Monday 05 April 2021 03:59 PM IST

‘നെഗറ്റീവ് റോളുകൾ അഭിനയിച്ചാൽ പ്രേക്ഷകർക്ക് ഇഷ്ടം കുറയുമോ, ഇമേജിനെ ബാധിക്കുമോ എന്ന പേടിയായിരുന്നു’; മനസ്സ് തുറന്ന് മീന

Roopa Thayabji

Sub Editor

meennvb5435667
ഫോട്ടോ : ‘വി’ മാഗസിൻ, ചെന്നൈ

രജനീകാന്തിന്റെ നായികയാകുന്ന പുതിയ സിനിമയുടെ ഒരു ഷെഡ്യൂൾ കഴിഞ്ഞ് ചെന്നൈയിലെവീട്ടിൽ എത്തിയിട്ടേയുള്ളൂ മീന. അഞ്ചാം ക്ലാസ്സുകാരി നൈനികയുടെ പരീക്ഷാപേടിയെക്കാൾ ടെൻഷനിലാണ് മീന. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസാകുന്ന ആദ്യചിത്രം ‘ദൃശ്യം 2’ നെ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന ടെൻഷൻ.

അഭിനയജീവിതം 40 വർഷം ആകുമ്പോഴും ആദ്യ സിനിമയിലെ ‘ബേബി മീന’ തന്നെയാണു മുന്നിലിരിക്കുന്നത് എന്നു തോന്നും. ‘‘40 വർഷം, ഓർക്കുമ്പോൾ വളരെ ബ്ലെസ്ഡ് ആണെന്നു തോന്നുന്നു. അഭിനേതാവിന്, പ്രത്യേകിച്ചും നടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമാണത്. നായികയായി തന്നെ നിൽക്കുന്നതും ലക്ക് അല്ലാതെ വേറെന്ത്. എല്ലാ ഭാഷകളിലും ആ ഭാഗ്യം എനിക്കു കിട്ടി...’’

‘ദൃശ്യം 2’ ലൂടെ വീണ്ടും മലയാളത്തിലേക്ക് ?

ജോർജുകുട്ടിയും റാണിയും കുടുംബവും ഇപ്പോൾ എ ങ്ങനെയിരിക്കുന്നു എന്നു പറയുന്ന സിനിമയാണിത്.  ആദ്യ ഭാഗത്തിന്റെ അതേ ടെൻഷനും പ്രശ്നങ്ങളുമൊക്കെ ഇവിടെയുമുണ്ട്. ആദ്യമായാണ് ഒരു സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നത്. സംവിധായകൻ ജീത്തു ജോസഫ് ഇക്കാര്യം പറഞ്ഞു വിളിക്കുമ്പോൾ തന്നെ എക്സൈറ്റഡായി. ‘യെസ്’ പറയാതെ തരമില്ലായിരുന്നു. വീ ഓൾ വാണ്ടഡ് ടു ടേക് ചാൻസ്.

കല്യാണം കഴിഞ്ഞു മോൾ ഉണ്ടായ കാലത്ത് സിനിമയിൽ നിന്നു ബ്രേക് എടുത്തിരുന്നു. ആ കാലത്താണ് ‘ദൃശ്യ’ത്തിലേക്കു വിളിക്കുന്നത്. കുഞ്ഞിനെ ചെന്നൈയിൽ വിട്ടിട്ടു കേരളത്തിലേക്കു ഷൂട്ടിങ്ങിനു വരാൻ പറ്റില്ല എന്നായിരുന്നു എന്റെ മറുപടി. ‘മോളെയും കൊണ്ടു ധൈര്യമായി ഇങ്ങു പോരൂ, ഒരു കാര്യത്തിലും ടെൻഷനടിക്കേണ്ടി വരില്ല’ എന്ന് ആന്റണി പെരുമ്പാവൂർ ഉറപ്പുപറഞ്ഞു. ഒരു വയസ്സുള്ള മോളുമായി വന്നാണ് ‘ദൃശ്യ’ത്തിൽ അഭിനയിച്ചത്. തിരികെ പോകുന്നതു വരെ ഒരു കുറവും വരാതെ എല്ലാവരും  കെയർ ചെയ്തു. ആ സിനിമയുടെ മെഗാവിജയത്തിന്റെ മധുരം ഇപ്പോഴും മാറിയിട്ടില്ല.

കോവിഡിനിടെയുള്ള ഷൂട്ടിങ് ടെൻഷനടിപ്പിച്ചോ ?

കഴിഞ്ഞ മാർച്ചിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ച ശേഷം സെപ്റ്റംബർ പകുതി വരെ ചെന്നൈയിലെ വീട്ടിൽ നിന്നു പുറത്തിറങ്ങിയിട്ടേയില്ല. അപ്പോഴാണ് ‘ദൃശ്യം 2’ ലേക്കു വിളിച്ചത്. കോവിഡിന് ഇടയിലെ ഷൂട്ടിങ്ങിന്റെ ടെൻഷൻ കുറച്ചൊന്നുമല്ലല്ലോ. ക്രൂ എല്ലാം മാസ്ക് ഇട്ടു നിൽക്കും, പക്ഷേ, അഭിനയിക്കുന്നവർക്ക് മാസ്ക് ഇടാൻ പറ്റില്ല. എനിക്ക് അസുഖം വന്നാൽ പ്രശ്നമില്ല, വീട്ടിൽ മോളും പ്രായമായ അമ്മയുമൊക്കെ ഇല്ലേ. സിനിമ കമ്മിറ്റ് ചെയ്യുന്നു എന്നു കേട്ടപ്പോൾ വീട്ടിൽ എല്ലാവർക്കും ടെൻഷനായി. അപ്പോൾ ഏറ്റവും വലിയ പോയിന്റ് പറഞ്ഞതു ഭർത്താവ് വിദ്യാസാഗർ ആണ്, ‘കോവിഡ് പ്രോട്ടോക്കോളിനിടെ ലാലേട്ടൻ അഭിനയിക്കുന്നു എന്നുണ്ടെങ്കിൽ അത്രമാത്രം കെയർ ക്രൂ എടുക്കുന്നുണ്ടാകും. പിന്നെ, എന്തിനാണ് സിനിമ മിസ് ചെയ്യുന്നത്...’

സെപ്റ്റംബർ പകുതിയോടെ ഷൂട്ടിങ്ങിനായി കൊച്ചിയിലെത്തി. 14 ദിവസം ക്വാറന്റീനിൽ ഇരുന്ന ശേഷം കോവിഡ് ടെസ്റ്റ് നടത്തി െനഗറ്റീവാണെന്നു സർട്ടിഫിക്കറ്റ് കിട്ടിയ ശേഷമാണ് ലൊക്കേഷനിൽ ജോയിൻ ചെയ്തത്. ലൊക്കേഷനിലും ഹോട്ടലിലുമൊന്നും പുറത്തുനിന്നുള്ള ആരെയും കടക്കാൻ അനുവദിച്ചില്ല. ഇത്രയും വർഷത്തിനിടെ ആദ്യമായാണ് ഇങ്ങനെയൊരു ഷൂട്ടിങ് അനുഭവം. ഒടിടി പ്ലാറ്റ്ഫോമിൽ എന്റെ സിനിമ റിലീസാകുന്നതും ആദ്യമായാണ്.  

അഭിനയിച്ച എല്ലാ ഭാഷകളിലും നായികാവേഷം. അതും ഭാഗ്യമല്ലേ ?

തമിഴിൽ ശിവാജി ഗണേശൻ സാറിനൊപ്പമായിരുന്നു ആദ്യ സിനിമ. പിന്നീട് പ്രഭുവിന്റെ മകളായും നായികയായും അഭിനയിച്ചു. തെലുങ്കിലും രണ്ടു തലമുറയ്ക്കൊപ്പം അഭിനയിച്ചു. രജനീകാന്ത്, കമലഹാസൻ, പ്രഭു, സത്യരാജ്, വിജയകാന്ത്, തെലുങ്കിൽ എൻടിആർ, ബാലകൃഷ്ണ, ചിരഞ്ജീവി, വെങ്കിടേഷ്, നാഗാർജുന, മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി... അഭിനയിച്ച ആറു ഭാഷകളിലായി മുപ്പതോളം നായകന്മാരുടെ നായികയായി.

പല തരം റോളുകൾ വന്നിട്ടുണ്ടെങ്കിലും നെഗറ്റീവ്സ് ഒട്ടുമില്ലാത്ത കഥാപാത്രങ്ങൾ മാത്രമാണ് അന്നു സെലക്ട് ചെയ്തത്. കോമഡി ചെയ്തിട്ടുണ്ടെങ്കിലും നെഗറ്റീവ് റോളുകൾ അഭിനയിച്ചാൽ പ്രേക്ഷകർക്ക് ഇഷ്ടം കുറയുമോ, ഇമേജിനെ ബാധിക്കുമോ എന്നൊക്കെ പേടിയായിരുന്നു. അതോർക്കുമ്പോൾ ഇപ്പോൾ നിരാശയുണ്ട്. എല്ലാത്തരം റോളുകളും അഭിനയിക്കുമ്പോഴല്ലേ നമുക്കു കഴിവ് തെളിയിക്കാനാകൂ.

meenn4455vg

മലയാളത്തിലെ മെഗാഹിറ്റുകൾ ലാലേട്ടനൊപ്പമാണ് ?

‘മനസ്സറിയാതെ’യിൽ ലാലേട്ടനൊപ്പം ബാലതാരമായി അഭിനയിച്ചതൊന്നും ഓർമ ഇല്ല. അന്നു ‍തീരെ ചെറിയ കുട്ടിയല്ലേ. വർഷങ്ങൾക്കു ശേഷം ‘വർണപ്പകിട്ടി’ലേക്കു  വന്നത് ലാലേട്ടന്റെ  നായികയാകുന്നതിന്റെ  ത്രില്ലിലാണ്. അന്നും ഇന്നും  ഓ രോ സിനിമയെയും ഫ്രഷ് ആയി സ്വീകരിക്കുന്ന ലാലേട്ടനെ കണ്ടുപഠിക്കണം. ആദ്യം കാണുമ്പോൾ അറിഞ്ഞ സ്നേഹവും  കെയറിങ്ങും ഇപ്പോഴും ലാലേട്ടനിൽ നിന്നു കിട്ടുന്നുണ്ട്.

ഗ്ലാമർ അഭിനയിക്കുമ്പോൾ കഥാപാത്രത്തിനു ‍െഡപ്ത് കുറയുന്നതാണു ബാക്കി ഭാഷകളിലെ പതിവ്. പക്ഷേ, മലയാളത്തിൽ അങ്ങനെയല്ല. ഗ്ലാമർ റോളുകൾ ചെയ്യുമ്പോൾ തന്നെ അഭിനയസാധ്യതയുള്ള റോളുകളും കിട്ടും. ‘ഉദയനാണു താര’ത്തിൽ സിനിമാനടിയായി തന്നെ അഭിനയിച്ചത് ബോണസാണ്. ‘കരളേ... കരളിന്റെ കരളേ...’ സോങ്ങിന്റെ ഷൂട്ടിങ്ങിനിടെ ഒരു രസമുണ്ടായി. പഴയ കാലത്തെ പോലെ ഡ്രസ് ഒക്കെ ചെയ്തു വന്ന് ഡാൻസ് മാസ്റ്ററുടെ അടുത്ത് റിഹേഴ്സൽ കഴിഞ്ഞ് ഷോട്ട് റെഡി കേൾക്കുമ്പോൾ ഞാനും ശ്രീനിയേട്ടനും ഡാൻസ് തുടങ്ങും. പാട്ടിനൊത്ത് ശ്രീനിയേട്ടനു സ്റ്റെപ്പുകൾ വരില്ല. ഡയറക്ടർ ‘കട്ട്’ വിളിക്കുമ്പോൾ ശ്രീനിയേട്ടന്റെ ഡയലോഗ് വരും, ‘മീന നന്നായി ഡാൻസ് കളിക്കുന്നതു കൊണ്ട് എന്റെ ഡാൻസിന്റെ ഭംഗി തിരിച്ചറിയാൻ പറ്റാത്തതാണ്...’

ചെറിയ പ്രായത്തിൽ നായികയായപ്പോൾ പ്രശസ്തി മാനേജ് ചെയ്തത് എങ്ങനെ ?

ബാലതാരമായി അഭിനയിച്ചു തുടങ്ങിയപ്പോഴും പിന്നീടു നായികയായപ്പോഴും എനിക്കു സിനിമയുടെ ഗൗരവം ഒട്ടും അറിയില്ലായിരുന്നു. അച്ഛന്റെയും  അമ്മയുടെയും കൂടെ ഷൂട്ടി ങ്ങിനു പോകും, സംവിധായകൻ കരയാൻ പറഞ്ഞാൽ കരയും, ചിരിക്കാൻ പറഞ്ഞാൽ ചിരിക്കും. നായിക എന്ന നിലയിൽ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയപ്പോഴാണ് ചെയ്യുന്ന ജോലിയുടെ രസവും ഗൗരവവും മനസ്സിലായത്. ജോലിയുടെ കാര്യത്തിൽ കൃത്യനിഷ്ഠ ഇല്ല എന്ന് ഇതുവരെയും ഒരു സംവിധായകനെ കൊണ്ടും പറയിപ്പിച്ചിട്ടില്ല.

തെലുങ്കിൽ ഹിറ്റ് സിനിമകൾ ചെയ്ശേഷമാണ് രജനീകാന്തിന്റെ നായികയായി അഭിനയിച്ച ‘യജമാന’ന്റെ ലൊക്കേഷനിലെത്തുന്നത്. ഷൂട്ടിങ്ങിനിടെ ട്രെയിനിൽ കയറാനായി നിൽക്കുമ്പോൾ ആളുകൾ ‘മീനാ... മീനാ...’ എന്നു വിളിച്ചു വന്നു ചുറ്റും കൂടി. അസ്വസ്ഥയായ ഞാൻ രക്ഷപ്പെട്ട് ട്രെയിനിലേക്കു കയറിയപ്പോൾ മുന്നിൽ രജനി സാർ. എന്റെ പരിഭ്രമം കണ്ട് അദ്ദേഹം പറഞ്ഞു, ‘ആളുകൾ നമ്മളെ കണ്ട സന്തോഷം കൊണ്ടു ചെയ്യുന്നതല്ലേ. പ്രേക്ഷകർ ഇല്ലെങ്കിൽ താരങ്ങളില്ല.’

കണ്ണൂരിലെ അമ്മവീട്ടിലേക്ക് വരാറുണ്ടോ ?

അമ്മ രാജമല്ലിക കണ്ണൂർ ചിറയ്ക്കൽ കോവിലകത്തെ അംഗ മാണ്. അച്ഛൻ ദുരൈസാമി തമിഴ്നാട് വിദ്യാഭ്യാസ വകുപ്പിലായിരുന്നു. ഞാൻ ജനിച്ചതും പഠിച്ചതും ചെന്നൈയിലാണെങ്കിലും വെക്കേഷനു കണ്ണൂരിലേക്കു വരുമായിരുന്നു. രാജരാജേശ്വര ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻ... നാട്ടിൽ വരുമ്പോഴെല്ലാം മുടങ്ങാതെ എല്ലായിടത്തും പോകും. മോൾക്കു ചോറുകൊടുത്തത് ഗുരുവായൂരിൽ വച്ചാണ്. ഞാനും അമ്മയും നന്നായി മലയാളം സംസാരിക്കും. പക്ഷേ, നൈനികയ്ക്ക് മലയാളം സംസാരിക്കാൻ അറിയില്ല.

‘തെരി ബേബി’യെ സിനിമ മിസ് ചെയ്യുന്നുണ്ട് ?

മോളെ അഭിനയിപ്പിക്കുന്നതിനെ കുറിച്ച് ഞാനും വിദ്യയും ചിന്തിക്കുന്നതിനു മുൻപേയാണ് ‘തെരി’യിലേക്ക് ഓഫർ വന്നത്. എന്റെ ഡേറ്റ് ചോദിച്ചു വിളിക്കുകയാണെന്നാണ് ആദ്യം കരുതിയത്. ആദ്യ ഷോട്ടിനു വേണ്ടി മോൾ ക്യാമറയ്ക്കു മുന്നിൽ നിന്നപ്പോൾ എനിക്കായിരുന്നു കൂടുതൽ ടെൻഷൻ. ‘തെരി’ക്കു ശേഷം കുറേ ഓഫറുകൾ വന്നു. ‘ഭാസ്കർ ദ് റാസ്ക്കലി’ന്റെ തമിഴ് റീമേക്കിൽ അഭിനയിച്ചത് അങ്ങനെയാണ്. ഇതു രണ്ടും കഴിഞ്ഞതോടെ മിസ്സായ ക്ലാസുകളൊക്കെ പഠിച്ചെടുക്കാൻ മോൾക്കു കുറേ പാടുപെടേണ്ടി വന്നു. അങ്ങനെയാണ് വരുന്ന എല്ലാ സിനിമകളും ചെയ്യേണ്ട എന്നു തീരുമാനിച്ചത്. സിനിമയിലെ തിരക്കു കാരണം എട്ടാം ക്ലാസ്സിൽ വച്ചു പഠിപ്പു നിർത്തേണ്ടി വന്നതാണ് എനിക്ക്. പിന്നീട് പ്രൈവറ്റായാണ് പഠിച്ചത്. ഇപ്പോൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന നൈനികയ്ക്ക് അത്രയും ടെൻഷൻ കൊടുക്കാൻ വയ്യ. സ്കൂളും കോളജുമൊക്കെ അവൾ എൻജോയ് ചെയ്തു വളരട്ടെ.

മോൾക്ക് അഭിനയത്തിൽ താൽപര്യമുണ്ടോ എന്നു പറയാനൊന്നും ഇപ്പോൾ പറ്റില്ലല്ലോ. എന്റെയും നൈനികയുടെയും സിനിമാ കരിയർ തുടരുന്നതിൽ ഫുൾ സപ്പോർട്ടുമായി വിദ്യാസാഗർ ഉണ്ട്. മോളുണ്ടായി കഴിഞ്ഞ് സിനിമയിൽ അഭിനയിക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചതു വിദ്യയാണ്.

Tags:
  • Celebrity Interview
  • Movies