Friday 10 September 2021 12:52 PM IST

‘ചില കാര്യങ്ങളിൽ ഞാൻ ഓവർ കോൺഷ്യസാണെന്ന് തോന്നിയിട്ടുണ്ട്; കൺമണിയുടെ ഓരോ ദിവസവും കൃത്യമായി പ്ലാൻ ചെയ്യാറുണ്ട്’: മനസ്സ് തുറന്ന് മുക്ത

Lakshmi Premkumar

Sub Editor

muktha-kiyyyerr445 ഫോട്ടോ: ബേസിൽ പൗലോ

മുക്ത സീരിയസാണ്. അഞ്ചുവയസ്സുകാരിയുടെ അമ്മ അങ്ങനെ വേണമെന്നാണ് മുക്ത പറയുന്നത്..

കൺമണി എന്തൊരു സുന്ദരികുട്ടിയാ... എന്ന് പറഞ്ഞാൽ ഉടൻ കൺമണി നന്ദി പറയും. ആരെങ്കിലും സഹായിച്ചാലും, അഭിനന്ദിച്ചാലും ‘താങ്ക്സ് ’ പറയണമെന്ന് അമ്മ പഠിപ്പിച്ചിട്ടുണ്ട്. എന്നിട്ട് ഒളികണ്ണിട്ട് അമ്മയെ നോക്കും. ‘ഒാകെ അല്ലെ’ എന്ന മട്ടിൽ. ‘എപ്പോഴാ എനിക്ക് ലിപ്സ്റ്റിക് ഇട്ടു തരണേ’ എന്ന് ചോദിച്ച് അമ്മയെ ചുറ്റിപ്പിടിച്ചിട്ട് അടുത്ത നിമിഷം കൂട്ടു വന്ന അപ്പയോട് കുറുമ്പ് കാണിക്കും. കുറുമ്പ് കൂടുമ്പോൾ അമ്മയുടെ വിളിയെത്തും. പെട്ടെന്ന് കൺമണി കൂളാകും. ഒന്നുമറിയാത്ത പോലെ പാടും,‘ആലിപ്പഴം പെറുക്കാം... പീലി കുട നിവർത്തി...’

കൺമണി മുക്തയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ എന്തൊക്കെയാണ് ?

കുഞ്ഞായിരുന്നപ്പോൾ ഒരുപാട് കൊഞ്ചിക്കുമായിരുന്നു. ഇപ്പോൾ കൺമണിക്ക് അഞ്ചു വയസ്സായി. പല കാര്യങ്ങളിലും സ്വാതന്ത്ര്യം കൊതിച്ചു തുടങ്ങുമ്പോൾ അവളോട് കുറച്ച് കർക്കശക്കാരിയായി മാറുന്നതാണ് നല്ലതെന്ന് തോന്നി. ചിലപ്പോൾ വഴക്കൊക്കെ പറഞ്ഞു കഴിഞ്ഞ് ആലോചിക്കും, ‘ശ്ശോ, ഇച്ചിരി കൂടി പോയോ, കുഞ്ഞിന് വിഷമമായോ’ എന്നൊക്കെ. കുട്ടികളുടെ പ്രത്യേകത അവർക്ക് ആരോടും വെറുപ്പ് ഉണ്ടാകില്ല എന്നതാണ്. ആ നിമിഷം കൊണ്ട് തന്നെ അവരത് മറന്നു പോകും. പഠനകാര്യങ്ങൾ, പങ്കുവയ്ക്കൽ ഇവയിലൊക്കെയാണ് ഞാൻ സ്ട്രിക്റ്റായി മാറുന്നത്. വീട്ടിൽ പപ്പ റിങ്കു നേരെ തിരിച്ചും. അത് എല്ലാ വീട്ടിലും അങ്ങനെതന്നെയല്ലേ...

കൺമണിയെ വളർത്തുമ്പോൾ കൂടുതൽ ശ്രദ്ധിക്കാറുള്ളത് ഏതൊക്കെ കാര്യങ്ങളാണ് ?

ചില കാര്യങ്ങളിൽ ഞാൻ ഓവർ കോൺഷ്യസാണെന്ന് തോന്നിയിട്ടുണ്ട്. കുഞ്ഞിന്റെ ഡ്രസ്സിങ് മുതൽ തലയിൽ കുത്തുന്ന ക്ലിപ് വരെ വൃത്തിയായി സൂക്ഷിക്കണം, ഭംഗിയായി ഉപയോഗിക്കണം  എന്നു നിർബന്ധമുണ്ട്. പഠിക്കുമ്പോൾ ഒപ്പമിരിക്കും. ടീച്ചർമാരിൽനിന്ന് പരാതി ഉണ്ടാകരുത്.

ഞാനവളുടെ ഓരോ ദിവസവും കൃത്യമായി പ്ലാൻ ചെയ്യാറുണ്ട്. തോന്നുമ്പോള്‍ ടിവി കാണുക, ഇഷ്ടമുള്ളപ്പോള്‍ പ്രാർഥിക്കുക, അതൊന്നും അനുവദിക്കില്ല. ഓൺലൈൻ ക്ലാസ് കഴിഞ്ഞാലുടൻ ഹോം വർക് തീർക്കണം. അതിനുശേഷം ടിവി കാണാം. രാവിലെ അര മണിക്കൂർ യോഗ ചെയ്യണം. എത്ര തിരക്കായാലും ഏഴു മണി തൊട്ട് ഏഴര വരെ ഞങ്ങളുടെ പ്രാർഥന സമയമാണ്. 6:45 എന്നൊരു സമയമുണ്ടെങ്കിൽ വീട്ടിലെ ഈശോയുടെ ചിത്രത്തിനു മുന്നിലെ ലൈറ്റ് തെളിയിക്കണം. അത് കൺമണിയുടെ ജോലിയാണ്. സമയമാകുമ്പോൾ അവൾ ചോദിക്കും ‘അമ്മേ, ഈശോപ്പയുടെ ലൈറ്റ് ഇടാറായോ’ എന്ന്. ജീവിതത്തിൽ കൃത്യമായ ചിട്ടയുണ്ടാകുന്നത് ഭാവിയിലും ഏറെ ഉപകരിക്കും എന്നാണ് എന്റെ വിശ്വാസം.

ഈ വർഷം അവൾ പഠിക്കുന്ന തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ സ്പോർട്സ് ഡേയ്ക്ക് കണ്‍മണിയുടെ യോഗാ വിഡിയോയാണ് എല്ലാ കുട്ടികൾക്കുമായി കാണിച്ചത്. ശരിക്കും കണ്ണ് നിറഞ്ഞാണ് അതു കണ്ടത്.

Tags:
  • Celebrity Interview
  • Movies