Wednesday 14 August 2024 03:38 PM IST

‘എപ്പോഴാണു നിന്നെ ടിവിയിൽ കാണാനാവുക എന്നു തമാശയായി ചോദിക്കും; ഞാൻ അഭിനയിക്കുന്നതു കാണാനുള്ള ഭാഗ്യം അച്ഛനു ലഭിച്ചില്ല...’

Anjaly Anilkumar

Content Editor, Vanitha

pooja-mohan-actress ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മമ്മൂട്ടി ചിത്രമായ വണ്ണിലൂടെ സിനിമയിലെത്തി ‘ആവേശ’ത്തിലെ സ്വീറ്റിയായി പ്രേക്ഷകരെ കയ്യിലെടുത്ത പൂജ മോഹൻരാജ് ഹിന്ദിയിലേക്ക്...

ദേജു വ്യായാമം തുടരുന്നു

യഷ് രാജ് പ്രൊഡക്‌ഷൻസിന്റെ വെബ് സീരിസിലെ ദേജു എന്ന കഥാപാത്രം ഏറെ പ്രതീക്ഷയുള്ളതാണ്. ഞാനഭിനയിച്ച സിനിമകൾ കണ്ടാണു വിളി വന്നത്. നല്ല ഫിറ്റ്നസ് ഉള്ളയാളാണ് ദേജു. അതുകൊണ്ടു മൂന്നുമാസം മുൻപേ ഞാൻ വർക്കൗട്ട് തുടങ്ങി. ഡംബലുമായാണു ലൊക്കേഷനിലേക്കു പോയിരുന്നത്. അഭിനയത്തിനായി തുടങ്ങിയ വ്യായാമം ഇപ്പോൾ ജീവിതത്തിന്റെ ഭാഗമായി. കീർത്തി സുരേഷാണു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഞങ്ങൾ പെട്ടെന്നു കൂട്ടായി. ‘ആവേശം’ കണ്ടിറങ്ങിയ ഉടൻ കീർത്തി എന്നെ വിളിച്ചു. ലക്കി സ്റ്റാർ എന്നു വിളിച്ചാണ് സംസാരം തുടങ്ങിയത്. ‘നിനക്ക് ഓരോ സിനിമയിലും ഓരോ ലുക്ക് ആണല്ലോ’ എന്നു പറഞ്ഞ് ഭയങ്കര ചിരി.

ഡൽഹിയിലെ പഠനകാലം

എന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവാണ് ഡൽഹിയിലെ പഠനകാലം. ലേഡി ശ്രീറാം കോളജിൽ നിന്നാണ് ഇക്കണോമിക്സ് ബിരുദം പാസായത്. ഡൽഹിയിലെത്തിയപ്പോൾ കലാലോകത്തോടു കൂടുതൽ അടുത്തു. കലാകാ രായി ജീവിക്കുന്നവരെ കണ്ടപ്പോൾ അതാണ് എന്റെയും വഴി എന്ന തിരിച്ചറിവുണ്ടായി. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടകാഭിനയത്തിൽ പിജി പാസായി.

നാടകത്തോടുള്ള ഇഷ്ടം സിംഗപ്പൂരിലുള്ള ഇന്റർ കൾച്ചറൽ തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചു. മൂന്നു വർഷത്തെ ആക്ടിങ് പ്രോഗ്രാമിനിടെ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള കലാകാരന്മാരെ പരിചയപ്പെടാനും അവരുടെ അഭിനയം കാണാനും കഴിഞ്ഞു.   

അങ്ങനെയൊരു സ്ത്രീയുണ്ടാകുമോ?

സിനിമയിൽ എത്തിയിട്ട് മൂന്നു വർഷമായി. കോൾഡ് കേസ്, ഫ്രീഡം ഫൈറ്റ്, ഇരട്ട, കാതൽ, രോമാഞ്ചം, ആവേശം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ആളുകൾ ഓർത്തിരിക്കുന്നു. കുറച്ചല്ലേയുള്ളൂ എന്നു തോന്നുമെങ്കിലും കഥാപാത്രങ്ങൾക്ക് എന്തെങ്കിലും ചെയ്യാനുള്ളതുകൊണ്ടല്ലേ അങ്ങനെ? ‌പരീക്ഷണ സ്വഭാവമുള്ള കഥാപാത്രങ്ങൾ ഇഷ്ടമാണ്.  

ഞാനുമായി ഒട്ടും സാമ്യമില്ലാത്ത കഥാപാത്രമാണ് ഫ്രീഡം ഫൈറ്റിലെ സജ്ന. ഒരിക്കലും അങ്ങനെയൊരു സ്ത്രീയെ പരിചയപ്പെട്ടിട്ടില്ല. അവർക്ക് ദേഷ്യപ്പെടാനറിയില്ല. മറുവശത്ത് ഞാൻ വളരെ കൃത്യമായി കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന ആളാണ്. സജ്ന ആകാൻ സ്വയം മാറി. ഇന്നും അങ്ങനെയൊരു സ്ത്രീയുണ്ടാകുമോ എന്നു ഞാന്‍ കൗതുകത്തോടെ ചിന്തിക്കാറുണ്ട്.   

എന്നെ ഞാനാക്കിയ നാടകം

ചെറുപ്പത്തിൽ ഞാനൊരു നാണം കുണുങ്ങി കുട്ടിയായിരുന്നു. പമ്മി നടക്കുന്ന സ്വഭാവം കൂടി വന്നപ്പോ ഇതത്ര ശരിയല്ലല്ലോ എന്ന് അമ്മയ്ക്കു തോന്നി. അമ്മ എന്നെ ചന്ദ്രദാസൻ മാഷിന്റെ നാടകക്കളരിയിൽ ചേ ർത്തു. എറണാകുളം ചങ്ങമ്പുഴ പാർക്കിൽ എല്ലാ ശനിയാഴ്ചയും ക്ലാസ് ഉണ്ടാകും. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലാവരോടും ഞാൻ അടുത്തു. ശ രിക്കും പറഞ്ഞാൽ തറവാട്ടിലേക്കു പോകുന്നതുപോലെയാണു ക്ലാസിലേക്കു പോകുക.

നാടകക്കളരിയുടെ ഭാഗമായി ‍നിരവധി വേദികളി ൽ നാടകം അവതരിപ്പിക്കാനും ഒരുപാടു പ്രമുഖരെ പ രിചയപ്പെടാനും സാധിച്ചു. ഈ അനുഭവങ്ങൾ എന്നെ വലിയൊരളവിൽ സ്വാധീനിച്ചു.

അച്ഛന്റെ ആ ആഗ്രഹം

അമ്മ ഉഷയാണ് കലാരംഗത്തേക്കു നയിച്ചതെങ്കിലും അച്ഛൻ മോഹൻരാജിനായിരുന്നു ആവേശം. നാടകം പഠിക്കാനാണു തീരുമാനം എന്നറിഞ്ഞപ്പോഴും വലിയ സന്തോഷമായിരുന്നു. ‘എപ്പോഴാണു നിന്നെ ടിവി യിൽ കാണാനാവുക’ എന്നു തമാശയായി ചോദിക്കും. പക്ഷേ, ഒരിക്കൽപ്പോലും ഞാൻ അഭിനയിക്കുന്നതു കാണാനുള്ള ഭാഗ്യം അച്ഛനു ലഭിച്ചില്ല.

ഞാൻ ഡ്രാമ സ്കൂളിൽ ചേർന്നു മൂന്നു മാസത്തിനുള്ളിൽ അച്ഛൻ ഞങ്ങളെ വിട്ടുപോയി. അച്ഛന്റെ വേർപാടിനുശേഷം കലൂരെ വീടും അമ്മയും ചേച്ചി കവിത നമ്പ്യാരുമാണ് എന്റെ ലോകം. ഇപ്പോൾ ആ ലോകത്തേക്കു ചേച്ചിയുടെ ഭർത്താവു നിതിനും മക്ക ൾ ഗോവിന്ദും രാജും കൂടി വന്നിട്ടുണ്ട്.

Tags:
  • Celebrity Interview
  • Movies