Saturday 22 March 2025 01:41 PM IST

‘എന്തു വന്നാലും പഠനം ഉഴപ്പില്ല, സിനിമയും അത്രത്തോളം തന്നെ ഇഷ്ടമാണ്’; മെഡിസിൻ പഠനത്തിനിടെ ‘റൈഫിൾ ക്ലബ്ബി’ല്‍ എത്തിയ നവനി പറയുന്നു

Rakhy Raz

Sub Editor

navami-devanand ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, കടപ്പാട്: Neo Classic Cruise & Tours Pvt Ltd, Marine Drive, Kochi

മനസ്സിൽ വീഞ്ഞിന്റെ ലഹരി നിറയ്ക്കുന്നൊരു പാട്ട്. സ്വർണ മത്സ്യങ്ങളെപ്പോലെ നൃത്തം ചെയ്യുന്ന പയ്യനും പെൺകുട്ടിയും. റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ‘ഗന്ധർവഗാനം’ എന്ന പാട്ടിന് ഇത്രയേറെ മധുരം പകർന്നവരിലൊരാൾ ആ രംഗത്തു നൃത്തംചെയ്ത  നവനി ദേവാനന്ദ് എന്ന സുന്ദരിക്കുട്ടിയാണ്.

‘‘എംബിബിഎസിന് പഠിക്കുന്ന ഞാൻ ചെന്നൈയിൽ നിന്ന്   അവധിയെടുത്ത് അമ്മയുടെ കസിന്റെ കല്യാണ നിശ്ചയത്തിൽ പങ്കെടുക്കാൻ നാട്ടിലെത്തി. ആ സമയത്താണ് ഇൻസ്റ്റഗ്രാമിലെ ഡാൻസ് റീൽസ് കണ്ട് റൈഫിൾ ക്ലബ്ബിന്റെ കാസ്റ്റിങ് ഡയറക്ടറുടെ വിളി. നൃത്തം ചെയ്യേണ്ട കഥാപാത്രമാണ്. ഡാൻസറായ റംസാനാണ് പെയർ എ ന്നു കൂടി കേട്ടതോടെ പിന്നൊന്നും ചിന്തിച്ചില്ല.   

തുടക്കം മൂന്നാം വയസ്സിൽ

എന്റെ അമ്മ ഹേമ എൻജിനീയറും ഇന്റീരിയർ ഡിസൈനറും നർത്തകിയുമാണ്. അച്ഛൻ ഡോ.അനു ദേവാനന്ദ് ഓർത്തോപീഡിക് സർജനും ഗായകനും. എനിക്ക് മൂന്നു വയസ്സുള്ളപ്പോൾ അമ്മ ഇന്റീരിയർ ഡിസൈനിങ് പഠിപ്പിക്കുന്ന സ്ഥാപനത്തിൽ കുട്ടികളുടെ സൗന്ദര്യ മത്സരം നടന്നു. അതിൽ ‘ടൈറ്റിൽ വിന്നർ’  ആയിരുന്നു.

അന്നവിടെ അതിഥിയായി  പ്രൊഡ്യൂസർ പി. വി. ഗംഗാ ധരൻ സാറുണ്ട്. നോട്ട്‌ബുക്ക് എന്ന സിനിമയിലേക്ക് ഒരു കുട്ടിയെ വേണം. ഞാൻ കുഞ്ഞായതുകൊണ്ട് സിനിമയ്ക്ക് വിടണോ എന്ന് അച്ഛനും അമ്മയ്ക്കും സംശയം. പക്ഷേ, അച്ഛന്റെയും അമ്മയുടെയും വീട്ടുകാർക്കൊക്കെ എന്നെ സിനിമയിൽ വിടാൻ ആയിരം വട്ടം ഇഷ്ടം. അതോടെ പോയി നോക്കാമെന്നായി. എത്തിയത് വൈകിയായതിനാൽ പ്രാധാന്യമുള്ള റോൾ മറ്റൊരു കുട്ടി ചെയ്തിരുന്നു. അങ്ങനെ നോട്ട് ബുക്ക് എന്ന സിനിമയിൽ ചെറിയ സീൻ.  അതാണ് ആദ്യ സിനിമ.

navami2

നൃത്തം ഒരുപാട് ഇഷ്ടം

അമ്മയുടെ നാട് കോട്ടയവും അച്ഛന്റെ നാട് എറണാകുളവുമാണെങ്കിലും 23 വർഷമായി ഞങ്ങൾ കോഴിക്കോടാണ് താമസം. എം.ടി. വാസുദേവൻ നായർ സാറിന്റെ ഭാര്യ സരസ്വതി ടീച്ചറുടെ നൃത്ത വിദ്യാലയത്തിന്റെ നേരെ എതിർവശത്തായിരുന്നു അന്നു ഞങ്ങളുടെ വാടകവീട്. പിന്നീട് നൃത്തവിദ്യാലയത്തിന് രണ്ടു കിലോമീറ്റർ അപ്പുറത്തു സ്വന്തമായി വീടുവച്ചു മാറി നൃത്തപഠനം തുടർന്നു. സരസ്വതി ടീച്ചറും മകൾ അശ്വതി ടീച്ചറും ഭർത്താവ് ശ്രീകാന്ത് സാറുമാണ് എന്റെ ഗുരുക്കന്മാർ.  അവരുടെ കീഴിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ അഭ്യസിച്ചു.

അവരുടെ ടീമിനൊപ്പം പല നൃത്തപരിപാടികളിലും പ ങ്കെടുത്തു. ഒപ്പം ജില്ലാ – സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും. പത്താം ക്ലാസ് വരെ കോഴിക്കോട് സിൽവർ ഹിൽസ് സ്ക്കൂളിലാണ് പഠിച്ചിരുന്നത്. സംസ്ഥാന  കലോത്സവത്തിൽ ഓട്ടൻ തുള്ളലിന് ഒന്നാം സ്ഥാനമുണ്ടായിരുന്നു. മറ്റു നൃത്തയിനങ്ങൾക്ക് ഫസ്റ്റും സെക്കൻഡും  എഗ്രേഡും മാറി മാറി ഓരോ വർഷവും ലഭിച്ചിട്ടുണ്ട്. നൃത്തത്തോടൊപ്പം ടി. എച്ച്. ലളിത ടീച്ചറിൽ നിന്നു വയലിനും പാലാ സി. കെ. രാമചന്ദ്രൻ മാഷിന്റെയടുത്തു സംഗീതവും  പഠിച്ചു.

ക്ലാസിക്കൽ ഡാൻസിനൊപ്പം സിനിമാറ്റിക് – വെസ്റ്റേ ൺ ഡാൻസും  ഇഷ്ടമാണ്.  അതൊക്കെ തനിയെ പഠിക്കും. നന്നായി പ്രാക്റ്റീസ് ചെയ്യും. മടി വരുന്ന ദിവസം കട്ടിലിൽ കിടന്നായിരിക്കും പ്രാക്റ്റീസ് എന്നു മാത്രം.

മിഖായേൽ വന്ന വഴി

പ്ലസ്‌ടുവിന് ദേവഗിരി സ്കൂളിൽ പഠിക്കുമ്പോൾ എംബിബിഎസിന് ചേരണം എന്നു നിശ്ചയിച്ചു കലോത്സവങ്ങളൊക്കെ ഒഴിവാക്കി. അങ്ങനെയിരിക്കെ സ്കൂളിൽ മിഖായേൽ സിനിമയ്ക്കായുള്ള ഒാഡിഷൻ ടീമെത്തി. ഒരു രസത്തിനു ഞാനും പോയി. സെലക്റ്റ് ആയി. നിവിൻ പോളിയുടെ അനുജത്തിയും കരാട്ടേക്കാരിയായുമായ കഥാപാത്രം. അനുജത്തിയുടെ കാവൽ മാലാഖയായ ചേട്ടന്റെ റോളാണ് അതിൽ നിവിൻ പോളിക്ക്.  

എൻട്രൻസ് എഴുതിയെടുക്കണം എന്നു നിർബന്ധമുണ്ടായിരുന്നതിനാൽ പിന്നീടു വന്ന സിനിമകളെല്ലാം വേണ്ടെന്നു വച്ചു. അതിൽ ഒരു ചാൻസ് ‘മിസ്’ ചെയ്തതിൽ വലിയ സങ്കടമുണ്ട്. മണിരത്നം സർ നിർമിച്ച വെബ് സീരീസ് നവരസയിലെ അവസരം. ഞാൻ ഒഴിവാക്കുന്ന സിനിമകളെല്ലാം അച്ഛനും അമ്മയും പോയി കാണാറുണ്ട്. നവരസയിൽ എനിക്കു നഷ്ടപ്പെട്ട റോൾ എത്രമാത്രം നല്ലതായിരുന്നു എന്നറിഞ്ഞത് അങ്ങനെയാണ്.

പന്ത്രണ്ടാം ക്ലാസ് ബോർഡ് എക്സാമും എൻട്രൻസും ഒക്കെ എഴുതി ഇരിക്കുന്ന സമയത്താണ് ഫിലിപ്സ് എന്ന സിനിമ ചെയ്തത്. ഷൂട്ടിങ് കഴിഞ്ഞപ്പോഴേക്കും ചെന്നൈയിൽ എംബിബിഎസിന് അഡ്മിഷൻ ലഭിച്ചിരുന്നു.

മെഡിസിൻ പഠനത്തിന്റെ മൂന്നാം വർഷം തുടങ്ങിയപ്പോഴാണ്  റൈഫിൾ ക്ലബ്ബ് വരുന്നത്. ഷൂട്ടിനിടയിലും പരീക്ഷയെഴുതേണ്ടി വന്നിട്ടുണ്ട്. എന്തു വന്നാലും പഠനം ഉഴപ്പില്ല ഞാൻ. സിനിമയും  അത്രത്തോളം തന്നെ ഇഷ്ടമാണ്.

Tags:
  • Celebrity Interview
  • Movies