Friday 02 February 2024 04:05 PM IST

‘രമ്യ ഉദ്ദേശിച്ച രീതിയിൽ വിജയിച്ചില്ല എന്നു തോന്നുന്നുണ്ടെങ്കിൽ അതവരുടെ മാത്രം പ്രശ്നമാണ്’; നിലപാടുകൾ തുറന്നുപറഞ്ഞ് രമ്യ നമ്പീശൻ

V.G. Nakul

Sub- Editor

ramya67gbjii9 ഫോട്ടോ:ശ്രീകാന്ത് കളരിക്കൽ

തെന്നിന്ത്യയുടെ പ്രിയതാരം രമ്യ നമ്പീശൻ നിലപാടുകൾ തുറന്നു പറയുന്നു..

എന്താണു സന്തോഷത്തിന്റെ കീ വേഡ് ? 

നമ്മൾ എപ്പോഴും വലിയ കാര്യങ്ങളാണ് ആഘോഷിക്കുന്നത്. ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുകയെന്നതാണ് എന്റെ ഫിലോസഫി. രാവിലെ നല്ലൊരു ഗീ റോസ്റ്റ് കിട്ടിയാൽ, അല്ലെങ്കിൽ രുചികരമായ അപ്പവും മുട്ടക്കറിയും കിട്ടിയാൽ ഞാൻ ഹാപ്പി.  

‘എങ്ങനെ വലിയ നേട്ടങ്ങളുണ്ടാക്കാം’, ‘കോടീശ്വരനാകാം’ എന്നാണു കുട്ടിക്കാലം മുതലേ നമ്മളെ പഠിപ്പിക്കുന്നത്. അല്ലാതെ, ‘എങ്ങനെ പരാജയങ്ങളെ നേരിടാം’, ‘ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാം’ എന്നൊന്നുമല്ല.  ആ ഭാരങ്ങളൊക്കെ കളഞ്ഞ്, കെട്ടുകൾ പൊട്ടിച്ച്, മനുഷ്യനെ അറിഞ്ഞു മുന്നോട്ടു പോകണം.

സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത് വലിയ ഭാഗ്യമാണ്. പക്ഷേ, അതൊരു വലിയ സംഭവമാ‌ണെന്നു സ്വയം തോന്നിയാൽ തീർന്നു. അഭിനയിക്കുന്നു, പണം കിട്ടുന്നു, ജീവിക്കുന്നു. അതിനു മേലെ ഒന്നുമില്ല. എല്ലാവരും മനുഷ്യരാണ്. ശ്വസിക്കുന്നു, ഭക്ഷണം  കഴിക്കുന്നു, സന്തോഷിക്കുന്നു, മരിക്കുന്നു. അത്രയൊക്കെയേ ഉള്ളൂ. 

‘പാവംകുട്ടി’ ഇമേജിൽ നിന്നുള്ള പുറത്തുവരവ് ?

ആദ്യ കാലത്ത് വിമർശനങ്ങളെ ഭയമായിരുന്നു. പെട്ടെന്നു വിഷമം വരും. പ്രായത്തിന്റെതായ ചില കുഴപ്പങ്ങൾ. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ, അതൊക്കെ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇങ്ങനെയൊന്നും മാറുമായിരുന്നില്ലെന്നു തോന്നുന്നു. സിനിമയിലാണെങ്കിലും പാട്ടിലാണെങ്കിലും കിട്ടിയ അവസരങ്ങൾ പരമാവധി ഉപയോഗിക്കാൻ ശ്രമിച്ചു. ഓരോ ഘട്ടങ്ങളിലും  പലതരം അരക്ഷിതാവസ്ഥകളിലൂടെ കടന്നു വന്നതിന്റെ ബലമുണ്ട്. ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. എന്റെ തന്നെ ബെറ്റർ വേർഷനെ കൊണ്ടുവരാനാണു ശ്രമിക്കുന്നത്. 

20 വർഷത്തെ സിനിമ ജീവിതത്തില്‍, നടി, വ്യക്തി എ ന്നീ നിലകളിൽ ഞാൻ തൃപ്തയാണ്. നാല് ഭാഷകളില്‍ മികച്ച ടെക്നീഷൻസിനൊപ്പം നല്ല സിനിമകളുടെ ഭാഗമാ യി. കുടുംബം നൽകിയ പിന്തുണ പോലെ എനിക്കവരെയും പിന്തുണയ്ക്കാനായി. പുറത്തു നിന്നു നോക്കുന്നവർക്ക് ‘രമ്യ ഉദ്ദേശിച്ച രീതിയിൽ വിജയിച്ചില്ല’ എന്നു തോന്നുന്നുണ്ടെങ്കിൽ അതവരുടെ മാത്രം പ്രശ്നമാണ്.

പ്രതിസന്ധികളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് ?

നമ്മൾ വിചാരിക്കാത്ത രീതിയിൽ ഒരു വീഴ്ച വരുമ്പോൾ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നു തോന്നും. വിഷമം തോന്നാതിരിക്കാൻ ഞാൻ അമാനുഷികയൊന്നുമല്ലല്ലോ. സങ്കടഘട്ടം വരുമ്പോൾ അത് അംഗീകരിച്ചു കൊണ്ട് തന്നെ അതിനെ നേരിടണം. അല്ലാതെ, ‘ഞാൻ വിഷമിക്കാതെ, കരയാതെ എല്ലാം നേരിടും’ എന്നൊക്കെ ചിന്തിക്കാനുള്ള കരുത്ത് ആർക്കുമില്ല. എല്ലാവരും കരയും. എല്ലാവരും വിഷമിക്കും. അതിന്റെ ദൈർഘ്യം വ്യത്യസ്തമാകുമെന്നേയുള്ളൂ. ചിലർ ഒരു മാസം കരയും, കുറേനാൾ വിഷമിച്ചിരിക്കും. മറ്റു ചിലർ വളരെ വേഗം എഴുന്നേൽക്കും. 

Tags:
  • Celebrity Interview
  • Movies