Saturday 11 September 2021 02:21 PM IST

‘ഇത്രയും സിനിമകൾ ചെയ്തിട്ടും കൂടുതൽ പ്രശംസ കിട്ടിയത് ‘കൂടത്തായി’ സീരിയലിൽ നിന്നാണ്’: മനസ്സ് തുറന്ന് മുക്ത

Lakshmi Premkumar

Sub Editor

_BAP9312 ഫോട്ടോ: ബേസിൽ പൗലോ

മുക്ത സീരിയസാണ്. അഞ്ചു വയസ്സുകാരിയുടെ അമ്മ അങ്ങനെ വേണമെന്നാണ് മുക്ത പറയുന്നത്...

കൺമണി എന്തൊരു സുന്ദരികുട്ടിയാ... എന്ന് പറഞ്ഞാൽ ഉടൻ കൺമണി നന്ദി പറയും. ആരെങ്കിലും സഹായിച്ചാലും, അഭിനന്ദിച്ചാലും ‘താങ്ക്സ് ’ പറയണമെന്ന് അമ്മ പഠിപ്പിച്ചിട്ടുണ്ട്. എന്നിട്ട് ഒളികണ്ണിട്ട് അമ്മയെ നോക്കും. ‘ഒാകെ അല്ലെ’ എന്ന മട്ടിൽ. ‘എപ്പോഴാ എനിക്ക് ലിപ്സ്റ്റിക് ഇട്ടു തരണേ’ എന്ന് ചോദിച്ച് അമ്മയെ ചുറ്റിപ്പിടിച്ചിട്ട് അടുത്ത നിമിഷം കൂട്ടു വന്ന അപ്പയോട് കുറുമ്പ് കാണിക്കും. കുറുമ്പ് കൂടുമ്പോൾ അമ്മയുടെ വിളിയെത്തും. പെട്ടെന്ന് കൺമണി കൂളാകും. ഒന്നുമറിയാത്ത പോലെ പാടും,‘ആലിപ്പഴം പെറുക്കാം... പീലി കുട നിവർത്തി...’

കൺമണി മുക്തയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ എന്തൊക്കെയാണ് ?

കുഞ്ഞായിരുന്നപ്പോൾ ഒരുപാട് കൊഞ്ചിക്കുമായിരുന്നു. ഇപ്പോൾ കൺമണിക്ക് അഞ്ചു വയസ്സായി. പല കാര്യങ്ങളിലും സ്വാതന്ത്ര്യം കൊതിച്ചു തുടങ്ങുമ്പോൾ അവളോട് കുറച്ച് കർക്കശക്കാരിയായി മാറുന്നതാണ് നല്ലതെന്ന് തോന്നി. ചിലപ്പോൾ വഴക്കൊക്കെ പറഞ്ഞു കഴിഞ്ഞ് ആലോചിക്കും, ‘ശ്ശോ, ഇ ച്ചിരി കൂടി പോയോ, കുഞ്ഞിന് വിഷമമായോ’ എന്നൊക്കെ. കുട്ടികളുടെ പ്രത്യേകത അവർക്ക് ആരോടും വെറുപ്പ് ഉണ്ടാകില്ല എന്നതാണ്. ആ നിമിഷം കൊണ്ട് തന്നെ അവരത് മറന്നു പോകും. പഠനകാര്യങ്ങൾ, പങ്കുവയ്ക്കൽ ഇവയിലൊക്കെയാണ് ഞാൻ സ്ട്രിക്റ്റായി മാറുന്നത്. വീട്ടിൽ പപ്പ റിങ്കു നേരെ തിരിച്ചും. അത് എല്ലാ വീട്ടിലും അങ്ങനെതന്നെയല്ലേ...

കൺമണിയെ വളർത്തുമ്പോൾ കൂടുതൽ ശ്രദ്ധിക്കാറുള്ളത് ഏതൊക്കെ കാര്യങ്ങളാണ് ?

ചില കാര്യങ്ങളിൽ ഞാൻ ഓവർ കോൺഷ്യസാണെന്ന്  തോന്നിയിട്ടുണ്ട്. കുഞ്ഞിന്റെ ഡ്രസ്സിങ് മുതൽ തലയിൽ കുത്തുന്ന ക്ലിപ് വരെ വൃത്തിയായി സൂക്ഷിക്കണം, ഭംഗിയായി ഉപയോഗിക്കണം  എന്നു നിർബന്ധമുണ്ട്. പഠിക്കുമ്പോൾ ഒപ്പമിരിക്കും. ടീച്ചർമാരിൽനിന്ന് പരാതി ഉണ്ടാകരുത്.

ഞാനവളുടെ ഓരോ ദിവസവും കൃത്യമായി പ്ലാൻ ചെയ്യാറുണ്ട്. തോന്നുമ്പോള്‍ ടിവി കാണുക, ഇഷ്ടമുള്ളപ്പോള്‍ പ്രാർഥിക്കുക, അതൊന്നും അനുവദിക്കില്ല. ഓൺ ലൈൻ ക്ലാസ് കഴിഞ്ഞാലുടൻ ഹോം വർക് തീർക്കണം. അതിനു ശേഷം ടിവി കാണാം. രാവിലെ അര മണിക്കൂർ യോഗ ചെയ്യണം. എത്ര തിരക്കായാലും ഏഴു മണി തൊട്ട് ഏഴര വരെ ഞങ്ങളുടെ പ്രാർഥന സമയമാണ്. 6:45 എന്നൊരു സമയമുണ്ടെങ്കിൽ വീട്ടിലെ ഈശോയുടെ ചിത്രത്തിനു മുന്നിലെ ലൈറ്റ് തെളിയിക്കണം. അത് കൺമണിയുടെ ജോലിയാണ്. സമയമാകുമ്പോൾ അവൾ ചോദിക്കും ‘അമ്മേ, ഈശോപ്പയുടെ ലൈറ്റ് ഇടാറായോ’ എന്ന്. ജീവിതത്തിൽ കൃത്യമായ ചിട്ടയുണ്ടാകുന്നത് ഭാവിയിലും ഏറെ ഉപകരിക്കും എന്നാണ് എന്റെ വിശ്വാസം.

ഈ വർഷം അവൾ പഠിക്കുന്ന തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ സ്പോർട്സ് ഡേയ്ക്ക് കണ്‍മണിയുടെ യോഗാ വിഡിയോയാണ് എല്ലാ കുട്ടികൾക്കുമായി കാണിച്ചത്. ശരിക്കും കണ്ണ് നിറഞ്ഞാണ് അതു കണ്ടത്.

സീരിയലുകളിലേക്കാണ് മുക്ത റീ എൻട്രി നടത്തിയത്?

കുഞ്ഞുണ്ടായിക്കഴിഞ്ഞ് രണ്ടു വർഷത്തോളം ബ്രേക് എടുത്തു. പിന്നെ വന്ന നല്ല ചാൻസ് തമിഴ് സീരിയലിലേക്കായിരുന്നു. ചന്ദ്രകുമാരി. അതിനുശേഷം ചെറിയ ബ്രേക് എടുത്താണ് മലയാളത്തിൽ ‘കൂടത്തായി’ ചെയ്യുന്നത്. ഇത്രയും സിനിമകൾ ചെയ്തിട്ടും കൂടുതൽ പ്രശംസ കിട്ടിയത് സീരിയലിൽ നിന്നാണ്. സീരിയലിൽ ഞാൻ ചെയ്തത് നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നു. ഒരു സീനിൽ കുഞ്ഞിനു വിഷം കൊടുക്കുന്നതായുണ്ട്. അതുകണ്ട് കൺമണി ആകെ വയലന്റായി. ‘എന്തിനാ അമ്മ ഇങ്ങനെയൊക്കെ ചെയ്യുന്നേ, ഈശോപ്പയുടെ പിള്ളേരൊന്നും ഇങ്ങനെ ചെയ്യില്ലാട്ടോ’ എന്നൊക്കെ എനിക്ക് വാണിങ് തന്നു. നയൻതാരയാണ് കൺമണിയുടെ ഇഷ്ടപ്പെട്ട താരം. ഇപ്പോൾ അവൾക്കും അഭിനയിക്കാൻ ഇഷ്ടമാണ്.

പ്രഫഷനൽ ലൈഫും പഴ്സനൽ ലൈഫും ബാലൻസ് ചെയ്യുന്നത് ?

പുതിയ പ്രോജക്റ്റ് വരുമ്പോൾ തുടങ്ങും ടെൻഷൻ. ഞാൻ പോകുമ്പോൾ മോളെ നോക്കാൻ നല്ലൊരു ആളെ കിട്ടണം, അവർ നന്നായി നോക്കുമോ എന്നുള്ള ടെൻഷൻ, ക്ലാസ്സുള്ള സമയത്താണെങ്കിൽ  ലാപ്ടോപ് നന്നായി കൈകാര്യം ചെയ്യുമോ? കൃത്യമായി ലോഗിൻ ചെയ്യുമോ? അങ്ങനെ നീളും. അവളുടെ എല്ലാ കാര്യങ്ങളും കഴിഞ്ഞ് എനിക്ക് ചെയ്യാൻ കഴിയുന്ന പ്രോജക്റ്റുകൾ മാത്രമേ സ്വീകരിക്കാറുള്ളൂ.

മാസത്തിൽ പത്ത് ദിവസമായിരിക്കും സീരിയൽ ഷൂട്ടിങ്. ആ ദിവസങ്ങളിൽ കൺമണി അഡ്ജസ്റ്റ് ചെയ്യും. ഫാമിലി തന്നെയാണ് എല്ലാം. പുറത്ത് ഒരുപാട് സുഹൃത്തുക്കളോ ബഹളങ്ങളോ ഒന്നുമില്ല. വർക് കഴിഞ്ഞാൽ വീട്. ഞാൻ, ഏട്ടൻ, മോള് ഈയൊരു ട്രയാങ്കിളാണ് ലോകം.

_BAP9669

സെലിബ്രിറ്റി സ്റ്റാറ്റസിലാണല്ലോ കുഞ്ഞു വളരുന്നത് ?

റിമിചേച്ചിയുടെ യുട്യൂബ് ചാനലിനു വേണ്ടി ചെയ്യുന്ന വിഡിയോകളിലൂടെയാണ് കൂടുതൽ ആളുകൾക്ക് കൺമണിയെ പരിചയം. അതു പലരിലേക്കും ഷെയർ ചെയ്തു പോകുകയും നല്ല റീച്ച് കിട്ടുകയും ചെയ്യാറുണ്ട്. പക്ഷേ, ഇതിനെല്ലാം അപ്പുറം ഞങ്ങളുടെ വീട് സെലിബ്രിറ്റി വീടല്ല. പോഷ് ജീവിതവുമല്ല. സാധാരണ ലൈഫാണ്.

കൺമണിയെ വളരെ ലാളിത്യത്തോടെയും മര്യാദയോടെയുമാണ് പെരുമാറാൻ പഠിപ്പിച്ചിരിക്കുന്നത്. പുറത്തുപോകുമ്പോൾ എന്നേക്കാൾ ആളുകൾ തിരിച്ചറിയുന്നത് മോളെയാണ്. എല്ലാവരോടും ബഹുമാനത്തിൽ സംസാരിക്കണം, നന്നായി ചിരിക്കണം എന്നെല്ലാം പഠിപ്പിച്ചിട്ടുണ്ട്.   

കുഞ്ഞിനെ പോലെ തന്നെയാണ് മുക്തയ്ക്ക് സ്വന്തം ഫ്ലാറ്റ്?

വൈറ്റ് ഫോറസ്റ്റ് എന്നാണ് ഫ്ലാറ്റിന്റെ പേര്. വൈറ്റ് തീം ആയതുകൊണ്ട് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ നല്ല ബുദ്ധിമുട്ടാണ്. ഒഴിവുസമയം മുഴുവൻ വീട് വൃത്തിയാക്കലാണ്. വീട്ടിൽ നിറയെ ചെടികളുണ്ട്. അതുകൊണ്ട് തന്നെ നല്ല ശ്രദ്ധ വേണം. നാലഞ്ച് ദിവസം കൂടുമ്പോൾ എല്ലാ ചെടിക്കും വെള്ളം ഒഴിക്കണം, ബാൽക്കണിയിൽ കൊണ്ടു പോയി വെയിൽ കൊള്ളിക്കണം. തിരികെ അതത് സ്ഥലത്ത് വയ്ക്കണം. കൺമണിയുടെ കളിപ്പാട്ടങ്ങളാണ് എന്റെ വെല്ലുവിളി. കളിച്ചു കഴിഞ്ഞ് എല്ലാം വൃത്തിയായി തിരികെ വയ്ക്കേണ്ടത് കൺമണിയുടെ ജോലിയാണ്.

വീട്ടിലെ നാലാമത്തെ ആളാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വിശേഷം. പലരും കരുതിയിരിക്കുന്നത് എനിക്ക് രണ്ടാമത് കുഞ്ഞുണ്ടായി എന്നാണ്. കൺമണി കുറേനാളായി പറയുന്നു ഒരു പപ്പിയെ വേണമെന്ന്. അവളുടെ അഞ്ചാം പിറന്നാളിന് ഞാനും ഏട്ടനും നൽകിയ സർപ്രൈസാണ് ഒരു കുഞ്ഞു പപ്പി കിയ. അവളുടെ കിയാര എന്ന പേരിൽ നിന്നു തന്നെ. ഭയങ്കര സന്തോഷത്തിലാണിപ്പോൾ. ഞാൻ അവളെ പഠിപ്പിക്കുന്നതൊക്കെ അവൾ കിയയെയും പഠിപ്പിക്കാനുള്ള ഉത്സാഹത്തിലാണ്.

muktha-kiyyyerr445
Tags:
  • Celebrity Interview
  • Movies