Tuesday 04 February 2020 12:53 PM IST

‘22 വയസ്സിൽ പതിനെട്ടുകാരന്റെ അമ്മയാകാമെങ്കിൽ ഏതു വേഷവും ചെയ്യാൻ കഴിയുമെന്ന കോൺഫിഡൻസുണ്ട്’

Lakshmi Premkumar

Sub Editor

_BAP6037 ഫോട്ടോ: ബേസിൽ പൗലോ

മീര വാസുദേവ് എന്ന പേരിനേക്കാളും മലയാളി ഓർക്കുന്നത് ലേഖ രമേശൻ എന്ന പേരായിരിക്കും. നല്ലൊരു ഭാര്യയായും സ്നേഹം തുളുമ്പുന്ന അമ്മയായും ‘തന്മാത്ര’യിലെ ലേഖ അത്രത്തോളം മലയാളികൾക്ക് പ്രിയപ്പെട്ടവളാണ്. ഇന്നും ‘തന്മാത്ര’ കണ്ടു തീരുമ്പോൾ കണ്ണിന്റെ കോണിൽ ഒരു തുള്ളിയെങ്കിലും ഊറിയിറങ്ങാത്തവർ വിരളമായിരിക്കും.

മുംബൈ പരസ്യലോകത്തു നിന്നു പറന്നെത്തി മലയാളത്തിന്റെ ഹൃദയം കവർന്ന മീരാ വാസുദേവ് കുറച്ചു കാലമായി സജീവമല്ല. ഒറ്റ സിനിമ കൊണ്ട് ഒന്നാം നമ്പർ താരമായിട്ടും കരിയറിൽ പ്രതീക്ഷിച്ച ആ റേഞ്ചിലേക്ക് എത്താതെ പോയോ ?

ചോദിച്ചാൽ നാം പ്രതീക്ഷിക്കുന്നതു പോലെയല്ല ജീവിതം ഓടിത്തുടങ്ങിയതെന്ന് പറഞ്ഞു നിർത്തും മീര. കഴിഞ്ഞു പോയ വഴികളെ കുറിച്ച്, മകനെ കുറിച്ച്, ജീവിതത്തിലെ ടേണിങ് പോയന്റിനെ കുറിച്ച്, തെറ്റായിപ്പോയ തീരു മാനങ്ങളെ കുറിച്ച് കഥകളേറെ പറയാനുണ്ട് മീരയ്ക്ക്...

മീരയെന്നോ ലേഖയെന്നോ. എങ്ങനെ വിളിക്കുന്നതാണ് കൂടുതലിഷ്ടം?

രണ്ടും എനിക്കേറ്റവും പ്രിയപ്പെട്ട പേരുകളാണ്. എന്റെ ആ ദ്യത്തെ മലയാള സിനിമയാണ് ‘തന്മാത്ര’. ഇത്രയും വലിയൊരു വിജയമായിരിക്കുമെന്ന് കരുതിയിട്ടില്ല. ഇപ്പോഴും പുറത്തിറങ്ങുമ്പോൾ ആളുകൾ വരുന്നതും സംസാരിക്കുന്നതും തന്മാത്രയിൽ അഭിനയിച്ച ലേഖയല്ലെ എന്ന് ചോദിച്ചാണ്. 14 കൊല്ലം കഴിഞ്ഞിട്ടും ആരും മറന്നില്ല എന്നതാണ് അതിശയം. ലൈഫ് ലോങ് ലേഖയെന്ന പേരിൽ അറിയപ്പെടാൻ എനിക്കിഷ്ടമാണ്.

ഒറ്റ സിനിമയിലൂടെ മീരാ വാസുദേവ് പ്രിയപ്പെട്ട അമ്മയും ഭാര്യയുമായി ?

ആദ്യം എനിക്ക് ഭയങ്കര സംശയമായിരുന്നു അത്രയും ആഴമുള്ള, പക്വതയുള്ള കഥാപാത്രമാകാൻ ഞാൻ മതിയോ എന്ന്. എന്റെ 22–ാമത്തെ വയസിലാണ്  തന്മാത്ര ചെയ്തതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്റെ മകനായി അഭിനയിക്കുന്ന കുട്ടിക്ക് എന്നേക്കാൾ നാലു വയസ്സേ കുറവുണ്ടായിരുന്നുള്ളൂ.

മോഹൻലാൽ എന്ന മഹാനടനൊപ്പം അഭിനയിച്ചു. ഓരോ സീനിലും അവസരങ്ങൾത്തിൽ നിന്ന് ഒരു നൂറു കാര്യം പഠിക്കാനുണ്ടാകും. എനിക്ക് ഭാഷ അറിയാത്തതു കൊണ്ട് അദ്ദേഹം ഒരുപാട് സഹായിച്ചു. എല്ലാം ദൈവാനുഗ്രഹമായി കാണാനാണ് ഇഷ്ടം.

‘തന്മാത്ര’യിലേക്കുള്ള വരവ് ?

2003 ൽ ലോകകപ്പ് ക്രിക്കറ്റിന്റെ സമയത്ത് ഒരു പരസ്യം ചെയ്തിരുന്നു. ‘ഓം ക്രിക്കറ്റായ നമ’ എന്നു തുടങ്ങുന്ന പരസ്യം വൻ ഹിറ്റായി. അതു കണ്ടിട്ടാണ് ബ്ലെസ്സി സാർ വിളിക്കുന്നത്.

ഞങ്ങൾ ആദ്യമായി കാണുന്നത് മുംബൈയിൽ ആണ്. അദ്ദേഹം കാണാൻ വരുമ്പോൾ ഞാൻ ജീൻസും ടോപ്പു മൊക്കെ ഇട്ട്, മുടി മുഴുവൻ കളർ ചെയ്ത് സ്റ്റൈലിഷ് രൂപത്തിലാണ്. കഥ കേട്ടു കഴിഞ്ഞപ്പോൾ ആകെ കൺഫ്യൂഷനായി. രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിക്കണം. അതും ഒരു മഹാനടനോടൊപ്പം. പക്ഷേ, ആ കൺഫ്യൂഷ ൻ ബ്ലെസ്സി സാറിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല.

ഞാൻ ചോദിച്ചു ‘സർ, ഞാനൊരു പുതിയ ആൾ, മലയാളിത്തം തുളുമ്പുന്ന, നല്ല െഎശ്വര്യമുള്ള അമ്മമാർക്കിടിയിലേക്ക് ഞാൻ വന്നാൽ ആളുകൾ ഇരുകയ്യും നീട്ടി സ്വീകരിക്കുമോ?’ പക്ഷേ, അദ്ദേഹം പറഞ്ഞു, ‘മീരയ്ക്ക് എന്നെ വിശ്വാസമുണ്ടെങ്കില്‍ വരൂ.’ അദ്ദേഹത്തിന്റെ വിശ്വാസം തെറ്റിയില്ല.

തന്മാത്രയ്ക്ക് ശേഷം ശക്തമായൊരു കഥാപാത്രം തേടി വന്നില്ല ?  

തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകൾ വന്നിരുന്നു. പക്ഷേ, എന്റെ പ്രധാന പ്രശ്നം ഭാഷ ആയിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയ്സ്. അയാളുടെ വ്യക്തി താൽപര്യങ്ങൾക്കായി എന്റെ പ്രഫഷൻ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാൻ കേട്ടിട്ടു പോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നൽകിയ സിനിമകളൊക്കെ ബോക്സ് ഓഫിസ് പരാജയമായിരുന്നു.

_BAP6080

മികച്ച സംവിധായകർ പലരും പിന്നീട് പറഞ്ഞു എന്ന് അറിഞ്ഞു, എന്നെ അഭിനയിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്ന്. അതെല്ലാം ഈ വ്യക്തി പല കാരണങ്ങൾ പറഞ്ഞ് മുടക്കി. പകരം അയാൾക്ക് താൽപര്യമുള്ള നടിമാർക്കു അവസരങ്ങൾ നൽകി. ഞാൻ മുംബൈയിൽ ആയിരുന്നതുകൊണ്ട് അതൊന്നും അറിഞ്ഞതേയില്ല. ഇപ്പോഴെനിക്ക് ഒരു നല്ല സുഹൃത്തുണ്ട്. സുപ്രിയ. അവരാണ് കരിയറിന്റെ ഭൂരിഭാഗം കാര്യങ്ങളും തീരുമാനിക്കുന്നത്. സുഹൃത്തിനേക്കാൾ ഉപരി സഹോദരിയാണ്.

ചെറുപ്പത്തിൽ തന്നെ ഹിന്ദി സിനിമകളിൽ ചുവടുറപ്പിച്ചിരുന്നു ?

ചെറുപ്പത്തിൽ സിനിമ എന്റെ സ്വപ്നങ്ങളിൽപോലുമുണ്ടായിരുന്നില്ല. അതിനു പ്രധാന കാരണം എന്റെ പതിനാറ് പതിനേഴ് വയസ്സിലെ പൊണ്ണത്തടിയായിരുന്നു.  ആ സമയത്തൊക്കെ കയ്യിലൊരു പുസ്തകവുമായി എപ്പോഴും വായിച്ചു കൊണ്ടിരിക്കുന്ന ഒരു പഠിപ്പിസ്റ്റ്. കോളജിലെത്തിയപ്പോൾ നാടകങ്ങൾ സംവിധാനം ചെയ്തു തുടങ്ങി. ഡാൻസ് കൊറിയോഗ്രഫി ചെയ്യാനും എനിക്ക് കഴിയുമെന്ന് ഞാൻ തന്നെ തിരിച്ചറിഞ്ഞു. സത്യം പറഞ്ഞാൽ ഒരു സുപ്രഭാതത്തിൽ തോന്നിയതാണ് സിനിമ ഒന്ന് ട്രൈ ചെയ്താലോ എന്ന്.

തടിയൊക്കെ കുറച്ച് ഒന്നു ശ്രമിച്ചു നോക്കാം എന്നു തോന്നി. അങ്ങനെ ശരീരം ആദ്യം പാകപ്പെടുത്തി. സാധാരണ ശരീരഭാരത്തിലേക്ക് എത്തിക്കഴിഞ്ഞപ്പോൾ ഞാൻ സുന്ദരിയാണല്ലോ എന്ന് സ്വയംതോന്നി. നേരെ അ ച്ഛന്റെടുത്ത് ചെന്ന് സിനിമയിൽ അഭിനയിക്കാനാണ് ഇഷ്ടമെന്ന് പറഞ്ഞു. വീട്ടിൽ പൂർണ സമ്മതം. പരസ്യ ചിത്രങ്ങളിലായിരുന്നു തുടക്കം. പിന്നീട് ഹിന്ദിയിൽ ശകുൻ, സൻജോയ് തുടങ്ങിയ ഹിറ്റ് സീരിയലുകള്‍ ചെയ്തു. അങ്ങനെ സിനിമയിൽ നിന്നും വി ളി വന്നു. ‘റൂൾസ് പ്യാർ കാ സൂപ്പർഹിറ്റ് ഫോർമുല’ യായിരുന്നു ആദ്യസിനിമ.

അത്ര സപ്പോർട്ടീവായിരുന്നു കുടുംബം ?

ഞങ്ങൾ അയ്യങ്കാർ ബ്രാഹ്മിനാണ്. അച്ഛന്‍ വാസുദേവൻ, അമ്മ ഹേമലത. ഇരുവരും  ഗവൺമെന്റ് സർവീസിലായിരുന്നു. മുംബൈയിലെ വീട് വാടകകയ്ക്ക് നൽകി അവർ എനിക്കൊപ്പം കൊച്ചിയിലുണ്ട്. മകൻ അരീഹ സീനിയർ കെ.ജിയിലാണ്. അവനാണ് എന്റെ ലോകം.

അച്ഛൻ‌ പാട്ടുകൾ എഴുതും. അമ്മ എംബ്രോയ്ഡറി, പെയിന്റിങ്ങൊക്കെ ചെയ്യും. ഇപ്പോൾ ഒരു കലാ കുടുംബമാണ്.  

വിജയിക്കാതെ പോയ രണ്ടു വിവാഹങ്ങൾ. ആ വേദനകളെ എങ്ങനെ അതിജീവിച്ചു ?  

ഓർക്കാനും പറയാനും ഇഷ്ടമല്ലാത്ത കാര്യമാണ്. പക്ഷേ, ഒന്ന് മാത്രം പറയാം. എപ്പോഴും വിവാഹബന്ധം വേർപിരിയുമ്പോൾ സ്ത്രീകൾ മാത്രമാണ് സമൂഹത്തിന് മുന്നില്‍ കുറ്റക്കാർ. അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആരും ശ്രദ്ധിക്കാറില്ല. 2005 ലായിരുന്നു ആദ്യ വിവാഹം. ഭർത്താവിൽ നിന്നും ഉണ്ടായ മാനസിക ശാരീരിക ഉപദ്രവങ്ങൾ ഊഹിക്കുന്നതിനും അപ്പുറമായിരുന്നു. എന്റെ ജീവന് ഭീഷണിയുണ്ടായിരുന്നതു കൊണ്ട് പൊലീസ് പ്രൊട്ടക്‌ഷൻ തേടിയിട്ടുണ്ട്. 2012ൽ രണ്ടാമതും വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാൻ കഴിയാത്തതുകൊണ്ടാണ് ആ ബന്ധം വേർപിരിഞ്ഞത്. പക്ഷേ, എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. എന്റെ മകന് ഞങ്ങൾ രണ്ടു പേരെയും വേണം.

ഹെൽത്ത് കോൺഷ്യസാണോ ?

2014 ലാണ് എനിക്ക് കുഞ്ഞുണ്ടാകുന്നത്. പ്രഗ്‌നന്റ് ആയ സമയം മുതൽ എന്റെ ഭാരം കൂടാൻ തുടങ്ങി. മോനെ പ്രസവിച്ച ശേഷം തൊണ്ണൂറ്റിയഞ്ച് കിലോയായിരുന്നു ഭാരം. ഇനിയൊരിക്കലും പഴയപടിയാകാൻ കഴിയില്ലെന്ന് വരെ ഞാൻ പേടിച്ചു. പക്ഷേ, മനസ്സിൽ വാശിയായിരുന്നു. അങ്ങനെയാണ് ജിമ്മിൽ ചേർന്നത്. കഠിന വ്യായാമം, കൃത്യമായ ഡയറ്റ്. ഇത്രയും കൊല്ലം കൊണ്ട് ഞാൻ 35 കിലോയോളം കുറച്ചു. ഇപ്പോഴും ജീവി തത്തിന്റെ നല്ലൊരു ഭാഗം ആരോഗ്യത്തിന് വേണ്ടി മാറ്റി വച്ചിരിക്കുകയാണ്. വ്യായാമം ചെയ്യുമ്പോൾ ലഭിക്കുന്ന പോസറ്റീവ് എനർജി വളരെ വലുതാണ്.  

ഈ അഞ്ചു കൊല്ലം ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങൾ?

ഈ വർഷവും കഴിഞ്ഞ വർഷവും സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷേ, അതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് കാര്യം. കഴിഞ്ഞ അഞ്ചു വർഷത്തിലെ ഏറ്റവും വലിയ സൗഭാഗ്യം എ ന്റെ മകനെ കിട്ടിയതാണ്. അവനു വേണ്ടിയാണ് ഞാനിപ്പോൾ ജീവിക്കുന്നത്. ഓരോ ദിവസവും ഞാൻ അവനു വേണ്ടി ഓരോ കഥകൾ എഴുതും. അവൻ രണ്ട് മൂന്ന് കഥാപാത്രങ്ങളുടെ പേര് പറയും. ഉറങ്ങാറാകുമ്പോഴേക്കും ഞാൻ അവയെ വച്ച് ഒരു കഥ ഉണ്ടാക്കണം. അരീഹയ്ക്ക് വേണ്ടി എഴുതിയ എല്ലാ കഥകളും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അതൊരു പുസ്തകമായി പബ്ലിഷ് ചെയ്യാനുള്ള പദ്ധതിയും ഉണ്ട്.

ഭാവി പരിപാടികൾ ?

നല്ല സിനിമകളുടെ ഭാഗമാകണം. ശക്തമായ കഥാപാത്രങ്ങൾ ചെയ്യണം. ഹിന്ദിയിൽ ഇപ്പോഴും ഞാൻ ഒഡീഷനുകളിൽ പങ്കെടുക്കാറുണ്ട്. മികച്ച ആക്ടിങ് അനുഭവമാണ് ഓരോ ഒഡീഷനും. എനിക്ക് ചില വേഷങ്ങൾ മാത്രമേ ചേരൂ എന്നൊന്നും കരുതുന്നില്ല. 22 വയസ്സിൽ 18 വയസ്സുകാരന്റെ അമ്മയാകാമെങ്കിൽ ഏതു വേഷവും ചെയ്യാൻ കഴിയുമെന്ന കോൺഫിഡൻസുണ്ട്.

Tags:
  • Celebrity Interview
  • Movies