Wednesday 07 June 2023 02:37 PM IST

‘നായികയാകണം എന്നല്ല, നല്ല കാരക്ടർ റോളുകൾ ചെയ്യണം എന്നാണു മോഹം’: നിഖില വിമലിന്റെ വിശേഷങ്ങള്‍

Roopa Thayabji

Sub Editor

_DSC4960 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

അഭിനയം മാത്രമല്ല, സിനിമയിൽ മറ്റു പല മേഖലകളിലും ഇപ്പോൾ നിഖില വിമലിന്റെ സാന്നിധ്യമുണ്ട്...

‘അയൽവാശി’യിലെ സെലീനയ്ക്ക് അയൽവാശിണ്ടോ ?

ഇർഷാദ് പരാരി സംവിധാനം ചെയ്യുന്ന ‘അയൽവാശി’ ഈ മാസം റിലീസാകും. അയൽക്കാർ തമ്മിലുള്ള പ്രശ്നങ്ങ ൾ രസകരമായി പറയുന്ന കഥയാണെങ്കിലും അയൽവാശി ഒട്ടുമില്ലാത്ത കഥാപാത്രമാണ് എന്റെ സെലീന. നമ്മുടെ വീടിനടുത്തൊക്കെ എല്ലാവർക്കും സഹായമായ അതുപോലുള്ള ഒരു ചേച്ചിയെങ്കിലും കാണും. എനിക്കു ചെയ്യാ ൻ ഇഷ്ടമുള്ളതും എന്നെ തേടി വരുന്നതും ആളുകൾക്ക് എന്നെ കാണാൻ ഇഷ്ടമുള്ളതും ‘നല്ല കുട്ടി’ റോളുകളിലാണെന്നു തോന്നുന്നു.

തളിപ്പറമ്പിലെ എന്റെ വീടിനടുത്തെങ്ങും ‘അയൽവാശി’യുള്ളവരെ കണ്ടിട്ടേയില്ല. അവിടെ കൂടുതലും മുസ്‌ലിം കുടുംബങ്ങളാണ്. നോമ്പു കാലത്ത് ഓരോ വീട്ടിൽ നിന്നും പല രുചികളിൽ വിഭവങ്ങളെത്തും. ഹോട്‌സ്റ്റാറിനു വേണ്ടിയുള്ള വെബ് സീരീസിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. വയനാട്ടിലെ ലൊക്കേഷനിലാണ് എന്നറിഞ്ഞ് അയൽ വീട്ടിലെ ചേച്ചിമാർ വിളിക്കും, ഇന്നു നോമ്പു തുറക്കാൻ ന ല്ല ചട്ടിപ്പത്തിരിയും ഉന്നക്കായുമൊക്കെ ഉണ്ടാക്കുന്നുണ്ട്, വൈകിട്ട് കണ്ണൂരേക്കു വരുമോ...

തമിഴിൽ അശോക് സെൽവൻ നായകനാകുന്ന ‘പോര്‍ തൊഴിലും’ മാരി ശെൽവരാജിന്റെ ‘വാഴൈ’യും റിലീസാകാനുണ്ട്. നിവിൻ പോളിയുടെ ‘താരം’ ഉടൻ തുടങ്ങും.

നായികയായ ശേഷവും ‘അഞ്ചാം പാതിര’, ‘ബ്രോ ഡാഡി’ പോലെ ഒറ്റ സീൻ റോളുകൾ ചെയ്യുന്നു. എന്താണു മനസ്സിൽ ?

എത്രപേർ വിശ്വസിക്കും എന്നറിയില്ല, എന്നെ കൂടുതൽ പേരും അറിയുന്നത് അഞ്ചാം പാതിരയിലെ കഥാപാത്രത്തിന്റെ പേരിലാണ്. കോവിഡും ലോക്ഡൗണുമൊക്കെ കഴി‍ഞ്ഞ സമയത്താണു ‘ബ്രോ ഡാഡി’യിലേക്കു വിളിച്ചത്. അത്ര ചെറിയ റോളാണ് എന്നറിഞ്ഞിട്ടും ഏറ്റവും അടുപ്പമുള്ള ടീമിന്റെ സിനിമ എന്ന എക്സൈറ്റ്മെന്റിലാണ് അഭിനയിച്ചത്. ലാലു അലക്സ് സാറിന്റെയൊപ്പം മുൻപ് അഭിനയിച്ചിട്ടേയില്ല. കനിഹ ചേച്ചിയെ ആദ്യ സിനിമയ്ക്കു ശേഷം നേരിട്ടു കാണുന്നതും ബ്രോ ഡാഡിയിലാണ്. 

എട്ടാം ക്ലാസ്സിലാണു ‘ഭാഗ്യദേവത’യിൽ അഭിനയിച്ചത്. ലൊക്കേഷനിലെ ചെറിയ കുട്ടിയായ എന്നെ എല്ലാവരും ഓരോന്നു പറഞ്ഞു കളിയാക്കും. അന്നതു വിഷമമായിരുന്നെങ്കിലും ഇപ്പോൾ അദ്ഭുതമാണ്. ഇന്നസെന്റ്, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങി സീനിയർ താരങ്ങൾക്കൊപ്പം തുടങ്ങാനുള്ള ഭാഗ്യം എത്ര പേർക്കു കിട്ടും. ‘മകൾ’ സിനിമയുടെ ലൊക്കേഷനിൽ ഞാൻ പോയിരുന്നു. ‘നമ്മൾ കൊണ്ടുവന്ന കുട്ടിയാ, ചേട്ടന് ഓർമയില്ലേ’ എന്ന് സത്യനങ്കിൾ ചോദിച്ചപ്പോൾ ‘ഇവരൊക്കെ വലിയ കുട്ടികളായി, നമ്മളൊക്കെ പ്രായവുമായി’ എന്നു പറഞ്ഞ് അന്നും ഇന്നസെന്റ് അങ്കിൾ കളിയാക്കി.

നായികയാകണം എന്നല്ല, നല്ല കാരക്ടർ റോളുകൾ ചെയ്യണം എന്നാണു മോഹിക്കുന്നത്. നായികയ്ക്കു  പലപ്പോഴും പെർഫോം ചെയ്യാനുള്ള സാധ്യതകൾ ലിമിറ്റഡ് ആകും. ‘കൊത്തി’ലേക്കു വിളിച്ചപ്പോൾ നമ്മുടെ നാട്ടിലെ ഭാഷ പറയാമല്ലോ എന്നാണ് ആദ്യമോർത്തത്. കൂടെ അഭിനയിക്കുന്നവരെ കണ്ണൂർ സ്ലാങ് പഠിപ്പിക്കുന്നതും സ്ക്രിപ്റ്റിൽ പല ഡയലോഗുകളും കണ്ണൂർ ഭാഷയിലേക്കു മാറ്റിയതുമൊക്കെയായി പല ഡ്യൂട്ടിയും അന്നെനിക്കു കിട്ടി. ‘പടവെട്ടി’ൽ അദിതി ബാലനു വേണ്ടിയും തമിഴിൽ ചില സിനിമകളിലും ഡബ് ചെയ്തിട്ടുമുണ്ട്. 

ജോ ആൻഡ് ജോയിലെ പോലെ വീട്ടിൽ നിന്നു നല്ല ഭാര്യയാകാനുള്ള ട്രെയ്നിങ് തന്നു തുടങ്ങിയോ ?

കുറച്ചു ഫെമിനിസമൊക്കെ ഇറക്കുന്ന മക്കളാണു ഞാനും ചേച്ചി അഖിലയും. സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം തരുന്ന മോഡേൺ ഫാമിലിയാണ് എന്ന് അമ്മ പറയുമെങ്കിലും ‘സ്വാതന്ത്ര്യം നിങ്ങൾ തരേണ്ട, അതു ഞങ്ങളുടെ കയ്യിലുണ്ട്’ എന്നൊക്കെ മറുപടി പറയും.

നല്ല ഭാര്യയാക്കാനുള്ള ട്രെയ്നിങ് തുടങ്ങിയെങ്കിലും ഞങ്ങൾ മുളയിലേ നുള്ളി. വേറൊരു വീട്ടിലേക്കു കയറി ചെല്ലാനുള്ളതാ എന്നൊക്കെയുള്ള ഡയലോഗ് വന്നാൽ മാറിയ കാലത്തെ പെൺകുട്ടികളെ കുറിച്ചു ഞങ്ങൾ മറുപടി കൊടുക്കും. 

കേട്ടാൽ ദേഷ്യം വരുന്ന മറ്റൊരു ഡയലോഗ് ഉണ്ട്. ഞാൻ അത്യാവശ്യം നന്നായി പാചകം ചെയ്യും. അതു കണ്ട് ‘നിന്നെ കല്യാണം കഴിക്കാൻ പോകുന്നയാളിന്റെ ഭാഗ്യം...’ എന്നാരെങ്കിലും പറഞ്ഞാലുണ്ടല്ലോ, അതൊടെ തീർന്നു. കുടുംബിനിയാകാൻ കുക്ക് ചെയ്യേണ്ട കാര്യമില്ലല്ലോ. 

തിയറ്റർ ആർട്സിൽ പിഎച്ച്ഡി കഴിഞ്ഞു യുഎസിൽ സ്കോളർഷിപ്പോടെ പഠനം തുടരുകയാണു ചേച്ചി. വിവാഹം കഴിക്കുന്നെങ്കിൽ അതു പ്രണയിച്ചാകണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ, ഇപ്പോൾ പ്രണയമൊന്നുമില്ല.

Tags:
  • Celebrity Interview
  • Movies