Wednesday 20 January 2021 04:25 PM IST

‘അവനെ പുറത്തേക്കെടുത്ത നിമിഷം ശരിക്കും ആസ്വദിച്ചു’; മക്കളുടെ ക്യൂട്ട് വിശേഷങ്ങൾ പങ്കുവച്ച് സംവൃത സുനിൽ

Merly M. Eldho

Chief Sub Editor

samvidddee3ss

അഗസ്ത്യയുെടയും രൂദ്രയുെടയും വിശേഷങ്ങളുമായി അമേരിക്കയിലെ നോർത്ത് കാരലീനയിൽ നിന്ന് സംവൃത സുനില്‍...

തുളുമ്പിയ കണ്ണുകളും വിടര്‍ന്ന പുഞ്ചിരിയും നിറഞ്ഞ മുഖവുമായി അഗസ്ത്യ ഓടിയെത്തി. രണ്ടു ദിവസം അമ്മയെ പിരിഞ്ഞിരുന്നതിന്റെ സങ്കടവും ആദ്യമായി വാവയെ കണ്ടതിന്റെ സന്തോഷവും അവനുണ്ട്. വേഗം തന്നെ കുഞ്ഞനിയനെ മടിയിൽ വച്ചു വലിയ ചേട്ടനായി ഗമയിൽ ഒരു നോട്ടം. തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷമായിരുന്നു അതെന്നു പറയുന്നു സംവൃത സുനിൽ.

‘‘ഫെബ്രുവരി 20 നാണ് വാവ, ഞങ്ങളുടെ രൂദ്ര, ജനിച്ചത്. ഫെബ്രുവരി 21 നാണ് അഗസ്ത്യയ്ക്ക് അഞ്ചു വയസ്സു തികഞ്ഞതും. അച്ഛയും അമ്മയും കൊടുത്ത പ്രെഷ്യസ് ബർത്‍േഡ ഗിഫ്റ്റ് ആണ് രൂദ്ര എന്നാണവന്‍ പറയുന്നത്.’’ അമേരിക്കയിലെ നോർത്ത് കാരലീനയിലെ വീട്ടിലിരുന്ന് സംവൃത പറയുന്നു.

അമ്മയുടെ സ്നേഹം ഷെയർ ചെയ്തു പോകുന്നതിൽ അഗസ്ത്യയ്ക്കു വിഷമമുണ്ടോ?

സത്യത്തില്‍ എനിക്കു ടെൻഷൻ ഉണ്ടായിരുന്നു. ഇത്രകാലം അഗസ്ത്യയെ ഒറ്റയ്ക്കു കൊഞ്ചിച്ചു വളർത്തീട്ട് പുതിയ ആളു വരുമ്പോ എന്താ സംഭവിക്കുകയെന്ന്... ഇവിടെ ആറാം മാസത്തെ സ്കാനിങ്ങിൽ കുട്ടി ആണാണോ പെണ്ണാണോ എന്നു പറയും. ബേബി ബോയ് ആണെന്നറിഞ്ഞപ്പോഴേ അഗസ്ത്യ വളരെ എക്സൈറ്റഡ് ആയിരുന്നു. അവനാണ് രൂദ്രയെ ‘രൂറു’ എന്നു വിളിച്ചു തുടങ്ങിയത്. ഇപ്പോള്‍ രൂറൂന്റെ കാര്യങ്ങൾ ചെയ്യാനും ഡയപ്പർ മാറ്റാനും എല്ലാം സഹായിക്കും. സ്നേഹം വന്നാൽപ്പിന്നെ ഉമ്മ വച്ചു ശരിയാക്കും. രൂറൂനും ചേട്ടന്റെ ശബ്ദം കേൾക്കുമ്പോൾത്തന്നെ അറിയാം. എത്ര മോശം മൂഡിലാണെങ്കിലും അഗസ്ത്യ ഒന്നു കൊഞ്ചിച്ചാൽ ആള് ഹാപ്പിയാണ്. ഇപ്പഴേ നല്ല കൂട്ടുകാരാണ് രണ്ടും.

അമേരിക്കയിലാണല്ലോ രണ്ടു കുട്ടികളും ജനിച്ചത്. അവിടുത്തെ ആശുപത്രി രീതികൾ എങ്ങനെയാണ്?

ഇവിടെ ഡേറ്റ് ആയാലും ഇല്ലെങ്കിലും പെയിൻ വന്നാലേ ആശുപത്രിയിൽ ചെല്ലാൻ പറ്റൂ. കഴിയുന്നതും നോർമൽ ഡെലിവറി ആക്കാൻ നോക്കും. അഗസ്ത്യ ഉണ്ടായതു കലിഫോർണിയയിലാണ്. അന്ന് ഡെലിവറിയുടെ അവസാന നിമിഷം കുഞ്ഞിന് ഹാർട്ട്റേറ്റ് കുറഞ്ഞു. അപ്പോൾ സിസേറിയൻ ചെയ്തെടുക്കേണ്ടി വന്നു. അന്ന് ജനറൽ അനസ്തേഷ്യ ആയിരുന്നു. അതുകൊണ്ട് അവൻ ഉണ്ടായ നിമിഷം ഒന്നും അറിയാൻ പറ്റിയില്ല. രൂദ്രയുടേതും സീസേറിയന്‍ ആയിരുന്നെങ്കിലും ലോക്കൽ അനസ്തേഷ്യ ആണു തന്നത്. അതുകൊണ്ട് അവനെ പുറത്തേക്കെടുത്ത നിമിഷം ശരിക്കും ആസ്വദിച്ചു. ജനിച്ചയുടൻ തന്നെ കുഞ്ഞിനെ അമ്മയോടു ചേർത്തു സ്കിന്‍ ടു സ്കിൻ വയ്ക്കുന്ന പതിവുണ്ടിവിടെ.

22 വര്‍ഷം മുന്‍പ് ബാലതാരമായി തുടക്കം. പിന്നെ, രസികനില്‍ ദിലീപിെന്‍റ ടീേനജ് നായിക. ഇപ്പോ രണ്ടു കുട്ടികളുെട അമ്മ. സത്യം പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്നുണ്ടോ ?

എത്ര പെട്ടെന്നാണ് സമയം പോകുന്നത്. രൂറു ഉണ്ടായിട്ട് ഒൻപതു മാസം കഴിഞ്ഞു. കൈയും മുട്ടും ഒക്കെ കുത്താനുള്ള ശ്രമം നടത്തുന്നുണ്ട്. അഗസ്ത്യ ഉണ്ടായതു പോലും ഇന്നലെയാണെന്നു തോന്നും. പണ്ട് കാറുകളായിരുന്നു അവന്റെ ഇഷ്ടം. ഇപ്പോൾ പൊലീസ് വാഹനങ്ങളും പൊലീസ് സംബന്ധമായ കാര്യങ്ങളോടുമാണ് ക്രേസ്.

isamvvreer454

ഇനി എല്ലാ വർഷവും രണ്ടുപേരുടെയും പിറന്നാൾ ഒന്നിച്ച് ആഘോഷിക്കുമോ?

ഈ തലേന്നും പിറ്റേന്നും രീതി ഞങ്ങളുടെ ജീവിതത്തില്‍ പണ്ടേ ഉണ്ട്. എന്റെ പിറന്നാൾ ഒക്ടോബർ 31 നാണ്. വിവാഹ വാർഷികം നവംബർ ഒന്നിനും. രണ്ടും രണ്ടായിത്തന്നെയാണ് ആഘോഷം. ഇവരുടെ രണ്ടിന്റെയും പിറന്നാളും അങ്ങനെ തന്നെ ആഘോഷിക്കേണ്ടി വരും.

അഗസ്ത്യയുടെ സ്കൂൾ തുടങ്ങിയോ? സംവൃതയാണോ പഠിപ്പിക്കുന്നത്?

അവനിപ്പോള്‍ കിന്റർഗാർടനിലായി. കോവിഡ് കാരണം ഇതുവരെ ഓൺലൈന്‍ ക്ലാസായിരുന്നു. ഇപ്പോൾ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സ്കൂളിൽ പോകണം. ഞായറാഴ്ച മുതൽ ചോദിച്ചു തുടങ്ങും ‘നാളെ സ്കൂളിൽ പോകാല്ലോ’ എന്ന്. ബുധനും വ്യാഴവും റിക്കോർ‍‍ഡഡ് ക്ലാസും വെള്ളിയാഴ്ച ലൈവ് ക്ലാസ്സുമാണ്. ഈ മൂന്നു ദിവസവും ഞാൻ കൂടെയിരിക്കണം. രൂദ്രയുമുള്ളതിനാൽ അതു നല്ലൊരു പണിയാണ്. അക്ഷരങ്ങള്‍ പഠിപ്പിച്ചു കഴിഞ്ഞു. സ്പെല്ലിങ്ങും വാക്യങ്ങളും കണക്കും വായനയുമെല്ലാം തുടങ്ങി. ഈ മാസം അവസാനത്തോടെ റെഗുലർ ക്ലാസ് ആകുമെന്നു പറയുന്നുണ്ട്. അങ്ങനെയായാൽ സ്കൂളിൽ നിന്നു തന്നെ പഠിത്തമെല്ലാം നടക്കും. പിന്നെ, ഹോംവർക്കൊന്നും കാര്യമായി ഉണ്ടാകില്ലെന്ന സമാധാനത്തിലാണ് ഞാൻ.

കുഞ്ഞുങ്ങള്‍ രണ്ടു പേർക്കും ഒരേപോലെ സമയം വീതിച്ചു കൊടുക്കുക നല്ല ബുദ്ധിമുട്ടു തന്നെയാണ്. ഇപ്പോള്‍ അമ്മ കൂടെയുള്ളതു കൊണ്ടാണ് രക്ഷപെട്ടു പോകുന്നത്. ഞാനും അഖിയും തന്നെയാകുമ്പോൾ എന്താകും എന്ന ടെൻഷനുണ്ട്. നാട്ടിലാണെങ്കിൽ വിളിച്ചാലെത്തുന്ന ദൂരത്ത് ആളുണ്ട്. ഇവിടെ സുഹൃത്തുക്കൾ മാത്രമാണുള്ളത്.

Tags:
  • Celebrity Interview
  • Movies