Saturday 18 May 2019 03:19 PM IST

‘പറ്റില്ല എന്നയാൾ‌ പറഞ്ഞാൽ ഉറപ്പായും ഞാൻ താഴേയ്ക്ക് ചാടിയേനെ’; മരണം മുന്നിൽകണ്ട നിമിഷം ഓർത്തെടുത്ത് സോണിയ

Vijeesh Gopinath

Senior Sub Editor

soniya-tamil002
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

സോണിയയെ കുറിച്ച് ഭർത്താവ് ബോസ് വെങ്കട്ട് പറയും, ‘മനസ്സ് ഇപ്പോഴും സ്കൂൾ യൂണിഫോമിട്ടു നിൽക്കുകയാണ്.’ അതിൽ സത്യം മാത്രമേയുള്ളൂ എന്നു തിരിച്ചറിയാൻ സോണിയയോട്  പത്തു മിനിറ്റു സംസാരിച്ചാൽ മതി. രണ്ടു കുട്ടികളുെട അമ്മയായെങ്കിലും ചുമരലമാരയിൽ സ്റ്റേറ്റ് അവാർഡും നാഷനൽ അവാർഡും ഇരിക്കുന്നുണ്ടെങ്കിലും സോണിയയിപ്പോഴും‌ ഏറ്റവും വികൃതികൾ പഠിക്കുന്ന ക്ലാസിലെ ലാസ്റ്റ് ബെഞ്ചിൽ തന്നെയാണ്. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിൽ, അതിനിടയിൽ എടുത്തു കൂട്ടുന്ന സെൽഫികളിൽ എല്ലാം സോണിയ എന്ന കുട്ടി മാത്രമേയുള്ളൂ.

‘മുപ്പത്തിനാലു വർഷം മുൻപുള്ള കുട്ടിക്കാല’ത്തിന്റെ താരമായിരുന്നു സോണിയ. ‘മൈ ഡിയർ കുട്ടിച്ചാത്തന്റെ’ കൂട്ടുകാരി. വെളുത്ത തൊപ്പിയും ഫ്രില്ലുള്ള ഫ്രോക്കും പിന്നൊരു കുട്ടിച്ചാത്തനും കൂട്ടുണ്ടെങ്കിൽ ചുമരിൽകൂടിയൊക്കെ പാട്ടുംപാടി നടക്കാമെന്ന് കുട്ടികൾ കരുതിയ കാലം. ‘ആലിപ്പഴം പെറുക്കാൻ, പീലി ക്കുട നിവർത്തി...’ എന്ന പാട്ടിനൊപ്പം ചുവടു വയ്ക്കുന്നത്,  ത്രീഡി കണ്ണടയിലൂടെ കണ്ണുമിഴിച്ചിരുന്നു കണ്ട കുറേ കുരുന്നുകളുടെ  കൂട്ടുകാരി.  

‘‘ഇതാണ് പ്രശ്നം. ഞാനെങ്ങനെ വളരും? എന്നെ ഇപ്പോൾ കാണുമ്പോഴും നിങ്ങൾ പറയുന്നതും ഒാർമിപ്പിക്കുന്നതും എല്ലാം ‘മൈ ഡിയർ കുട്ടിച്ചാത്തനെ’ യല്ലേ? മുതിർന്നപ്പോഴും നായികയായി മാറാത്തതിലുള്ള പ്രധാന കാരണവും ഇതൊക്കെ തന്നെ. നായിക എ ന്ന രീതിയിലൊന്നും എന്നെ കാണാൻ ആർക്കും പറ്റിയില്ല. ഏറ്റവും കൂടുതൽ  മമ്മൂക്കയുടെ മകൾ ആയിട്ടാണ് ഞാൻ അഭിനയിച്ചിട്ടുള്ളത്. പിന്നീട് വളർന്നപ്പോൾ ഒന്നോ രണ്ടോ സിനിമയിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

‘ദ് കിങ്ങി’ൽ മമ്മൂക്കയുടെ അനുജത്തിയുടെ വേഷ മായിരുന്നു. ലൊക്കേഷനിൽ എന്നെ കണ്ടപ്പോഴേ തമാശ നിറഞ്ഞ ഗൗരവത്തിൽ പറഞ്ഞു, ‘‘നിന്നോടാരാ വീണ്ടും അഭിനയിക്കാൻ പറഞ്ഞത്? കുട്ടിക്കാലത്ത് ആവശ്യത്തിൽ കൂടുതൽ അഭിനയിച്ചിട്ടില്ലേ? നാഷനൽ അ വാർഡും സ്റ്റേറ്റ് അവാർഡും വാങ്ങി. ഇനി ഈ പരിസരത്തു കാണരുത്. എപ്പോൾ നോക്കിയാലും കുട്ടിക്കളിയുമായി നടക്കും. പോയി കല്യാണം കഴിക്ക്...’’

soniya-tamil001

ആലിപ്പഴം പെറുക്കിയ കാലം

രണ്ടാം വയസ്സിൽ ക്യാമറയ്ക്ക് മുന്നിലെത്തിയതാണ്. ഇവൾ ഒരു നാടോടി, മൂർഖൻ, തീക്കടൽ ഇതിലൊക്കെ അഭിനയിക്കുമ്പോൾ മൂന്നു വയസ്സ്. ഇപ്പോൾ ഈ സി നിമയൊക്കെ കാണുമ്പോൾ എന്തൊക്കെയാണ് അന്ന് സംഭവിച്ചതെന്ന് ഒാർമിക്കാൻ പോലും പറ്റുന്നില്ല. മൂർഖനിൽ ജയൻ അങ്കിളിനെയല്ല, സ്റ്റണ്ട് ചെയ്തിരുന്നജഗ്ഗു ഫൈറ്ററെയാണ് ഒാർമ. അദ്ദേഹത്തെ കണ്ടാൽ ഞാൻ അപ്പോൾ കരയുമായിരുന്നു. മീശയൊക്കെ പിരിച്ച് നിൽക്കുന്ന ജഗ്ഗുവിനെ സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റിരുന്നു.

‘മൈ ഡിയർ കുട്ടിച്ചാത്തനാ’യിരുന്നു  ജീവിതം മാറ്റി മറിച്ചത്. നാഷനൽ അവാർഡ് കിട്ടിയതു കൊണ്ടു മാത്രമല്ല, ആ ഷൂട്ടിനിടയിൽ ഒരുപാടു നല്ല നിമിഷങ്ങളുമുണ്ടായി.

‘മൈ ഡിയർ കുട്ടിച്ചാത്തനെ’ക്കുറിച്ചോർക്കുമ്പോൾ എ പ്പോഴും ടി.കെ രാജീവ്കുമാറിന്റെ മുഖമാണ് മനസ്സിൽ വരുന്നത്. അതിൽ സഹസംവിധായകനായിരുന്നു രാജീവ് കുമാർ. ഏഴു വയസ്സുകാരിക്കും 24 കാരനും തമ്മിൽ എന്തു സൗഹൃദം എന്നദ്ഭുതം തോന്നാം. പക്ഷേ, അത്രയ്ക്ക് ഇഷ്ടമായിരുന്നു. രജ്ജു എന്നാണ് ഞാൻ വിളിച്ചിരുന്നത്. ഏതു കാര്യ ത്തിനും രജ്ജു ആയിരുന്നു കൂട്ട്. രണ്ടരമാസം നീണ്ട ഷൂട്ടിന്റെ   അവസാന ദിവസം ഇന്നും ഒാർമയുണ്ട്. നവോദയയിൽ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ ജീപ്പിൽ കയറി. കാഴ്ചയിൽ നിന്ന് എല്ലാവരും മറയാൻ തുടങ്ങിയപ്പോൾ‌ എനിക്കു സഹിച്ചില്ല. ഞാൻ ജീപ്പിൽ നിന്ന് ചാടി ഇറങ്ങി. രജ്ജൂ എന്ന് വിളിച്ച് ഒാടിച്ചെന്ന് കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.

പിന്നെ, കുറേ വർഷങ്ങള്‍ക്കു ശേഷം ചെന്നൈയിൽ വച്ച് വീണ്ടും കണ്ടു. ‘നീ ഇങ്ങനെ ആയാൽ പോര. കുറച്ച് പുസ്തകങ്ങളൊക്കെ വായിച്ച് മിടുക്കിയാകണം’ എന്നു പറഞ്ഞ് വലിയൊരു ബുക്ക് ഷോപ്പിലേക്ക് കൊണ്ടുപോയി. ഏതു പുസ്ത കമാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞു, ഞാൻ കു േറ ചുറ്റി നടന്നു. എന്നിട്ട് ഒരു ടെഡി ബെയർ ചൂണ്ടിയിട്ടു പറഞ്ഞു, ‘രജ്ജൂ എനിക്ക് അത് വാങ്ങി തരാമോ...’

പിന്നെ, ഞങ്ങൾ സംസാരിക്കുന്നത് ‘തച്ചോളി വർഗീസ് ചേകവർ’ സംവിധാനം ചെയ്യാൻ പോകുന്നതിനു മുൻപാണ്, അതിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ, ആ കഥാപാത്രം അൽപം ഗ്ലാമറസാണ്, എന്നെ ആ രീതിയിൽ കാണാനാകില്ലെന്നു പറ‍ഞ്ഞ് രജ്ജു മറ്റൊരു നടിക്ക് ആ വേഷം നൽകി. രണ്ടുപേരും സിനിമയിൽ തിരക്കിലായതോടെ എവിടെ വച്ചോ ആ സൗഹൃദം മുറിഞ്ഞു. ആ സിനിമയിൽ ഒരുമിച്ചഭിനയിച്ച മൂന്നു പേരെയും ഇനിയും കാണണമെന്നുണ്ട്.

പിന്നെ, ഒാർമ ‘നൊമ്പരത്തി പൂവാ’ണ്. വലിയ ചുരിദാറും കമ്മലുമൊക്കെയിട്ട് ആദ്യ ദിവസം ‍ഞാൻ പത്മരാജനങ്കിളി നെ കാണാ‍ൻ ചെന്നു. ‘ഈ സിനിമയിൽ നീ ഇങ്ങനെ പോര. ചുണ്ടൊന്നു കയറ്റിപ്പിടിച്ചു വേണം അഭിനയിക്കാൻ’ എന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടിയുടെ വേഷമായിരുന്നു. ഇതെല്ലാം കണ്ട് നടി മാധവിയാന്റി അടുത്തിരിപ്പുണ്ട്.  

കുറച്ചു കഴിഞ്ഞ് ആന്റിയെന്നെ അടുത്തു വിളിച്ചു പറഞ്ഞു, ‘‘ഈ  സിനിമയിൽ എനിക്കും നിനക്കും അവാർഡു കിട്ടാനു  ള്ളതാണ്. അപ്പോൾ കഥാപാത്രത്തിനു പറ്റുന്ന മാലയും കമ്മ        ലുമൊക്കെ വേണം’’ ഇതു പറഞ്ഞ് ആന്റി അവരുടെ ബോക്സിൽ നിന്ന് രണ്ടു  കമ്മൽ എടുത്തു തന്നു. ആ വാക്കുകൾ സത്യമായി. ‘നൊമ്പരത്തി പൂവി’ലൂടെ എനിക്ക് മികച്ച ബാലതാരത്തിനുള്ള സ്റ്റേറ്റ് അവാർഡ് കിട്ടി.

soniya-t004

അമ്മയുടെ സ്വപ്നം

അന്നും ഇന്നും അമ്മയുടെ സ്വപ്നമാണ് എന്നെ ക്യാമറയ്ക്ക് മുന്നിൽ കൊണ്ടു ചെന്നു നിർത്തുന്നത്. എത്ര വേണ്ടെന്നു വച്ചാലും ഇതേ വഴിയിലേക്ക് മടങ്ങിയെത്തുന്നത് അമ്മ കണ്ട     സ്വപ്നത്തിന്റെ കരുത്തിലാണ്. അമ്മയുടെ ജീവിതം തന്നെ ഒരു സിനിമ ആയിരുന്നു. അഞ്ജന എന്നാണ് അമ്മയുടെ പേര്. അച്ചടക്കത്തിന്റെ കാര്യത്തിൽ ഒരു ഇളവുമില്ലാതെ വളർന്ന കുട്ടി. കോഴിക്കോടായിരുന്നു വീട്.

മകളെ പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കുകയായിരുന്നു അമ്മമ്മയുടെ ആഗ്രഹം. പക്ഷേ, അമ്മയുടെ സ്വപ്നം സിനിമയായിരുന്നു. ആ കാലത്തേ എംടി സാറിനേയും മധുസാറിനേയും പോലുള്ള സിനിമാ പ്രതിഭകൾ അമ്മയുടെ തൂലികാ സുഹൃത്തുക്കളായിരുന്നു. അങ്ങനെയാണ് അഭിനയ മോഹവുമായി മദ്രാസിലേക്ക് ട്രെയിൻ കയറുന്നത്. ഒപ്പം അമ്മമ്മയും. പഴയ കാലമല്ലേ, നടിയാകാൻ ഒരു പെൺകുട്ടി അറിയാത്ത നാട്ടിലേക്കു പോകുന്നതിലൊക്കെ വലിയ എതിർപ്പായിരുന്നു. പക്ഷേ, മദ്രാസിലെത്തിയിട്ടും കാര്യങ്ങൾ വിചാരിച്ചതു പോലെ നടന്നില്ല. സിനിമകൾ കിട്ടിയില്ല. മാസങ്ങൾ കഴിഞ്ഞപ്പോള്‍ ചില മോശം അനുഭവങ്ങളും കൂടി സംഭവിച്ചു. അതോടെ അമ്മമ്മ  ഉറപ്പിച്ചു പറഞ്ഞു. ‘ഇനി സിനിമ വേണ്ട. നമുക്ക് നാട്ടിലേക്കു തിരിച്ചു പോകാം’.

അങ്ങനെ ആ വിവാഹം നടന്നു

പക്ഷേ, ഒന്നുമാകാതെ തിരിച്ചു പോകാൻ അമ്മ തയാറായില്ല. അന്നവർ താമസിച്ചിരുന്ന വീടിന് എതിർവശത്ത് ഒരു സിനിമാ ഫൊട്ടോഗ്രഫറുണ്ടായിരുന്നു, ശ്രീകുമാര്‍. നാട്ടിലേക്കു തിരിച്ചു പോകൂ എന്ന് അമ്മയെ ഉപദേശിച്ചപ്പോൾ‌ അമ്മ ഒറ്റചോദ്യം‘എനിക്ക് തിരിച്ചു പോകാന്‍ പറ്റില്ല. എന്നെ വിവാഹം ചെയ്യാമോ?’ അങ്ങനെ അമ്മയുടെ കല്യാണം നടന്നു.

ആ ചോദ്യത്തെക്കുറിച്ചു പറഞ്ഞ് അച്ഛൻ ഇന്നും അമ്മയെ കളിയാക്കും. ‘എന്നോടുള്ള പ്രണയം കൊണ്ടൊന്നുമല്ല അന്നങ്ങനെ ചോദിച്ചത്, ഇവിടം വിട്ടു പോകാൻ നിന്റെ അമ്മയ്ക്ക് കഴിയില്ലായിരുന്നു. അതുകൊണ്ടു മാത്രമാണ് എന്നെ വിവാഹം കഴിച്ചത്’ അച്ഛൻ പറയുന്നത് സത്യമാണെന്ന് എ നിക്കും തോന്നിയിട്ടുണ്ട്.

വിവാഹം കഴിഞ്ഞതോടെ അമ്മയുടെ അടുത്ത ആഗ്രഹം മക്കളെ സിനിമയിലേക്ക് കൊണ്ടുവരണമെന്നായി. ആദ്യത്തേത് പെൺകുട്ടിയായിരിക്കണം. തടിച്ചിരിക്കണം, നല്ല നിറം വേണം. എന്നെ ഗർഭം ധരിച്ചപ്പോൾ അമ്മ ഇതിനൊക്കെ വേണ്ടി പ്രാർഥിച്ചു കൊണ്ടേയിരുന്നു. സത്യത്തിൽ അമ്മയുടെ പ്രാർഥനയാണ് എന്നെ നടിയാക്കിയത്. വിവാഹം കഴി ഞ്ഞാൽ സിനിമ ഉപേക്ഷിക്കരുത്, പ്രായമെത്രയായാലും ക്യാമറയ്ക്കു മുന്നിൽ നിൽക്കാൻ ആഗ്രഹിക്കണം... ഇതൊക്കെയാണ് അമ്മ പഠിപ്പിച്ചത്. അനിയൻ ടിങ്കുവും കുട്ടിക്കാലത്ത് ഒ രുപാടു സിനിമകളിൽ ബാലതാരമായി. ഇപ്പോൾ കുടുംബവുമായി യുഎസിൽ. അങ്ങനെ സീരിയലിലും സിനിമയിലും തി രക്കിട്ടോടുമ്പോഴായിരുന്നു എന്റെ വിവാഹം.

 ‘ഉറവുകൾ ഒരു തുടർകഥൈ’ എന്ന സീരിയലിന്റെ ലൊ ക്കേഷനിൽ വച്ചാണ് ബോസ് വെങ്കട്ടിനെ ആദ്യമായി കാണുന്നത്. ഒരു ഗസ്റ്റ് റോൾ ചെയ്യാനാണ് അദ്ദേഹം വന്നത്. ബോസ് അപ്പോൾ കരിയർ തുടങ്ങിയിട്ടേ ഉള്ളൂ. ഞാൻ ഒരുപാടു വർഷം സീനിയർ. ഒരേ സമയം മൂന്നു തമിഴ് സീരീയലിലൊക്കെ അഭിനയിച്ച് തിരക്കുള്ള താരമായി നിൽക്കുന്നു.

ലൊക്കേഷനിൽ വച്ച് ബോസിനെ കളിയാക്കലാണ് എ ന്റെ പ്രധാന ജോലി. എന്നെ മാഡം എന്നാണ് അന്ന് ബോസ് വിളിക്കാറുള്ളത്. ലൊക്കേഷനിൽ എത്തിയാൽ ആൾക്കൂട്ടത്തിൽ നിന്നൊക്കെ മാറി നിൽക്കും. എന്നെ കണ്ടാൽ ആ നിമിഷം എഴുന്നേറ്റു പോകും. ഒരു ദിവസം ബോസിനെ പിടിച്ചു നിർത്തി എന്തിനാണ് എന്നെ കാണുമ്പോള്‍ ഒാടി മാറുന്നതെന്നു ചോദിച്ചു. ഇനി മുതൽ ഞങ്ങൾക്കൊപ്പം ഇരുന്നോളണ  മെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി.

soniya-tamil003

പതുക്കെ ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. നല്ല സുഹ‍ൃത്തുക്കളായി. ഒരു ദിവസം അദ്ദേഹം പറഞ്ഞു, ‘എനിക്കു നിങ്ങളെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. അമ്മയോടു സംസാരിക്കട്ടെ?’ എനിക്ക് ചിരിയാണ് വന്നത്. ‘നിങ്ങൾക്കെന്തോ കാര്യമായ തകരാറുണ്ടെ’ന്ന് ഞാൻ പറഞ്ഞു. പിന്നെ, എന്തുകൊണ്ട് എന്നെ കല്യാണം കഴിക്കേണ്ട എന്നു വിശദമായി പറയാൻ തുടങ്ങി. ഞാനൊരു കുട്ടിയാണ്. ദേഷ്യം വന്നാൽ കൺട്രോൾ ചെയ്യാനറിയില്ല. പെട്ടെന്ന് സങ്കടം വരും. എന്നെ കൈകാര്യം ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്. എല്ലാം കേട്ട്  ബോസ് പറഞ്ഞു, ‘അമ്മാ, എനക്ക് കുളൈന്തകളെ റൊമ്പ പുടിക്കും...’

ബോസ് നേരെ അമ്മയോടു സംസാരിച്ചു. അമ്മ തലയിൽ കൈ വച്ചു കൊണ്ടു പറഞ്ഞു, ‘നിങ്ങൾ  കഷ്ടപ്പെടും.’ വിവാഹം കഴി‍ഞ്ഞ് ഇപ്പോൾ പതിനഞ്ചു വർഷമായി. മകൻ തേജസ്വിൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു. മകൾ ഭവധാരിണി അഞ്ചിൽ. രണ്ടു കുട്ടികൾ ആയി, തടി കുറച്ചു കൂടി. ഇത്രയൊക്കെ വ്യത്യാസമേ വന്നിട്ടുള്ളൂ. അന്ന് കുട്ടികളെ ഇഷ്ടമാണെന്നു പറഞ്ഞ ബോസ് ഇപ്പോള്‍ പറയുന്നത് ഇങ്ങനെയാണ്,‘‘അമ്മാ... നീങ്കൾ എപ്പടി കുളന്തൈകൾ മാതിരി. കൊഞ്ചം വളരമ്മാ...’’  

അന്ന് മരണം മുന്നിൽ കണ്ടു...

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ബോസ് സീരിയലുകളിൽ അഭിനയിച്ചു തുടങ്ങിയിട്ടേയുള്ളൂ. ഞാനാണെങ്കിൽ എത്രയോ വർഷമായി സിനിമയിൽ. എന്റെ ഭർത്താവ് എന്ന ലേബലിൽ ബോസ് അറിയപ്പെടുന്നത് എനിക്ക് വലിയ വിഷമമായിരുന്നു. ബോസ് എന്ന താരത്തിന്റെ ഭാര്യയായി എന്നെ മറ്റുള്ളവർ അറി‍ഞ്ഞാൽ മതി. അതായിരുന്നു ആഗ്രഹം.

മോൻ  ഉണ്ടായ സമയം. ബോസ്സിന് ആയിടയ്ക്ക് ഒരു സിനിമയിൽ നായകന്റെ വേഷം ലഭിച്ചു. മുടി പറ്റെ വെട്ടിയ ലുക്ക്. അത് പുറത്തു പോകരുതെന്ന് സംവിധായകനു നിർബന്ധം. പക്ഷേ , അതേ സമയം ബോസ് ഒരു സീരിയലിൽ അഭിനയിക്കുന്നുണ്ട് അതിന്റെ ക്ലൈമാക്സ് സീൻ ആണ് ഷൂട്ട് ചെയ്യുന്നത്. ആ ലുക്ക് പുറത്തു പോകാനും പാടില്ല, എന്നാൽ സീരിയലിന്റെ അവസാന എപ്പിസോഡിൽ അഭിനയിക്കുകയും വേണം.

ഒടുവിൽ ഞങ്ങൾ ഒരു തീരുമാനമെടുത്തു. തൊപ്പി വച്ച് അഭിനയിക്കാമെന്ന്. ഉച്ചയായപ്പോള്‍ ബോസ് വിളിച്ച് സങ്കടത്തോടെ പറഞ്ഞു.‘‘സംവിധായകൻ‍ സമ്മതിച്ചില്ല. തൊപ്പിയില്ലാതെ തന്നെ അഭിനയിക്കേണ്ടി വന്നു. ആ ലുക്ക് പുറത്തായി. ഇനി എനിക്ക് ആ സിനിമയിൽ അഭിനയിക്കാനാകില്ല.’’

എനിക്കത് സഹിക്കാനായില്ല. ഒരു നിമിഷം മരണത്തെക്കുറിച്ച് ഞാനാലോചിച്ചു. മൊബൈലും എടുത്ത് ഞാൻ ടെറസ്സിനു മുകളിൽ കയറി. പിന്നെ, വാട്ടർ ടാങ്കിനു മേലെ കയറി. അവിടെ വച്ച് ആ സംവിധായകനെ വിളിച്ചു, ‘ഷൂട്ട് ചെയ്തത് ഡിലീറ്റ് ചെയ്യണം. എന്നിട്ട് തൊപ്പി വച്ച് വീണ്ടും ഷൂട്ട് ചെയ്യണം. ഇല്ലെങ്കിൽ വാട്ടർ ടാങ്കിനു മുകളിൽ നിന്ന് ഞാൻ താഴേയ്ക്കു ചാടും.’

തല കറങ്ങുന്നുണ്ടായിരുന്നു. പറ്റില്ല എന്നയാൾ‌ പറഞ്ഞാൽ ഉറപ്പായും താഴേയ്ക്ക് ചാടിയേനെ. അങ്ങനെയൊരു  മനസ്സായിരുന്നു അപ്പോൾ. ബോസ് സിനിമയില്‍ എത്തുന്നത് അത്രയും പ്രതീക്ഷയോടെയായിരുന്നു ഞാൻ കാത്തിരുന്നത്. ഒടുവിൽ അവർ സമ്മതിച്ചു. ആ ഭാഗം വീണ്ടും ഷൂട്ട് ചെയ്തു. അന്നങ്ങനെ ചെയ്തത് തെറ്റോ ശരിയോ എന്നെനിക്കറിയില്ല.  ഇപ്പോൾ ഏ‌ത് അഭിമുഖത്തിലും ബോസ് പറയും, ഞാനാണ് അദ്ദേഹത്തിന്റെ വളർച്ചയ്ക്കു പിന്നിലെന്ന്.

soniya-mm211

അതെന്നെ ഒരുപാട് മാറ്റി

സൗത്ത് ഇന്ത്യന്‍ ആർടിസ്റ്റ് അസോസിയേഷനായ നടികർ സംഘത്തിന്റെ പ്രവർത്തനങ്ങൾക്കൊപ്പം സജീവമായി നിൽക്കാൻ കഴിഞ്ഞത് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ വലിയ മാറ്റങ്ങൾ വരുത്തി. അഭിനയത്തിനു പുറമേ കുട്ടികൾ   ക്കും സ്ത്രീകൾക്കും വേണ്ടി ‘സ്മൈൽ സോൾ’ എന്ന സംഘടനയിൽ പ്രവർത്തിക്കുന്നു.   

തമിഴ് സിനിമകളുണ്ടെങ്കിലും മലയാളത്തിലേക്ക് വന്നിട്ട് ഏറെ നാളായിട്ടുണ്ടായിരുന്നു. കുറച്ചു നാൾ മുൻപ് ‘നസീറിന്റെ റോസി’ എന്ന സിനിമയിൽ  ആദ്യമായി അമ്മ വേഷത്തി ൽ അഭിനയിച്ചു. സിനിമ എപ്പോഴും ഭാഗ്യത്തിന്റെ ലോകമാണ്. കുട്ടിക്കാലത്തിനു ശേഷം ആ ഭാഗ്യം എന്റെ ജീവിതത്തിൽ കുറഞ്ഞു പോയി. ഒരു നായിക ആയില്ല എന്ന സങ്കടം  ഇപ്പോഴും ഉണ്ട്. അതിനു കാരണക്കാരി ഞാൻ തന്നെയാണ്. മമ്മൂട്ടിയു ടെയും രജനികാന്തിന്റെയുമൊക്കെ മടിയിലിരുന്നു വളർന്ന കുട്ടിക്കാലമായിരുന്നു. അതുകൊണ്ടു സിനിമ എന്നെ അദ്ഭുതപ്പെടുത്തിയില്ല. അതിനു പിന്നാലെ ആവേശത്തോടെ യാത്ര ചെയ്യാന്‍ തോന്നിയില്ല.

‘തേൻമാവിൻ കൊമ്പത്തി’ലെ കുയിൽ എന്ന കഥാപാത്രവും കള്ളിപ്പൂങ്കുയിലേ എന്ന പാട്ടും ഹിറ്റായി. പക്ഷേ, ഞാൻ സെറ്റിൽ ആരോടും സംസാരിക്കാതെ ഒറ്റയ്ക്കിരുന്നു. പിന്നീട് ഷൂട്ട് കഴിഞ്ഞ് ഏതോ ദിവസം പ്രിയൻ സാറിനോടു സംസാരിച്ചു, ‘നീ ഇത്ര പാവമാണോ? അഹങ്കാരിയാണെന്നാ ഞാൻ ക രുതിയത്.’  ഇങ്ങനെ ധരിച്ചു വച്ചവർ ഒരുപാടുണ്ടാകും. പിന്നെ, മലയാള സിനിമ ചെന്നൈ വിട്ട് കേരളത്തിലേക്കു പോയി. നാട്ടിലേക്കു തിരിച്ചു പോകാൻ അമ്മ ഒരുപാടു പറഞ്ഞു. പക്ഷേ, എനിക്ക് ചെന്നൈ വിടാൻ തോന്നിയില്ല. അതും ഒരു കാരണമാകാം.

 ഞാനൊരു ഫൈറ്റർ അല്ല. പലപ്പോഴും കഥാപാത്രത്തെ മ നസ്സിൽ കണ്ട് അതു നേടിയെടുക്കാനുള്ള യുദ്ധം നയിക്കാനൊന്നും എനിക്കു പറ്റിയില്ല. ഇപ്പോഴും ഒരു വേഷം കിട്ടാതെ പോയാൽ സിനിമയൊന്നും വേണ്ടായിരുന്നെന്ന് ഒാർത്ത് കരയുന്ന ആളാണു ഞാൻ. ഒരു സെൽഫിയെടുത്തു നോക്കുമ്പോൾ തടി കൂടിെയന്നു തോന്നിയാൽ അപ്പോൾ ഡിപ്രഷനായിപ്പോകും.

അതുകൊണ്ടാണ് എനിക്ക് തോന്നാറുള്ളത്, ഞാനിപ്പോഴും ആ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ കാലത്താണെന്ന്...