Saturday 02 November 2024 12:15 PM IST : By സ്വന്തം ലേഖകൻ

‘മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആ തണൽ ഞങ്ങളെ വിട്ടുപോയി, ഞാൻ അന്നും ഇന്നും അച്ഛൻ കുട്ടിയാണ്’: അഡ്വ. മീനാക്ഷി

vazha-meenakshi

ഗൗതം വാസുദേവ് മേനോന്റെ ആദ്യ മലയാള സിനിമയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് അഡ്വ. മീനാക്ഷി

ഒരു ഫോട്ടോ എടുത്തതാ...

കുറച്ചു പഴയ ചിത്രങ്ങള്‍ ഫ്രെയിം ചെയ്യാന്‍ വേണ്ടിയാണു ഞാനും അമ്മയും അടുത്തുള്ള സ്റ്റുഡിയോയിലേക്കു പോയത്. അവിടെയെത്തിയപ്പോൾ അമ്മയ്ക്ക് നൊസ്റ്റാൾജിയ അടിച്ചു. ‘സ്റ്റുഡിയോയിലൊക്കെ ഫോട്ടോ എടുത്തിട്ടു കുറച്ചായല്ലോ. ഒരു ഫോട്ടോ എടുത്താലോ’ എന്നായി അമ്മ. അങ്ങനെ എടുത്ത ഫോട്ടോയും ഫ്രെയിം ചെയ്യാനുള്ള ഫോട്ടോസും സ്റ്റുഡിയോയിൽ ഏൽപ്പിച്ചു ഞങ്ങൾ വീട്ടിലേക്കു പോന്നു.

അടുത്ത ദിവസം അനീഷ് ഉപാസനയുടെ കോൾ വന്നു. അദ്ദേഹത്തിന്റെ സ്റ്റുഡിയോ ആണെന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു. അച്ഛന്റെ സുഹൃത്തായ അദ്ദേഹം പഴയ ചിത്രങ്ങളിലൂടെയാണ് ഞങ്ങളെ തിരിച്ചറിഞ്ഞത്. എനിക്ക് അഭിനയത്തിൽ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. എന്തും ഒരു കൈ നോക്കാം എന്നതാണല്ലോ നമ്മുടെ ആറ്റിറ്റ്യൂഡ്. അപ്പോഴേ യെസ് പറഞ്ഞു.

അനീഷേട്ടൻ വഴിയാണ് ആദ്യ സിനിമയായ ‘വാങ്കി’ലേക്ക് എത്തുന്നത്. അന്ന് ഞാൻ കുസാറ്റിൽ മൂന്നാം വർഷ എൽഎൽബി പഠിക്കുന്നു. പിന്നെ വടക്കൻ എന്ന സിനിമയിലും അഭിനയിച്ചു. ഇപ്പോ ‘‘വക്കീലേ കേസുണ്ടേ...’’ എന്ന് ആരെങ്കിലും പറഞ്ഞാൽ ‘‘അയ്യോ, എനിക്ക് അഭിനയിച്ചാൽ മതിയേ...’’ എന്നു പറഞ്ഞ് ഓടും.

ഇനി മമ്മൂക്കയ്ക്കൊപ്പം

ഗൗതം വാസുദേവ് മേനോന്റെ ആദ്യ മലയാള സിനിമയായ ‘ഡൊമിനിക്കി’ൽ ഞാനുമുണ്ട്. മമ്മൂക്കയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിലേക്കുള്ള കോൾ വന്നപ്പോൾ മുതൽ എന്റെയുള്ളിൽ ‘വിണ്ണൈതാണ്ടി വരുവായ’ ബിജിഎം ഓടിത്തുടങ്ങി. ഗൗതം സാറിന്റെ വലിയ ഫാനാണ് ഞാൻ. ഒാഡിഷൻ വിഡിയോ കണ്ടിട്ട് മമ്മൂക്കയും ഗൗതം സാറും ഓക്കെ പറഞ്ഞു എന്നറിഞ്ഞപ്പോഴേ എന്റെ കിളിയൊക്കെ പോയി.

അവരെപ്പോലുള്ള ലെജൻഡ്സിനൊപ്പം വർക്ക് ചെയ്യാൻ സാധിക്കുന്നതു ഭാഗ്യമല്ലേ. ഗൗതം സർ വളരെ ഫ്രണ്ട്‍ലിയാണ്. എന്താണു വേണ്ടതെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞു തരും. അതു ഫോളോ ചെയ്താൽ സംഗതി അടിപൊളിയാകും.

ഞാൻ ടോം ബോയ് അല്ല

രണ്ടു സിനിമകൾ കഴിഞ്ഞതോടെ ഞാൻ കാസ്റ്റിങ് കോളും ഓഡിഷനും സീരിയസ്സായി കണ്ടുതുടങ്ങി. ഓ‍ഡിഷനിലൂടെയാണു ‘വാഴ’ യിലേക്കെത്തിയത്. തുടക്കം മുതൽ മായയോട് ആഴത്തിലുള്ളൊരു അടുപ്പം തോന്നി. ഒരുപാട് ലെയറുകളുള്ള കുട്ടിയാണു മായ. അച്ഛനു വേണ്ടി മാത്രം ജീവിക്കുന്ന മകൾ.

എന്റെയും സിജുവിന്റെയും കോംബോ നന്നായി എന്നു പലരും പറയുന്നു. പൂജ സമയത്ത് തന്നെ ഞങ്ങളെല്ലാവരും തമ്മിൽ നല്ലൊരു സൗഹൃദമുണ്ടായി. അത് അഭിനയത്തെ ഒരുപാട് സഹായിച്ചു.

റിയൽ ലൈഫിൽ ഞാൻ ടോം ബോയ് ടൈപ് അല്ല. മായയാകാൻ മുടി മുറിക്കുകയും ബൈക്ക് ഓടിക്കാൻ പഠിക്കുകയും ചെയ്തു. മുടി മുറിച്ചുവീട്ടിൽ ചെല്ലുമ്പോ അമ്മൂമ്മയെ എങ്ങനെ കൺവിൻസ് ചെയ്യും എന്നൊരു പേടിയുണ്ടായിരുന്നു. പക്ഷേ, അമ്മൂമ്മയ്ക്ക് പുതിയ ലുക് ഒത്തിരി ഇഷ്ടമായി. ഒടിടിയിൽ റിലീസ് ആയതോടുകൂടി ‘വാഴ’ കുറച്ചുകൂടി വിപുലമായ കാഴ്ചക്കാരിലേക്ക് എത്തി. അതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നു പോലും സോഷ്യൽ മീഡിയ ടാഗും റീലുകളും വന്നു തുടങ്ങി. സന്തോഷം.

ഞാൻ എന്നും അച്ഛൻ കുട്ടി

അച്ഛൻ ഉണ്ണി രൂപവാണി സിനിമയിൽ പ്രൊഡക്‌ഷൻ കൺട്രോളറായിരുന്നു. ഡബ്ബിങ്ങും ഷൂട്ടിങ്ങുമൊക്കെ ഞാൻ ആദ്യമായി കാണുന്നത് അച്ഛനൊപ്പമാണ്. ആദ്യമായി അഭിനയം നേരിൽ കാണുന്നത് മമ്മൂക്കയുടേതാണ്, തൊമ്മനും മക്കളും സിനിമയുടെ ലൊക്കേഷനിൽ. ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ ഞങ്ങളെ വിട്ടുപോയി. അന്നും ഇന്നും എന്നും ഞാനൊരു അച്ഛൻ കുട്ടിയാണ്.

സിനിമയിലേക്ക് വന്നതിനുശേഷം അച്ഛന്റെ പഴയ സുഹൃത്തുക്കളെ പരിചയപ്പെടാറുണ്ട്. അവരൊക്കെ അച്ഛനെക്കുറിച്ചുള്ള നല്ല ഓർമകൾ പങ്കുവയ്ക്കുമ്പോൾ അഭിമാനം തോന്നും.

ഞാനും അച്ഛനും ഒരുമിച്ചുള്ള കുറേ വിഡിയോകളുണ്ട്. ഒറ്റയ്ക്കിരിക്കുമ്പോൾ ഞാൻ അതൊക്കെ കാണാറുണ്ട്. എനിക്കേറ്റവുമിഷ്ടമുള്ള ലൗ സ്റ്റോറി അച്ഛന്റെയും അമ്മയുടേയുമാണ്.

അമ്മയും ചാർളിയും ഞാനും

എന്തിനും ഒപ്പം നിൽക്കുന്ന ആളാണ് അമ്മ ശ്രീലത. വളരെ ചെറിയ പ്രായം മുതൽ ഞാനും അമ്മയും മാത്രമാണ്. ചെറുപ്പത്തിൽ ഡാൻസ് ആയിരുന്നു എന്റെ ഇഷ്ടമേഖല. ഇപ്പോൾ അഭിനയവും. എല്ലാത്തിനും കൈ തന്ന് അമ്മ കൂടെ നിൽക്കുന്നത് വലിയ ധൈര്യമാണ്.

അമ്മയും ചാർളിയും അടങ്ങുന്നതാണ് ഇ പ്പോൾ എന്റെ ലോകം. ചാർളി ഞങ്ങളുടെ നായ്ക്കുട്ടിയാണ്. ചാർളിയെ ഹോസ്റ്റലിൽ ആക്കിയാണ് ഞങ്ങൾ ഷൂട്ടിന് പോവുക. അവനെ തിരികെ പിക് ചെയ്യാൻ പോകുന്നതൊക്കെ ഗംഭീര ഇമോഷനൽ സീൻസ് ആണ്.

അഞ്ജലി അനിൽകുമാർ