Tuesday 08 October 2019 04:01 PM IST

‘മലയാള സിനിമയിൽ ഇപ്പോൾ വലിയ മത്സരമാണ്; ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്’; തിരിച്ചുവരവിനെ കുറിച്ച് സുചിത്ര പറയുന്നു

Sujith P Nair

Sub Editor

IMG_7872_1 ഫോട്ടോ: നിതിൻ ടി. വർഗീസ്

മലയാള സിനിമയിൽ പറന്നുനടന്ന കാലത്താണ് സുചിത്ര, വിമാനം പറത്തുന്ന മുരളിയെ കല്യാണം കഴിച്ചത്. പൈലറ്റായ മുരളിക്കൊപ്പം രണ്ടാം ദിവസം പറന്ന സുചിത്ര ചെന്നെത്തിയതോ, ‘മരുന്നിന് പോലും’ മലയാളികളോ ഇന്ത്യക്കാരോ ഇല്ലാത്ത അമേരിക്കയിലെ കൻസാസ് സിറ്റിയിലെ മിസോറിയിൽ. അമേരിക്കൻ ജീവിതം 17-ാം വർഷത്തിലേക്ക് കടക്കുമ്പോൾ തിരക്കുകൾ തിരിച്ചുപിടിച്ച ആഹ്ലാദമാണ് സുചിത്രയ്ക്ക്. ഭാര്യയുടെയും അമ്മയുടെയും ഐടി ഉദ്യോഗസ്ഥയുടെയും റോളിൽ തിളങ്ങുന്നതിനിടെ ‘വനിത’യോട് സംസാരിക്കുമ്പോൾ അഭിനയത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചാണ് സുചിത്ര പറഞ്ഞുതുടങ്ങിയത്.

‘‘മലയാളസിനിമയിൽ ഇപ്പോൾ വലിയ മത്സരമാണ്. ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്. അതുകൊണ്ട് ആലോചിച്ചേ റീ എൻട്രി തിരഞ്ഞെടുക്കൂ. എന്റെ സഹോദരൻ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനിരുന്നതാണ്. പക്ഷേ, നടന്നില്ല. ചില കഥാപാത്രങ്ങൾ കാണുമ്പോൾ ഇപ്പോഴും തോന്നും, അതുഞാൻ ചെയ്യേണ്ടിയിരുന്നതാണല്ലോ എന്ന്.’’

സിനിമയെ ഇത്ര സ്നേഹിച്ചയാൾ പിന്നെയെന്തിന് വലിയ ബ്രേക്കെടുത്തു ?

വിവാഹാലോചന വരുമ്പോൾ മുരളി ഡൽഹിയിൽ ജെറ്റ് എയർവെയ്സിലായിരുന്നു. പിന്നീട് അമേരിക്കൻ എയർലൈൻസിലേക്കു മാറി. മുരളി ജോലിക്കു പോയാൽ ഒരു മാസം കഴിഞ്ഞേ വരൂ. അത്രയും നാൾ ഞാൻ ഒറ്റപ്പെടും, പരിചയമുള്ള ആരുമില്ല ചുറ്റും. ആറു മാസം ആ വേദന അനുഭവിച്ചു. അങ്ങനെയിരിക്കെ പൈലറ്റ് ജോലി ഉപേക്ഷിക്കാമോ എന്നു ഞാൻ മുരളിയോടു ചോദിച്ചു. എന്റെ വിഷമം കണ്ടിട്ടാകണം അദ്ദേഹം സമ്മതിച്ചു.

സോഫ്റ്റ്‌വെയർ എൻജിനീയറിങ് പഠിച്ച മുരളിക്ക് ഐടി മേഖലയിൽ മികച്ച ഓപ്പണിങ് കിട്ടി. അതിനു പിന്നാലെ ഞാനും കോളജിൽ കംപ്യൂട്ടർ സയൻസിന് എൻറോൾ ചെയ്തു. പുതിയ ലോകം തുറന്നു കിട്ടിയതോടെ ഞാൻ ഹാപ്പിയായി. പഠിത്തം കഴിഞ്ഞതോടെ എനിക്കും ജോലി കിട്ടി. റോബട്ടിക് പ്രോസസ് ഓട്ടോമേഷൻ ഫീൽഡിലാണ് ജോലി. മോളുണ്ടായപ്പോൾ ബ്രേക് എടുത്തെങ്കിലും അവൾ വളർന്നതോടെ വീണ്ടും ജോലിക്കു പോയി തുടങ്ങി. പിന്നീട് ഞങ്ങൾ ഡാലസിലേക്ക് താമസം മാറി. അന്നൊക്കെ സിനിമയിൽ കുറേ ഓഫറുകൾ വന്നു. പഠന തിരക്കിൽ അതൊക്കെ വേണ്ടെന്നുവച്ചു.

മൈക്കൽ ഡഗ്ലസിന്റെ ‘വാൾ സ്ട്രീറ്റ്’ എന്ന ചിത്രത്തിൽ ഒരു സംഭാഷണമുണ്ട്, ‘അത്യാഗ്രഹം മനുഷ്യന് നല്ലതാണ്.’ ഞാൻ അത്യാഗ്രഹിയാണ്, പണത്തോടും സ്വത്തിനോടും അല്ലെന്നു മാത്രം. കലാകാരിയെ സംബന്ധിച്ച് പ്രേക്ഷകരുടെ ഇഷ്ടം എത്ര കിട്ടിയാലും മതിയാകില്ല. എനിക്കും അങ്ങനെ തന്നെ. അതുകൊണ്ടാണ്  സോഷ്യൽമീഡിയ വഴി  ഇപ്പോഴും അവരോട് അടുത്തു നിൽക്കുന്നത്. പണ്ടാരോ പറഞ്ഞതു പോലെ, സിനിമയ്ക്ക് ഒരു വാതിലേ ഉള്ളൂ, അകത്തേക്കു കടക്കാനുള്ളതു മാത്രം. ഒരിക്കൽ പ്രവേശിച്ചാൽ പിന്നെ, തിരിച്ചുപോക്കില്ല. എപ്പോൾ വേണമെങ്കിലും ഞാൻ സിനിമയിലഭിനയിക്കും, എല്ലാം ഒത്തുവരണമെന്നു മാത്രം.

നേഹയ്ക്ക് അറിയാമോ അമ്മ മലയാളത്തിലെ വലിയ നടി ആയിരുന്നെന്ന് ?

സിനിമയോടും അഭിനയത്തോടുമൊന്നും നേഹയ്ക്ക് താൽപ്പര്യമില്ല. പഠിത്തവും അത്‌ലറ്റിക്സുമാണ് അവൾക്കിഷ്ടം. ഇപ്പോൾ എട്ടാം ക്ലാസിലാണ്. അഭിനയിക്കാനും സിനിമയിൽ വരാനുമൊന്നും ഞാൻ നിർബന്ധിക്കില്ല. അവൾക്ക് ഇഷ്ടമുള്ളത് അവൾ തന്നെ തിരഞ്ഞെടുക്കട്ടെ.

മോളെ മലയാളം പഠിപ്പിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു. മലയാളം കേട്ടാൽ മനസ്സിലാകും, മറുപടി ഇംഗ്ലിഷിലാകുമെന്നേയുള്ളൂ. അതിനു മറ്റൊരു കാരണമുണ്ട്, മുരളി തമിഴാണെങ്കിലും പഠിച്ചതും ജോലി ചെയ്തതും കൂടുതലും യുഎസിലാണ്. മുരളിക്കും ഇംഗ്ലിഷാണ് കൂടുതൽ വഴങ്ങുന്നത്. ഞാനും മുരളിയും സംസാരിക്കുന്നതും ഇംഗ്ലിഷിലല്ലേ. അതുകൊണ്ടാകും നേഹയ്ക്ക് മലയാളവും തമിഴും സംസാരിക്കാൻ അറിയാത്തത്. ഞാൻ നിർബന്ധിക്കുമ്പോൾ പറയും, ‘സമയം ആകുമ്പോൾ മലയാളം പറഞ്ഞോളാം’ എന്ന്. എന്റെ സിനിമകളിൽ അവൾ ആകെ കണ്ടിട്ടുള്ളത് ‘നമ്പർ 20 മദ്രാസ് മെയിലാ’ണ്. അതിൽ ഞാൻ മരിച്ചു കിടക്കുന്നതു കണ്ട് മോൾക്ക് വലിയ വിഷമമായി. ഇതോടെ എന്റെ സിനിമ കാണുന്നത് നിർത്തി. ഞാൻ പിന്നീട് നിർബന്ധിച്ചിട്ടുമില്ല.

s-family
Tags:
  • Celebrity Interview
  • Movies