സർ ഒഡിഷനു വിളിക്കുമ്പോൾ കരുതിയതേയില്ല. ഈ സിനിമയിലെ ഒരു രംഗം തന്നെയാണ് അഭിനയിക്കാൻ തന്നത്. തമിഴ് എനിക്കത്ര പിടിയില്ല. ഡയലോഗ് ഡെലിവറിയിൽ ശ്രദ്ധിക്കുമ്പോൾ പെർഫോമൻസ് പിന്നോട്ടു പോകുന്നു. പലതവണ ശ്രമിച്ചിട്ടും ശരിയായില്ല. അപ്പോൾ സംവിധായകൻ പറഞ്ഞു. ‘സീൻ മനസ്സിലായില്ലേ, ഇനി മലയാളത്തിൽ ഡയലോഗ് പറഞ്ഞ് പെർഫോം ചെയ്തോളൂ...’  അതു വിജയിച്ചു.  മലയാളത്തിൽ ഡയലോഗ് പറഞ്ഞ് തമിഴ് സിനിമയുടെ ഒഡിഷൻ പാസ്സായ ഒരേയൊരാൾ ഒരുപക്ഷേ, ഞാനാകും.

EDW07263-Edit-copy

ഇരുളർ വിഭാഗത്തിന്റെ രീതികളും പെരുമാറ്റവുമൊക്കെ ഉൾക്കൊണ്ട് അഭിനയിച്ചത് എങ്ങനെയാണ് ?

ഇരുളർ സമൂഹത്തെക്കുറിച്ചു ഞാനോ എന്റെ ഭർത്താവായി അഭിനയിച്ച മണികണ്ഠനോ കേട്ടിട്ടു കൂടിയുണ്ടായിരുന്നില്ല. ഷൂട്ട് തുടങ്ങും മുൻപ് ട്രെയ്നിങ് ഉണ്ടാകുമെന്നു പറഞ്ഞിരുന്നു. തമിഴ്നാട്ടിലാണ് ഇരുളർ മക്കൾ കൂടുതലായുള്ളത്. കേരളത്തിൽ ചിലയിടങ്ങളിലുമുണ്ടെന്ന് പറഞ്ഞെങ്കിലും എനിക്കറിയാമായിരുന്നില്ല.

ഞങ്ങൾ അഞ്ചു പേരൊഴികെ ഇരുള വിഭാഗക്കാരായി അ ഭിനയിച്ച ബാക്കിയെല്ലാവരും ആ സമൂഹത്തിൽ നിന്നുള്ളവരായിരുന്നു. അവർക്കൊപ്പമുള്ള ഒന്നരമാസത്തെ ജീ വിതമാണ് ഞങ്ങള്‍ക്ക് അറിവു പകര്‍ന്നു തന്നത്. ഭാഷ പഠിക്കുന്നതായിരുന്നു വലിയ ടാസ്ക്. എന്റെ തമിഴ്, ‘തമിഴാളം’ എന്നു പറയാവുന്ന തരത്തിലുള്ള ഒരു ഭാഷയാണ്. ഇരുളർ മക്കളുടേത് സാധാരണ തമിഴിനേക്കാൾ വളരെ വ്യത്യസ്തവും. രണ്ടാഴ്ച കൊണ്ടാണ് ആ ഭാഷ പഠിച്ചെടുത്തത്. സിനിമ തുടങ്ങും മുൻപേ എന്റെ ഡയലോഗുകൾ മനഃപാഠമാക്കി. സെങ്കേനിക്ക് വേണ്ടി ഡബ് ചെയ്തതും ഞാനാണ്.

ഇരുളർ സ്ത്രീകളുടെ പതിവു വേഷം സാരിയാണ്. അ തുകൊണ്ട്   പരിശീലന കാലയളവിൽ അവരുടെ ശൈലിയിലാണ് സാരി ഉടുത്തിരുന്നത്. അവരുടെ കുടിലിലാണ് താമസിച്ചത്. ചെങ്കൽചൂളയിലെ ജോലിക്കും പാടത്തു ഞാറു നടാനുമൊക്കെ ഞങ്ങളെയും കൊണ്ടുപോയി. രാത്രിയാണ് അവർ വേട്ടയ്ക്കു പോകുന്നത്, അതിനൊപ്പം ഞങ്ങളും പോയി. അവർ ചെരുപ്പ് ഉപയോഗിക്കാത്തതു കൊണ്ട് വേട്ടയ്ക്കു പോകുമ്പോൾ പുലർച്ചെ വരെ ഞങ്ങളും ചെരിപ്പിടാറില്ല. എലിയെ പിടിച്ചു കൊന്ന്, വൃത്തിയാക്കി കറിവച്ചു കഴിക്കും. എലിയെ കൊല്ലുന്നതൊഴികെ ബാക്കിയെല്ലാം ഞാന്‍ ചെയ്തു.

ഈ സിനിമയിൽ ആദ്യ കുറച്ചു സീനുകളൊഴികെ ഗർഭിണിയായാണ് ‍ഞാൻ അഭിനയിക്കുന്നത്. എട്ടു–ഒൻപതു മാസത്തെ കൃത്രിമ വയർ വച്ചുള്ള ഷൂട്ടിങ് കുറച്ചു ബുദ്ധിമുട്ടായിരുന്നു. രാവിലെ വയർ വച്ചാൽ പിന്നെ നടപ്പും ഇരിപ്പും ഭക്ഷണം കഴിക്കുന്നതുമൊക്കെ ഗർഭിണിയെപ്പോലെ തന്നെ. ചില ദിവസങ്ങളിൽ വയറ്‍ അഴിച്ചു മാറ്റിയിട്ട് രാത്രി കിടക്കുമ്പോൾ നടുവേദന ബുദ്ധിമുട്ടിക്കും. പക്ഷേ, ഇതൊന്നും സെങ്കേനി ജീവിതത്തിൽ അനുഭവിച്ച വേദനകളുടെ ലക്ഷത്തിലൊന്നു പോലും വരില്ല.   

മലയാളത്തിലാണ് തുടങ്ങിയതെങ്കിലും മികച്ച വേഷങ്ങൾ കിട്ടിയത് തമിഴിലാണ് ?

‘മഹേഷിന്റെ പ്രതികാര’ത്തിനു വേണ്ടി ഒഡിഷനു ചെന്നപ്പോൾ വലിയ ടെൻഷനായിരുന്നു. അന്നുവരെ വെറുതേ പോലും സ്റ്റേജിൽ കയറിയിട്ടില്ല. പേടിച്ചിരുന്ന എനിക്കു  ധൈര്യം തന്നത് തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കറിന്റെ ഭാര്യ ഉണ്ണിമായ ചേച്ചിയാണ്. ‘കയ്യിൽ വന്ന അവസരം എന്തിനാ തട്ടിക്കളയുന്നത്’ എന്ന ചോദ്യത്തിൽ ഞാൻ ഫ്ലാറ്റ്.

പോത്തേട്ടൻ ബ്രില്യൻസിൽ സിനിമ തുടങ്ങിയതാണ് എന്റെ അഭിനയത്തിലെ അടിസ്ഥാനം. അതിനു ശേഷമാണ് ‘കട്ടപ്പനയിലെ ഋത്വിക്ക് റോഷനി’ലെ കനിയായത്.

jaijbhim10152021m7

ഞാൻ ഇടുക്കിക്കാരിയാണ്. ആദ്യ രണ്ടു സിനിമകളു‌ടെയും പശ്ചാത്തലവും ഇടുക്കി. അങ്ങനെ ട്രോൾ പോലുമിറങ്ങി. ‘ലിജോയ്ക്ക് ഇടുക്കി വിട്ടൊരു പരിപാടി’യില്ലെന്ന്. അപ്പോഴേക്കും തമിഴിലെ ആദ്യ ഓഫർ സ്വീകരിച്ചിരുന്നു. ‘സിവപ്പ് മഞ്ചൾ പച്ചൈ’യിലെ. ജി.വി. പ്രകാശിന്റെ ചേച്ചിയുടെ വേഷം. അതു ശ്രദ്ധിക്കപ്പെട്ടതോടെ ചേച്ചി– അനിയത്തി കഥാപാത്രങ്ങൾ കുറേ വന്നു. ടൈപ്കാസ്റ്റ് ചെയ്യപ്പെടാൻ ആഗ്രഹമില്ലായിരുന്നു. നല്ല കഥാപാത്രത്തിനായുള്ള രണ്ടു വർഷത്തെ കാത്തിരിപ്പിന്റെ ഫലമാണ് ‘ജയ് ഭീം’.

തമിഴിലേക്കു ചുവടുമാറിയോ എന്നാണ് ഇപ്പോൾ പല രും ചോദിക്കുന്നത്. നല്ല സിനിമകൾ ഏതു ഭാഷയിൽ നിന്നു വന്നാലും സ്വീകരിക്കും. ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ‘വിശുദ്ധ മെജോ’ മലയാളത്തിലെ എന്റെ ഏഴാമത്തെ സിനിമയാണ്.  

‘ജയ് ഭീമി’ൽ രജിഷയും ഉണ്ടായിരുന്നല്ലോ ?  

രജിഷയെ ആദ്യമായി കാണുന്നത് തന്നെ സെറ്റിലാണ്. തമിഴ് ഡയലോഗിൽ മലയാളച്ചുവ വരാതിരിക്കാൻ വേണ്ടി വീട്ടില്‍ വിളിക്കുമ്പോൾ പോലും അധികം സംസാരിക്കരുത് എന്നു നിർദേശമുണ്ടായിരുന്നു. പക്ഷേ, ഞാനും രജീഷയും സെറ്റിൽ സംസാരിച്ചുകൊണ്ടിരിക്കും. ഇത്തിരി മലയാളം പറയുമ്പോഴുള്ള സുഖം ഒന്നു വേറെ തന്നെയല്ലേ... സിനിമ കഴിഞ്ഞതോടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.

സെറ്റിൽ മറ്റൊരു മലയാളി കൂടിയുണ്ടായിരുന്നു. ജീവിതത്തിൽ ഇന്നുവരെ ക്യാമറ പോലും കണ്ടിട്ടില്ലാത്ത ഇരുളർ മക്കളെ അഭിനയം പഠിപ്പിച്ച പി.ആർ. ജിജോയ്. മൂന്നാറിലെ ചായക്കടക്കാരന്റെ വേഷം ചെയ്തതും ജിജോയ് ചേട്ടനാണ്. ഇരുളർ മക്കളുടെ ജീവിതം തന്നെയാണ് പകർത്തുന്നതെങ്കിലും ഷൂട്ടിങ് സെറ്റോ ക്യാമറയോ കണ്ടിട്ടില്ലാത്ത അവരെ അതിലേക്ക് എത്തിക്കുക പ്രധാനമായിരുന്നു.

വിവാഹസമ്മാനമായാണ് തമിഴിലെ മെഗാവിജയം ?

കഴിഞ്ഞ ഏഴു വർഷമായി ഞാനും അരുണും സുഹൃത്തുക്കളാണ്. ഞാൻ പിജി ചെയ്തത് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലാണ്. എന്റെ സീനിയർ ആയിരുന്നു അരുൺ. എന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. വീട്ടുകാരുടെ അനുഗ്രഹത്തോടെ ഇക്കഴിഞ്ഞ ഒക്ടോബർ നാലിനായിരുന്നു വിവാഹം. സിനിമ മനസ്സിൽ സൂക്ഷിക്കുന്ന ബിസിനസുകാരനാണ് അരുൺ. വൈകാതെ അദ്ദേഹത്തെ സിനിമാരംഗത്ത് പ്രതീക്ഷിക്കാം. പോണ്ടിച്ചേരിയിൽ ഇൻഡോർ പ്ലാന്റ്സിന്റെ ഒരു ഷോപ്പും ഉണ്ട്

അച്ഛൻ രാജീവും അമ്മ ലിസമ്മയും അനിയത്തി ലിയയും ഇപ്പോൾ മുണ്ടക്കയത്താണ്. ഈ സിനിമയിൽ ‘ലിജോയെ കണ്ടില്ല, സെങ്കേനിയെ മാത്രമേ കണ്ടുള്ളൂ’ എന്നു പറഞ്ഞ് നിരവധി പേർ മെസേജുകൾ അയയ്ക്കുമ്പോൾ ഏറ്റവും സന്തോഷിക്കുന്നത് അവരാണ്. പാക്കിസ്ഥാൻ, ശ്രീലങ്ക, സിംഗപ്പൂർ തുടങ്ങി പല നാടുകളിൽ നിന്ന് എന്നെ അറിയുക പോലുമില്ലാത്ത ആളുകളാണ് വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യുന്നത്. ഇതിലും വലിയ അവാർഡ് എനിക്കു കിട്ടാനില്ല.

സൂര്യ പഠിപ്പിച്ച പാഠങ്ങള്‍

സൂര്യ– ജ്യോതിക പ്രൊഡക്‌ഷനിലാണ് സിനിമ എ ന്ന് അറിയാം. പക്ഷേ, സൂര്യ സിനിമയിലുണ്ടെന്ന് അ റിയില്ലായിരുന്നു. സിനിമ കമ്മിറ്റ് ചെയ്ത് അടുത്ത ദിവസം സംവിധായകന്‍ വിളിച്ചു, ‘അഡ്വക്കറ്റ് ചന്ദ്രുവായി എത്തുന്നത് ആരാണെന്ന് എന്തെങ്കിലും ഊഹം ഉണ്ടോ?’ സൂര്യയാണ് ആ േറാളില്‍ അഭിനയിക്കുന്നതെന്നറിയുന്നത് അദ്ദേഹം പറഞ്ഞാണ് അറിയുന്നത്. സൂര്യ നായകനാകുന്നു എന്ന കാരണം െകാണ്ടു മാത്രം ഈ സിനിമ കമ്മിറ്റ് ചെയ്യരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.

ഷോട്ടുകളില്‍ ഒരാൾ മാത്രമുള്ള ഫ്രെയിമിൽ അ സിസ്റ്റന്‍റ് ഡയറക്ടറുടെ കയ്യിൽ നോക്കിയാകും നമ്മള്‍ ഡയലോഗ് പറയുക. അങ്ങനെയുള്ള എന്റെ ചി ല രംഗങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടർക്ക് പകരം സൂര്യ സാർ തന്നെ വന്നു നിന്നിട്ടുണ്ട്. ഗ്ലിസറിനിടാതെയാണ് ഞാൻ ഷോട്ടിൽ കരഞ്ഞിരുന്നത്. അതൊക്കെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

ഒരു ദിവസം എന്നോടു ചോദിച്ചു, ‘കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മലയാളത്തിൽ ഇറങ്ങിയ മികച്ച സിനിമകളുടെ ലിസ്റ്റ് തരാമോ’ എന്ന്. ഞാന്‍ കുറേ ആലോചിച്ച് ഒരു ലിസ്റ്റ് ഉണ്ടാക്കി െകാടുത്തു. കുറച്ചു ദിവസത്തിനുള്ളില്‍ അദ്ദേഹം വന്നു പറഞ്ഞു, ‘അവയിൽ മിക്കതും കണ്ടു, ഓരോന്നും ഒന്നിനൊന്ന് മെച്ചം.’ ഇടയ്ക്കു ചില സര്‍െെപ്രസുകളും തരും. മധുരയിലെ സെറ്റിൽ വച്ച് ഒരു ദിവസം ഞങ്ങൾക്കെല്ലാം അദ്ദേഹം ജിഗർതണ്ട വാങ്ങിത്തന്നു.

ഓരോ സീനും മുൻപും പിൻപും വരുന്ന സീനിന്റെ ആഴവും ഗൗരവവും മനസ്സിലാക്കിയ ശേഷമാണ് അദ്ദേഹം അഭിനയിക്കുക. ഒരേ ഡയലോഗ് തന്നെ പലരീതിയില്‍ പറഞ്ഞു നോക്കും. ഇതെല്ലാം ഞാൻ സൂര്യ സാറിൽ നിന്നു പഠിച്ച വലിയ പാഠങ്ങളാണ്.

Tags:
  • Celebrity Interview
  • Movies