Friday 07 June 2024 03:44 PM IST

‘ആ ആശങ്ക തലപൊക്കി തുടങ്ങുമ്പോഴാണ് ഒത്തിരി പ്രതീക്ഷ നൽകി ഹംസധ്വനി എന്നെ തേടിയെത്തുന്നത്’: അഞ്ജന പറയുന്നു

Anjaly Anilkumar

Content Editor, Vanitha

anjana-1

മമ്മൂട്ടി നായകനായ ടർബോയിൽ പ്രധാന വേഷത്തിൽ എത്തിയതിന്റെ ത്രില്ലിലാണ് അഞ്ജന ജയപ്രകാശ്

എനിക്കു കിട്ടിയ മാജിക് ലാംപ്

ശരിക്കും മാജിക് ലാംപ് കിട്ടിയതുപോലെയാണ് എ നിക്കിപ്പോൾ. ചുറ്റും നടക്കുന്നതൊക്കെ വിസ്മയം പോലെ തോന്നുന്നു.‘പാച്ചുവും അത്ഭുതവിളക്കും’ ക ഴിഞ്ഞു കുറച്ചു നാളിനു ശേഷം മമ്മൂട്ടി കമ്പനിയില്‍ നിന്നൊരു കോൾ വന്നു. ‘ടർബോ’യിൽ ഒരു റോൾ ഉണ്ടെന്നു പറഞ്ഞു. മമ്മൂക്ക നായകനാകുന്ന സിനിമയിൽ അവസരം വരുമ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ലല്ലോ. അപ്പോഴെ ‘യെസ്’ പറഞ്ഞു. വളരെ പക്വതയുള്ള വ്യക്തിയാണു ടർബോയിൽ എന്റെ കഥാപാത്രം ഇന്ദുലേഖ. സിനിമയിൽ ടർബോ ജോസും ഇന്ദുലേഖയും തമ്മിലുള്ള ഇക്വേഷൻ രസകരമാണ്.

മമ്മൂക്കയെ സ്ക്രീനിൽ കണ്ടു വളർന്ന ആളാണ് ഞാനും. അദ്ദേഹത്തെ ആദ്യം നേരിൽ കണ്ടപ്പോൾ ഒരു ‘സ്റ്റാർ സ്ട്രക്’ ഫീൽ ആയിരുന്നു.

എന്റെ പ്രിയപ്പെട്ടവൾ

പാച്ചുവും അത്ഭുതവിളക്കും സിനിമയിലെ ഹംസധ്വനിയെക്കുറിച്ച് ഇപ്പോഴും പലരും പറയുന്നതുകൊണ്ട് ഒട്ടും മിസ് ചെയ്യുന്നില്ല. എന്റെ യഥാർഥ പേര് പലർക്കും അറിയില്ല. ഹംസധ്വനിയെന്നാണ് വിളിക്കുന്നത്. കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുകയെന്ന ഭാഗ്യം മലയാള സിനിമയിൽ കിട്ടാവുന്ന മികച്ച വരവേൽപ്പല്ലേ. സത്യത്തിൽ അതിന്റെ ക്രെഡിറ്റ് സംവിധായകന്‍ അഖിൽ സത്യനാണ്.

എന്നോടു കൂടുതൽ ചേർന്നു നിൽക്കുന്ന കഥാപാത്രം ഹംസധ്വനിയാണ്. മാത്രമല്ല, കരിയറിനെക്കുറിച്ചു ചെറിയ ആശങ്കകൾ തലപൊക്കിത്തുടങ്ങിയ സമയത്താണ് ഒരുപാടു പ്രതീക്ഷകൾ നൽകി ഹംസധ്വനി എന്നെ തേടി വന്നതും. അതുകൊണ്ടു തന്നെ ധ്വനി എനിക്കെന്നും ഏറെ പ്രിയപ്പെട്ടവളാണ്.

കവിതകളെഴുതുന്ന നേരം

യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്ന ആളാണു ഞാൻ. ഇന്ത്യയിലെ മുഴുവൻ സ്ഥലങ്ങളും കാണണം. ഉത്തരേന്ത്യയിലെ ചിലയിടങ്ങളിൽ പോയിട്ടുണ്ട്. ചെറുപ്പത്തിൽ ഭരതനാട്യം പഠിച്ച്, അരങ്ങേറ്റവും നടത്തി. ഇപ്പോൾ കുറേനാളായി പ്രാക്ടീസ് ഇല്ല. ടച്ച് വിട്ടു.

നന്നായി വായിക്കുകയും അത്യാവശ്യം എഴുതുകയും ചെയ്യുമായിരുന്നു. ‘ഇപ്പോൾ സമയമില്ല...’ എന്നു പറയുന്നതു ശരിയല്ലെന്നറിയാം. പക്ഷേ, വേറെ വഴിയില്ല. ആവേശത്തോടെ വാങ്ങിയ പുസ്തകങ്ങൾ ഷെൽഫിൽ ഇരുന്ന് എന്നും എന്നെ നോക്കി ചിരിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ കവിതകളൊക്കെ കുറിച്ചിടുന്ന ഒരു പേജുണ്ട്. വായനയിലും എഴുത്തിലും നൃത്തത്തിലുമെല്ലാം സജീവമാ കണം എന്നാണ് ആഗ്രഹം.

ക്വീന്‍ എന്ന ടേണിങ് പോയിന്റ്

ബിടെക് ഫാഷൻ ടെക്‌നോളജി പഠിക്കുന്ന കാലത്താണ് അഭിനയത്തിലേക്ക് എത്തുന്നത്. സുഹൃത്തുക്കളുടെ ഷോർട്ട് ഫിലിമുകളിലാണു തുടക്കം.

ബിഗ് സ്ക്രീനിൽ ആദ്യമായി സ്വന്തം മുഖം കാണുമ്പോഴുണ്ടാകുന്ന ആഹ്ലാദം സമ്മാനിച്ച സിനിമയാണ് ധ്രുവങ്കൾ പതിനാറ്. ഈ സിനിമയുടെ സംവിധായകൻ കാർത്തിക് നരേൻ കോളജിൽ എന്റെ ജൂനിയറായിരുന്നു. അതിനുശേഷമാണു കരിയറിലെ പ്രധാന വഴിത്തിരിവായ ക്വീൻ എന്ന വെബ് സീരീസ് സംഭവിച്ചത്. ഗൗതം വാസുദേവ് മേനോനും പ്രശാന്ത് മുരുകേശനും ചേർന്നു സംവിധാനം ചെയ്ത ക്വീൻ ജയലളിതയുടെ ജീവിതത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയതാണ്. കേന്ദ്ര കഥാപാത്രമായ ശക്തി ശേഷാദ്രിയുടെ ചെറുപ്പകാലമാണ് എനിക്കു കിട്ടിയ വേഷം.

ജയലളിതയെക്കുറിച്ചു കൂടുതൽ അറിയുന്നതിനായി അവരുടെ പഴയകാല സിനിമകൾ കണ്ടു. പലരിൽ നിന്നു‌ കഥകൾ ചോദിച്ചും വായിച്ചും മനസ്സിലാക്കി. ആ ശ്രമങ്ങൾക്ക് ഫലമുണ്ടായി എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്നു മനസ്സിലായത്.

രസകരമായ ഒരു അനുഭവം പറയാം, ക്വീൻ റിലീസായി രണ്ടാം ദിവസം ഫോട്ടോ ഷൂട്ടിനായി മഹാബലിപുരത്തു പോയി. ഷൂട്ടിനിടെ ഒരു അമ്മൂമ്മ വന്ന്, ‘ക്വീനിൽ അഭിനയിച്ച കുട്ടിയല്ലേ?’ എന്നു ചോദിച്ചു. എനിക്കു വലിയ അതിശയം തോന്നി. ഞാൻ കരുതിയിരുന്നതു ചെറുപ്പക്കാരാണ് ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രേക്ഷകരെന്നായിരുന്നു. ആ ധാരണ അമ്മൂമ്മ പാടേ പൊളിച്ചു കളഞ്ഞു.

മനസ്സിലുറച്ച മോഹം

അച്ഛൻ ജയപ്രകാശിനും അമ്മ സുജാതയ്ക്കും വിദേശത്തായിരുന്നു ജോലി. ഞാനും ചേട്ടൻ അർജുനും ജനിച്ചു വളർന്നതു ഷാർജയിലാണ്.

ഫാഷൻ ടെക്നോളജി പഠനം പൂർത്തിയാകാറായപ്പോൾ അച്ഛനോടും അമ്മയോടും അഭിനയത്തോടുള്ള താത്പര്യം അവതരിപ്പിച്ചു. ആദ്യം അവർ അത്ര ഗൗരവമായി എടുത്തില്ല. വെറുമൊരു ആഗ്രഹം എന്നാണു കരുതിയത്. ഗ്രാജുവേഷനുശേഷം യുഎഇയിലേക്കില്ല, നാട്ടിൽ നിൽക്കണം എന്നു പറഞ്ഞപ്പോഴാണ് അവർക്കു സംഗതിയുടെ ഗൗരവം മനസ്സിലായത്. അതോടെ പൂർണ പിന്തുണ തന്നു. അച്ഛനും അമ്മയും കഴിഞ്ഞ വർഷം ജോലിയിൽ നിന്ന് വിരമിച്ചു. ഇപ്പോൾ കോട്ടയത്ത് സ്ഥിരതാമസം.

അ‍ഞ്ജലി അനിൽകുമാർ

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ